മികവുറ്റ നേതൃത്വം പ്രശ്നങ്ങള്‍ക്കു പരിഹാരം
സലീം കോഴിക്കോട്
ലോകത്തിലെ പല രാജ്യങ്ങളിലെയും ആഭ്യന്തര പ്രശ്നം പരിഹരിക്കപ്പെടാതെ അനന്തമായി നീണ്ടുപോകുന്നതിന് പ്രധാന കാരണം ബാഹ്യശക്തികളുടെ ഇടപെടലുകളാണ്. അമേരിക്ക, റഷ്യ തുടങ്ങിയ പല രാജ്യങ്ങളും തങ്ങളുടെ ആയുധങ്ങള്‍ വിറ്റഴിക്കാനും മറ്റു ലക്ഷ്യങ്ങള്‍ക്കുമായി ഇതര രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിലേക്ക് ചാടിവീഴുകയാണ്. അതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമാവുകയും പ്രശ്നപരിഹാരം അനന്തമായി നീളുകയും ചെയ്യുന്നു. ഇതില്‍ യാതന അനുഭവിക്കുന്നത് അവിടത്തെ ജനതയാണ്. പല മുസ്ലിം രാഷ്ട്രങ്ങളും ഇപ്രകാരം കെടുതി അനുഭവിക്കുന്ന അതിദാരുണമായ അവസ്ഥാവിശേഷത്തിലാണ്. യമനിലെയും സിറിയയിലെയും തുടങ്ങി പല മുസ്ലിം രാജ്യങ്ങളിലെയും ജനതയുടെ ദയനീയ ചിത്രം മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനൊരു പരിഹാരം എന്നത് ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ മറ്റു രാജ്യങ്ങളുടെ ഒരു തരത്തിലുമുള്ള ഇടപെടല്‍ ഉണ്ടായിക്കൂടാ എന്നതായിരിക്കുന്നു. അതില്‍ ഇടപെടാന്‍ തുനിയേണ്ടതും, ഇടപെടേണ്ടതും യു എന്‍ ഉം അവരുടെ മാത്രം സൈന്യവുമായിരിക്കണം. ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ യു എന്നിന് നേരിട്ട് ഇടപെടാനുള്ള അവകാശമുണ്ടായിരിക്കണം. അതുവഴി ഭരണകൂടത്തിന്റെ അഴിഞ്ഞാട്ടത്തെ നിയന്ത്രിക്കാനും, ആഭ്യന്തര കെടുതി തടയാനും അവര്‍ക്ക് സാധിക്കും. അതോടൊപ്പം തന്നെ യു എന്നിലെ ചില രാജ്യങ്ങള്‍ക്കുള്ള വീറ്റോ പവര്‍ എടുത്തുകളയുകയും എല്ലാ ലോകരാഷ്ട്രങ്ങള്‍ക്കും തുല്യ പദവി യു എന്നില്‍ സ്ഥാപിക്കപ്പെടുകയും വേണം.