6 Wednesday
August 2025
2025 August 6
1447 Safar 11

പീഡകരെ ആനയിക്കുന്ന ഗുജറാത്ത്‌

അഹ്മദ് അനസ്‌

ബില്‍ഖീസ് ബാനു എന്ന പേര് വീണ്ടും അന്തരീക്ഷത്തില്‍ മുഴങ്ങിയിരിക്കുന്നു. ഗുജറാത്തില്‍ ക്രൂരമായ പീഡനത്തിനു വിധേയയായ ബില്‍ഖീസ് ബാനുവിനെ വീണ്ടും ക്രൂരമായി ദ്രോഹിക്കുകയാണ് ഇപ്പോള്‍. ബില്‍ഖീസ് ബാനു കേസിലെ പ്രതികളെ സര്‍ക്കാര്‍ മോചിപ്പിച്ചിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. മോചിതരായ പ്രതികളെ മധുരം നല്‍കി താരപരിവേഷത്തിലാണ് സ്വീകരിച്ചിരിക്കുന്നത് എന്നത് മറ്റൊരു കാഴ്ച. ജനാധിപത്യവും നീതിയുമെല്ലാം നോക്കുകുത്തിയാവുന്ന സന്ദര്‍ഭങ്ങളിലൊന്നായി ഈ കാഴ്ചയും മാറിയിരിക്കുന്നു.
ഗുജറാത്താണ്, ബി ജെ പി ഭരിക്കുന്ന സംസ്ഥാനമാണ്, പ്രതികള്‍ സംഘപരിവാറുകാരാണ്. വംശഹത്യാനാളുകളില്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്നയാള്‍ ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അന്ന് നരേന്ദ്ര മോദിയുടെ വലംകൈയായിരുന്ന വ്യക്തി ഇന്ന് ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തനാണ്, ആഭ്യന്തരമന്ത്രിയാണ്. അതുകൊണ്ട്, എന്തേ കുറ്റവാളികളെ പുറത്തുവിടാന്‍ ഇത്ര വൈകിയത് എന്നതില്‍ മാത്രമേ അല്‍പമെങ്കിലും അതിശയത്തിനു വകയുള്ളൂ.
2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സബര്‍മതി എക്സ്പ്രസിലെ എസ് 6 കോച്ചിലുണ്ടായ അഗ്നിബാധയില്‍ അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന 59 കര്‍സേവകര്‍ കൊല്ലപ്പെട്ടു. കോച്ചില്‍ എങ്ങനെ തീ പടര്‍ന്നു, കര്‍സേവകര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്നതിലുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ആര്‍ സി ബാനര്‍ജി കമ്മീഷന്‍ അഗ്നിബാധയെക്കുറിച്ച് എത്തിച്ചേര്‍ന്ന നിഗമനം അതൊരു അപകടമായിരുന്നു എന്നാണ്. ജസ്റ്റിസ് നാനാവതിയാകട്ടെ, മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു അതെന്ന നിഗമനത്തിലാണ് ചെന്നെത്തിയത്.
ശേഷം ഗുജറാത്തില്‍ നടന്നത് ഇന്ത്യ കണ്ട എക്കാലത്തെയും ക്രൂരമായ വംശഹത്യ. അക്കാലത്ത് ഗുജറാത്തില്‍ അഡീഷനല്‍ ഡി ജി പി ആയിരുന്നു മലയാളിയായ ആര്‍ ബി ശ്രീകുമാര്‍. അദ്ദേഹത്തെ ഇപ്പോള്‍ ജയിലില്‍ അടച്ചിരിക്കുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു, ഗൂഢാലോചന നടത്തി, വ്യാജരേഖ ചമച്ചു എന്നിവയാണ് ഭരണകൂടം അദ്ദേഹത്തിനു മേല്‍ ആരോപിച്ച കുറ്റങ്ങള്‍. ഗുജറാത്ത് കലാപം നടക്കുമ്പോള്‍ ബില്‍ഖീസ് ബാനുവിന് പ്രായം 21 വയസ്സ്. അഞ്ചുമാസം ഗര്‍ഭിണി. കലാപകാരികളില്‍ നിന്ന് രക്ഷ തേടി വീടു വിട്ട് ഒളിച്ചോടുകയായിരുന്നു അവരും കുടുംബവും. അക്രമികള്‍ അവരെ പിടികൂടി. കുടുംബത്തിലെ 14 പേരാണ് ബില്‍ഖീസിന്റെ കണ്‍മുന്നില്‍ കൊല്ലപ്പെട്ടത്.
അക്കൂട്ടത്തില്‍ ബില്‍ഖീസിന്റെ മൂന്നുവയസ്സുള്ള മകളുമുണ്ട്. ഗര്‍ഭിണിയാണ് എന്നത് ബില്‍ഖീസിനെ ഒഴിവാക്കാനുള്ള കാരണമായി അക്രമികള്‍ കരുതിയില്ല. അവര്‍ മാറിമാറി ബലാല്‍സംഗം ചെയ്തു. അക്രമികള്‍ ആ 21കാരിക്ക് അപരിചിതരായിരുന്നില്ല. അടുത്ത വീടുകളില്‍ താമസിച്ചവര്‍; പരസ്പരം അറിയുന്നവര്‍. അതൊന്നും അവരുടെ കരളലിയിച്ചില്ല.
കണ്ണില്‍ ചോരയില്ലാത്ത ക്രൂരത അവര്‍ ബാനുവിന്റെ ശരീരത്തിലും പ്രയോഗിച്ചു. ഒടുവില്‍ മരിച്ചെന്നു കരുതി ഉപേക്ഷിച്ചു. വിധി മറ്റൊന്നായിരുന്നു. ചാരത്തില്‍ നിന്ന് അവര്‍ ഉയിര്‍ത്തെഴുന്നേറ്റു, ജീവിതത്തിലേക്കും നിയമപോരാട്ടത്തിലേക്കും. ഭര്‍ത്താവ് യഅ്ഖൂബ് റസൂല്‍ ഖാന്‍ അവള്‍ക്കൊപ്പം ഉറച്ചുനിന്നു. നിനക്ക് എന്താണ് സംഭവിച്ചതെന്ന് ഒരിക്കലും അയാള്‍ അവളോട് ചോദിച്ചില്ല. പത്രക്കാരോടും അഭിഭാഷകരോടും അവള്‍ താന്‍ ശരീരത്തില്‍ ഏറ്റുവാങ്ങിയ വേദനകള്‍ പറയുമ്പോള്‍ മാത്രം അയാള്‍ അതെല്ലാം കേട്ടു. നിയമപോരാട്ടം പ്രതികളുടെ ശിക്ഷയിലാണ് അവസാനിച്ചത്. 50 ലക്ഷം നഷ്ടപരിഹാരത്തിനും ജീവസന്ധാരണത്തിനായി സര്‍ക്കാര്‍ജോലിക്കും കോടതി ഉത്തരവിട്ടിരുന്നു. ആ കേസിലെ പ്രതികളെയാണിപ്പോള്‍ ഗുജറാത്ത് ബി ജെ പി സര്‍ക്കാര്‍ കൂടു തുറന്നുവിട്ടിരിക്കുന്നത്. രാഷ്ട്രീയശക്തിയുള്ളവര്‍ക്ക് എന്ത് തോന്ന്യാസവും ആകാമെന്ന തരത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കിയിരിക്കുന്നത്. നീതിബോധമുള്ളവര്‍ പ്രതിഷേധിക്കുകയെങ്കിലും വേണം.

Back to Top