6 Wednesday
November 2024
2024 November 6
1446 Joumada I 4

ജെന്‍ഡര്‍ പൊളിറ്റിക്‌സും ‘ലൈംഗിക അരാജകത്വവും’

എം എം അക്ബര്‍


പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക ബന്ധം മാത്രമാണ് പ്രകൃതിപരമെന്ന് കരുതുന്ന ഹെറ്ററോനോര്‍മേറ്റിവ് സമൂഹത്തെ ഉടച്ചുവാര്‍ത്ത് പകരം ഏത് തരം ലൈംഗികതയും സ്വാഭാവികമാണെന്ന് വിശ്വസിക്കുന്ന ക്വിയര്‍നോര്‍മേറ്റിവ് ആയ സമൂഹം സൃഷ്ടിക്കുകയാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ലക്ഷ്യം. അത്തരമൊരു സമൂഹനിര്‍മിതിക്ക് ആവശ്യമായ കരുക്കള്‍ നീക്കുന്നത് നിയമപരം, രാഷ്ട്രീയം, സാമൂഹികം എന്ന ക്രമത്തിലാണ്. ഇന്ത്യയടക്കമുള്ള ജനാധിപത്യരാജ്യങ്ങളില്‍ നിയമം പൂര്‍ണമായിത്തന്നെ ക്വിയര്‍നോര്‍മേറ്റിവ് ആയിക്കഴിഞ്ഞു. രാഷ്ട്രീയം അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. അത് നല്ലൊരു പരിധി വരെ ക്വിയര്‍നോര്‍മേറ്റിവ് ആയിക്കഴിഞ്ഞതിന് ശേഷമാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ് സമൂഹത്തില്‍ അതിന്റെ സ്വാധീനമുറപ്പിക്കാന്‍ തുടങ്ങുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുന്നത് അതിന്റെ ഒന്നാം ഘട്ടമാണ്; ക്വിയര്‍നോര്‍മേറ്റിവിറ്റിയിലേക്ക് സമൂഹത്തെ നയിക്കുന്നതിന്റെ ഒന്നാംഘട്ടം.
ബാലുശ്ശേരി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നിര്‍വഹിച്ച അതേ ദിവസം, 2021 ഡിസംബര്‍ 15 വൈകുന്നേരം 4:25ന് ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പുകളുടെ മന്ത്രിയായ ഡോ. ആര്‍ ബിന്ദു ട്വിറ്ററില്‍ കുറിച്ച വരികള്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സ് കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കിക്കഴിഞ്ഞുവെന്ന പ്രഖ്യാപനമാണ് ഉള്‍ക്കൊള്ളുന്നത്. ഹെറ്ററോനോര്‍മേറ്റിവ് പ്രതീക്ഷകളുടെ ഭാരത്തില്‍ നിന്ന് അടുത്ത തലമുറയെ രക്ഷിക്കാനാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പിപ്പിക്കുന്നത് എന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ വാചകങ്ങള്‍ ഇങ്ങനെ പരിഭാഷപ്പെടുത്താം: ”സമത്വവും സംവേദനക്ഷമതയും കൊണ്ട് നിര്‍വചിക്കപ്പെട്ട ഒരു പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍. ഇത് നേടുന്നതിന്, ആദ്യമായി സമൂഹത്തിന്റെ ഹെറ്ററോനോര്‍മേറ്റിവ് പ്രതീക്ഷകളുടെ ഭാരത്താല്‍ തടസ്സപ്പെടാത്ത സ്വതന്ത്രമായ അന്തരീക്ഷത്തില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശനമാര്‍ഗം തുറന്നു കൊടുക്കണം.
എതിര്‍വര്‍ഗ ലൈംഗികതയാണ് (heterosexuality) സ്വാഭാവികമെന്നും അതല്ലാത്ത ലൈംഗികതകളെല്ലാം അസ്വാഭാവികവുമാണെന്ന പൊതുബോധത്തെയാണ് ഹെറ്ററോനോര്‍മേറ്റിവ് എന്ന് വിളിക്കുന്നത്. അതിനെ തകര്‍ക്കുകയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് പറഞ്ഞാല്‍ കേരളത്തില്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സ് പിടിമുറുക്കിയിരിക്കുന്നുവെന്ന് തന്നെയാണ് അതിനര്‍ഥം. സ്വവര്‍ഗാനുരാഗം മുതല്‍ മൃഗരതി വരെയുള്ള ഏത് തരം ലൈംഗികാസ്വാദനങ്ങളും അവ ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നതല്ലെങ്കില്‍ യാതൊരു കുഴപ്പവുമില്ലെന്നും അവയെല്ലാം സ്വാഭാവികവും പ്രകൃതിപരവുമാണെന്നുമുള്ള പൊതുബോധത്തെയാണ് ക്വിയര്‍നോര്‍മേറ്റിവ് (queer normative) എന്ന് വിളിക്കുക. ഹെറ്ററോ നോര്‍മേറ്റിവ് അല്ലെങ്കില്‍ പിന്നെ സമൂഹം ക്വിയര്‍നോര്‍മേറ്റിവ് ആയിരിക്കും. കേരളത്തിന്റെ സാംസ്‌കാരികമേഖലകളില്‍ മാത്രമല്ല, രാഷ്ട്രീയനേതൃത്വത്തില്‍ പോലും ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ദ്രംഷ്ടങ്ങള്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നുവെന്ന സത്യമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെക്കുറിച്ച മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.
നിയമയുദ്ധങ്ങളുമായി
തുടക്കം

നിയമങ്ങള്‍ ക്വിയര്‍നോര്‍മേറ്റിവ് ആക്കുന്നതിന് വേണ്ടി നടത്തിയ നിയമയുദ്ധങ്ങളെക്കുറിച്ച് പഠിക്കുമ്പോഴാണ് ഇന്ത്യയില്‍ എങ്ങനെയാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ് ശക്തമാകുന്നതെന്ന് മനസ്സിലാവുക. ഇന്ത്യയിലെ എല്‍ ജി ബി ടി സമരങ്ങളുടെ നാള്‍വഴി പരിശോധിച്ചാല്‍ അതിനു പിന്നിലെ ആസൂത്രണവും ഉദ്ദേശ്യവും ഒരു പരിധി വരെ മനസിലാക്കാന്‍ കഴിയും.
എയ്ഡ്‌സ് ബോധവത്കരണത്തിന്റെയും രോഗികളുടെ പുനരധിവാസത്തിന്റെയും മുഖമറയണിഞ്ഞാണ് ലോകത്തിന്റെ വിവിധ വശങ്ങളില്‍ സ്വവര്‍ഗാനുരാഗികളുടെ സംഘങ്ങളെല്ലാം രംഗത്ത് വരാനാരംഭിച്ചത്. ഇന്ത്യയിലും അങ്ങനെത്തന്നെ. 1989-ല്‍ രൂപീകരിച്ച ‘എയ്ഡ്‌സ് ഭേദ്ഭാവ് വിരോധി ആന്ദോളന്‍’ (എയ്ഡ്‌സ് വിവേചന വിരുദ്ധ സംഘടന) ആണ് ഇന്ത്യയില്‍ ഇങ്ങനെയുണ്ടായ ആദ്യസംഘടന. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെയും ഡോക്ടര്‍മാര്‍ പോലീസിന്റെ സഹായത്തോടെ ഡല്‍ഹിയിലെ ചുവന്ന തെരുവിലുളള ലൈംഗികത്തൊഴിലാളികളെ നിര്‍ബന്ധിച്ച് എയ്ഡ്‌സ് പരിശോധന നടത്തിയെന്ന് ആരോപിച്ചുകൊണ്ട് അതിനെതിരെ ശബ്ദിക്കുന്നതിനു വേണ്ടിയാണ് ഈ സംഘമുണ്ടായത്. 1991-ല്‍ ഇവര്‍ പുറത്തിറക്കിയ ‘സ്വവര്‍ഗാനുരാഗിയേക്കാള്‍ ഹീനം: ഇന്ത്യയിലെ സ്വവര്‍ഗലൈംഗികതയുടെ അവസ്ഥയെയെക്കുറിച്ച ഒരു പൗരപ്രസ്താവന’ (Less Than Gay: A Citizens’ Report on the Status of Homosexualtiy in India, NewDelhi, 1991 https://s3.amazonaws.com) യാണ് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പരസ്യമായി സംസാരിക്കുന്ന ആദ്യ ഇന്ത്യന്‍ രേഖ.
തിഹാര്‍ ജയിലിലെ അന്തേവാസികള്‍ക്കിടയില്‍ സ്വവര്‍ഗരതി പടര്‍ന്നപ്പോള്‍ അതിനെ നിയന്ത്രിക്കാനെന്നവണ്ണം അന്നത്തെ ജയില്‍ ഐ ജിയായിരുന്ന കിരണ്‍ ബേദി അവിടേക്കുള്ള ഉറ വിതരണം നിര്‍ത്തിവെച്ചതിനെതിരെ 1994-ല്‍ ഈ സംഘടന നടത്തിയ പ്രതിഷേധം ദേശീയശ്രദ്ധ പിടിച്ച് പറ്റുകയുണ്ടായി. (Kai Friese: “Tihar jail bans condoms”, India Today, 31.05.1994)

1994-ല്‍ ‘നാസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ’ രൂപീകരിക്കപ്പെട്ടതോടെ എയ്ഡ്‌സ് ഭേദ്ഭാവ് വിരോധി ആന്ദോളന്‍ അറിയപ്പെടാതെയായി. 1994-ല്‍ ചെന്നൈക്കാരിയായ അഞ്ജലി ഗോപാലന്‍ സ്ഥാപിച്ചതാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാസ് ഫൗണ്ടേഷന്‍ (ഇന്ത്യ) ട്രസ്റ്റ്. ഇന്ത്യയിലും അമേരിക്കയിലും വെച്ച് പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയും ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റില്‍ മാസ്റ്റേഴ്‌സും കരസ്ഥമാക്കിയതിന് ശേഷം അമേരിക്കയിലെ എയ്ഡ്‌സ് ബാധിതര്‍ക്കിടയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു അവരെന്ന് അഞ്ജലിയെക്കുറിച്ച ബ്ലോഗ് പറയുന്നു. 1995-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം നാസ് ഫൗണ്ടേഷന്റെ മുഴുസമയ പ്രവര്‍ത്തകയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു വരികയാണ് അഞ്ജലി ഗോപാലന്‍. 2005-ലെ നൊബേല്‍ സമ്മാനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആയിരം പേരില്‍ ഒരാളായിരുന്നുവത്രെ അവര്‍. എച്ച് ഐ വി ബാധിതര്‍ക്കിടയിലെ സേവനപ്രവര്‍ത്തനങ്ങളാണ് പ്രസ്തുത നാമനിര്‍ദേശത്തിന് പിന്നിലെന്ന് നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരെ കുറിച്ച് വിവരിക്കുന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. (www.1000peace women.org)
സ്വവര്‍ഗ ലൈംഗികബന്ധങ്ങളെ കുറ്റമായി കാണുന്ന ഐ പി സി 377-ാം വകുപ്പിനെതിരെ നടത്തിയ നിയമപോരാട്ടങ്ങളിലൂടെയാണ് നാസ് ഫൗണ്ടേഷന്‍ ശ്രദ്ധിക്കപ്പെട്ടത്. എയിഡ്‌സ് ബാധിതര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ചികിത്സിക്കാനും പുനരധിവസിപ്പിക്കാനുമെല്ലാം ഐ പി സി 377-ാം വകുപ്പ് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കാണിച്ചുകൊണ്ട് നാസ് ഫൗണ്ടേഷന്‍ 2001-ല്‍ നല്‍കിയ പരാതിയോടെയാണ് ഇന്ത്യയില്‍ ഈ രംഗത്തെ നിയമപോരാട്ടമാരംഭിച്ചത്. എയിഡ്‌സ് രോഗികള്‍ക്കിടയിലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നാസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ക്കാര്‍ക്കെങ്കിലും നേര്‍ക്കുനേരെ ഐ പി സി 377-ാം വകുപ്പിന്റെ ദുഷ്ടത അനുഭവിക്കേണ്ടി വന്നതായി അവരുടെ വെബ്‌സൈറ്റിലോ അവര്‍ കോടതിയില്‍ നല്‍കിയ പരാതിയിലോ സംഭവങ്ങളുദ്ധരിച്ചുകൊണ്ട് പ്രസ്താവിക്കുന്നില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ഇല്ലാത്ത പീഡനം ഊതിവീര്‍പ്പിച്ച് കോടതിയില്‍ നിന്ന് തങ്ങള്‍ക്കനുകൂലമായ വിധി സമ്പാദിക്കുകയായിരുന്നുവെന്നതാണ് സത്യം.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ പീഡനങ്ങള്‍ നടക്കുന്നുവെന്ന് വെറുതെ പറഞ്ഞുണ്ടാക്കി അതിന്റെ പേരിലുള്ള സഹതാപതരംഗം സൃഷ്ടിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുക അന്താരാഷ്ട്രീയമായി ജെന്‍ഡര്‍ പൊളിറ്റിക്‌സ് ചെയ്തുകൊണ്ടിരിക്കുന്ന നടപ്പു രീതികളിലൊന്നാണ്. എയിഡ്‌സ് രോഗികള്‍ക്കിടയിലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഐ പി സി 377-ാം വകുപ്പാണ് തടസ്സമാകുന്നതെന്ന രീതിയില്‍ നാസ് ഫൗണ്ടേഷന്‍ നല്‍കിയ പരാതിയില്‍ തീര്‍പുകല്‍പ്പിച്ചു കൊണ്ട് 2009-ല്‍ സ്വവര്‍ഗാനുരാഗികള്‍ക്കനുകൂലമായി ദല്‍ഹി ഹൈക്കോടതി നല്‍കിയ വിധിയാണ് സ്വവര്‍ഗലൈംഗികതക്ക് ഇന്ത്യയില്‍ നിയമാംഗീകാരം ലഭിക്കുന്നതിന്റെ ആദ്യപടി. (http://www.nazindia.org/judgement_ 377.pdf എന്ന വെബ്‌വിലാസത്തില്‍ കോടതി വിധിയുടെ കോപ്പി ലഭിക്കും)
സ്വവര്‍ഗരതി കുറ്റകരമല്ലെന്ന ദല്‍ഹി ഹൈക്കോടതിയുടെ വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ മതസംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പുകല്പിച്ചുകൊണ്ട് ഭരണഘടനപ്രകാരം സ്വവര്‍ഗരതി കുറ്റകൃത്യമാണെന്നും അതിനെ കുറ്റവിമുക്തമാക്കുന്നതിന് നിയമനിര്‍മാണം നടത്തേണ്ടത് പാര്‍ലമെന്റാണെന്നും 2013-ല്‍ സുപ്രീംകോടതി പ്രസ്താവിച്ചു. 2015-ല്‍ സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനു വേണ്ടി ശശി തരൂര്‍ രണ്ട് തവണ ബില്‍ അവതരിപ്പിച്ചെങ്കിലും അവ പരാജയപ്പെടുകയാണുണ്ടായത്. ഇക്കാര്യം 2016-ല്‍ വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍ വരികയും അത് അഞ്ചംഗ ഡിവിഷന്‍ ബെഞ്ചിന് വിടുകയും ചെയ്തു. പ്രസ്തുത ബെഞ്ച് ആണ് സപ്തംബര്‍ ആറിന് ചരിത്രപസിദ്ധമെന്ന് വാഴ്ത്തപ്പെടുന്ന വിധി പ്രസ്താവിച്ചുകൊണ്ട് സ്വവര്‍ഗരതി ഇന്ത്യയില്‍ നിയമവിധേയമാക്കിയത്. ഹെറ്ററോനോര്‍മേറ്റിവ് ആയിരുന്ന ഇന്ത്യയിലെ നിയമസംവിധാനം ക്വിയര്‍നോര്‍മേറ്റിവ് ആയ ചരിത്രനിമിഷമാണ് 2016 സപ്തംബര്‍ ആറ് എന്ന് പറയാം. എതിര്‍വര്‍ഗാനുരാഗം പോലെ സ്വാഭാവികവും ജനിതകവുമാണ് സ്വവര്‍ഗാനുരാഗവുമെന്നും അതിനാല്‍ അതിനെ കുറ്റകൃത്യമായി കാണാന്‍ കഴിയില്ലെന്നുമാണ് സുപ്രീം കോടതി അന്ന് വിധിച്ചത്.

ലൈംഗികന്യൂനപക്ഷങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ യഥാവിധി സംരക്ഷിക്കപ്പെടുന്നതിനായി തങ്ങള്‍ 2001 മുതല്‍ നടത്തിവരുന്ന നിയമപോരാട്ടത്തിന്റെ വിജയമാണ് സ്വവര്‍ഗവിവാഹങ്ങളെ അനുവദിച്ചുകൊണ്ടുള്ള കോടതിവിധി എന്നു നാസ് ഫൗണ്ടേഷന്‍ അവകാശപ്പെടുന്നു. ലോയേര്‍സ് കളക്ടീവ്, ഹ്യൂമണ്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക്, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ ഗേ ആന്റ് ലെസ്ബിയന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ എന്നീ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ സഹായസഹകരണങ്ങളോടെയാണ് തങ്ങള്‍ ഈ നിയമയുദ്ധം നടത്തിയെതെന്നും, ലൈംഗികാവകാശങ്ങളുടെ നിഷേധത്തിനെതിരെ ഇവരെയെല്ലാം ഒന്നിപ്പിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും നാസ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്.
എയ്ഡ്‌സ് പുനരധിവാസത്തിന്റെ മറവില്‍
എയിഡ്‌സ് ബോധവത്കരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവുമധികം വിദേശപണം ലഭിക്കുന്ന എന്‍ ജി ഒകളില്‍ ഒന്നാണ് നാസ് ഫൗണ്ടേഷന്‍ (ഇന്ത്യ) ട്രസ്റ്റ്. യുനൈറ്റെഡ് സ്‌റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലെപ്‌മെന്റ് (USAID), ഫാമിലി ഹെല്‍ത്ത് ഇന്റര്‍നാഷണല്‍ (FHI), ദി ഫോര്‍ഡ് ഫൗണ്ടേഷന്‍, ജോണ്‍ ഡി ആന്റ് കാതറിന്‍ ടി മെക് ആര്‍തര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയാണ് നാസ് ഫൗണ്ടേഷനെ സഹായിക്കുന്ന പ്രധാനപ്പെട്ട വിദേശ ഏജന്‍സികള്‍. എല്ലാം അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സികളാണ്. നാസ് ഫൗണ്ടേഷനെ സഹായിക്കുന്ന അമേരിക്കന്‍ കുത്തകയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്ന് പ്രസ്തുത കമ്പനിയുടെ എയിഡ്‌സിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുന്ന ബ്രോഷര്‍ വ്യക്തമാക്കുന്നുണ്ട്.
അമേരിക്കന്‍ സ്‌പോണ്‍സര്‍മാരുടെ ധനസഹായം കൈപ്പറ്റി ‘സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന’, അമേരിക്കന്‍ വിദ്യാഭ്യാസം വഴി ധാര്‍മികമായി ‘ഉല്‍ബുദ്ധയായ’, ഒരാളുടെ നേതൃത്വത്തിലുള്ള സമരമായിരുന്നു ഐ പി സി 377-ാം വകുപ്പിനെതിരെയുള്ള പോരാട്ടമെന്ന തിരിച്ചറിവാണ് ഇക്കാര്യങ്ങളെല്ലാം നമുക്ക് നല്‍കുന്നത്. സ്വവര്‍ഗാനുരാഗികളുടെ അവകാശസംരക്ഷണമോ എയിഡ്‌സ് രോഗികള്‍ക്കിടയില്‍ സന്നദ്ധസേവനം ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കുകയോ ചെയ്യുകയല്ല, പ്രത്യുത ആര്‍ക്കും ഇപ്പോഴും എവിടെവെച്ചും ലൈംഗികതയുടെ വര്‍ണ വൈവിധ്യങ്ങളെല്ലാം ആസ്വദിക്കാനാവുന്ന വിധത്തിലുള്ള ലൈംഗിക അരാജകത്വത്തിലേക്ക് നാടിനെ നയിക്കുകയായിരുന്നു ഐ പി സി 377-ാം വകുപ്പിനെതിരെയുള്ള പോരാട്ടത്തിന് പിന്നിലെന്നതാണ് വസ്തുത.
സ്വവര്‍ഗാനുരാഗമടക്കമുള്ള ലൈംഗികവൃത്തികളെ ലൈംഗിക അരാജകത്വം എന്ന് വിളിക്കുന്നത് രാഷ്ട്രീയമായി ശരിയല്ലാത്ത (politically incorrect) രീതിയാണെന്നാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ് പറയുക. നമ്മില്‍ പലരും അങ്ങനെ വിളിക്കുന്നത് നാം ഹെറ്ററോനോര്‍മേറ്റിവ് സമൂഹത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ടാണ്. ലൈംഗികാസ്വാദനത്തിന്റെ വര്‍ണരാജിയിലെ എല്ലാ വര്‍ണങ്ങളെയും നോര്‍മല്‍ ആയി അംഗീകരിക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുമ്പോള്‍ ഇത്തരം പ്രയോഗങ്ങളെല്ലാം ഇല്ലാതെയാകും. നിയമത്തെ ക്വിയര്‍നോര്‍മേറ്റിവ് ആക്കുക അതിന്റെ ഒന്നാമത്തെ പടിയാണ്. അതായിരുന്നു നാസ് ഫൗണ്ടേഷന്റെ ലേബലില്‍ നടന്ന നിയമപോരാട്ടത്തിന്റെ ലക്ഷ്യം. ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ആവശ്യമുള്ള തരത്തിലുള്ള ഏത് ലൈംഗികവൈകൃതങ്ങളും യാതൊരുവിധ വൈക്ലബ്യവുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഭാരതാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ഒന്നാമത്തെ പടി.
ഇന്ത്യന്‍ നിയമസംഹിതയെ ക്വിയര്‍നോര്‍മേറ്റിവ് ആക്കിക്കൊണ്ട് ജെന്‍ഡര്‍ പൊളിറ്റിക്‌സ് അതിന്റെ വെന്നിക്കൊടി സുപ്രീം കോടതിയുടെ തിരുമുറ്റത്ത് പാറിച്ചതോടെ നമ്മുടെ നാട് ഹെറ്ററോ നോര്‍മേറ്റിവിറ്റിയില്‍ നിന്ന് മാറിക്കൊണ്ടിരിക്കുകയാണ്. വലിയ ദുരന്തം ക്ഷണിച്ചു വരുത്തുന്ന ഈ മാറ്റത്തിന്റെ പിന്നിലെ ചാലകശക്തി അമേരിക്കയില്‍ നിന്ന് സഹായം ലഭിക്കുന്ന എന്‍ ജി ഒകളാണ്. നിയമത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയുമെല്ലാം സമര്‍ഥമായി ഹെറ്റെറോനോര്‍മേറ്റിവിറ്റിയില്‍ നിന്ന് മുക്തമാക്കുകയാണ് അവരെ ഏല്‍പ്പിച്ച ദൗത്യം.
(തുടരും)

Back to Top