സര്‍ക്കാരും ഗവര്‍ണറും കൊമ്പുകോര്‍ക്കുമ്പോള്‍
ഇഫ്തികാര്‍
ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോര് ബി ജെ പി ഭരണകാലത്ത് പുതുമയുള്ള കാഴ്ചയല്ല. പല സംസ്ഥാനങ്ങളിലും ബി ജെ പി നോമിനികളായ ഗവര്‍ണര്‍മാരെക്കൊണ്ട് ഒരു സ്വസ്ഥതയുമില്ല എന്ന അവസ്ഥയായിരിക്കുന്നു. സര്‍ക്കാറിന്റെ ഓരോ നീക്കങ്ങളെയും ഒപ്പിടാതെ തടഞ്ഞുവെക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. മാധ്യമങ്ങളെ വിളിച്ചു കൂട്ടി സര്‍ക്കാരിനെതിരേ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ത്തുകയാണ്. മറുഭാഗത്താകട്ടെ, സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രിം കോടതിയില്‍ പോകേണ്ടി വരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കെതിരെ പരസ്യമായി പ്രതികരിക്കേണ്ടി വരുന്നു. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല, ബിജെപി/എന്‍ഡിഎ ഇതര സംസ്ഥാനങ്ങളിലെല്ലാം അതാത് സര്‍ക്കാരുകള്‍ക്ക് ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ നടത്തേണ്ടി വരുന്നു.
കേന്ദ്രത്തില്‍ ഭരണം മാറുമ്പോ ള്‍ രാജ്ഭവനുകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ വടംവലിയുണ്ടാകുന്നത് ഒരു പുതിയ കാര്യമല്ല. 1977-ല്‍, സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഒരു കോണ്‍ഗ്രസിതര സര്‍ക്കാ ര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ഗവര്‍ണര്‍മാരെ മാറ്റല്‍ ആരംഭിച്ചത്.
അന്ന് അതത്ര എളുപ്പമായിരുന്നില്ല. താത്ക്കാലിക രാഷ്ട്രപതിയായിരുന്ന ബി ഡി ജട്ടി, മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ ശുപാര്‍ശ ഒപ്പുവെക്കാതെ മടക്കി. മന്ത്രിസഭ അതേ ശുപാര്‍ശ വീണ്ടും സമര്‍പ്പിച്ചു. അങ്ങനെ വന്നാല്‍ ഭരണഘടനാപരമായി രാഷ്ട്രപതിക്ക് ഒപ്പുവെക്കാതെ നിവൃത്തിയില്ല. എന്നാല്‍ സംസ്ഥാന മന്ത്രിസഭ രണ്ടാമതും ഒരു ശുപാര്‍ശ അയച്ചാല്‍ ഗവര്‍ണര്‍ക്കത് അനന്തമായി വൈകിക്കാം.
1980 ഒക്ടോബറില്‍ അന്നത്തെ തമിഴ്നാട് ഗവര്‍ണര്‍ പ്രഭുദാസ് പട്വാരിയെ ഇന്ദിരാഗാന്ധി പുറത്താക്കി. ഒരു വര്‍ഷത്തിനുശേഷം രാജസ്ഥാന്‍ ഗവര്‍ണര്‍ രഘുലാല്‍ തിലകിനും ഇതേ ഗതി നേരിട്ടു. ഈ രണ്ടിലും പുറത്താക്കലിന് പ്രത്യേകിച്ച് ഒരു കാരണവും പറഞ്ഞില്ല. ഈ സമ്പ്രദായം പിന്നെ സൗകര്യപൂര്‍ വം തുടര്‍ന്നു.
ഗവര്‍ണര്‍മാരെ മാറ്റുന്നതിലും തങ്ങള്‍ക്ക് താത്പര്യമുള്ളവരെ ആക്കുന്നതിലും മോദി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മികമായ അവകാശമില്ല. വാജ്പേയ് സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ 2004-ലെ യു പി എ സര്‍ക്കാര്‍ വന്നപ്പോള്‍ കൈയോടെ നീക്കം ചെയ്തിരുന്നു. അന്ന് ബിജെപിയുടെ സമ്മുന്നത നേതാവായിരുന്ന എല്‍ കെ അദ്വാനി കോ ണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചത്, ഗവര്‍ണര്‍മാരെ മാറ്റുന്നത് ജനാധിപത്യത്തെ അപകടത്തിലാക്കുന്ന പ്രവണതയാണെന്നായിരുന്നു. മോദി അധികാരത്തില്‍ വന്നപ്പോള്‍ ബി ജെ പി ചെയ്യുന്നതും, അദ്വാനി പറഞ്ഞ പ്രകാരം ജനാധിപത്യത്തെ അപകടത്തിലാക്കുന്ന കാര്യങ്ങളാണ്.