7 Thursday
December 2023
2023 December 7
1445 Joumada I 24

ഗുജറാത്ത്- ഹിമാചല്‍ നിയമസഭ കോണ്‍ഗ്രസ് മുക്ത ഭാരതം തന്ത്രങ്ങള്‍ ഫലിക്കുന്നില്ല

എ പി അന്‍ഷിദ്‌


ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നു. പ്രതീക്ഷകള്‍ക്കോ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കോ വിരുദ്ധമായി കാര്യമായി ഒന്നും സംഭവിച്ചില്ല. ഗുജറാത്തില്‍ ബി ജെ പി കണക്കു കൂട്ടിയതിനേക്കാള്‍ അല്‍പം സീറ്റുകള്‍ അധികം നേടിയപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസും കണക്കുകൂട്ടിയതില്‍ നിന്ന് അല്‍പം കൂടുതല്‍ കരുത്തു കാട്ടി. ഗുജറാത്തിലെ തങ്ങളുടെ ആധിപത്യം ചോദ്യം ചെയ്യാന്‍ ഒരു കക്ഷിക്കും കഴിയില്ലെന്ന് ബി ജെ പി ആവര്‍ത്തിച്ച് തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. തുടര്‍ച്ചയായ ഏഴാം തവണയാണ് അവര്‍ അധികാരത്തില്‍ എത്തുന്നത്.
ബാബരി ധ്വംസനാനന്തരം കുത്തിവെക്കപ്പെട്ട തീവ്രഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്ന് തുടങ്ങിയ മുതലെടുപ്പിന്റെ യാത്ര അതേ ആയുധത്തിന്റെ ബലത്തില്‍ 27 വര്‍ഷത്തിനു ശേഷവും ബി ജെ പി നിര്‍ബാധം തുടരുന്നുവെന്ന് തിരഞ്ഞെടുപ്പു ഫലം അടിവരയിടുന്നു. വികസനമോ ഭരണനേട്ടങ്ങളോ ആയിരുന്നില്ലല്ലോ തിരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കാന്‍ ബി ജെ പി ഉപയോഗിച്ചത്; ഏക സിവില്‍ കോഡും പൗരത്വ നിയമവുമെല്ലാം ആയിരുന്നു!
ഹിമാചലിലാവട്ടെ, ബി ജെ പിയും കോണ്‍ഗ്രസും മാറി മാറി അധികാരത്തില്‍ വരുന്ന മൂന്നര പതിറ്റാണ്ടിന്റെ കീഴ്‌വഴക്കം തെറ്റിക്കാതിരിക്കാന്‍ കോണ്‍ഗ്രസിനും കഴിഞ്ഞു. കീഴ്‌വഴക്കമെന്ന് പറയുമ്പോഴും കോണ്‍ഗ്രസിന് ഹിമാചല്‍ നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. പ്രത്യേകിച്ച് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം മോദിയും സംഘവും നാഴികക്ക് നാല്‍പതു വട്ടം ഉരുവിടുന്ന കാലത്ത്. തിരിച്ചുവരവിനുള്ള ശക്തി പൂര്‍ണമായും തങ്ങള്‍ക്ക് നഷ്ടമായിട്ടില്ലെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.
കോണ്‍ഗ്രസിന് മാത്രമല്ല, ബി ജെ പിയുടെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ക്കെതിരെ നിലയുറപ്പിച്ചിട്ടുള്ള മതേതര കക്ഷികള്‍ക്കെല്ലാം ചെറിയൊരളവിലെങ്കിലും ഹിമാചല്‍ ഊര്‍ജം പകരുന്നുണ്ട്. രണ്ടു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പു ഫലത്തിന്റെ പുറമേക്കുള്ള ചിത്രങ്ങളാണ് ഇപ്പറഞ്ഞതത്രയും. എന്നാല്‍ കളിക്കുള്ളിലെ കളികളില്‍ ഗുജറാത്ത്, ഹിമാചല്‍ ഫലങ്ങള്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും എ എ പിക്കുമെല്ലാം ഒരുപോലെ ഇരുന്നു ചിന്തിക്കാനുള്ള കാര്യങ്ങള്‍ ബാക്കിവെച്ചിട്ടുണ്ട്.
ഗുജറാത്തിലെ സര്‍വാധിപത്യത്തിനിടയിലും കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മോദി-അമിത്ഷാ അച്ചുതണ്ടിന്റെ സ്വപ്‌നം എത്രയോ അകലെയാണെന്ന് ഹിമാചല്‍ ഫലം ബി ജെ പിയെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇഡിയും സിബിഐയും അടക്കം കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയവേട്ടക്കുള്ള ആയുധമാക്കുന്ന കാലത്ത്, പണമെറിഞ്ഞും ഭീഷണിപ്പെടുത്തിയും ജനാധിപത്യം വിലയ്ക്കു വാങ്ങുന്ന ഓപ്പറേഷന്‍ താമരകളുടെ കാലത്ത്, പൂര്‍ണസുരക്ഷിതരല്ലെന്ന ബോധം ഹിമാചല്‍ ഫലം ബി ജെ പിക്ക് നല്‍കുന്നു. തിരിച്ചും അങ്ങനെത്തന്നെയാണ്.
മോദി-ഷാ അച്ചുതണ്ടിന്റെ തട്ടകത്തിലെ തോല്‍വിയെന്നു പറഞ്ഞ് നിസ്സാരവല്‍ക്കരിച്ച് ഗുജറാത്തിലെ പതനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കോണ്‍ഗ്രസിന് തലയൂരാന്‍ കഴിയില്ല. കാരണം അത്ര ദയനീയമായ പ്രകടനമാണ് ഈ തെരഞ്ഞെടുപ്പില്‍ അവര്‍ കാഴ്ചവച്ചിരിക്കുന്നത്. കരുത്തുറ്റ ഒരു പ്രതിപക്ഷമായിരിക്കാനുള്ള കെല്‍പു പോലും ഇല്ലാതാകുന്ന തരത്തിലേക്കാണ് നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം കൂപ്പുകുത്തിയത്. 182 അംഗ നിയമസഭയില്‍ 17 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന്റെ സമ്പാദ്യം.
156 സീറ്റാണ് ബി ജെ പി നേടിയത്. 2017ല്‍ 99 സീറ്റില്‍ ജയിച്ച ബി ജെ പി 57 സീറ്റ് അധികം നേടിയപ്പോള്‍ 2017ല്‍ 77 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസിന് 60 സീറ്റ് നഷ്ടമായി. അഞ്ചു വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന ഒരു പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ 60 സീറ്റ് നഷ്ടപ്പെടുക എന്നാല്‍ നിസ്സാര കാര്യമല്ല. അഞ്ചു വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഒരു പാര്‍ട്ടിക്ക് 57 സീറ്റ് അധികം നേടാന്‍ കഴിയുക എന്നതും എളുപ്പത്തില്‍ സാധ്യമാകുന്നതല്ല. ഭരണവിരുദ്ധ വികാരം എന്ന ഒന്ന് ഗുജറാത്തില്‍ ഇല്ലേയില്ല എന്ന് സ്ഥാപിക്കാന്‍ ബി ജെ പിക്ക് കോണ്‍ഗ്രസ് സൗകര്യമൊരുക്കിക്കൊടുത്തു എന്നു വേണം പറയാന്‍. അത്രമേല്‍ ദുര്‍ബലമായ സംഘടനാ സംവിധാനവുമായാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
130ലധികം പേരുടെ ജീവനെടുത്ത മോര്‍ബി തൂക്കുപാല ദുരന്തം തൊട്ട്, അഴിമതിയും സ്വജനപക്ഷപാതവും അരങ്ങുവാഴുന്ന ബി ജെ പി ഭരണത്തിനെതിരെ അസ്ത്രങ്ങളെമ്പാടുമുണ്ടായിരുന്നു കോണ്‍ഗ്രസിന്റെ കൈവശം. മോര്‍ബി പോലൊരു ദുരന്തം മാത്രം മതിയാകുമായിരുന്നു മറ്റൊരു സംസ്ഥാനത്താണെങ്കില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാറിനെ നിലംപരിശാക്കാന്‍. എന്നാല്‍ വലിയ ദുരന്തത്തെ പോലും അവസരമാക്കി മാറ്റുന്ന ബി ജെ പിയുടെ പൊളിറ്റിക്കല്‍ ഗെയിമാണ് ശരിക്കും ഗുജറാത്തില്‍ കണ്ടത്. ദുരന്തത്തിലെ മരണസംഖ്യ പോലും തിട്ടപ്പെടുത്തുന്നതിനു മുമ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്ക് സഹായം വാരിക്കോരി നല്‍കാന്‍ മത്സരിക്കുകയായിരുന്നു. എല്ലാറ്റിനുമൊടുവില്‍ മോദിയുടെ ദുരന്തഭൂമി സന്ദര്‍ശന നാടകം കൂടി വിജയകരമായി നടപ്പാക്കി ബി ജെ പി അതിഗുരുതര ഭരണവീഴ്ചയുടെ പാപക്കറ കഴുകിക്കളഞ്ഞപ്പോള്‍ നിസ്സഹായരായ പ്രതിരോധനിരയുടെ റോളായിരുന്നു കോണ്‍ഗ്രസിന്.
നിശ്ശബ്ദ പ്രചാരണമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെടുമ്പോഴും ദേശീയ നേതൃത്വം വേണ്ടവിധം തിരിഞ്ഞുനോക്കുക പോലും ചെയ്തില്ലെന്നതാണ് യാഥാര്‍ഥ്യം. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള സോണിയാഗാന്ധിയുടെ അസാന്നിധ്യം എന്നിവയെല്ലാം മുഴച്ചുതന്നെ നിന്നു. കോണ്‍ഗ്രസ് അധ്യക്ഷപദവിയിലെത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാവട്ടെ, രാവണപരാമര്‍ശത്തിലൂടെ ഉള്ള സാധ്യതകള്‍ കൂടി നഷ്ടപ്പെടുത്തുകയും ചെയ്തു. രാമരാജ്യം ആയുധമാക്കുന്നവരെ രാമന്റെ ശത്രു രാവണനോട് ഉപമിച്ചാലുണ്ടാകുന്ന എല്ലാ ദുരന്തങ്ങളും കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കപ്പെട്ടു. ഖാര്‍ഗെയുടെ നാവില്‍ നിന്ന് വീണുകിട്ടിയ അവസരത്തെ സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ ബി ജെ പിക്ക് സാധിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെയും കെജ്‌രിവാളിന്റെയും സ്ഥിതി ദയനീയമായെങ്കിലും കിട്ടിയത് ലാഭമെന്ന് പറയാം. കോണ്‍ഗ്രസ് ചിത്രത്തിലേയില്ലെന്ന തരത്തിലാണ് എ എ പി നേതാക്കള്‍ പ്രചാരണം നടത്തിയത്. കറന്‍സി നോട്ടില്‍ ലക്ഷ്മീദേവിയുടെ ചിത്രം പതിക്കണമെന്നത് ഉള്‍പ്പെടെ തീവ്രഹിന്ദുത്വത്തെ തട്ടിയെടുക്കാനുള്ള കെജ്‌രിവാളും സംഘവും നടത്തിയ ശ്രമങ്ങള്‍ ബി ജെ പിയെ സഹായിക്കുകയും കോണ്‍ഗ്രസിനെ തകര്‍ക്കുകയുമാണ് ചെയ്തത്. ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിനെ തകര്‍ത്ത് എങ്ങനെ അധികാരത്തിലേറിയോ, അതുതന്നെയാണ് ഗുജറാത്തിലും ബി ജെ പി പരീക്ഷിച്ചത്. ബി ജെ പിക്കു മുന്നില്‍ വേട്ടക്കാരന്റെ റോളില്‍ അവതരിച്ചത് കെജ്‌രിവാളിന്റെ രാഷ്ട്രീയതന്ത്രമായിരുന്നു. കോണ്‍ഗ്രസിനെ ചിത്രത്തില്‍ നിന്ന് അപ്രസക്തമാക്കാനും ബി ജെ പിയും തങ്ങളും തമ്മിലാണ് മത്സരമെന്നു വരുത്തിത്തീര്‍ക്കാനുള്ള തന്ത്രം. അത് ഒരു പരിധി വരെ വിജയിച്ചുവെന്നു വേണം കരുതാന്‍. എന്നാല്‍ ഗുജറാത്തില്‍ സാന്നിധ്യമുറപ്പിക്കുക എന്ന ലക്ഷ്യം അവര്‍ നിറവേറ്റി. ഒപ്പം ദേശീയ പാര്‍ട്ടി പദവി നേടിയെടുക്കുകയെന്ന സ്വപ്‌നവും പൂവണിഞ്ഞു.
നാലു സംസ്ഥാനങ്ങളില്‍ ചുരുങ്ങിയത് രണ്ടു വീതം എം എല്‍ എമാരും ആറു ശതമാനം വോട്ടുവിഹിതവുമാണ് ഒരു കക്ഷിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിക്കാന്‍ ചട്ടപ്രകാരം വേണ്ടത്. നിലവില്‍ എട്ട് കക്ഷികള്‍ക്കാണ് ഈ പദവിയുള്ളത്. ഇതോടെ എ എ പി കൂടി ചേര്‍ന്ന് ഒമ്പതാകും. ഡല്‍ഹിക്കും പഞ്ചാബിനും പുറത്ത് ഗോവയിലാണ് ആപിന് രണ്ട് എം എല്‍ എമാരും ആറു ശതമാനം വോട്ടുവിഹിതവുമുള്ളത്.
അതേസമയം ആപിന്റെ സാന്നിധ്യം ശരിക്കും തിരിച്ചടിയായത് കോണ്‍ഗ്രസിനാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണക്കുന്ന മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ വിള്ളലുണ്ടാക്കാന്‍ എ എ പിക്കും ഒപ്പം അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എമ്മിനും കഴിഞ്ഞു. മുസ്‌ലിം ന്യൂനപക്ഷ വോട്ടുബാങ്കില്‍ ഇവര്‍ സൃഷ്ടിച്ച വിള്ളലാണ് ഒരു കാലത്തുമില്ലാത്ത വിധത്തിലുള്ള കുതിച്ചുചാട്ടത്തിന് ബി ജെ പിക്ക് കളമൊരുക്കിക്കൊടുത്തതും. ഉവൈസിയുടെ പാര്‍ട്ടിക്ക് ഒരു സീറ്റു പോലും നേടാനായില്ല. എന്നാല്‍ ദരിയാപൂര്‍ അടക്കം മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഈ രണ്ടു കക്ഷികളും പിടിച്ച വോട്ട് കോണ്‍ഗ്രസിന് കെണിയൊരുക്കി. കഴിഞ്ഞ 10 വര്‍ഷമായി ദരിയാപൂര്‍ കോണ്‍ഗ്രസിന്റെ കൈവശമായിരുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ള 17 നിയോജകമണ്ഡലങ്ങളില്‍ 12 ഇടത്തും ഇത്തവണ ബി ജെ പിയാണ് ജയിച്ചത്. കോണ്‍ഗ്രസ് അഞ്ചിടത്ത് ഒതുങ്ങി. ഒരു മുസ്‌ലിമിനെ പോലും സ്ഥാനാര്‍ഥിയാക്കാതെയാണ് ബി ജെ പി ഈ നേട്ടം കൊയ്തത് എന്നുകൂടി ഓര്‍ക്കണം.
മുസ്‌ലിം സ്വാധീനമണ്ഡലങ്ങളില്‍ 16 ഇടത്താണ് എ എ പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. എ ഐ എം ഐ എം രണ്ട് അമുസ്‌ലിംകളെ അടക്കം 13 പേരെയും കളത്തിലിറക്കി. ഗുജറാത്ത് വംശഹത്യയുടെ നോവുകള്‍ പേറുന്ന നരോദാപാട്യയില്‍ കലാപക്കേസ് പ്രതിയുടെ മകനെ സ്ഥാനാര്‍ഥിയാക്കിയതടക്കം തീവ്രഹിന്ദുത്വത്തെ ആളിക്കത്തിക്കാന്‍ പോന്ന എല്ലാ ചേരുവകളും ബി ജെ പി സമാസമം ഉപയോഗിച്ചിരുന്നു. ബില്‍ഖീസ് ബാനു കേസിലെ പ്രതികളെ ശിക്ഷാ കാലാവധി തീരും മുമ്പേ വിട്ടയക്കാനുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്.
കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയെ മുതലെടുത്തത് ഉവൈസിയുടെ പാര്‍ട്ടിയാണ്. 2017ല്‍ കോണ്‍ഗ്രസിന്റെ ശക്തമായ മുന്നേറ്റത്തിന് സഹായിച്ച ഘടകങ്ങളില്‍ ഒന്നായിരുന്നു പട്ടേല്‍ സമരവും ഇതേത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും. എന്നാല്‍ അല്‍പേഷ് താക്കൂറിനു പിന്നാലെ ഹര്‍ദിക് പട്ടേലും കളംമാറി ബി ജെ പിക്കൊപ്പം ചേര്‍ന്നതോടെ ആ സ്വാധീനത്തില്‍ വലിയ ഇടിച്ചിലുണ്ടായി. പട്ടേലുമാര്‍ക്ക് സ്വാധീനമുള്ള സൗരാഷ്ട്ര, കച്ച് മേഖലകളില്‍ നിന്ന് 2017ല്‍ 30 സീറ്റില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ബി ജെ പിക്ക് അന്ന് 23 സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ കച്ച്, സൗരാഷ്ട്ര മേഖലയില്‍ ബി ജെ പിയുടെ സമഗ്രാധിപത്യമാണ് കണ്ടത്.
2017ല്‍ കോണ്‍ഗ്രസിനെ ശക്തമായ ഘടകമാക്കി നിര്‍ത്തിയതില്‍ അഹമ്മദ് പട്ടേല്‍ എന്ന അനുഭവസമ്പന്നനായ രാഷ്ട്രീയ നേതാവിന്റെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. പ്രത്യേകിച്ച് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പ്. അന്ന് നടത്തിയ നിയമ പോരാട്ടത്തിന്റെ പ്രതിഫലനമായിരുന്നു 2017ല്‍ കോണ്‍ഗ്രസ് നേടിയ 77 സീറ്റ് എന്നത്. എന്നാല്‍ അധികം വൈകാതെത്തന്നെ 10 കോണ്‍ഗ്രസ് എം എല്‍ എമാരെ വിലയ്ക്കു വാങ്ങി ബി ജെ പി ആ ആവേശത്തിന്റെ മുനയൊടിച്ചു. ഇത്തവണയാകട്ടെ, മുന്നില്‍ നിര്‍ത്തിക്കാണിക്കാന്‍ അങ്ങനെയൊരു നേതാവു പോലുമില്ലാതെയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഹിമാചലിലെ മുന്നേറ്റം
ഗുജറാത്തില്‍ നേരിട്ട തുല്യതയില്ലാത്ത തിരിച്ചടികള്‍ക്കിടയിലും ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. മോദി-അമിത്ഷാ സംഘത്തിന്റെ തട്ടകത്തില്‍ ബി ജെ പി നേടിയ മിന്നും വിജയത്തിന്റെ നിറം കെടുത്തുന്നതായി ബി ജെ പി ദേശീയ പ്രസിഡണ്ട് ജെ പി നദ്ദയുടെ സ്വന്തം സംസ്ഥാനത്ത് നേരിട്ട തോല്‍വി. ഹിമാചലില്‍ വോട്ടുവിഹിതത്തില്‍ കുറവുണ്ടായിട്ടില്ലെന്നാണ് തോല്‍വിയെ ന്യായീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരത്തിയ വാദം. അപ്പോഴും തിരുവായ്ക്ക് എതിര്‍വായില്ലാത്ത മോദി-ഷാ ബി ജെ പിയില്‍ ഒരുകാലത്തും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആഭ്യന്തര കലാപങ്ങള്‍ക്കാണ് ഹിമാചല്‍ വേദിയായത്. 68 മണ്ഡലങ്ങളുള്ള സംസ്ഥാനങ്ങളില്‍ 30 സീറ്റിലും ബി ജെ പിക്കെതിരെ വിമതര്‍ മത്സരിച്ചിരുന്നു. ഒരുപക്ഷേ, അധികാരത്തില്‍ തിരിച്ചെത്താനുള്ള ബി ജെ പിയുടെ എല്ലാ സാധ്യതകളും ഇല്ലാതാക്കിയത് ഈ വിമതനീക്കമായിരുന്നുവെന്നു പറയാം. ഒരിടത്തു പോലും വിജയിക്കാന്‍ വിമതര്‍ക്ക് കഴിഞ്ഞില്ലെങ്കിലും പലയിടത്തും ബി ജെ പിയെ വീഴ്ത്താന്‍ അവര്‍ക്ക് കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടിട്ടു പോലും വിമതനായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാതിരുന്ന കൃപാല്‍ പാര്‍മര്‍ അടക്കം ബി ജെ പിയുടെ തോല്‍വിയില്‍ നിര്‍ണായകമായി. ഫത്തേപൂര്‍ സീറ്റിലാണ് പാര്‍മര്‍ മത്സരിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളിലും ബി ജെ പി തോറ്റതും വിമതശല്യം പ്രധാന കാരണമായതുകൊണ്ടാണ്. ആം ആദ്മി പാര്‍ട്ടി ഹിമാചലിലും ഒരു കൈ നോക്കാനിറങ്ങിയിരുന്നെങ്കിലും അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
2021ല്‍ നാല് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസ് ഹിമാചലില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ പ്രകടിപ്പിച്ചിരുന്നു. കര്‍ഷക സമരത്തിന്റെ തീച്ചൂളയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മാണ്ഡിയില്‍ 8000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസിന്റെ വിജയം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നാലു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലത്തിലായിരുന്നു കോണ്‍ഗ്രസിന്റെ അട്ടിമറി.
പ്രിയങ്കാ ഗാന്ധിയുടെ ചരടുവലിയില്‍ കൃത്യമായ ആസൂത്രണത്തോടെ നടന്ന തിരഞ്ഞെടുപ്പു പ്രചാരണവും കോണ്‍ഗ്രസ് വിജയത്തിന്റെ വലിയ കാരണമായിരുന്നു. സുഖ്‌വീന്ദര്‍ സിങ് സുഖു-മുകേഷ് അഗ്നിഹോത്രി-പ്രതിഭാ സിങ് ത്രയങ്ങളെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം കൊഴുപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴും സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ കാര്യത്തില്‍ ചില കണക്കുകൂട്ടലുകള്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ കാമ്പയിന്‍ കമ്മിറ്റി തലവനായി അദ്ദേഹത്തെ നിയോഗിച്ചത് ഇതിന്റെ ഭാഗമായിരുന്നു. തിരഞ്ഞെടുപ്പാനന്തരം പ്രതിഭാ സിങ് അനുയായികളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് സുഖുവിനെ മുഖ്യമന്ത്രിയാക്കാനെടുത്ത തീരുമാനവും കൃത്യമായ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണെന്ന് വേണം കരുതാന്‍. കഴിഞ്ഞ സഭയില്‍ കോണ്‍ഗ്രസിനെ നയിച്ച പ്രതിപക്ഷ നേതാവാണ് ഉപമുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടിട്ടുള്ള മുകേഷ് അഗ്നിഹോത്രി. പ്രതിഭാ സിങിനെ അനുനയിപ്പിക്കാന്‍ മകന് സംസ്ഥാന സര്‍ക്കാറില്‍ താക്കോല്‍ പദവി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ബി ജെ പി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രാതിനിധ്യ പെന്‍ഷന്‍ സമ്പ്രദായം എടുത്തുകളഞ്ഞ് പഴയ പെന്‍ഷന്‍ സംവിധാനം നടപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനത്തിന് വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതായാണ് വിലയിരുത്തല്‍. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രിയങ്കാ ഗാന്ധി തന്നെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും സര്‍ക്കാറുകള്‍ കൈക്കൊണ്ട തീരുമാനങ്ങളാണ് ഇതിനായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നത്.
ഗുജറാത്ത്
ബി ജെ പിയിലെ അസ്വാരസ്യങ്ങള്‍
ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേലിനെ തന്നെ ബി ജെ പി വീണ്ടും മുഖ്യമന്ത്രിയായി തീരുമാനിച്ചുകഴിഞ്ഞു. എന്നാല്‍ അത് എത്ര നാളത്തേക്ക് എന്ന ചോദ്യം പ്രസക്തമാണ്. ആരെയും തികച്ചു വാഴാന്‍ അനുവദിക്കാതിരിക്കുക എന്നത് സമീപകാലങ്ങളിലായി ബി ജെ പി നിരന്തരം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ തന്ത്രം കൂടിയാണ്.
2014-ല്‍ മോദി അധികാരം വിട്ടൊഴിയുമ്പോള്‍ തന്റെ വിശ്വസ്തയായ ആനന്ദിബെന്‍ പട്ടേലിനെയാണ് മുഖ്യമന്ത്രിപദം ഏല്‍പിച്ചത്. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ് അവരെ മാറ്റി വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കി. രണ്ടു ലക്ഷ്യങ്ങളായിരുന്നു മോദി-ഷാ അച്ചുതണ്ട് ഇതിലൂടെ ഉന്നംവച്ചത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ബി ജെ പിയില്‍ അനിഷേധ്യമായ ഒരു കള്‍ട്ട് ഉയര്‍ന്നുവരുന്നത് തടയുക എന്നതായിരുന്നു ഒന്നാമത്തേത്. മറ്റൊന്ന് തിരഞ്ഞെടുപ്പില്‍ നേരിടാന്‍ ഇടയുള്ള ഭരണവിരുദ്ധ വികാരത്തെ മറികടക്കുകയെന്നതായിരുന്നു. 2014ല്‍ അധികാരത്തിലേറിയ ആനന്ദിബെന്‍ പട്ടേലിനെ 2016ല്‍ ആ സ്ഥാനത്തു നിന്ന് നീക്കി. തുടര്‍ന്ന് വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുകയും വിജയിക്കുകയും ചെയ്തു. ഇതേ തന്ത്രം ഇത്തവണയും ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കി. ഇത്തവണയും അത് വിജയം കണ്ടു.
രണ്ടു സംസ്ഥാനങ്ങളില്‍ നിര്‍ണായക തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുല്‍ ഭാരത് ജോഡോ യാത്രയ്ക്കിറങ്ങിയത്. ഫലത്തില്‍ രണ്ടു സംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം വേണ്ടത്ര ഇല്ലാതാക്കാന്‍ ഇത് വഴിവെച്ചു. ഇതിനിടെയുണ്ടായ രാജസ്ഥാനിലെ ഗെഹ്‌ലോട്ട്-പൈലറ്റ് പാതിരാ നാടകം പോലുള്ള സംഭവങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള മതിപ്പു തന്നെ നഷ്ടപ്പെടുത്താന്‍ ഇടയാക്കി.
2024-ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഇതിനകം തന്നെ അണിയറയില്‍ കോണ്‍ഗ്രസും ബി ജെ പിയും തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഇത്തരം ലക്ഷ്യങ്ങളുമുണ്ട്. ഭാരത് ജോഡോ ഉയര്‍ത്തുന്ന ആശയവും അതിന് ലഭിക്കുന്ന പിന്തുണയും അഭൂതപൂര്‍വമാണ്. എന്നാല്‍ അതിനെ രാഷ്ട്രീയരംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള പ്രാപ്തി കോണ്‍ഗ്രസിന് ഇനിയും കൈവന്നുവെന്നു പറയാറായിട്ടില്ല. രാഹുലും സംഘവും രാജസ്ഥാനില്‍ എത്തുന്നതിനു തലേന്നുവരെ പോരടിക്കുകയും യാത്ര തീരുന്നതുവരേക്കു മാത്രം കെട്ടിപ്പിടിക്കുകയും ചെയ്യുന്ന അശോക് ഗെഹ്‌ലോട്ടും സചിന്‍ പൈലറ്റും, രാഹുല്‍ പോയതിനു പിന്നാലെ കേരളത്തില്‍ ശശി തരൂരിനെച്ചൊല്ലിയുള്ള നേതാക്കളുടെ ചേരിപ്പോരുമെല്ലാം ഇതിന് തെളിവാണ്.
അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ തയ്യാറാകാത്തിടത്തോളം കാലം രാഹുലിന്റെ ഇത്തരം ശ്രമങ്ങള്‍ക്ക് രാഷ്ട്രീയമായി വലിയ നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിയില്ല. എങ്കിലും മോദി സംഘത്തിന്റെ വര്‍ഗീയ ഫാസിസത്തിന് രാജ്യം കീഴ്‌പ്പെട്ടുകൊടുത്തിട്ടില്ലെന്ന് തെളിയിക്കാന്‍ രാഹുലിന്റെ യാത്രകള്‍ക്ക് തെല്ലെങ്കിലും കഴിഞ്ഞേക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x