2 Wednesday
July 2025
2025 July 2
1447 Mouharrem 6

ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനൊരുങ്ങി ബൈഡന്‍


ഭീകരവേട്ട മുന്‍നിര്‍ത്തി നൂറുകണക്കിന് നിരപരാധികളെ ആരോരുമറിയാതെ തടവിലാക്കി മനുഷ്യത്വം തീണ്ടാത്ത ക്രൂരതകളുമായി മഹാഭീകരതയുടെ പര്യായമായി മാറിയ ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്ന വാഗ്ദാനവുമായി വീണ്ടും അമേരിക്കയിലെ ഡെമോക്രാറ്റിക് ഭരണകൂടം. നേരത്തെ ഇതേ ആവശ്യവുമായി ബറാക് ഒബാമ രംഗത്തുവന്നിരുന്നുവെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല. ക്യൂബയിലെ ഗ്വാണ്ടനാമോ ദ്വീപില്‍ കടുത്ത നിയന്ത്രണങ്ങളോടെ 2002-ല്‍ അമേരിക്ക സ്ഥാപിച്ച ജയിലാണ് ജോ ബൈഡെന്റ സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ നീക്കം ആരംഭിച്ചത്. വരും ആഴ്ചകളിലോ മാസങ്ങളിലോ ഇതിനുള്ള ഉത്തരവില്‍ ബൈഡന്‍ ഒപ്പുവെക്കുമെന്നാണ് സൂചന. ജി ടി എം ഒ എന്നും ഗിറ്റ്‌മോ എന്നും വിളിക്കപ്പെടുന്ന തടവറയില്‍ അല്‍ഖാഇദ, താലിബാന്‍ ബന്ധമാരോപിച്ച് ആരംഭ വര്‍ഷത്തില്‍ മാത്രം 680 പേരെയാണ് എത്തിച്ച് കൊടിയ ക്രൂരതകള്‍ക്ക് ഇരയാക്കിയിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട ക്രൂരതകള്‍ക്കൊടുവില്‍ തടവുകാരില്‍ ഭൂരിപക്ഷവും നാടുപിടിക്കുകയോ മരണം പുല്‍കുകയോ ചെയ്‌തെങ്കിലും ഇനിയും 40 പേര്‍ അനിശ്ചിത കാല തടവില്‍ തുടരുന്നുണ്ട്. 2001 സപ്തംബറില്‍ അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിന് പിന്തുണ നല്‍കിയെന്നും ആസൂത്രണത്തില്‍ പങ്കാളികളായെന്നും പറഞ്ഞാണ് ഇവരെ തടവിലിട്ടിരിക്കുന്നത്. ട്രംപ് അധികാരത്തിലിരുന്ന അവസാന വര്‍ഷങ്ങളില്‍ ഗ്വാണ്ടനാമോ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ണമായി നിര്‍ത്തിവെച്ച നിലയിലായിരുന്നു. ബൈഡന്‍ ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ടെങ്കിലും തടവറ അടച്ചുപൂട്ടല്‍ വേഗത്തിലാകില്ലെന്ന് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് എമിലി ഹോണ്‍ പറഞ്ഞു. രാഷ്ട്രീയ നിയമ പ്രശ്‌നങ്ങള്‍ ഒരുപോലെ ബൈഡന്റെ നീക്കത്തിനു മുന്നില്‍ തടസ്സമായി നില്‍ക്കുമെന്നാണ് സൂചന.

Back to Top