27 Saturday
July 2024
2024 July 27
1446 Mouharrem 20

അല്ലാഹുവിന്റെ ഇഷ്ടം

എം ടി അബ്ദുല്‍ഗഫൂര്‍


സഅദ് ബ്‌നു അബീവഖാസ്(റ) പറയുന്നു: നബി(സ) പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: തീര്‍ച്ചയായും ഭയഭക്തനും മാനസികമായ ഐശ്വര്യമുളളവനും രഹസ്യമായി നന്മ ചെയ്യുന്നവനുമായ അടിമയെ അല്ലാഹു ഇഷ്ടപ്പെടുന്നു” (മുസ്‌ലിം).

സര്‍വശക്തനും സര്‍വജ്ഞനുമായ അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കുന്നത് അതീവഹൃദ്യവും അനിര്‍വചനീയമായ അനുഭൂതിദായകവുമായ കാര്യമാണ്. ജീവിതത്തില്‍ മനുഷ്യന് ലഭിക്കുന്ന ഏറ്റവും അമൂല്യമായ സമ്മാനമാണത്. സ്രഷ്ടാവായ അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാല്‍ അവന്‍ ലക്ഷ്യപ്രാപ്തിയിലെത്തി എന്ന് കണക്കാക്കാവുന്നതാണ്. സ്രഷ്ടാവിന്റെ സ്‌നേഹം കരസ്ഥമാക്കാന്‍ കഴിയുന്ന മൂന്ന് സദ്ഗുണങ്ങളാണ് ഈ വചനത്തില്‍ വിവരിക്കുന്നത്.
അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ചും അവന്റെ നരോധനങ്ങള്‍ പാലിച്ചും ജീവിക്കുക എന്നത് ഒന്നാമത്തെ ഗുണമത്രേ. വിശ്വാസ കാര്യങ്ങളിലും അനുഷ്ഠാന മുറകളിലും ഇടപാടുകളിലും ഇടപഴകലിലും പരമാവധി സൂക്ഷ്മത പുലര്‍ത്തുമ്പോള്‍ വിശ്വാസി തന്റെ രക്ഷിതാവിനോട് നന്ദിയുള്ളവനാകുന്നു. ആദര്‍ശവിഷയങ്ങളില്‍ തരിമ്പും വ്യതിചലനമില്ലാതെ അല്ലാഹു പരിചയപ്പെടുത്തിയ അതേ രൂപത്തില്‍ തന്നെ തന്റെ ആദര്‍ശം സ്വീകരിക്കുക എന്നത് ഒരാളുടെ സൂക്ഷ്മതയുടെ അടിസ്ഥാന ഘടകമാകുന്നു. നമസ്‌കാരം, നോമ്പ്, നിര്‍ബന്ധദാനം, ഹ ജ്ജ് പോലുള്ള ആരാധനാ കാര്യങ്ങളില്‍ കൃത്യതയും നിഷ്ഠയും പുലര്‍ത്താന്‍ കഴിയുന്നത് മനസില്‍ ഭക്തിനിറയുമ്പോഴാണ്. മാതാപിതാക്കളോട് പുണ്യംചെയ്യുന്നതും കു ടുംബബന്ധം ചേര്‍ക്കുന്നതും അയല്‍ക്കാരോടും അഗതി കളോടും നന്മ ചെയ്യുന്നതും ഭക്തിയുടെ ലക്ഷണമാകുന്നു.
ഉള്ളതില്‍ തൃപ്തിയടയുക എന്നത് ദൈവസ്‌നേഹം പകര്‍ന്നു കിട്ടാനുള്ള മറ്റൊരു വഴിയാകുന്നു. അമിതമായ ആഗ്രഹങ്ങളിലേക്ക് നീങ്ങുമ്പോഴാണ് പാപത്തിന്റെ വഴിയിലേക്കെത്തിപ്പെടുക. കാരണം, ആഗ്രഹങ്ങളാണ് മനുഷ്യന്റെ പ്രേരണയ്ക്കു പിന്നില്‍. എന്നാല്‍ തനിക്ക് ലഭിച്ച കാര്യങ്ങളില്‍ തൃപ്തിപ്പെടാന്‍ ഒരാള്‍ക്ക് കഴിയുന്നതിലൂടെയാണ് അയാള്‍ക്ക് മനസ്സമാധാനവും സന്തോഷവും ലഭിക്കുന്നത്. അല്ലാത്തപക്ഷം നിരാശ അയാളെ ജീവിതത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു.
ഭക്തിയും മനഃസംതൃപ്തിയും സമ്മേളിച്ച വ്യക്തിയുടെ മറ്റൊരു പ്രത്യേകത ഗോപ്യമായ രീതിയിലുള്ള സദ്പ്രവര്‍ത്തനങ്ങളാണ്. ദൈവസ്‌നേഹത്തിന് കാരണമാകുന്ന മൂന്നാമത്തേതായി നബി(സ) പറയുന്ന കാര്യമാണിത്. യാതൊരു പ്രകടനപരതയും ഉദ്ദേശിക്കാതെ നിഷ്‌കളങ്കവും നിസ്വാര്‍ഥവുമായി ചെയ്യുന്ന സേവനങ്ങള്‍ ദൈവിക സന്നിധിയിലേക്കുള്ള കരുതല്‍ ധനമാണ്. തന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തണമെന്ന ഉദ്ദേശ്യമില്ലാതെ രഹസ്യമായ നിലയ്ക്ക് ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ഥത നിറഞ്ഞതായിരിക്കും. അദൃശ്യനായ അല്ലാഹുവിനെ ഭയപ്പെടുന്ന തരത്തില്‍ തന്റെ വിശ്വാസത്തെയും പ്രവര്‍ത്തനത്തെയും ക്രമീകരിക്കാന്‍ കഴിഞ്ഞാല്‍ അത് പാപമോചനത്തിനുള്ള വഴിയത്രേ. താന്‍ മറ്റുള്ളവരില്‍ നിന്ന് അദൃശ്യനായിരിക്കുമ്പോഴും ഭക്തിയും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നത് സ്വര്‍ഗപ്രവേശം എളുപ്പത്തിലാക്കുന്നു. ”സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അകലെയല്ലാത്ത വിധത്തില്‍ സ്വര്‍ഗം അടുത്തുകൊണ്ടുവരപ്പെടുന്നതാണ്. അല്ലാഹുവിലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും(ജീവിതം) കാത്തുസൂക്ഷിക്കുന്നവനുമായ ഏതൊരാള്‍ക്കും നല്‍കാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത് (എന്നവരോട് പറയപ്പെടും). അതായത് അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോടുകൂടി വരികയും ചെയ്തവന്” (50:31) എന്ന വിശുദ്ധ ഖുര്‍ആന്റെ പരാമര്‍ശം ശ്രദ്ധേയമത്രേ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x