21 Thursday
November 2024
2024 November 21
1446 Joumada I 19

കലര്‍പ്പില്ലാത്ത വഴി

എം ടി അബ്ദുല്‍ഗഫൂര്‍


ജാബിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹുവില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതെയാണ് അവനെ കണ്ടുമുട്ടുന്നതെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. എന്നാല്‍ ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടുന്നത് അവനില്‍ പങ്കുചേര്‍ത്തുകൊണ്ടാണെങ്കില്‍ അവന്‍ നരകത്തിലും പ്രവേശിക്കും (മുസ്‌ലിം)

നാം ജീവിക്കുന്ന ഭൂമി, മേല്‍ക്കൂര കണക്കെ പരന്നുകിടക്കുന്ന ആകാശം, ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍ എല്ലാറ്റിനെയും സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിച്ചു നിര്‍ത്തുന്നവനാരോ അവനാണ് യഥാര്‍ഥ ദൈവം. നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം ഇവയെല്ലാം നമുക്കായി കരുതിവെച്ച അനുഗ്രഹദാതാവിനോട് നന്ദി ചെയ്യുക എന്നത് ഏതൊരു മനുഷ്യനില്‍ നിന്നും അവന്‍ പ്രതീക്ഷിക്കുന്ന നന്മയാകുന്നു. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യന് അവന്റെ ദൈവത്തോടുള്ള ബാധ്യത.
സാക്ഷാല്‍ ആരാധ്യന്‍ പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവാണ്. അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. ഈ സത്യം മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും അതിന്റെ പ്രബോധനം നിര്‍വഹിക്കുകയും ചെയ്യുക എന്നതത്രെ മറ്റെന്തിനെക്കാളും പ്രാധാന്യമുള്ള വിഷയം. പണ്ഡിതരും പ്രബോധകരും പ്രാധാന്യം നല്‍കേണ്ട കാര്യമാണിത്. പ്രസംഗകരും പരിഷ്‌കര്‍ത്താക്കളും ശ്രദ്ധിക്കേണ്ട വിഷയവുമിതുതന്നെ. നേതാക്കളും പ്രവര്‍ത്തകരും ഊന്നല്‍ നല്‍കേണ്ടതും ഇതില്‍തന്നെ.
കാരണം, അതാണ് ദീനിന്റെ അടിത്തറ. അതിന്റെ പ്രഖ്യാപനത്തിനാണ് പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടത്. ആ സത്യം പരിചയപ്പെടുത്താന്‍ വേണ്ടിയാണ് വേദഗ്രന്ഥങ്ങള്‍ അവതീര്‍ണമായത്. ലോകത്തെ ഏറ്റവും വലിയ സത്യവും ധര്‍മവും ഏകദൈവ വിശ്വാസമാകുന്നു. അതിന് വിരുദ്ധമായത് വലിയ അക്രമവും.
ഏറ്റവും അടിസ്ഥാന വിഷയമായ തൗഹീദിനെ ഉള്‍ക്കൊള്ളുക എന്നത് മഹാഭാഗ്യമത്രെ. യഥാര്‍ഥ വിശ്വാസത്തില്‍ നിന്ന് മാര്‍ഗഭ്രംശം സംഭവിക്കാന്‍ പഴുതുകളേറെയുള്ള ഇക്കാലത്ത് പ്രത്യേകിച്ചും. ജനങ്ങള്‍ വിവിധ വിഭാഗങ്ങളും വ്യത്യസ്ത ചിന്താഗതികളും വെച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ക്കെല്ലാം സത്യമാര്‍ഗം കാണിച്ചുകൊടുക്കാനുള്ള ബാധ്യത ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണീ നബിവചനം സൂചന നല്‍കുന്നത്. കാരണം, അത് സ്വര്‍ഗപ്രവേശത്തിന്റെ വിഷയമാണ്. പരമകാരുണികന്റെ തൃപ്തി കരസ്ഥമാക്കാനുള്ള മാര്‍ഗവുമാണ്. നരകമോചനത്തിന്റെ വഴിയുമാണത്.
അതുകൊണ്ടുതന്നെ, ആ ദൗത്യ നിര്‍വഹണത്തില്‍ പങ്കാളിയാവുക എന്നത് വിശ്വാസികളുടെ ബാധ്യതയാകുന്നു. അതത്രെ സഹജീവികളോടുള്ള ഏറ്റവും വലിയ ഗുണകാംക്ഷ. സ്രഷ്ടാവില്‍ പങ്കുചേര്‍ക്കാതെ അവനെ കണ്ടുമുട്ടുന്നതിലാണ് വിജയം. അതിലാണ് സമാധാനം. അതത്രെ രക്ഷാമാര്‍ഗവും. അതിന് വിരുദ്ധമായതാകട്ടെ, ശിക്ഷയുടെ മാര്‍ഗവും. .

Back to Top