19 Wednesday
June 2024
2024 June 19
1445 Dhoul-Hijja 12

സ്വര്‍ണക്കടത്ത് സംഘങ്ങളെ ആര് നിയന്ത്രിക്കും?

എ പി അന്‍ഷിദ്‌


വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞ കുറേ മാസങ്ങളായി മലയാളികള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധനയില്‍ സ്വര്‍ണക്കടത്ത് പിടിക്കുന്ന സംഭവങ്ങള്‍ നേരത്തേ ഒറ്റപ്പെട്ട വാര്‍ത്തകള്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരേ ദിവസം തന്നെ രണ്ടും മൂന്നും കേസുകള്‍ ഇത്തരത്തില്‍ പിടിക്കപ്പെടുന്നുണ്ട്. ക്ലിഫ് ഹൗസും കോണ്‍സല്‍ ജനറലിന്റെ ഓഫീസും അടങ്ങുന്ന നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ ഒരു ഭാഗത്ത് കത്തിപ്പടരുമ്പോള്‍ തന്നെയാണ് കരിപ്പൂരും നെടുമ്പാശ്ശേരിയും അടക്കം ഇത്തരത്തിലുള്ള പതിവു കടത്തുകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ തകര്‍ക്കുന്ന ഗുരുതരമായ കുറ്റകൃത്യമായാണ് കള്ളക്കടത്തിനെ കണക്കാക്കുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് ഇന്ന് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ മാത്രം തകര്‍ക്കുന്ന കുറ്റകൃത്യമല്ല. നികുതിവെട്ടിപ്പിനൊപ്പം കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, പീഡനം, ഭീഷണിപ്പെടുത്തല്‍, ബ്ലാക്‌മെയിലിങ് തുടങ്ങി കൊലപാതകം വരെ നീളുന്ന വലിയ കുറ്റകൃത്യങ്ങളുടെ കണ്ണിയായി പരിണമിച്ചിരിക്കുന്നു. ഇത്തരം കൊലപാതകങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശി ഇര്‍ഷാദിന്റെ മരണം. പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദ് കഴിഞ്ഞ മെയ് മാസമാണ് വിദേശത്തു നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഇര്‍ഷാദിനെക്കുറിച്ച് വിവരമില്ലാതായത്.
ജൂലൈ 17-ന് തിക്കോടി കടപ്പുറത്ത് കണ്ടെത്തിയ ജീര്‍ണിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക് എന്നയാളുടേതാണ് മൃതദേഹം എന്നായിരുന്നു ഇതുവരെയുള്ള നിഗമനം. ദീപകിന്റെ ബന്ധുക്കള്‍ നേരിട്ടെത്തി മൃതദേഹം തിരിച്ചറിയുകയും ഏറ്റുവാങ്ങി സംസ്‌കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച ഡി എന്‍ എ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്ന് ദീപകിന്റെ മാതാപിതാക്കളുടെ ഡി എന്‍ എയുമായി ഒത്തുപോകാതെ വന്നതോടെയാണ് മൃതദേഹം മറ്റാരുടെയോ ആകാമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. തുടര്‍ന്നാണ് ഇര്‍ഷാദിന്റെ ബന്ധുക്കളുടെ ഡി എന്‍ എ സാമ്പിളുമായി ഒത്തുനോക്കി മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
വിദേശത്തു നിന്ന് നാട്ടിലേക്കു വരുമ്പോള്‍ 60 ലക്ഷം മൂല്യമുള്ള സ്വര്‍ണം ഇര്‍ഷാദിന്റെ കൈവശം കടത്തുസംഘം ഏല്‍പിച്ചിരുന്നതായും ഇത് ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നില്ലെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇതേത്തുടര്‍ന്ന് ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തങ്ങളുടെ കസ്റ്റഡിയില്‍ കൈകള്‍ ബന്ധനസ്ഥനായ നിലയിലുള്ള ഇര്‍ഷാദിന്റെ ചിത്രം വിദേശത്തുള്ള അയാളുടെ സഹോദരന് സ്വര്‍ണക്കടത്തുസംഘം അയക്കുകയും 60 ലക്ഷം രൂപ നല്‍കിയാല്‍ മോചിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായുമാണ് വിവരം. ഇര്‍ഷാദ് കസ്റ്റഡിയില്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ നെറ്റിയില്‍ ക്ഷതമേറ്റതിന്റെ പാടുകളുമുണ്ട്.
ഇര്‍ഷാദിനെ കാണാനില്ലെന്ന കേസിന്റെ അന്വേഷണത്തിനിടെ പിടിയിലായ പ്രതികളില്‍ ഒരാളാണ് ഇര്‍ഷാദ് പുഴയില്‍ വീണെന്ന വിവരം പോലീസിന് നല്‍കിയത്. തങ്ങളുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് പുഴയില്‍ ചാടിയെന്നായിരുന്നു മൊഴി. എന്നാല്‍ ക്രൂരമായ പീഡനത്തില്‍ അവശനായ ഇര്‍ഷാദിനെ പുഴയില്‍ തള്ളിയിട്ടതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക് വീഴുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്.
മേല്‍പറഞ്ഞ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ബഹുഭൂരിഭാഗവും ഈ ഒരൊറ്റ കേസില്‍ തന്നെ കടന്നുവരുന്നുണ്ട് എന്നു സൂചിപ്പിക്കാനാണ് ഇത്രയും വിശദീകരിച്ചത്. തട്ടിക്കൊണ്ടുപോകല്‍, പീഡനം, ബ്ലാക്‌മെയിലിങ്, കൊലപാതകം എന്നിവയെല്ലാം. ലൈംഗിക പീഡനം കൂടി കടന്നുവരുന്നുണ്ട് കേസില്‍. പത്തനംതിട്ട സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇതേ കേസിലെ പ്രതി സാലിഹ് മുഹമ്മദിനെതിരെയാണ് പെരുവണ്ണാമുഴി പോലീസ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ ഭര്‍ത്താവാണ് വിദേശത്ത് ഇര്‍ഷാദിനെ സ്വര്‍ണക്കടത്തു സംഘത്തിന് പരിചയപ്പെടുത്തിയതെന്നാണ് വിവരം.
പാലക്കാട് അഗളി സ്വദേശി അബ്ദുല്‍ജലീലിന്റെ മരണം വാര്‍ത്തകളില്‍ നിറഞ്ഞത് അടുത്തിടെയായിരുന്നു. വിദേശത്തു നിന്നെത്തിയ ജലീലിനെക്കുറിച്ച് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഒരു വിവരവും കുടുംബത്തിന് ലഭ്യമല്ലായിരുന്നു. നാട്ടിലെത്തുന്ന വിവരം അറിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് ജലീലിനെ കൂട്ടാനായി കുടുംബം പാതിവഴിയോളം എത്തിയതാണ്. എന്നാല്‍ വിമാനം വൈകുമെന്നു പറഞ്ഞ് ജലീല്‍ തന്നെ കുടുംബത്തോട് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ നിശ്ചിത വിമാനത്തില്‍ തന്നെ ജലീല്‍ നാട്ടില്‍ എത്തിയതായാണ് വിവരം. വിമാനത്താവളത്തില്‍ വെച്ചുതന്നെ ജലീല്‍ ക്വട്ടേഷന്‍ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടതായാണ് പുറത്തുവന്ന വിവരം. ശരീരമാസകലം മുറിവേറ്റ നിലയില്‍ അജ്ഞാത സംഘം അബ്ദുല്‍ജലീലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചു മുങ്ങുകയായിരുന്നു. വൈകാതെ ഇയാള്‍ മരണപ്പെടുകയും ചെയ്തു. ഖത്തറില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെക്യാട് സ്വദേശിയുടെ തിരോധാനത്തിനു പിന്നിലും സ്വര്‍ണക്കടത്തു സംഘത്തിനു ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
2021 ജൂണിലായിരുന്നു രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്തു സംഘത്തിന് അകമ്പടി സേവിക്കാനെത്തിയ വാഹനം അപകടത്തില്‍ പെട്ട് അഞ്ചു പേര്‍ മരിച്ചത്. സിനിമാക്കഥകളെ പോലും വെല്ലുന്ന തരത്തിലുള്ള തിരക്കഥകളാണ് സ്വര്‍ണക്കടത്തിനു പിന്നില്‍ അരങ്ങേറുന്നത് എന്നായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍. വിദേശത്തു നിന്ന് സ്വര്‍ണം കൊടുത്തുവിടുന്നതു മുതല്‍ കാരിയര്‍മാരെ നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനങ്ങള്‍ ഇത്തരം സംഘങ്ങള്‍ക്കുണ്ടെന്നാണ് വിവരം. നാട്ടില്‍ എത്തുന്നയാളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ഒരു സംഘം. അവരെ പിന്തുടരാനും സുരക്ഷയൊരുക്കാനും അവര്‍ പോലുമറിയാതെ മറ്റൊരു സംഘം. ഇനി ഇത്തരം കടത്തുകാരുടെ വിവരം ചോര്‍ത്തിയറിഞ്ഞ് പാതിവഴിയില്‍ സ്വര്‍ണം തട്ടിയെടുക്കാനായി എത്തുന്ന ‘കണ്ണൂര്‍ ബേസ്ഡ് പൊട്ടിക്കല്‍’ സംഘങ്ങള്‍ വെറെയും. അപകടകരമായ വലിയൊരു റാക്കറ്റിന്റെ താവളമായി കേരളം മാറുകയാണോ എന്നു സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയാത്ത വിധത്തിലേക്കാണ് സ്വര്‍ണക്കടത്തു സംഘങ്ങളുടെ വളര്‍ച്ച.
ആറു മാസം കൊണ്ട് 20 കിലോയിലധികം സ്വര്‍ണമാണ് കരിപ്പൂര്‍ വഴി കടത്തുന്നതിനിടെ പിടിക്കപ്പെട്ടത്. ഇതിന്റെ എത്രയോ ഇരട്ടി വരും യഥാര്‍ഥ കടത്ത്. സ്വര്‍ണക്കടത്തു സംഘങ്ങളുടെ തന്നെ വാട്‌സ്ആപ് വോയ്‌സ് ക്ലിപ്പുകളില്‍ നിന്ന് ലഭിച്ച സൂചന പ്രകാരം കോഴിക്കോട് വഴി മാത്രം പ്രതിമാസം 50 മുതല്‍ 75 കിലോ വരെ സ്വര്‍ണം കടത്തുന്നുണ്ട്. കണ്ണൂര്‍ വഴി 20 കിലോയും കൊച്ചി വഴി 40 കിലോയുമാണ് ശരാശരി കടത്ത്. രണ്ടു വര്‍ഷത്തിനിടെ 650 കോടിയോളം രൂപയുടെ സ്വര്‍ണം കേരളത്തിലേക്ക് കടത്തിയതായാണ് വിവരം. 1434 കോടിയോളം രൂപ മൂല്യം വരുന്നതാണിത്. സ്വര്‍ണക്കടത്തു സംഘത്തിന് ഒത്താശ ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഉത്തരേന്ത്യക്കാരനായ ഒരു വിമാനത്താവള ജീവനക്കാരനാണ് സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതെന്നാണ് സൂചന. ഇയാള്‍ കോഴിക്കോട്ട് ഇടയ്ക്കിടെ എത്താറുണ്ടെന്നും വിമാനത്താവളങ്ങളിലെ കൈക്കൂലിക്ക് വഴങ്ങാന്‍ സാധ്യതയുള്ള ജീവനക്കാരെ കണ്ടെത്തി സ്വര്‍ണക്കടത്തിന് ഒത്താശ നല്‍കാന്‍ സജ്ജമാക്കുകയാണ് വരവിന്റെ ദൗത്യമെന്നുമാണ് വിവരം.
കേരളം സ്വര്‍ണക്കടത്തിന്റെ താവളമോ?
എന്‍ പി മുഹമ്മദിന്റെ ‘അറബിപ്പൊന്ന്’ എന്ന നോവലില്‍ അക്കാലത്തെ വലിയ സ്വര്‍ണക്കടത്തുകാരുടെ വീടുകളില്‍ നടക്കുന്ന വിരുന്നു സല്‍ക്കാരങ്ങളിലേക്ക് പുറത്തുനിന്നെത്തുന്ന ബിരിയാണിച്ചെമ്പുകളുടെ കഥ പറയുന്നുണ്ട്. ബിരിയാണി നിറച്ച ചെമ്പ് കൊണ്ടുവരുന്നതിനും സല്‍ക്കാരത്തിനു ശേഷം അവ തിരിച്ചുകൊണ്ടുപോകുന്നതിനും പ്രത്യേക സംഘങ്ങള്‍ ഉണ്ടാകാറുണ്ട്. ബിരിയാണിച്ചെമ്പ് തുറക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുള്ളത് എണ്ണപ്പെട്ടവര്‍ക്കു മാത്രം. എവിടെ നിന്നു വരുന്നുവെന്നോ എങ്ങോട്ടു പോകുന്നുവെന്നോ അറിയാത്ത ഈ ചെമ്പുകളിലായിരുന്നു അന്ന് കടല്‍ കടന്നെത്തുന്ന സ്വര്‍ണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നതെന്നാണ് കഥ പറയുന്നത്.
പിന്നീട് ബിരിയാണിച്ചെമ്പില്‍ സ്വര്‍ണം കടത്തിയിരുന്നുവെന്ന കഥ കേട്ടത് സ്വപ്‌ന സുരേഷ് വഴിയാണ്. അതും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനെ ബന്ധപ്പെടുത്തി. അന്വേഷണം പുരോഗമിക്കുന്ന കേസുകളില്‍ ശരിതെറ്റുകള്‍ ചികഞ്ഞ് പുറത്തു വരാന്‍ സമയം എടുക്കുമായിരിക്കും. പക്ഷേ, സ്വര്‍ണക്കടത്ത് എന്ന യാഥാര്‍ഥ്യം മറയൊന്നുമില്ലാതെത്തന്നെ വെളിച്ചത്തു നില്‍ക്കുന്നുണ്ട്.
എന്തുകൊണ്ട് സ്വര്‍ണക്കടത്ത് ഇത്രയധികം എന്ന ചോദ്യത്തിന് ചില ഉത്തരങ്ങളുണ്ട്: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കുറേ പതിറ്റാണ്ടുകളോളം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറവായിരുന്നു. പ്രത്യേകിച്ച് പ്രവാസവും ഗള്‍ഫും ഭ്രമിക്കുന്ന അറബിക്കഥകളായി നാടുകളില്‍ പരന്നുതുടങ്ങുന്നതിനു മുമ്പുള്ള കാലത്ത്. മാത്രമല്ല, 1968-ലെ ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ട് പ്രകാരം രാജ്യത്തെ പൗരന്മാര്‍ക്ക് സ്വര്‍ണം കൂടിയ അളവില്‍ കൈവശം വെക്കുന്നതിനും സ്വര്‍ണക്കട്ടി, സ്വര്‍ണനാണയം എന്നിവയായി സൂക്ഷിക്കുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടായിരുന്നു. മൂന്നു മുതല്‍ അഞ്ചു ശതമാനം വരെയായിരുന്ന ഇറക്കുമതി തീരുവ ക്രമാനുഗതമായി ഉയര്‍ത്തി 15 ശതമാനത്തിലേക്കുവരെ എത്തിയിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് തടയുന്നതിനായിരുന്നു ഈ നിയന്ത്രണങ്ങള്‍ എങ്കിലും ഫലത്തില്‍ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്കു മുന്നില്‍ അവസരങ്ങള്‍ തുറന്നിടുകയായിരുന്നു ഇത്. കള്ളക്കടത്തിലൂടെ നാട്ടിലെത്തുന്ന സ്വര്‍ണത്തിന് നികുതിബാധ്യത വരാത്തതിനാല്‍ ഇതുവഴി ലഭിക്കുന്ന ലാഭമായിരുന്നു അന്ന് സ്വര്‍ണക്കടത്തു സംഘങ്ങളുടെ ലക്ഷ്യം.
എന്നാല്‍ 1991-ല്‍ രാജ്യം ഉദാരവത്കരണ സാമ്പത്തിക നയത്തിലേക്ക് ചുവടുമാറിയതോടെ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഒരു ശതമാനം വരെയായി താഴ്ന്നു. കൂടിയ ഇറക്കുമതി തീരുവ നിയമവിരുദ്ധ ചാനലുകള്‍ വഴി രാജ്യത്തേക്ക് വന്‍തോതില്‍ സ്വര്‍ണം ഒഴുകാന്‍ ഇടയാക്കുന്നുണ്ടെന്നായിരുന്നു ഉദാരവത്കരണത്തിന്റെ ബുദ്ധികേന്ദ്രവും അന്നത്തെ ധനമന്ത്രിയുമായിരുന്ന ഡോ. മന്‍മോഹന്‍ സിങിന്റെ വാദം. ഇത് ശരിയെന്ന് പിന്നീട് തെളിയുകയും ചെയ്തു. ഉദാരവത്കരണം വന്നതോടെ സ്വര്‍ണക്കടത്തു സംഘങ്ങള്‍ കൂട്ടത്തോടെ പിന്‍വാങ്ങി. കുറേക്കാലത്തേക്ക് ഈ രംഗം ശാന്തമായിരുന്നു. സ്വര്‍ണക്കടത്ത് മാത്രമല്ല കുറഞ്ഞത്, ഇതിന് അനുബന്ധമായി നടന്നിരുന്ന പല കുറ്റകൃത്യങ്ങളിലും ഇക്കാലത്ത് കുറവുണ്ടായി.
നിലവില്‍ 12.5 ശതമാനമാണ് രാജ്യത്ത് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ. കൂടാതെ ഗോള്‍ഡ് ബാറുകളായി എത്തുന്ന സ്വര്‍ണം ആഭരണങ്ങളാക്കി ജ്വല്ലറികള്‍ വഴി വില്‍പന നടക്കുമ്പോള്‍ ജി എസ് ടിയും അഡീഷണല്‍ ജി എസ് ടിയുമായി 6-7 ശതമാനം നികുതി വേറെയുമുണ്ട്. പത്ത് ഗ്രാം സ്വര്‍ണത്തിന് 50,000 രൂപ വിപണിവില കണക്കാക്കിയാല്‍ പോലും നികുതിയിനത്തില്‍ നടക്കുന്ന വെട്ടിപ്പ് 7,000- 9,000 രൂപയാണ്. കിലോക്കണക്കിന് സ്വര്‍ണം രാജ്യത്തേക്ക് കടത്തുമ്പോള്‍ ഇത്തരം റാക്കറ്റുകളുടെ കൈകളിലൂടെ മറിയുന്ന കോടികളുടെ കണക്കുകള്‍ ഇതില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒന്നോ രണ്ടോ കാരിയര്‍മാര്‍ പിടിക്കപ്പെട്ടാലും അതൊരു വിഷയമേയാകാതെ കടത്ത് പിന്നെയും നിര്‍ബാധം തുടരുന്നതിനു പിന്നില്‍ ഈ മോഹിപ്പിക്കുന്ന ലാഭമാണ്.
സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കെണിയില്‍ പെടുന്ന കാരിയര്‍മാരില്‍ ഏറെയും സ്ഥിരം കുറ്റവാളികളോ ക്രിമിനലുകളോ അല്ല എന്നതാണ് മറ്റൊരു വസ്തുത. രണ്ടും മൂന്നും വര്‍ഷം പ്രവാസജീവിതം നയിച്ചിട്ടും കാര്യമായൊന്നും സമ്പാദിക്കാനില്ലാതെ നിരാശരായി നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന ആളുകളെ വലവീശിപ്പിടിക്കാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങേയറ്റത്തെ ശാസ്ത്രീയമായ രീതിയിലാണ് സ്വര്‍ണക്കടത്ത് എന്നതുകൊണ്ടുതന്നെ, പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസം കാരിയര്‍മാരില്‍ ജനിപ്പിക്കുന്നു. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ നാല്-അഞ്ച് ലക്ഷം രൂപയാണ് കാരിയര്‍ക്ക് ലഭിക്കുന്നതെന്നാണ് വിവരം. വിമാന ടിക്കറ്റ് ഉള്‍പ്പെടെ നാട്ടിലേക്കുള്ള യാത്രാച്ചെലവ് വേറെയും. ജീവിതം കരുപ്പിടിപ്പിക്കാന്‍ മരുഭൂമിയില്‍ ഹോമിക്കപ്പെടുന്ന പ്രവാസിയെ സംബന്ധിച്ചിടത്തോളം പലപ്പോഴും ഇത് മോഹവിലയായിരിക്കും. ഒളിപ്പിച്ചു കടത്തുന്ന സ്വര്‍ണം വിമാനത്താവളങ്ങളിലെ പരിശോധനകളില്‍ പിടിക്കപ്പെടില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള ട്രയല്‍ പരിശോധനകള്‍ വരെ വിദേശത്തു വെച്ചുതന്നെ നടക്കാറുണ്ടെന്നാണ് വിവരം. ഇനി അഥവാ വിമാനത്താവളങ്ങളില്‍ പിടിക്കപ്പെട്ടാല്‍ തന്നെ കേസ് നടത്തി ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനും കടത്തുസംഘങ്ങള്‍ തന്നെ മുന്നിലുണ്ടാവും.
എന്നാല്‍ അപകടം പതിയിരിക്കുന്നത് അവിടെയല്ല. കടത്താനുള്ള സ്വര്‍ണം കൈമാറിക്കഴിഞ്ഞാല്‍ കാരിയറെ വിമാനത്താവളത്തില്‍ എത്തിക്കുന്നത് കടത്തുസംഘങ്ങള്‍ നേരിട്ടാണ്. അവിടം മുതല്‍ ഇവര്‍ കടത്തുസംഘത്തിന്റെ സമ്പൂര്‍ണ നിരീക്ഷണത്തിലുമാണ്. നാട്ടിലെത്തിയാലും ഈ നിരീക്ഷണക്കണ്ണുകള്‍ തുടര്‍ന്നുകൊണ്ടിരിക്കും, ലക്ഷ്യസ്ഥാനത്ത് സ്വര്‍ണം എത്തുന്നുണ്ടെന്ന് ഉറപ്പാകുന്നതുവരെ. കാരിയര്‍ എത്തുന്നതും കാത്ത് വിമാനത്താവളത്തിനു പുറത്ത് നിലയുറപ്പിച്ചിട്ടുള്ള ഈ സംഘങ്ങളെക്കുറിച്ച് പക്ഷേ അധികമാര്‍ക്കും അറിയില്ല. രഹസ്യ വിവരങ്ങള്‍ വഴി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള വന്‍ കണ്ണി തന്നെയുണ്ട്. ഇതിനിടയിലാണ് കടത്തുസ്വര്‍ണം തട്ടിയെടുക്കാനെത്തുന്ന ‘പൊട്ടിക്കല്‍’ സംഘങ്ങള്‍. നിയമവിരുദ്ധമായി എത്തുന്ന സ്വര്‍ണമായതിനാല്‍ തന്നെ ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം എവിടെയും പരാതിയായി എത്താറില്ല
വിമാനത്താവളങ്ങളില്‍ പിടിക്കപ്പെടുന്ന സ്വര്‍ണത്തിന്റെ ചോദ്യവും ഉത്തരവും മിക്കപ്പോഴും കസ്റ്റംസില്‍ തന്നെ ഒതുങ്ങിപ്പോകുന്നു എന്നതാണ് ഇത്തരം സംഘങ്ങള്‍ക്ക് പലപ്പോഴും വളമായി മാറുന്നത്. ആരില്‍ നിന്ന് പിടിച്ചു, എങ്ങനെ പിടിച്ചു, എത്ര പിടിച്ചു എന്നീ ചോദ്യങ്ങളിലും അതിന്റെ ഉത്തരങ്ങളിലും തുടര്‍ക്കഥകള്‍ അവസാനിക്കുന്നു. ചുരുക്കം ചിലപ്പോള്‍ ഒത്താശ ചെയ്യുന്ന ജീവനക്കാരുടെ സസ്‌പെന്‍ഷനിലേക്കും നീളുന്നു. ആരാണ് സ്വര്‍ണം കടത്തിയത്, ആര്‍ക്കു വേണ്ടിയാണ് കടത്തിയത്, എവിടെയായിരുന്നു ലക്ഷ്യസ്ഥാനം, പുറത്തു കാത്തുനില്‍ക്കുന്നത് ആര്, വിമാനം കയറുന്നതു മുതല്‍ ഇവര്‍ക്കു ലഭിക്കുന്ന സഹായങ്ങള്‍, അകമ്പടി സേവിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍, തട്ടിപ്പറിക്കാനെത്തുന്ന സംഘങ്ങള്‍ എന്നിവയിലേക്കൊന്നും അന്വേഷണം നീളുന്നില്ല.
അതുകൊണ്ടുതന്നെ വിമാനത്താവളത്തിനുള്ളില്‍ നിന്ന് പിടിക്കപ്പെടുന്ന സ്വര്‍ണത്തേക്കാള്‍ എത്രയോ മടങ്ങ് അപകടകാരിയാണ് പുറത്തു കടക്കുന്ന സ്വര്‍ണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ മാത്രമല്ല അത് ബാധിക്കുന്നത്. ഇതിനെ ചുറ്റിപ്പറ്റി തിരിയുന്ന വലിയൊരു ക്വട്ടേഷന്‍-ഗുണ്ടാ നെറ്റ്‌വര്‍ക്ക് നാടിന്റെ സൈ്വരജീവിതത്തിനു മേല്‍ സൃഷ്ടിക്കുന്ന നിരന്തരമായ വെല്ലുവിളി കൂടിയാണ്. ഇതിനെ ഭരണകൂടവും ക്രമസമാധാന ചുമതലയുള്ള ഏജന്‍സികളും ഗൗരവമായിത്തന്നെ കാണേണ്ടിയിരിക്കുന്നു. ഇല്ലാത്തപക്ഷം ഇര്‍ഷാദുമാരും അബ്ദുല്‍ജലീലുമാരും ഇനിയും സംഭവിച്ചുകൊണ്ടേയിരിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x