ജെന്‍ഡര്‍ ന്യൂട്രല്‍ നാസ്തികതയുടെ ഒളിയജണ്ടകള്‍
ജലീല്‍ കുഴിപ്പുറം
ലോകത്തെ കോടാനുകോടി ജീവജാലങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് മനുഷ്യനെന്ന ജീവി. സാമൂഹിക ജീവി എന്ന പദം തന്നെയാണ് അതിന്റെ ആധാരമായി വരുന്നത്. പുറത്ത് യഥേഷ്ടം വിഹരിച്ചുകൊണ്ടിരിക്കുന്ന ജീവഗണത്തിലേക്ക് മനുഷ്യനെയും തുലനം ചെയ്യാനുള്ള ബോധപൂര്‍വമായ കാഴ്ചപ്പാടുകളെ തിരിച്ചറിയേണ്ടതുണ്ട്.
മനുഷ്യന്‍ ദൈവത്തിന്റെ വിശിഷ്ടമായ ഒരു സൃഷ്ടിയാണ്. മാനസികം, ശാരീരികം എന്നിങ്ങനെ അതിസങ്കീര്‍ണമായ രണ്ട് അസ്തിത്വം മനുഷ്യനുണ്ട്. ആണിനും പെണ്ണിനും വ്യത്യസ്തമായ രൂപഘടനയാണുള്ളത്. ഈ യാഥാര്‍ഥ്യത്തെ മറച്ചുവെച്ച് തീര്‍ത്തും അപ്രായോഗികമായ തുല്യത എന്നതിനെ ഉയര്‍ത്തിക്കാട്ടി നാസ്തികതയും മനുഷ്യവിരുദ്ധതയും സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അത് നടപ്പാക്കാന്‍ ഫലപുഷ്ടിയുള്ള മണ്ണാണ് ഇന്ന് കേരളത്തിന്റെ ഭരണ ഇടത്താവളം.
‘മനുഷ്യത്വവിരുദ്ധരുണ്ടെങ്കില്‍ അത് നിങ്ങള്‍ മാത്രമാണ്. സ്വവര്‍ഗരതി തെറ്റാണെന്ന് ഇന്നും വിശ്വസിക്കുന്ന, ലൈംഗിക ന്യൂനപക്ഷങ്ങളെ വെറുപ്പോടെ മാത്രം കാണുന്ന നിങ്ങളെ എങ്ങനെയാണ് മനുഷ്യരായി കണക്കാക്കാന്‍ പറ്റുക?’
ധാര്‍മിക വിപ്ലവം അവകാശപ്പെടുന്ന ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ കാമ്പസ് തെരഞ്ഞെടുപ്പ് വീഡിയോയുടെ പ്രചാരണ വാചകങ്ങളാണിവ. ഇതേ കൂട്ടരുടെ മുതിര്‍ന്ന തലമുറയാണ് വിവിധ ഓമനപ്പേരുകള്‍ ഉപയോഗിച്ച് സമൂഹത്തില്‍ അരാജകത്വം പടര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് മുതിരുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കപ്പെട്ട നാടുകളിലെ ദുരവസ്ഥ നമ്മുടെ മുന്നിലുണ്ടായിട്ടും അതിലേക്കൊന്ന് എത്തിനോക്കാന്‍ പോലും ആളുകള്‍ മുതിരുന്നില്ല എന്നതാണ് സങ്കടകരം.
പാശ്ചാത്യ സംസ്‌കാരത്തിന്റെ ചീഞ്ഞളിഞ്ഞ മാറാപ്പുകളാണ് പുതുമണ്ണിലെ കമ്പോളങ്ങളായി രൂപാന്തരപ്പെട്ടു വരാന്‍ വെമ്പല്‍ കൊള്ളുന്നത്. സമൂഹം എന്നതിന്റെ നട്ടെല്ലായ കുടുംബഘടനയെയാണ് ഇത് ആദ്യം ആക്രമിക്കുന്നത്. കുടുംബം എന്ന സംവിധാനം നിലനില്‍ക്കുന്നതു തന്നെ ഇണകളായി ജീവിക്കുന്നതിലൂടെയാണ്. വ്യക്തിജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം സാമൂഹിക സന്തുലിതാവസ്ഥയുടെ നിലനില്‍പിന് ഇതാണ് ഹേതുവാകേണ്ടതും. ആണ്‍, പെണ്‍ എന്നീ പ്രകൃത്യാ ഉള്ള അസ്തിത്വങ്ങളെ തുല്യതാവാദമുയര്‍ത്തി തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വരാനിരിക്കുന്നത് വലിയ ദുരന്തമായിരിക്കും. അത് പ്രാവര്‍ത്തികമാക്കിയ നാടുകളുടെ ഉദാഹരണങ്ങള്‍ നമുക്കു മുമ്പിലുണ്ട്. അത്തരം മാറ്റത്തിരുത്തലുകള്‍ക്കു വിധേയമായ കൗമാരങ്ങളെ പഠനവിധേയമാക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറംലോകം അറിയുന്നത്. ഇത്തരം ചതിക്കുഴികളില്‍ അകപ്പെട്ടവര്‍ ഉയര്‍ന്ന വിഷാദരോഗത്തിന് അടിമപ്പെടുകയും വിവിധങ്ങളായ അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായിത്തീരുകയും ചെയ്ത റിപ്പോര്‍ട്ടുകള്‍ നമുക്കു മുമ്പിലുണ്ട്.
എല്ലാറ്റിന്റെയും കാതലായ വശം മതനിരാസവും നാസ്തികതയും തന്നെയാണ്. മതവിശ്വാസത്തിന്റെ ആശയാദര്‍ശങ്ങളെ പാടേ തച്ചുതകര്‍ക്കാന്‍ കഴിയും എന്നതാണ് ഇത്തരം കണ്ടെത്തലുകള്‍ക്കു പിന്നില്‍.
രാഷ്ട്രീയപ്പോരുകളില്‍ സാരിയും ബ്ലൗസുമെല്ലാം വജ്രായുധമാക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആറാം നൂറ്റാണ്ടിന്റെ അവതരണമെല്ലാം വിഷയങ്ങളെ എങ്ങോട്ടാണ് ചിത്രീകരിക്കുന്നതെന്നു പറയാതെത്തന്നെ പറയുന്നു.
ലൈംഗിക അരാജകത്വത്തിന്റെ ദൈവിക ശിക്ഷകള്‍ ഇന്നും നിലനില്‍ക്കുന്ന സത്യങ്ങളാണ്. ലൂത്ത് നബി(അ)യുടെ സമുദായത്തെ നിലംപരിശാക്കി നശിപ്പിച്ച സംഭവങ്ങള്‍ ഉദാഹരണം മാത്രം. ദൈവിക അസ്തിത്വങ്ങള്‍ക്കേ എന്നും ശാശ്വതമായ നിലനില്‍പ്പുള്ളൂ എന്നതാണ് സാരം.