സ്വവര്‍ഗരതിക്ക് കുടപിടിക്കുകയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ പ്രസ്ഥാനങ്ങള്‍
ഡോ. ജാബിര്‍ അമാനി
ഉദാര ലൈംഗികതയും പെണ്ണുടല്‍ വിപണിയും സ്വവര്‍ഗരതിയുടെ വ്യാപനവും ഉദ്ദേശിച്ചുള്ള സാംസ്‌കാരിക അധിനിവേശത്തിന്റെ ഒളിയജണ്ടയാണ് ‘ജെന്‍ഡര്‍ ന്യൂട്രല്‍’ അവതാരമെന്ന് ദിനേന വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഒരു ഭൗതികവാദ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പേരില്‍ ലിംഗനീതിയെ ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടി പുറത്തിറക്കിയ ചില പോസ്റ്ററുകള്‍ ഈ യാഥാര്‍ഥ്യത്തെ കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. ജനാധിപത്യ സമൂഹത്തിലെ അഭിപ്രായ-ആശയ പ്രചാരണ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതോടൊപ്പം, ഓരോരുത്തരും പ്രകാശിപ്പിക്കുന്ന ആശയലോകം തിരിച്ചറിയാന്‍ കൂടി ഇത് അവസരമൊരുക്കുന്നു.
ലിംഗനീതിയെ ഉയര്‍ത്തിക്കാണിക്കുന്നതിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍, ലിംഗനീതിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച സാംസ്‌കാരിക ഫാസിസവും മറനീക്കി പുറത്തുവരുന്നു. പ്രധാനമായും ഉന്നയിച്ച അഭിപ്രായങ്ങളില്‍ ഒന്ന് ക്വിയര്‍ കമ്യൂണിറ്റിയെ തള്ളിപ്പറയുന്നവര്‍ മനുഷ്യത്വ വിരുദ്ധരാണ് എന്നാണ്. ജെന്‍ഡര്‍, ലൈംഗികത തുടങ്ങിയ സിദ്ധാന്തങ്ങളുടെയും ലിംഗനീതിയുടെയും ഭൂമികയിലാണ് ക്വിയര്‍ കമ്യൂണിറ്റിയും തിയറിയും മുഖ്യമായും ഉള്‍ക്കൊള്ളുന്നത്.
മനുഷ്യന്‍ ജൈവശാസ്ത്രപരമായ അസ്തിത്വമുള്ള സൃഷ്ടിയാണ്. ആദിമ മനുഷ്യന്‍ മുതല്‍ ഈ യാഥാര്‍ഥ്യം സുവ്യക്തവും ശാസ്ത്രീയവുമാണ്. ശരീരശാസ്ത്രവും ശരീരഘടനാശാസ്ത്രവും കൃത്യമായി അംഗീകരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്, ജീവശാസ്ത്രപരമായ ലിംഗസമത്വവും വ്യക്തിത്വവും. ഓരോ ശിശുവും ഭൂമിയില്‍ ജനിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ (ജീവശാസ്ത്രപരമായ) ലിംഗ നിര്‍ണയവും നടക്കുന്നു. പുരുഷന്‍, സ്ത്രീ, ഉഭയലിംഗം എന്നിവയാണവ. എന്നാല്‍ ജീവശാസ്ത്രപരമായ, പ്രകൃതിപരമായ ലിംഗവും അയാളുടെ ലൈംഗികസ്വത്വവും ലൈംഗിക പ്രകടനവും വ്യത്യസ്തമായിത്തീരുമെന്നാണ് ക്വിയര്‍ തിയറി വക്താക്കള്‍ അഭിപ്രായപ്പെടുന്നത്. ലിംഗവും ലൈംഗികതയും ഒന്നാണെങ്കില്‍ സിസ്‌ജെന്‍ഡര്‍ എന്നും വ്യത്യസ്തമാണെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നും വിളിക്കുന്നു. ഇങ്ങനെയുള്ള അവസ്ഥകള്‍ അംഗീകരിക്കുന്നതിനപ്പുറം അധാര്‍മികവും പ്രകൃതി വിരുദ്ധവുമായ ഉദാരലൈംഗികതയെയാണ് ക്വിയര്‍ കമ്യൂണിറ്റി വാദങ്ങളിലൂടെ കൊണ്ടു വരുന്നത്. സ്വവര്‍ഗ പ്രണയത്തേയും സ്വവര്‍ഗരതിയെയും ഉദാരവത്ക്കരിക്കാനുള്ള അജണ്ടയും ഈ പ്രഖ്യാപനങ്ങളില്‍ ഉള്‍ച്ചേരുന്നുണ്ടെന്ന ഗൗരവം വിസ്മരിക്കരുത്.
ലിംഗവും ലൈംഗികാഭിനിവേശവും തദനുസൃതമായ ജീവിതവും പ്രകൃതിപരമാണ് അഥവാ പുരുഷത്വത്തോടെ ജനിച്ച ഒരാള്‍ പുരുഷനായി തന്നെ ജീവിക്കുന്നുവെങ്കില്‍ അയാള്‍ എതിര്‍വര്‍ഗ പ്രണയിനിയാണ്. അയാളുടെ ലൈംഗിക ജീവിതം പ്രകൃതിപരമായ ‘ഇണ’ ജീവിതമായിരിക്കും. ഇതേ പരിഗണനയില്‍ സ്ത്രീത്വത്തെയും കാണാം. അപ്പോള്‍ സ്ത്രീ, പുരുഷനുമായാണ് ലൈംഗിക പങ്കാളിത്തം നിര്‍വഹിക്കുന്നത്. പുരുഷന്‍ സ്ത്രീയുമായിട്ടും. അത് വിഹിത മാര്‍ഗത്തില്‍ (വിവാഹംവഴി) ആവുമ്പോള്‍ ധാര്‍മികവും പ്രകൃതി പരവുമായിത്തീരുന്നു.
ഭൂരിപക്ഷ ലൈംഗിക ജീവിതക്രമമായി ലോകത്ത് പരിഗണിക്കപ്പെടുന്നത് എതിര്‍ ലിംഗത്തോടൊപ്പമുള്ള ഇണജീവിതമാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ സ്വവര്‍ഗ വിവാഹവും സ്വവര്‍ഗരതിയും പ്രകടിപ്പിക്കുന്ന ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന മറ്റൊരു പേരാണ് ക്വിയര്‍ (queer), എല്‍ ജി ബി ടി (LGBT) എന്നിവ. കുടുംബമെന്ന ധാര്‍മിക സ്ഥാപനത്തെ തകര്‍ക്കുന്നതിന് ആസൂത്രിതമായ ബോധവത്കരണങ്ങള്‍ നിര്‍വഹിച്ച അമേരിക്കന്‍ തത്വചിന്തകനും ദാര്‍ശനികനുമായ ജോഡിറ്റ് ബട്‌ലര്‍(1) ആണ് ക്വിയര്‍ തിയറികളുടെ വിശകലനങ്ങള്‍ നിര്‍വഹിച്ച ഒരു വ്യക്തി. 1990-കളോടെ മാത്രമാണ് ജന്‍ഡര്‍ പഠനങ്ങളും ക്വിയര്‍ തിയറികളും വിശദമായ അപഗ്രഥനങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുള്ളത്.
ഒരു വ്യക്തി പുരുഷനോ സ്ത്രീയോ മറ്റോ ആകട്ടെ, അയാള്‍ക്ക് ആരോടാണോ ലൈംഗിക അഭിനിവേശം തോന്നുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് ലൈംഗികത തീരുമാനിക്കേണ്ടത്. അതാണ് പ്രകൃതിപരവും സാംസ്‌കാരികവും എന്ന് പ്രഖ്യാപിക്കുകയാണ് ക്വിയര്‍ കമ്യൂണിറ്റി. സ്വവര്‍ഗലൈംഗികതയെയും ഓരോ സന്ദര്‍ഭങ്ങളിലും ലൈംഗിക അഭിനിവേശങ്ങള്‍ മാറ്റി പണിത് സ്ത്രീ ‘പുരുഷ’ ഉദാര ലൈംഗികത പ്രകടിപ്പിച്ച്, സ്വതന്ത്രരതിക്ക് പരിസരമൊരുക്കുകയാണ് ആത്യന്തികമായി ക്വിയര്‍ കമ്യൂണിറ്റികളും അവരെ പിന്തുണക്കുന്ന സംഘങ്ങളും നിര്‍വഹിച്ചു വരുന്നത്.
1989-ല്‍ ഡന്മാര്‍ക്കിലാണ് ആദ്യമായി സ്വവര്‍ഗ വിവാഹം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത്. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ദൗത്യങ്ങളില്‍ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ അര്‍പ്പിച്ചതും ലിബറല്‍- ഭൗതികവാദ പ്രസ്ഥാനങ്ങളായിരുന്നു. 1981 ജൂണ്‍ 5-ന് അമേരിക്കയില്‍ എയ്ഡ്‌സ് ആദ്യമായി നിരീക്ഷിക്കപ്പെടുന്നത് സ്വവര്‍ഗരതിക്കാരിലാണ്. സ്വവര്‍ഗരതിക്കാര്‍ക്കിടയില്‍ പ്രസ്തുത നിരീക്ഷണം ശക്തമായ ഭീതിയുളവാക്കുകയുണ്ടായി. അതിനാല്‍ എയ്ഡ്‌സ് രോഗികളുടെ പുനരധിവാസ സംഘങ്ങളായി ചില സ്വവര്‍ഗാനുരാഗികളുടെ കൂട്ടങ്ങള്‍ പെട്ടെന്ന് മാറുകയും ചെയ്തു.(2)
എന്നാല്‍ ലോകത്തിലെ ഇത്തരത്തിലുള്ള ഒട്ടുമിക്ക സംഘങ്ങളുടെയും അജണ്ടകള്‍ സ്വവര്‍ഗരതിയും ലൈംഗികതയും പ്രചരിപ്പിക്കലും സ്വവര്‍ഗ വിവാഹത്തിന് സാംസ്‌കാരിക പരിവേഷം നല്‍കലുമാണ്. പല പ്രസ്ഥാനങ്ങള്‍ക്കും എന്‍ ജി ഒകള്‍ക്കും പാശ്ചാത്യ സര്‍ക്കാറുകളും കോര്‍പറേറ്റ് ഭീമന്മാരും സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. മൂന്നാം ലോക രാജ്യങ്ങളെയും ധാര്‍മിക, പൈതൃകം ഉള്‍ക്കൊണ്ട് ജീവിക്കുന്നവരെയും ശക്തമായ കുടുംബ വ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹങ്ങളെയും സാംസ്‌കാരികാധിനിവേശം നടത്തി ലിബറല്‍ സമൂഹമായി വളര്‍ത്തിയെടുക്കുകയാണ് ഹിഡന്‍ അജണ്ടയായി അവര്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് പഠനങ്ങള്‍(3) വ്യക്തമാക്കുന്നു.
ക്വിയര്‍ കമ്യൂണിറ്റിയില്‍, ലൈംഗിക അഭിനിവേശങ്ങള്‍ വൈവിധ്യമുള്ളതാണ്. അതുകൊണ്ടുതന്നെ വിവിധ ലൈംഗികതാ വര്‍ണങ്ങള്‍ സമ്മേളിച്ച ‘മഴവില്‍ ലൈംഗികത’യാണ് ഇത്തരം സിദ്ധാന്തവാദികളുടെ സാമൂഹിക സങ്കല്പം. ലൈംഗികാഭിനിവേശത്തിന്റെ വര്‍ണരാജിയില്‍ ഇനിയും പുതിയ ലൈംഗിക ചേരുവകള്‍ കളറുകളായി ഉണ്ടായേക്കാമെന്നതിനാല്‍ LGBTQIA+ (+ ചിഹ്നം) എന്നാണ് ഈ കമ്യൂണിറ്റിയെ പരിചയപ്പെടുത്താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
കുടുംബഘടനയും ആണ്‍, പെണ്‍ സ്വത്വവും വ്യക്തിത്വവും പ്രകൃതിപരമായ വിവാഹ ജീവിതവും ലൈംഗിക സദാചാരങ്ങളും ഘട്ടം ഘട്ടമായി തകര്‍ക്കുക. വിശിഷ്യാ നാം പുലര്‍ത്തിപ്പോരുന്ന സാംസ്‌കാരിക പൈതൃകത്തെയും തകര്‍ത്തെറിഞ്ഞ് മൂല്യ, ധര്‍മനിരാസവും നിഷേധവും പ്രകടമാക്കുന്ന കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിനും രോഗാതുരമായ ലിബറല്‍ സമൂഹത്തിന്റെ സൃഷ്ടിപ്പിനുമാണ് ക്വിയര്‍ കമ്യൂണിറ്റി വാദങ്ങള്‍ നിമിത്തമാവുക. കേരളത്തിലെ ഒരു ഭൗതിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മുകളില്‍ പരാമര്‍ശിച്ച പ്രഖ്യാപനം കേവലമൊരു സംഘടനാ അംഗത്വ കാമ്പയില്‍ പ്രചാരണല്ല. മറിച്ച്, ലിബറല്‍ ഫാസിസമായാണ് നാം തിരിച്ചറിയേണ്ടത്. കാരണം, പ്രചാരണങ്ങളിലുടനീളം സ്വവര്‍ഗരതിയെ മഹത്വപ്പെടുത്താനും മൂല്യമായി പുനപ്രതിഷ്ഠിക്കാനുമാണ് ശ്രമം നടത്തിയിട്ടുള്ളത്.
‘സ്വവര്‍ഗരതി തെറ്റാണെന്ന് ഇന്നും വിശ്വസിക്കുന്നവരെയും ലൈംഗിക ന്യൂനപക്ഷങ്ങളെ (ക്വിയര്‍ കമ്യൂണിറ്റി) എതിര്‍ക്കുന്നവരെയും മനുഷ്യരായി പോലും പരിഗണിക്കുകയില്ലെന്ന’ അവരുടെ മറ്റൊരു പ്രസ്താവന ഗൗരവമായ വിശകലനം തേടുന്നുണ്ട്. ഒരാളെ മനുഷ്യനായി പരിഗണിക്കാന്‍ സ്വവര്‍ഗരതിയും ഉദാരലൈംഗിതയും അംഗീകരിച്ചുകൊണ്ടുള്ള സംസ്‌കാരം (?) വഴിയേ സാധ്യമാവൂ എന്നത് അത്യന്തം അപകടകരമായ വാദമാണ്. അതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് സ്വവര്‍ഗരതിക്കാരുടെ പ്രൈഡ് മന്‍ത് ആഘോഷങ്ങള്‍ക്ക് എതിര്‍ ശബ്ദമുയര്‍ത്തുന്നവര്‍ മതമൗലിക വാദികളാണെന്ന’ പ്രസ്താവന. (ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്ജന്‍ഡര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു മാസ ആഘോഷമാണ് പ്രൈഡ് മന്‍ത്)(4)
ഒരു ആഘോഷ ദിനാചരണമെന്ന നിലക്ക് ജനാധിപത്യ സമൂഹത്തില്‍ അവ എതിര്‍ക്കപ്പെടേണ്ടതല്ല. എന്നാല്‍ പ്രസ്തുത ആഘോഷങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന ആശയധാര, ധര്‍മ നിരാസവും മൂല്യരഹിത സമൂഹത്തിന് നിമിത്തവുമാണെന്ന വസ്തുതയെ വിയോജിപ്പെന്ന നിലയില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് മനുഷ്യത്വ രഹിതമോ മതമൗലികവാദമോ ആയി ചിത്രീകരിച്ചു കൂടാ. അങ്ങിനെയങ്കില്‍ മനുഷ്യനെന്ന പരിഗണനയ്ക്ക് അര്‍ഹതയില്ലാത്തവരുടെ പട്ടികയില്‍ ഒന്നാമതായി എണ്ണേണ്ടി വരിക, മാര്‍ക്‌സിനെയും ഏംഗല്‍സിനെയുമായിരിക്കും.
പുരാതന ഗ്രീസില്‍ നിലനിന്നിരുന്ന ലൈംഗിക അത്യാചാരമായിട്ടാണ് സ്വവര്‍ഗ ലൈംഗികതയെ ഏംഗല്‍സ് ഒരു ഭാഗത്ത് പരിചയപ്പെടുത്തുന്നത്.(5) ജര്‍മന്‍ സോഷ്യലിസ്റ്റായ ബാപ്റ്റിസ്റ്റ് വോണ്‍ ഷ്വിറ്റ്‌സര്‍ സ്വവര്‍ഗ ഭോഗിയായിരുന്നു. അദ്ദേഹത്തെ മാര്‍ക്‌സ് ശക്തമായി വിമര്‍ശിക്കുന്നുണ്ട്(6). സോവിയറ്റ് റഷ്യയുടെ പതന കാരണങ്ങള്‍ വിലയിരുത്തിയ ശേഷം മാര്‍ക്‌സിസ്റ്റ് ആചാര്യരും ഭരണാധികാരിയുമായിരുന്ന ഗോര്‍ബച്ചേവ്, പെരിസ്‌ട്രോയ്കയില്‍ സൂചിപ്പിക്കുന്നത്, ലൈംഗിക അരാജകത്വവും സ്വവര്‍ഗരതിയും വ്യാപകമായതും മഹത്വവത്ക്കരിച്ചതുമാണ് കാരണം എന്നത്രെ(7).
മാക്‌സിം ഗോര്‍ക്കിയുടെ അഭിപ്രായത്തില്‍ സ്വവര്‍ഗരതി, പാശ്ചാത്യന്‍ ബൂര്‍ഷ്വാ രോഗവും ഫാസിസവുമാണ്. സ്വവര്‍ഗഭോഗം ഇല്ലാതാക്കിയാല്‍ ഫാസിസം അപ്രത്യക്ഷമാവുമെന്ന മുദ്രാവാക്യം വരെ അദ്ദേഹം ഉയര്‍ത്തിയിരുന്നു. മാര്‍ക്‌സിസ്റ്റ് ആചാര്യനായ സ്റ്റാലിന്‍ ആണ് ഇത്തരമൊരു പ്രതികരണത്തിലേക്ക് മാക്‌സിം ഗോര്‍ക്കിയെ ആശയപരമായി പ്രേരിപ്പിച്ചത്.(8)
ലിബറല്‍ സെക്‌സിന്റെ ഭാഗമായ സ്വവര്‍ഗ ലൈംഗികതയെ പാടിപ്പുകഴ്ത്തി മൂല്യത്തിന്റെ ചാപ്പ കുത്തുന്ന നവലിബറലിസ്റ്റ് ഭൗതികവാദപ്രസ്ഥാനങ്ങളും വിദ്യാര്‍ഥി സംഘങ്ങളും മതത്തിന്റെ മാനവികതയെയും മതമൗലികതയെയും വിമര്‍ശിക്കുന്നതിന് മുന്‍പ് സോവിയറ്റ് യൂനിയന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ആദ്യകാല പാര്‍ട്ടി ആചാര്യന്മാരും അവരുടെ പരിഗണനയില്‍ എത്രത്തോളം ശക്തരായ മനുഷ്യത്വ വിരുദ്ധരും മതമൗലികവാദികളും(?) ആയിരുന്നുവെന്ന് പഠനം നടത്തുന്നത് നന്നായിരിക്കും. ലിബറലിസത്തിന്റെ തെറ്റായ വാദങ്ങളെ ചെറുക്കുകയെന്നത് ആദ്യകാല മാര്‍ക്‌സിസത്തിന്റെ ദൗത്യമായിരുന്നുവെന്ന് കൂടി നമുക്ക് കാണാം. എങ്കില്‍ സ്വവര്‍ഗരതിയെ സ്ഥാപിക്കുന്ന വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ആദ്യം മുദ്രാവാക്യം വിളിക്കേണ്ടത് തങ്ങളുടെ ആദ്യ കാല നായകന്മാര്‍ക്കെതിരിലാണ്.
ഇപ്പോള്‍ സ്വവര്‍ഗരതിയെ മഹത്വപ്പെടുത്തുന്നതും ക്വിയര്‍ കമ്യൂണിറ്റിയുടെ ആഘോഷങ്ങളെ സാംസ്‌കാരിക മികവായി പരിഗണിക്കുന്നതും ലിംഗസമത്വമെന്ന(?) ആശയത്തെ ശക്തിപ്പെടുത്താനാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കൊണ്ട് വരുന്നതും പിന്തുണ നല്‍കുന്നതും പ്രസ്തുത സമത്വ വാദത്തിന്റെ ആശയാടിത്തറയില്‍ നിന്നു കൊണ്ട് തന്നെയാണ് എന്നതും യാദൃച്ഛികമല്ല. ക്വിയര്‍ തിയറിയും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമും തമ്മില്‍ കൃത്യമായ ചില ബന്ധങ്ങള്‍ ഉണ്ട്. വര്‍ത്തമാന കാലത്ത് ഈ ആശയധാര ലിബറല്‍ ഭൗതിക പ്രത്യയ ശാസ്ത്രങ്ങളും വെച്ചു പുലര്‍ത്തുന്നുണ്ട്.
ജൈവപരമായി ആണ്‍-പെണ്‍ ലിംഗാസ്തിത്വമാണെങ്കിലും വൈവിധ്യപൂര്‍ണമാണ് മനുഷ്യരുടെ ലൈംഗിക അഭിനിവേശങ്ങള്‍ എന്ന് ബോധ്യപ്പെടുത്തുന്നതിനാണ് ഘഏആഠഝകഅ+ എന്ന സ്‌പെക്ട്രം ഉപയോഗിക്കുന്നത്. ഈ വര്‍ണരാജിയില്‍ ഒരുനിറം ഒരു ലൈംഗികാഭിനിവേശത്തെ പ്രതിനിധീകരിക്കുന്നുവെങ്കില്‍ അപ്രകാരം ധാരാളം ലൈംഗിക അഭിരുചി പ്രകടനങ്ങള്‍ ഉണ്ട്. അവയെല്ലാം ഓരോ കളറുകളായി പ്രതിനിധീകരിക്കും. ഒരാളുടെ അഭിരുചി സമയാസമയങ്ങളില്‍ മാറിമറിയാം. രാവിലെ ആണ്‍ലിംഗക്കാരന്‍ പെണ്ണായും തിരിച്ചും എല്ലാം മാറിമറിയാം. ഒരു സ്ത്രീ, ആണ്‍ ലൈംഗിക അഭിരുചിയുള്ളവളാവാം. തിരിച്ചും എപ്പോഴും സംഭവിക്കാം. ഇത്തരമൊരു ലൈംഗിക അഭിരുചി നിറമാറ്റത്തെയാണ് തത്വശാസ്ത്രപരമായി ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റി എന്ന് വിളിക്കുന്നത്. ജൈവ വിരുദ്ധവും അപകടകരവുമായ ഈ സാങ്കല്പിക ലോകത്തെ സാമൂഹ്യ ഘടനയായി അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം.
സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവികമായ ബന്ധവും ഇണ ജീവിതവുമാണ് മനുഷ്യകുലത്തില്‍ കാലാകാലങ്ങളില്‍ നിലനിന്നിട്ടുള്ളത്. അതാണ് പ്രകൃതിപരവും ധാര്‍മികവുമായതും. മതനിരാസത്തിന്റെ വക്താക്കള്‍ വരെ ഈ യാഥാര്‍ഥ്യത്തെ മുല്യബോധമുള്ള വീക്ഷണമായിട്ടാണ് കാണുന്നത്. ഒട്ടുമിക്ക നാഗരികതകളുടെയും സാമുഹിക കുടുംബ ജീവിതഘടനയും ഇതായിരുന്നു. എന്നാല്‍ ഇത്തരമൊരു ദ്വിവര്‍ഗ (ആണ്‍ & പെണ്‍) ലൈംഗികത ആണ്‍കോയ്മയുടെ ഭാഗമാണെന്നാണ് ഭൗതിക, ലിബറല്‍ പ്രസ്ഥാനങ്ങളും ക്വിയര്‍ സിദ്ധാന്തവാദികളും പ്രഖ്യാപിക്കുന്നത്.
വൈവിധ്യ ലൈംഗികാഭിരുചികളെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുമ്പോഴേ ലൈംഗിക ആസ്വാദനങ്ങള്‍ സര്‍ഗാത്മകമാവുകയുള്ളൂവെന്നും അതാണ് പ്രകൃതിപരമായ(?) മാര്‍ഗമെന്നും ലെഫ്റ്റ് ലിബറലുകള്‍ വാദിക്കുന്നു. മൃഗങ്ങള്‍, ശവങ്ങള്‍, മാതാപിതാക്കള്‍, സഹോദരീ സഹോദരന്മാര്‍ എന്നിവരോടെല്ലാം ഒരാള്‍ക്ക് തോന്നുന്ന ലൈംഗികാഭിനിവേശം മനുഷ്യന്റെ ചോദനയായും സ്വാഭാവിക ശീലമായും പ്രകൃതി മാര്‍ഗമായും അംഗീകരിച്ച് കൊടുക്കുമ്പോഴാണ് ‘മാനവികതയും മനുഷ്യത്വവും’ പുലരുകയെന്നും സിദ്ധാന്തിക്കുന്നു(?)
അതിര്‍വരമ്പുകളും മൂല്യബോധവുമില്ലാത്ത ലൈംഗികത നിലനിര്‍ത്തുന്നതിനും സ്വവര്‍ഗരതിയെ മഹത്വപ്പെടുത്തുന്നതിനും ഓരോ വ്യക്തിയുടെയും ലിംഗസ്വത്വത്തെ തകര്‍ക്കേണ്ടതുണ്ട്. ആണായും പെണ്ണായും ജനിച്ച്, ആണായും പെണ്ണായും ജീവിച്ച്, ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സാംസ്‌കാരിക മൂല്യകല്പനകളിലും ധാര്‍മികതയിലും വളരുകയും ചെയ്യുക വഴി, ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റി നിലനിര്‍ത്താനാവില്ല. അതുവഴി കുത്തഴിഞ്ഞ ലൈംഗികതയെ സംസ്‌കാരമായി അവതരിപ്പിക്കാനുമാവില്ല. അതിനാല്‍ ഇത്തരമൊരു വൈവിധ്യപൂര്‍ണമായ ലൈംഗിക സ്വത്വബോധം സ്ഥാപിച്ചെടുക്കാന്‍ ഇളം തലമുറയില്‍ തന്നെ ലിംഗസ്വത്വത്തെ നശിപ്പിക്കാനുള്ള ശ്രമം അനിവാര്യമാണ്. ഈ ഒളിയജണ്ടയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ സമീപനങ്ങള്‍. ലോകത്ത് നിലനില്ക്കുന്ന ജൈവീകമായ സ്ത്രീ പുരുഷ വൈവിധ്യത്തെ തകര്‍ക്കുകയാണ് ലിംഗസമത്വ വാദത്തിലൂടെ ജന്‍ഡര്‍ ന്യൂട്രല്‍ പക്ഷക്കാരും അവര്‍ക്ക് കുടപിടിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും നിര്‍വഹിക്കുന്നത്.
ഒരു വ്യക്തിക്ക് വിവിധ സാമൂഹിക സംവിധാനങ്ങളിലൂടെയും വ്യക്തിനിഷ്ഠമായ മാനസിക പൊരുത്തക്കേടുകളിലൂടെയും അവന്റെ/ അവളുടെ ജൈവപരമായ ലൈംഗികതയും ലിംഗസ്വത്വവും തമ്മില്‍ പൊരുത്തക്കേട് അനുഭവപ്പെട്ട് അസ്വസ്ഥതകള്‍ തോന്നുന്നതിനെയാണ് ജന്‍ഡര്‍ ഡിസ്‌ഫോറിയ എന്ന് പറയുന്നത്. ഇത് സ്വസ്ഥതയുള്ള കുടുംബ ജീവിതത്തിനും പ്രത്യുല്പാദന ധര്‍മ നിര്‍വഹണത്തിനും വിഷാദത്തിനും കാരണമാകുമെന്നും ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അത്തരം സ്വഭാവമുള്ള ഭൂരിപക്ഷ വ്യക്തികളും പിന്നീട് സ്വവര്‍ഗാനുരാഗികളും സ്വവര്‍ഗരതിക്കാരുമായിട്ടാണ് കാണപ്പെടുക.
സ്വിറ്റ്‌സര്‍ലാന്റിലെ ആരോഗ്യവകുപ്പ് 13-17 വയസ്സിനിടയിലെ പെണ്‍കുട്ടികളില്‍ നിര്‍വഹിച്ച (2008 മുതല്‍ 2018വരെ) പഠനങ്ങളില്‍, ലിംഗ സ്വത്വ ബോധമില്ലാത്ത കുട്ടികള്‍ക്കിടയില്‍ പിന്നീട് തീവ്രമായ അസംതൃപ്തിയും ഉന്മാദവും ഉത്കണ്ഠയും പ്രകടമായെന്നും ഇത് പത്ത് വര്‍ഷത്തില്‍ 1500 ശതമാനത്തിലേറെ വര്‍ധിച്ചുവെന്നും തെളിയിച്ചിട്ടുണ്ട്.(9)
വളരുന്ന തലമുറയില്‍ മൂല്യനിരാസവും ഉദാര ലൈംഗികതയും സ്വവര്‍ഗരതിയും ബോധപൂര്‍വം വളര്‍ത്തിയെടുക്കാനുള്ള ഒളിയജണ്ടയാണ് ‘ജെന്‍ഡര്‍ ന്യൂട്രല്‍’ പദ്ധതികളെന്ന് പഠനങ്ങളും നിരീക്ഷണങ്ങളും ബോധ്യപ്പെടുത്തുന്നു. ആണ്‍ പെണ്‍ വസ്ത്രങ്ങള്‍ മാറ്റിയുടുത്ത് ന്യൂട്രലായ ഒരു ലൈംഗിക മാനസികാവസ്ഥ സൃഷ്ടിക്കുകയും തദ്ഫലമായി ജന്‍ഡര്‍ ഡിസ് ഫോറിയയുള്ള തലമുറയുടെ സാമൂഹിക തലവുമാണ് ഇവിടെ പുരോഗമനമായി നട്ടുവളര്‍ത്തുന്നത്. പ്രകൃതി പരമായി ലഭിച്ച ലൈംഗികതയും സമൂഹത്തില്‍ ലിബറലിസം സൃഷ്ടിക്കുന്ന ലിംഗസമത്വ ന്യൂട്രല്‍ ലൈംഗികബോധവും വഴിയുള്ള പൊരുത്തക്കേട്, കടുത്ത ഉന്മാദം കയറിയ ഒരു തലമുറയുടെ പിറവിയാണുണ്ടാക്കുക.
പുതിയ തലമുറ ഇത്തരമൊരു ന്യൂട്രല്‍ ലിംഗസ്വത്വ വിചാരമുള്ളവരായി ജീവിച്ചാല്‍, സ്വവര്‍ഗരതിയും ഉദാര ലൈംഗികതയും പെട്ടെന്ന് വ്യാപിപ്പിക്കാന്‍ കഴിയും. മൂല്യ ധര്‍മ നിരാസവും സാംസ്‌കാരിക തകര്‍ച്ചയും പൊതുവായി കാണപ്പെടുകയും ചെയ്യും. ഇതാണ് ചില വിദ്യാര്‍ഥി കൂട്ടങ്ങളും അവരുടെ സ്‌പോണ്‍സര്‍മാരും ആഗ്രഹിക്കുന്നത്. അതിനെ എതിര്‍ക്കുന്നവരെ മനുഷ്യത്വ രഹിതരും മാനവികതാ വിരുദ്ധരും മതമൗലികവാദികളുമായി ചാപ്പ കുത്തി മാറ്റിനിര്‍ത്തുന്നതിലൂടെ നാം കാത്തുസൂക്ഷിച്ചുവന്ന സാംസ്‌കാരിക സ്വത്വ ബോധവും നമ്മുടെ സാമൂഹിക കുടുംബ ജീവിത പൈതൃകവുമാണ് തകര്‍ന്നടിയുന്നത്. സ്വവര്‍ഗരതിക്ക് കുട പിടിക്കുന്ന സാംസ്‌കാരിക ഫാസിസത്തിന്റെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്.
കുറിപ്പുകള്‍
1. Bodies that matters, Discursive limits of sex, Jodith Pamela Buttler
2. www.actupny.org, www.nazindia.org/advocacy.htm
3. James petras: NGOs in the service of imperialism: Journel of contemporary Asia, Vol. 29, Issue 4, 1999, Page 429-440
4. www.dictionary.com/pridemonth
5. The sexual revolution in Russia from the age of Czars Today, Igorkon, 1995, Page 52,53
6. Encyclopedia of Homo-sexuality Vo-l. 2
7. സ്വവര്‍ഗരതിയും മാര്‍ക്‌സിസ്റ്റ് സമീപനവും, എസ് എം സൈനുദ്ദീന്‍ (ലേഖനം), സ്വവര്‍ഗരതി, ലിബറല്‍ രോഗാതുരതയുടെ ഉല്‍പ്പന്നം, എഡിറ്റര്‍ വി എ കബീര്‍, ഐ പി എച്ച്, 2018, പേജ് 133
8. Ibid 135
9. പ്രബോധനം വാള്യം 78, ലക്കം 31, 2021 ഡിസംബര്‍ 31