22 Sunday
December 2024
2024 December 22
1446 Joumada II 20

ജന്‍ഡര്‍ ന്യൂട്രല്‍ സാംസ്‌കാരിക അധിനിവേശത്തിന്റെ അടിത്തറയിലാണ്‌

ഡോ. ജാബിര്‍ അമാനി


സാമുവല്‍ ഹണ്ടിംഗ്ടണിന്റെ ദ ക്ലാഷ് ഓഫ് സിവിലൈസേഷന്‍ ആന്റ് ദ റീ മെയ്ക്കിങ് ഓഫ് വേള്‍ഡ് ഓര്‍ഡര്‍ എന്ന ഗ്രന്ഥം, മനുഷ്യന്റെ സാംസ്‌കാരികവും മതപരവുമായ സ്വത്വനിര്‍മിതിയെയും സംഘട്ടനങ്ങളെയും സംബന്ധിച്ച വിമര്‍ശനാത്മകമായ അപഗ്രഥനമാണ്. മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യബോധവും സാംസ്‌കാരിക ജീവിതവും തമ്മിലെ പൊരുത്തവും പൊരുത്തക്കേടുകളും ദാര്‍ശനികമായി വിലയിരുത്തിയ ഗ്രന്ഥം ലോകത്തിലെ പാശ്ചാത്യ പൗരസ്ത്യ സാംസ്‌കാരിക അധിനിവേശങ്ങള്‍ക്ക് വേഗത വര്‍ധിപ്പിച്ചു. ഒരു തലമുറയെ ഗുണകരമായും നിഷേധാത്മകമായും വളര്‍ത്തിയെടുക്കുന്നതിലെ ശക്തമായ ആയുധം ‘സാംസ്‌കാരിക’ മണ്ഡലമാണെന്ന ഹണ്ടിംഗ്ടണിന്റെ നിരീക്ഷണങ്ങളെ അവലംബിച്ച് ബോധപൂര്‍വമായ ആശയ നിര്‍മിതി പോലും ലോകത്തുണ്ടായിട്ടുണ്ട്. പുതുനൂറ്റാണ്ടില്‍ ലോകം കീഴ്‌പ്പെടുത്തുക ടെക്‌നോളജി അല്ലെന്നും ടെര്‍മിനോളജികളാണെന്നുമുള്ള എഡ്വേര്‍ഡ് സെയ്ദിന്റെ പ്രഖ്യാപനവും കൂടി ചേര്‍ത്തുവെക്കുമ്പോഴാണ് സിദ്ധാന്തങ്ങള്‍ എങ്ങനെയാണ് സംസ്‌കാരങ്ങളെ ഒളിച്ചു കടത്തുന്നത് എന്ന് ബോധ്യപ്പെടുക.
പാശ്ചാത്യലോകത്ത് ഉദാര ലൈംഗികവാദവും സാംസ്‌കാരിക സ്വത്വ പ്രതിസന്ധിയും ഒരു സുപ്രഭാതത്തില്‍ രൂപപ്പെട്ടതല്ല. ബോധപൂര്‍വമായ സാംസ്‌കാരിക ഇടപെടലുകളും അപമാനവീകരണ ശ്രമങ്ങളും അതിന്റെ പിന്നിലുണ്ട്. ലൈംഗിക- മനശ്ശാസ്ത്ര ഗവേഷകന്‍ അലന്‍ മാസൂര്‍ ഇക്കാര്യം വിലയിരുത്തിയത് ശ്രദ്ധേയമാണ്. സാംസ്‌കാരിക അധിനിവേശത്തിന്റെ പങ്കിനെയും മുതലാളിത്വ ശ്രമങ്ങളെയുമാണ് പ്രസ്തുത നിരീക്ഷണം ഊന്നുന്നത്. മുമ്പ് കാലങ്ങളില്‍ കാല് പോലും മറച്ചുജീവിച്ച പാശ്ചാത്യ വനിതകള്‍ ഇന്ന് പൂര്‍ണ ശരീരത്തിന്റെ കാഴ്ചയില്‍ പോലും ലൈംഗിക ഉത്തേജനം ലഭ്യമാവാത്ത വിധമുള്ള പരിണാമം ആധുനിക പാശ്ചാത്യരില്‍ സംഭവിച്ചിട്ടുണ്ട് എന്ന് ബര്‍ട്ടണ്‍ റസല്‍ വിലപിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ലൈംഗിക മരവിപ്പിന്റെ ദുരന്തങ്ങള്‍ ശക്തമായി അനുഭവിക്കുന്ന ജനതയാണ് ഇന്ന് പാശ്ചാത്യര്‍(1).
പാശ്ചാത്യലോകത്ത് 1968-ല്‍ നടന്ന സ്റ്റുഡന്റ്‌സ് റവല്യൂഷന്‍ സെക്‌സ് റവല്യൂഷനായിട്ടാണല്ലോ അറിയപ്പെട്ടത്. വിവാഹം, കുടുംബം, സ്ത്രീപുരുഷ സ്വത്വവും വ്യക്തിത്വവും തുടങ്ങിയ യാഥാര്‍ഥ്യങ്ങളെ കേവലം ഒരു സെമിറ്റിക് ചിന്തയായി ചിത്രീകരിക്കുകയായിരുന്നു പ്രസ്തുത വിപ്ലവം. ഇത് ഒരു സാധാരണ സമര വിപ്ലവം മാത്രമായി നിഷ്പക്ഷ ചരിത്രപഠനങ്ങള്‍ വിലയിരുത്താനാവില്ല. കാരണം ബര്‍ട്ടണ്‍ റസ്സലിന്റെയും വില്യം റീച്ചിന്റെയും അഭിപ്രായത്തില്‍, ലൈംഗികത കുടുംബത്തില്‍ മാത്രം പരിമിതപ്പെടരുതെന്നും പ്രായോഗികമായി വിവാഹ പൂര്‍വ ലൈംഗിക അനുഭവങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും വൈറ്റമിന്റെ-ഡി യുടെ സ്വാംശീകരണത്തിന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ശരീരം നഗ്നമായി തുറന്നിടണമെന്നുമാണ്. മുതലാളിത്തം ഇത്തരം ആശയങ്ങളെ സമര്‍ഥമായി ഒളിച്ചുകടത്തുകയായിരുന്നുവെന്ന് പിന്നീടുള്ള ചരിത്രം ബോധ്യപ്പെടുത്തുന്നു.
ഭൗതികവാദവും മുതലാളിത്തവും സൈദ്ധാന്തികമായി യോജിപ്പുള്ള ആശയങ്ങളല്ല. എന്നാല്‍ കുടുംബമെന്ന മൂല്യവത്തായ സ്ഥാപനത്തെ തകര്‍ത്ത ഉദാര ലൈംഗികതയും ലിവിങ് ടുഗതറും പ്രചരിപ്പിക്കുന്നതില്‍ ഒരേ തൂവല്‍പക്ഷികളായിട്ടാണ് ചരിത്രത്തില്‍ ഇവരെ കാണാന്‍ കഴിയുന്നത്. സ്ത്രീ നഗ്നതാ പ്രദര്‍ശനത്തിന് എതിരെയുള്ള ഏതൊരു പ്രതികരണത്തെയും ശക്തമായി എതിര്‍ക്കുന്നതിന് മുതലാളിത്തം ശ്രമിച്ചത പോലെ തന്നെ ആശയാധിഷ്ഠിത കമ്യൂണിസ്റ്റ്, ഭൗതികവാദ പ്രസ്ഥാനങ്ങളും ശ്രമിച്ചിട്ടുണ്ട്. ഈ നീക്കങ്ങളിലെ ഒരു അധ്യായം മാത്രമായിട്ടേ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെയും കാണാനാവൂ.
സ്ത്രീയുടെ ശാരീരിക പ്രകൃതി പുരുഷനില്‍ ആകര്‍ഷകത്വവും തദ്ഫലമായി ലൈംഗികത ഉണര്‍ത്തുംവിധമുള്ള ജൈവ പ്രതികരണത്തിനും സാധ്യമാവും വിധമാണ്. ഇത് മതാധിഷ്ഠിതമായ ഒരു കാഴ്ചപ്പാടല്ല. കാരണം, മതരഹിതരുടെ ജീവിതത്തിലും ഈ ജൈവ പ്രകൃതം കൃത്യമായി കാണാം. അത് അനാട്ടമിക്കലായ പ്രതികരണം മാത്രമാണ്. യുക്തിബോധം പ്രദാനം ചെയ്യുന്ന തലച്ചോറിന്റെ പുറംഭാഗവും ലിംബിക്‌സിസ്റ്റവും ടെസ്റ്റോസ്റ്റിറോണ്‍, ഇസ്ട്രജന്‍ ഹോര്‍മോണുകളും മാനസികാനന്ദവും സന്തോഷ നിര്‍വൃതിയും പകരുന്ന ഡോപ്പമിനും മനോവികാരങ്ങളെ നിയന്ത്രിക്കുന്ന നോര്‍ അഡ്രിനാലിന്‍ ഹോര്‍മോണുകളും ഹൃദയത്തില്‍ ഉണ്ടാവുന്ന പ്രണയ വികാരത്തെ സ്‌നേഹപ്രകടനങ്ങളിലൂടെ വേലിയേറ്റം സൃഷ്ടിക്കുന്ന ഓക്‌സി ടോസിന്‍ ഹോര്‍മോണുകളും വാസോപ്രസിന്‍, സെറോടോണിന്‍ എന്നിവയുടെ ഉല്‍പാദനവും തുടങ്ങി പലതും ഒന്നിച്ചൊന്നായി ഇടപെടുന്ന മഹത്തായ ജൈവ പ്രകൃതം മനുഷ്യനില്‍, വിശിഷ്യാ പുരുഷനില്‍ പ്രതിഫലിക്കുന്നത് പ്രത്യുല്‍പാദന വ്യവസ്ഥകളുടെ ഭാഗമായാണ്. ഒരു സ്ത്രീയുടെ ശരീരത്തിന്റെ സാന്നിധ്യവും പ്രദര്‍ശനവും പുരുഷനില്‍ ഇത്തരമൊരു ജൈവ പ്രകൃതത്തെ ഉദ്ദീപിപ്പിക്കുന്നതാണ്. മാനവകുലത്തിന്റെ നിലനില്‍പിനും കുടുംബ ജീവിതത്തിന്റെ സ്വച്ഛന്ദമായ സൗന്ദര്യത്തിനും തുടര്‍ച്ചയ്ക്കും അത് അനിവാര്യമാണ്. ലൈംഗിക- ഇണ ജീവിതത്തിന്റെ അമൂല്യമായ ഭാഗദേയം നിര്‍ണയിക്കുന്ന കവാടമാണ് ഇത്. അഥവാ, കുടുംബമെന്ന സ്ഥാപനത്തെ താള ഐക്യത്തോടെ നിലനിര്‍ത്തുന്ന ജൈവ- വൈകാരികതലം. മനുഷ്യനിലെ ഈ ജൈവ ഭാഗധേയത്തെ വിവാഹമെന്ന വിശുദ്ധ മാര്‍ഗം വഴി മാത്രം പരിമിതപ്പെടുത്തുമ്പോഴാണ് മാനവികതയും ധാര്‍മികതയും ലോകത്ത് നിലനില്‍ക്കുകയുള്ളൂ.
പുരുഷാധിപത്യത്തിന്റെ സെക്്‌സ് വിപണിയില്‍ സ്ത്രീ, തന്റെ ശരീരത്തെ വടിവൊത്തതാക്കാനുള്ള ശ്രമം ലോകത്ത് കാണുന്നു. പുരുഷന്റെ മുമ്പില്‍ സ്ത്രീ ആകര്‍ഷണീയതയുള്ളവളാകുന്നത് ജൈവ പ്രകൃതത്തിന്റെ കൂടി ഭാഗമാണ്. തന്റെ സൗന്ദര്യം പുരുഷനെ ആകര്‍ഷിക്കപ്പെടുന്നില്ല എന്ന കാരണത്താല്‍ ആത്മഹത്യകള്‍ വരെ വര്‍ധിക്കുന്നതായി പഠനങ്ങള്‍ ഉണ്ട്(2). മ്ലേച്ഛകരമായ സൗന്ദര്യവര്‍ധക മാര്‍ഗങ്ങള്‍ വരെ ഈ രംഗത്ത് നടക്കുന്നതായി കാണാം(3).
പാശ്ചാത്യസമൂഹം ഇന്ന് കാണുന്ന അധാര്‍മിക ജീവിത സാഹചര്യങ്ങളില്‍ അകപ്പെട്ടത് ഒരു ദിവസത്തെ പരിണാമം കൊണ്ടല്ല. കുടുംബ വിരുദ്ധതയും സ്വതന്ത്ര ലൈഗികതയും നീണ്ട വര്‍ഷത്തെ സാംസ്‌കാരികാധിനിവേശത്തിന്റെ ഉല്‍പന്നമാണ്. ഒരു പെണ്ണ് ശരീരം പ്രദര്‍ശിപ്പിക്കുന്നത് മ്ലേച്ഛ കര്‍മമല്ലെന്നും മറിച്ച് ഒരു പഴക്കച്ചവടക്കാരന്‍ പരസ്യമായി കൈതച്ചക്ക വില്‍ക്കുന്നതു പോലെ കണ്ടാല്‍ മതിയെന്നും പ്രഖ്യാപിച്ചത് പാശ്ചാത്യ ചിന്തകര്‍ തന്നെയാണ്(4). എല്ലാ കാലത്തും ആവിഷ്‌കാര സ്വാതന്ത്ര്യം അതിരുകളില്ലാതെ അനുഭവിക്കാനുള്ള ശ്രമങ്ങളിലാണ് ആ ജനത പ്രധാനമായും ശ്രദ്ധയൂന്നിയിരുന്നത്.
19-ാം നൂറ്റാണ്ട് വരെ മാന്യമായ വസ്ത്രധാരണം ചെയ്തിരുന്ന പാശ്ചാത്യ സമൂഹം 1893-ലെ ചിക്കാഗോ വേള്‍ഡ് കൊളമ്പിയന്‍ എക്‌സ് പൊസിഷനില്‍ ഒരു ബെല്ലി നൃത്തത്തോടെ ആരംഭിച്ച് നാടകങ്ങളില്‍ പെണ്‍വസ്ത്രങ്ങളില്‍ കുറവ് വരുത്തി നഗ്നത പ്രദര്‍ശിപ്പിച്ച് വ്യഭിചാര ശാലകളിലേക്കും നിശാക്ലബ്ബുകളിലേക്കും സൈബര്‍ സെക്‌സിന്റെ വിശാല ലോകത്തേക്കു കവാടം തുറന്ന് മുന്നോട്ടുപോയി. ഒരു സമൂഹത്തെയാകമാനം ധാര്‍മിക ചോര്‍ച്ചയുള്ള മനുഷ്യരാക്കി പരിവര്‍ത്തിപ്പിക്കുകയാണ് ചെയ്തത്(5). ആണ്‍- പെണ്‍ അസ്തിത്വങ്ങളെ ന്യൂട്രലാക്കി ലിംഗസമത്വം പ്രഖ്യാപിച്ച്, ആണ് ആണുമായും പെണ്ണ് പെണ്ണുമായും ഒരുമിച്ച് ജീവിക്കുന്ന അപരിഷ്‌കൃത സമൂഹം രൂപപ്പെടുത്തിയെടുക്കുകയാണ് ദീര്‍ഘകാല ലിബറലിസ്റ്റ് ദൗത്യങ്ങള്‍. സ്വവര്‍ഗരതിയും ലിവിങ് ടുഗതറും സര്‍വ വ്യാപിയായി മാറി. ആണ്‍ പെണ്‍ വസ്ത്രങ്ങള്‍ ന്യൂട്രലാക്കി ഇളംതലമുറയുടെ മസ്തിഷ്‌കങ്ങളില്‍ ‘ഞങ്ങള്‍ ഒന്ന്’ എന്ന വികാരം ശക്തിപ്പെടുത്തി. ഇതപര്യന്തമുള്ള ഓരോ ചുവടുവെപ്പുകളും ഗൗരവബുദ്ധ്യാ വിലയിരുത്തുമ്പോള്‍ ഇക്കാര്യം ബോധപ്പെടും. പ്രത്യക്ഷത്തില്‍ അത്തരമൊരു അപമാനവീകരണത്തെ ബോധ്യപ്പെടാതിരിക്കുന്നത് തന്നെയാണ് സംസ്‌കാരിക അധിനിവേശത്തിന്റെ പ്രത്യേകത. പരോക്ഷവും സ്വകാര്യവുമായി ഒളിച്ചുകടത്തലാണ് തല്‍പരകക്ഷികള്‍ സ്വീകരിക്കാറുള്ളത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 16-ാം അധ്യായം 377-ാം ഭാഗം ഭരണഘടന നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും എതിരാണെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിക്കുന്നുണ്ട്. (ഉഭയകക്ഷി സമ്മതപ്രകാരം പ്രായപൂര്‍ത്തിയായവര്‍ (18 വയസ്സ്) നടത്തുന്ന ലൈംഗിക വേഴ്ചകളെ കുറ്റകരമായി കാണുന്നതാണ് 377-ാം വകുപ്പ്.) പ്രകൃതി വിരുദ്ധ ലൈംഗിക നിയമമെന്ന് പരിചയപ്പെടുത്തി ഈ വകുപ്പ് റദ്ദാക്കണമെന്ന് ബോംബെ ഹൈക്കോടതിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഐ പി സി 377 നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി വിധി വന്ന സന്ദര്‍ഭത്തില്‍ തന്നെ യു എന്‍ എയ്ഡ്‌സും ഹ്യൂമന്‍ റൈറ്റ്‌വാച്ചും വിധിയെ സ്വാഗതം ചെയ്തു.(6) 2008 ആഗസ്തില്‍ മെക്‌സിക്കോയില്‍ നടന്ന അന്താരാഷ്ട്ര എയ്ഡ്‌സ് സമ്മേളനത്തില്‍ പങ്കെടുത്ത് അന്നത്തെ ഇന്ത്യന്‍ ആരോഗ്യമന്ത്രി അന്‍പുമണി രാമദാസ് ഇന്ത്യന്‍ നിയമത്തിലെ 377-ാം വകുപ്പ് നീക്കം ചെയ്യല്‍ അനിവാര്യമാണെന്ന് പ്രസ്താവിച്ചിരുന്നു.(7) എയ്ഡ്‌സ് ബാധിതരെ ചികിത്സിക്കാനും പുനരധിവസിപ്പിക്കാനുമായി ഡല്‍ഹിയില്‍ രൂപീകരിച്ച നാസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ പരാതിയിലാണ് കോടതി വിധി.
ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ ന്യായീകരിക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാനമായ വാദം, അപരലിംഗത്തിലുള്ളവരെ ഉള്‍ക്കൊള്ളുക, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ലിംഗാതീതമായ പൊതുസ്വത്വം രൂപീകരിച്ചെടുക്കുക എന്നെല്ലാമാണ്. മൂന്നാംലിംഗം, അപരലിംഗം എന്നീ വിഭാഗത്തിന്റെ വസ്ത്രമേതാണ്? അവരെക്കൂടി ഉള്‍ക്കൊള്ളുന്ന വസ്ത്രം ഏതായാലും പുരുഷ കേന്ദ്രീകൃത വസ്ത്രമാവില്ലല്ലോ. പെണ്‍ അപര ലിംഗക്കാര്‍ തീര്‍ച്ചയായും അസംതൃപ്തരാവുമല്ലോ. അപ്രകാരം തന്നെ ലിംഗസമത്വമുള്ള പൊതുവായ ഒരു യൂണിഫോം ആണ്‍കുട്ടികളുടെ യൂണിഫോം ആവാന്‍ തരമില്ല. മറിച്ച് എല്ലാ ലിംഗസ്വത്വങ്ങളെയും ഉള്‍ക്കൊള്ളുന്ന വസ്ത്രമായിരിക്കേണ്ടതില്ലേ. മൂന്നാംലിഗക്കാരുടെ ദുരിതങ്ങളുടെ മറവില്‍ LGBTQIA+ ലൈംഗിക അഭിനിവേശങ്ങളെയും വൈകൃതങ്ങളെയും ന്യായീകരിക്കുകയും ആശയവ്യാപനവും സാംസ്‌കാരിക അധിനിവേശവും ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്നതാണെന്ന് തിരിച്ചറിയാന്‍ വലിയ അന്വേഷണ ത്വരയൊന്നും ആവശ്യമില്ല. ഒരുപക്ഷേ, കോഴിക്കോട് ജില്ലയിലെ ഒരു സാധാരണ സ്‌കൂളിലെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് കേവലമായൊരു കണ്‍ഫര്‍ട്ടബിലിറ്റി ഫീല്‍ മാത്രമായേ ഇപ്പോള്‍ അനുഭവപ്പെട്ടിട്ടുണ്ടാവുകയുള്ളൂ.

കുറിപ്പുകള്‍
(1) Allan Mazur, Ustrends in feminine Beauty and over Adaptation. The Journal of Sex Research (Vol. 22, No. 3, 1983, p. 382)
(2) Howard Lavine and Stephen H Wagner ‘Personality and Social Psychology Bulletin, September’ -2010
(3) രതിവിപണിയിലെ ജീവനുള്ള പാവകള്‍, കെ പി റഷീദ്, 2010 മാര്‍ച്ച്
(4) Hawlock Ellis- Sexual Education and Naked Naise 1909 (jstor.org  hm-bn-¡m-hp-¶-Xm-Wv).
(5) Esther Bolt, Pole position- migrant British women proclucing, Selves through lap dancing work, Feminist Review (Feminist Review 83, p. 27)
(6) www.hrw.org, www.religious intelligence.co.uk
(7) The Times of India, 9 Aug 2008 (ഉദ്ധരണം: സ്വവര്‍ഗരതി അവകാശമോ വൈകൃതമോ, എം എം അക്ബര്‍, 2009, ദഅ്‌വ ബുക്‌സ്, കൊച്ചി)

Back to Top