2 Monday
December 2024
2024 December 2
1446 Joumada II 0

സമ്മാനപ്പൊതി തുറന്നുനോക്കാം!

ഡോ. മന്‍സൂര്‍ ഒതായി


സമ്മാനങ്ങള്‍ സന്തോഷത്തിന്റെ പ്രതീകങ്ങളാണ്. സ്‌നേഹത്തിന്റെ അടയാളമാണ്. കഴിവിനും അറിവിനും സഹായത്തിനും സേവനത്തിനുമൊക്കെ ഉപഹാരങ്ങള്‍ നല്‍കാറുണ്ട്. മികവിന്റെ അംഗീകാരങ്ങളാണ് ഇത്തരം സമ്മാനങ്ങള്‍. നിന്റെ കഴിവിലല്ല കാര്യം, നീയെന്ന വ്യക്തിയാണ് എനിക്ക് മൂല്യമേറിയത് എന്നാണ് സാധാരണ ഗിഫ്റ്റുകള്‍ക്ക് നല്‍കാനുള്ള സന്ദേശം.
കൊടുക്കുന്നവനും കിട്ടുന്നയാള്‍ക്കും ഒരുപോലെ ആനന്ദം നല്‍കുന്നതാണ് സമ്മാനം. കാരണം സ്‌നേഹത്തിന്റെ അനുഭവങ്ങളും പ്രകടനങ്ങളും ഏവരും ഇഷ്ടപ്പെടുന്നു. സമ്മാനങ്ങള്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ശരീരത്തില്‍ ഹാപ്പി ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നു എന്നാണ് പഠനം.
കണ്ണിനും കാതിനും ഖല്‍ബിനുമൊക്കെ ആനന്ദം നല്‍കുന്ന സമ്മാനങ്ങള്‍ മൂല്യമുള്ളതാവുന്നത് അത് വിലപിടിപ്പുള്ള വസ്തുക്കളാവുമ്പോഴല്ല. നല്‍കുന്നവന്റെയും സ്വീകരിക്കുന്നവന്റെയും മനസ്സാണ് പ്രധാനം. വിനോദയാത്ര കഴിഞ്ഞെത്തുന്നവര്‍ പ്രിയപ്പെട്ടവര്‍ക്ക് കൊച്ചു കൊച്ചു സമ്മാനങ്ങള്‍ കരുതാറുണ്ട്. ദൂര രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലെത്തുമ്പോള്‍ വിശേഷിച്ചും. അകലെയാണെങ്കിലും നിങ്ങളെ ഞാന്‍ സ്മരിച്ചിരുന്നു, കാരണം നിങ്ങളോട് എനിക്ക് ഒത്തിരി ഇഷ്ടമാണ് എന്നല്ലേ ഈ സ്‌നേഹസമ്മാനങ്ങളുടെ പൊരുള്‍.
കൗതുകത്തോടെയാണ് സാധാരണ സമ്മാനങ്ങള്‍ കൈമാറുന്നത്. പെട്ടിയിലാക്കിയും വര്‍ണ കടലാസില്‍ പൊതിഞ്ഞും നാം അത് മനോഹരമാക്കാറുണ്ട്. തുറന്നു നോക്കുമ്പോല്‍ മാത്രം മനസ്സിലാവും വിധം ഭദ്രമായി പാക്ക് ചെയ്യാറുമുണ്ട്. സര്‍പ്രൈസ് ഗിഫ്റ്റുകള്‍ കിട്ടുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെയല്ലേ.
ഇനി ഓര്‍ക്കുക. നമുക്കൊരാള്‍ ഈ രീതിയില്‍ മനോഹരമായ ഒരു സമ്മാനം തരുന്നു. പക്ഷേ, നാം അത് തുറന്നുനോക്കാതിരുന്നാല്‍ അതിന്റെ മൂല്യമറിയുമോ? പൊതിയഴിച്ച് കൗതുകം ആസ്വദിച്ച് സന്തോഷിക്കുകയും നല്‍കിയ ആളോട് നന്ദി പറയുകയും ചെയ്യുമ്പോഴല്ലേ സമ്മാനം സാര്‍ഥകമാകുക.
ജീവിതത്തില്‍ കാരുണ്യവാനായ ദൈവം നമുക്ക് ആയിരക്കണക്കിന് ചെറുതും വലുതുമായ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, അവ നേരാംവണ്ണം പൊതിയഴിച്ച് നാം മനസ്സിലാക്കിയിട്ടില്ല. ഹാഫിസ് എന്ന കവി പറയുന്നു: ”ജനിച്ചനാള്‍ തൊട്ട് ദൈവം കൈയ്യൊപ്പ് ചാര്‍ത്തി എനിക്ക് നിരവധി സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ പലതും ഞാന്‍ തുറന്നു നോക്കിയിട്ടു പോലുമില്ല.”
സ്രഷ്ടാവ് ഭൂമിയില്‍ സജ്ജീകരിച്ച അത്ഭുതങ്ങള്‍ കണ്ടെത്താന്‍ വിശുദ്ധ ഖുര്‍ആന്‍ പ്രചോദിപ്പിക്കുന്നു. മാത്രമോ, നമ്മുടെ സൃഷ്ടിപ്പിലും ജീവിതത്തിന്റെ മനോഹരമായ താളക്രമത്തിനുമായി ഒട്ടേറെ സംവിധാനങ്ങള്‍! ”ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?” (വി.ഖു 51:20,21)

Back to Top