സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മതം
അബ്ദുല്‍ ഹസീബ്
കഴിഞ്ഞ ദിവസമാണ് മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ് സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നത്. കേരളത്തിലെ ഐ എ എസ് ഉദ്യോഗസ്ഥരാണത്രെ അതിലെ മെമ്പര്‍മാര്‍. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് ആണ് ഗ്രൂപ്പ് അഡ്മിന്‍. സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയായിരുന്നു ഗ്രൂപ്പുണ്ടാക്കിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഭവം വിവാദമായതോടെ ഗോപാലകൃഷ്ണനായി കുരുക്ക് മുറുകുകയാണ്. തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് ആരോ ചെയ്തതാണെന്ന് അദ്ദേഹം വാദിച്ചെങ്കിലും ഹാക്കിങ് നടന്നിട്ടില്ലെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് ഇക്കാര്യത്തില്‍ ഗൂഗിള്‍ പോലീസിന് നല്‍കിയിരിക്കുന്ന മറുപടി.
ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടെങ്കിലും മതപരമായ ഒരു ഗ്രൂപ്പ് ഇതാദ്യമായാണ്. വ്യക്തികള്‍ എന്ന നിലയില്‍ സിവില്‍ സെര്‍വെന്റ്‌സിനും മതവിശ്വാസമാകാം. പക്ഷേ, ജോലിയിലേക്ക് അതൊന്നും കടത്തിക്കൊണ്ടുവരരുതെന്നുമാത്രം. മതപരമായ കൂട്ടായ്മകള്‍ രൂപവത്കരിക്കാനോ അത്തരം കൂട്ടായ്മകളില്‍ ചേരാനോ നിയമം അവരെ അനുവദിക്കുന്നുമില്ല.
ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി മനഃപൂര്‍വം രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പായിരുന്നു ഇതെങ്കില്‍ നമ്മുടെ സമൂഹത്തിലെ ഉദ്യോഗസ്ഥവൃന്ദങ്ങളും ജാതി, മത, രാഷ്ട്രീയ മാമൂലുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരാണെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. ഓരോ മതവിഭാഗത്തില്‍ പെട്ടവരും പ്രത്യേകം ഗ്രൂപ്പുകള്‍ ഉണ്ടാക്കി വര്‍ഗീയതയുടെ വേലി തീര്‍ക്കുമ്പോള്‍ രൂപപ്പെടുക ജാതി, മത ചിന്തകളുടെ പ്രത്യേക തുരുത്തുകളായിരിക്കും. ഇത് സമൂഹത്തെ എത്തിക്കുന്നതും വലിയ ആപത്തിലേക്ക് തന്നെയാണ്.