26 Friday
July 2024
2024 July 26
1446 Mouharrem 19

ജെന്‍ഡര്‍ ന്യൂട്രല്‍ ശരീര ശാസ്ത്രത്തെ നിരാകരിക്കുന്ന തോന്നലുകള്‍

ഡോ. അഷ്‌റഫ് കല്‍പറ്റ


കേരളീയ സമൂഹത്തിന്റെ ഓരം ചേര്‍ന്ന് ചൂടും ചൂരുമുള്ള ഒരു ചര്‍ച്ച പുരോഗമിക്കുകയാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണമാണ് ചര്‍ച്ചയുടെ കേന്ദ്രബിന്ദു. ആണിനും പെണ്ണിനും സവിശേഷമായ വസ്ത്രങ്ങള്‍ വേണ്ടതുണ്ടോ? അതോ രണ്ടു വിഭാഗത്തിനും ഒരേ തരത്തിലുള്ള വസ്ത്രം മതിയോ? 2021 ഡിസംബര്‍ 15ന് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ലിംഗനിരപേക്ഷ വസ്ത്രം നടപ്പാക്കുകയുണ്ടായി. അതിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ചവരാണ് ഈ ചര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. അവരില്‍ സാധാരണക്കാര്‍ മുതല്‍ മന്ത്രിമാര്‍ വരെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. വാക്‌പോരുകള്‍ ബഹളമയമായി മുന്നേറുന്നതിനിടയിലാണ് 2022 മെയ് മാസത്തില്‍ ആലുവക്കാരി ആദിലയും കോഴിക്കോട്ടുകാരി ഫാത്തിമ നൂറയും ദമ്പതികളായി ജീവിക്കാന്‍ തീരുമാനിച്ച വിവരം പുറത്തുവരുന്നത്. വീട്ടുകാരുടെ വിലക്കുകള്‍ മറികടന്നുകൊണ്ട് ദാമ്പത്യം തുടരാന്‍ അവര്‍ കോടതിയില്‍ നിന്ന് വിധിയും സമ്പാദിച്ചു. അതോടെ ജെന്‍ഡര്‍ സിദ്ധാന്തക്കാര്‍ രംഗം ആടിത്തിമിര്‍ത്തു. ലിംഗനിരപേക്ഷ വസ്ത്രത്തിന്റെ പ്രകീര്‍ത്തനങ്ങള്‍ വീണ്ടും അന്തരീക്ഷത്തില്‍ മാറ്റൊലി കൊണ്ടു. അതിനിടയിലാണ് എം എസ് എഫിന്റെ കോഴിക്കോട് കാംപയിനില്‍ പങ്കെടുത്തുകൊണ്ട് ഡോ. എം കെ മുനീര്‍ ലിംഗനിരപേക്ഷ യൂനിഫോം സ്‌കൂളുകളില്‍ നടപ്പാക്കുന്നതിനെതിരെ ആഞ്ഞടിച്ചത്. ”അങ്ങനെയെങ്കില്‍ പിണറായി വിജയന്‍ എന്തുകൊണ്ട് സാരിയും ബ്ലൗസും ധരിക്കുന്നില്ലെ”ന്ന അദ്ദേഹത്തിന്റെ ന്യായമായ ചോദ്യം ഇടതു ലിബറല്‍ പാളയത്തെ അക്ഷരാര്‍ഥത്തില്‍ ചൊടിപ്പിച്ചത് നാം കണ്ടു. പച്ചപ്പരിഷ്‌കാരികളും ധാര്‍മികവാദികളും തമ്മില്‍ ഇപ്പോഴും കേരള ഭൂമികയില്‍ ആ വകയില്‍ പടയോട്ടം തുടരുക തന്നെയാണ്.
അല്‍പസമയത്തേക്ക് നമുക്കും ഈ ആശയസംവാദത്തിന്റെ ഭാഗമാകാം. ചോദിച്ചും ഉത്തരങ്ങള്‍ വിലയിരുത്തിയും നമുക്ക് അവരുടെ കൂടെ നടക്കാം. ‘ആണിനും പെണ്ണിനും പ്രത്യേകം വസ്ത്രങ്ങള്‍ ആവശ്യമുണ്ടോ? വസ്ത്രങ്ങള്‍ നോക്കി ആണും പെണ്ണുമെന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ എന്താണ് കുഴപ്പം?’ ഒരുപക്ഷേ ഈ സംവാദത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെട്ട ചോദ്യങ്ങള്‍ ഇതായിരിക്കാം. ഈ ചോദ്യം തന്നെ നമുക്കൊന്ന് തിരിച്ചിട്ടു ചോദിച്ചുനോക്കാം. അതിനു ലഭിക്കുന്ന മറുപടിയില്‍ ഉപരിസൂചിത ചോദ്യത്തിന്റെ ഉത്തരമുണ്ടാകും, തീര്‍ച്ച: ‘ആണിനെയും പെണ്ണിനെയും തിരിച്ചറിയുന്ന വിധം വസ്ത്രം ധരിച്ചാല്‍ എന്താണ് കുഴപ്പം?’ കഴിഞ്ഞ സഹസ്രാബ്ദങ്ങളായി നാം അങ്ങനെയായിരുന്നല്ലോ. ഇപ്പോള്‍ അതില്‍ മാറ്റം കൊണ്ടുവരുന്നതുകൊണ്ടുള്ള മികവുകള്‍ എന്തെല്ലാമാണ്?
ഈ ചോദ്യത്തിന്റെ ഉത്തരം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ ട്വിറ്റര്‍ പേജില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. ബാലുശ്ശേരി സ്‌കൂളിലെ ‘പുരോഗതി’യെക്കുറിച്ച് സാഭിമാനം അവര്‍ നല്‍കിയ പ്രസ്താവനകള്‍ 2021 ഡിസമ്പര്‍ 16ലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് ഇപ്പോഴും നമുക്ക് ലഭ്യമാണ്. അതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ: ”വലിയൊരു പരിവര്‍ത്തനത്തിലേക്കുള്ള ചുവടുവെപ്പാണിത്. ലിംഗനിരപേക്ഷ വസ്ത്രങ്ങള്‍ ആണ്‍-പെണ്‍ വിഭജനത്തെ തകര്‍ത്തെറിയും. ആണ്‍കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടിവരുകയാണ്. ലിംഗനിരപേക്ഷ യൂനിഫോം ഈ വിവേചനങ്ങളെ അവസാനിപ്പിക്കാന്‍ സഹായിക്കും…” (scroll.in, 16 Dec 2021).
പുതിയ വസ്ത്രസംസ്‌കാരത്തെ അനുകൂലിക്കുന്നവരുടെയെല്ലാം ന്യായങ്ങള്‍ ഏകദേശം ഇതിനു തത്തുല്യം തന്നെയാണ്. അതിനാല്‍ നമുക്ക് ഇതിലെ പരാമര്‍ശങ്ങള്‍ വേര്‍തിരിച്ചെടുത്ത് പരിശോധിക്കാം. ഒന്ന്: ‘വലിയൊരു പരിവര്‍ത്തനത്തിലേക്കുള്ള ചുവടുവെപ്പാണിത്.’
ആണിനെയും പെണ്ണിനെയും തിരിച്ചറിയാത്ത വസ്ത്രം ധരിക്കുന്നതോടെ സമൂഹത്തില്‍ ഉണ്ടാക്കുന്ന വലിയ പരിവര്‍ത്തനം എന്താണ്? ‘അത് ആണ്‍-പെണ്‍ വിഭജനത്തെ തകര്‍ത്തെറിയും’ എന്നാണ് മന്ത്രി പറയുന്നത്. മറ്റു പലരും ഇതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. ആണ്‍-പെണ്‍ വിഭജനത്തെ തകര്‍ക്കുന്നത് വലിയ പരിവര്‍ത്തനമാണോ? അതുകൊണ്ട് വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുന്ന മഹത്തായ നേട്ടങ്ങള്‍ എന്തെല്ലാമാണ്? ഈ ചോദ്യത്തിന് ബുദ്ധിയുള്ളവരെ തൃപ്തിപ്പെടുത്തുന്ന ഒരു ഉത്തരം ആരും പറഞ്ഞുകണ്ടിട്ടില്ല.
ആണ്‍-പെണ്‍ വിഭജനം അവസാനിപ്പിക്കലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കുന്നതിന്റെ ഉദ്ദേശ്യമെങ്കില്‍ അത് മനുഷ്യവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണ്. മനുഷ്യര്‍ ആണ്‍-പെണ്‍ ദ്വന്ദ്വങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. കാഴ്ചയിലും പെരുമാറ്റങ്ങളിലും അവര്‍ വ്യത്യസ്തരാണ്. ഈ ലിംഗവൈജാത്യത്തെ കൃത്രിമ വസ്ത്രം തുന്നിയുണ്ടാക്കി മൂടിവെക്കാനാണ് ശ്രമമെങ്കില്‍ അത് പ്രകൃതിവിരുദ്ധമാണെന്നു തീര്‍ച്ച. മനുഷ്യന്റെ ശരീരശാസ്ത്ര സവിശേഷതകളെ ഒരു മീറ്റര്‍ തുണി കൊണ്ട് മൂടിവെച്ചുകളയാമെന്ന പരിഷ്‌കൃത ഭോഷത്തത്തിന് നാം കുട പിടിക്കേണ്ടതുണ്ടോ? ശാസ്ത്രഭാഷയില്‍ മനുഷ്യശരീരത്തിന്റെ ഓരോ മില്ലിമീറ്ററും ആണ്‍-പെണ്‍ വൈവിധ്യങ്ങളുള്ളതാണ് (sexually dimorphic). ചില ഉദാഹരണങ്ങള്‍ ചേര്‍ക്കാം:
മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച് സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും സംയോജിക്കുന്ന സമയത്തുതന്നെ ആണ്‍-പെണ്‍ ദ്വന്ദ്വങ്ങള്‍ തീരുമാനിക്കപ്പെടുന്നുണ്ടെന്ന് സാമാന്യമായി പറയാം. അഥവാ ഒരാള്‍ ആണാകുന്നതും അല്ലെങ്കില്‍ പെണ്ണാകുന്നതും ഒരു ജീവശാസ്ത്ര പ്രക്രിയയാണ്. അതില്‍ മനുഷ്യര്‍ക്ക് ഇച്ഛാനുസാരിയായി കൈകടത്താനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടില്ല. ശരീരത്തിന്റെ ബാഹ്യഭാഗത്ത് പ്രകടമായി കാണുന്ന പ്രത്യുല്‍പാദന അവയവങ്ങള്‍ ഉള്ളതുകൊണ്ടു മാത്രമല്ല മനുഷ്യന്‍ ആണാകുന്നതും പെണ്ണാകുന്നതും. മറിച്ച്, ശരീരകോശങ്ങളും എല്ലും പല്ലും തൊലിയും മുടിയും മാംസപേശികളും തലച്ചോറും പെരുമാറ്റങ്ങളും വികാരങ്ങളുമെല്ലാം ലിംഗഭേദമുള്ളവയാണ്. ഓരോ വ്യക്തിയുടെയും ശരീരകോശങ്ങള്‍ക്കകത്തെ ക്രോമസോം ഘടന സാമാന്യമായി ഒന്നുകില്‍ X-X അല്ലെങ്കില്‍ X-Y ആയിരിക്കും. X-X ഘടനയുള്ളവര്‍ പെണ്ണും X-Y ഘടനയുള്ളവര്‍ ആണുമാണ്. അത് പിന്നീട് മാറ്റാന്‍ ഒരു യൂനിഫോം അണിഞ്ഞാലും സാധ്യമല്ല. അഥവാ മനുഷ്യന്‍ അവന്റെ ശരീരത്തിന്റെ ഓരോ കോശത്തിലും ലിംഗഭേദമുള്ളവനാണ്.
ശരീരശാസ്ത്രം
ഒരാളുടെ മരണശേഷം നാല് ആഴ്ചകള്‍ കഴിഞ്ഞാണ് ശവശരീരാവശിഷ്ടങ്ങള്‍ ലഭിക്കുന്നതെങ്കില്‍ പോലും X, Y ക്രോമസോം പഠനത്തിലൂടെ മരിച്ച വ്യക്തിയുടെ ലിംഗം തിരിച്ചറിയാന്‍ സാധിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. (Das N, Gorea R K, Gargi J, Sing J R, Sex Determination from Pulp Tissues, Journal of Indian Academy of Forensic Medicine, 2004; 26: 122-125).
മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധിച്ച് ജഡം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്നു തീരുമാനിക്കാന്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ശാസ്ത്രശാഖയാണ് ഫോറന്‍സിക് ദന്തശാസ്ത്രം. പല്ലിന്റെ ഘടന, മകുടത്തിന്റെ വലുപ്പം (crown size), വേരിന്റെ നീളം, ഉളിപ്പല്ലുകളുടെ ഘടന തുടങ്ങിയ സവിശേഷതകള്‍ പരിശോധിച്ചു മനസ്സിലാക്കിയാല്‍ ശരീരം ആണിന്റേതോ പെണ്ണിന്റേതോ എന്നു തിരിച്ചറിയാന്‍ ഫോറന്‍സിക് ദന്തശാസ്ത്രജ്ഞര്‍ക്ക് സാധിക്കും (Sagar P Nagare, Rohan Srivivas Chaudhari et al., Sex Determination in Forensic Identification: A Review, Journal of Forensic Dental Sciences, 2008 May-Aug; 10 (2): 61-66).
സ്ത്രീയെയും പുരുഷനെയും തിരിച്ചറിയാന്‍ നരവംശ ശാസ്ത്രജ്ഞര്‍ ഉപയോഗപ്പെടുത്തുന്ന രണ്ട് അസ്ഥികളാണ് തലയോട്ടിയും കീഴ്ത്താടിയെല്ലും (Mandible). തലയോടിന്റെയും കീഴ്ത്താടിയെല്ലിന്റെയും സവിശേഷതകള്‍ പരിശോധിച്ചു മനസ്സിലാക്കാന്‍ സാധിച്ചാല്‍ അത് ആണിന്റേതോ പെണ്ണിന്റേതോ എന്നു പറയാന്‍ എളുപ്പമാണെന്ന് ശാസ്ത്രജ്ഞരായ വില്യംസും റോജേഴ്‌സും കണ്ടെത്തി (Williams B A, Rogers T L, Evaluating the Accuracy and Precision of Cranial Morphological Traits for Sex Determination, Journal of Forensic Sciences, 2006; (4): 729-35).
പുരുഷന്റെയും സ്ത്രീയുടെയും ചര്‍മങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് നിരവധി ജൈവ-ശരീരശാസ്ത്ര പഠനങ്ങള്‍ നടന്നിട്ടുണ്ട്. പുരുഷചര്‍മത്തില്‍ മെഴുക്കിന്റെ (sebum) അളവ് സ്ത്രീചര്‍മത്തെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന നിരക്കിലാണുള്ളതെന്ന് ശാസ്ത്രകാരന്‍മാര്‍ പറയുന്നു. പുരുഷചര്‍മം സ്ത്രീയുടേതിനെക്കാള്‍ കട്ടി കൂടിയതും നിറം (pigmenta tion) കടുത്തതുമാണ്. പുരുഷന്റെ മുഖത്തുണ്ടാകുന്ന ചുളിവുകള്‍ (wrinkles) സ്ത്രീകളുടേതിനെക്കാള്‍ കുഴിഞ്ഞിരിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത് (S Rahrovan MD, MPH; F Fanian MD, Ph.D et al., Male versus Female Skin: What Dermatologists and Cosmetician should know, International Journal of Women’s Dermatology, 2018, (4): 122- 130).
ശരീരശാസ്ത്രപരമായി മനുഷ്യര്‍ ആണോ പെേണ്ണാ ആണ്. കേവല വസ്ത്രമാറ്റത്തിലൂടെ ഒരിക്കലും ഈ വിഭജനം ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല. എങ്കില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ധരിപ്പിച്ച് മനുഷ്യരിലെ ലിംഗവൈജാത്യം തകര്‍ക്കാന്‍ കഴിയുമെന്ന് വീമ്പിളക്കുന്നത് മനുഷ്യപ്രകൃതിയെയും ശാസ്ത്രീയ വസ്തുതകളെയും തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ. മനുഷ്യപ്രകൃതിക്കും ശാസ്ത്രവിരുദ്ധതയ്ക്കും വേണ്ടി മഴവില്‍ വര്‍ണക്കൊടികളേന്തി നടക്കുന്നവര്‍ പുതുതലമുറയെ മാര്‍ഗഭ്രംശത്തിലേക്ക് വഴിനടത്തുകയാണ്.

ക്വിയര്‍ സിദ്ധാന്തം
ഇനി മറ്റൊരു ചോദ്യം: മനുഷ്യപ്രകൃതിയുടെ മൗലികതയായി മനുഷ്യര്‍ ഉണ്ടായ കാലം മുതല്‍ പരിചിതവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ലിംഗവൈജാത്യം വേര്‍തിരിച്ചറിയാതിരിക്കാന്‍ ശ്രമിക്കുന്നതിനു പിന്നിലെ പ്രചോദനമെന്താണ്? ലിംഗവ്യത്യാസം തിരിച്ചറിഞ്ഞാല്‍ എന്തു കുഴപ്പമാണുള്ളത്? ഇവിടെയാണ് എല്‍ജിബിടിക്യൂ രാഷ്ട്രീയത്തിന്റെ നിഗൂഢ തന്തുക്കള്‍ ഒളിഞ്ഞിരിക്കുന്നത്. ജെന്‍ഡര്‍ സിദ്ധാന്തവും ക്വിയര്‍ സിദ്ധാന്തവും അടിത്തറയാക്കി പ്രവര്‍ത്തിച്ചുവരുന്ന സ്വവര്‍ഗഭോഗത്തിന്റെയും മൃഗഭോഗത്തിന്റയും ശവഭോഗത്തിന്റെയും മറ്റു വിചിത്ര ഭോഗസംസ്‌കാരങ്ങളുടെയും സൃഷ്ടിപ്പിന് ലിംഗവൈജാത്യങ്ങളെയും ലിംഗധര്‍മങ്ങളെയും തള്ളിപ്പറഞ്ഞേ മതിയാകൂ. മനുഷ്യരുടെ ലിംഗം തീരുമാനിക്കേണ്ടത് ശരീരശാസ്ത്രം നോക്കിയല്ലെന്നും ഒരാളുടെ ലിംഗം അയാള്‍ തീരുമാനിക്കുന്നതാണെന്നുമുള്ള ‘ശാസ്ത്രീയ’ സൈദ്ധാന്തിക വിദ്യാഭ്യാസമാണ് പുതിയ വസ്ത്രസംസ്‌കാരത്തിന്റെ നിഗൂഢ അജണ്ട. ‘ആണ്‍-പെണ്‍ വിഭജനം തകര്‍ക്കുക’യെന്ന പ്രസ്താവനയിലൂടെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദ്ദേശിച്ചതും ഇതുതന്നെയാണ്.
ശാസ്ത്ര പഠനങ്ങളുടെ കണിക പോലും സ്പര്‍ശിച്ചിട്ടില്ലാത്ത ഈ ‘ലിംഗ സ്വയംതീരുമാന’ സിദ്ധാന്തം പുരോഗമനപരമാണെന്ന് കേരള സര്‍ക്കാരിനും കോടതികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ലിബറല്‍ അരാജകവാദികള്‍ക്കും ഉറപ്പാണത്രേ! ഓരോരുത്തരുടെയും ലിംഗം അവര്‍ പ്രായപൂര്‍ത്തിയെത്തിയ ശേഷം സ്വയം തീരുമാനിക്കണമെന്നാണ് എല്‍ജിബിടിക്യൂ രാഷ്ട്രീയത്തെ പിന്തുണക്കുന്നവരുടെ പ്രധാന വാദം. അതിനാല്‍ കുട്ടികളെ ആണെന്നോ പെണ്ണെന്നോ വിളിക്കരുത്. ആണിന്റെയോ പെണ്ണിന്റെയോ വസ്ത്രങ്ങള്‍ അണിയിക്കരുത്. ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ലിംഗം രേഖപ്പെടുത്തരുത്. സ്‌കൂളുകളില്‍ എല്ലാവരെയും ഒന്നിച്ച് ഇരുത്തണം. അവര്‍ ആണോ പെണ്ണോ എന്ന്, അല്ലെങ്കില്‍ ആണും പെണ്ണുമല്ലെന്ന് അവര്‍ വലുതായ ശേഷം സ്വയം തീരുമാനിക്കട്ടെ എന്നെല്ലാമാണ് എല്‍ജിബിടിക്യൂ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആവശ്യപ്പെടുന്നത്. ആ രാഷ്ട്രീയം നമ്മുടെ നേതൃനിരയെയും പുതുതലമുറയെയും എത്ര ആഴത്തില്‍ സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് തെരുവില്‍ ചുംബിച്ചും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ കയറിയിരുന്നും പെണ്‍കുട്ടികള്‍ പരസ്പരം ദമ്പതികളായുമെല്ലാം സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഈ സംസ്‌കാരം മനുഷ്യ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ പോകുന്ന ആഘാതങ്ങള്‍ ചിന്താശക്തിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. നമ്മുടെ നാടിനേക്കാള്‍ മുമ്പേ ഈ സിദ്ധാന്തങ്ങളെ വാരിപ്പുണര്‍ന്ന നാടുകള്‍ ആ ദുരന്തത്തിന്റെ കഥ വിളിച്ചുപറഞ്ഞുതുടങ്ങിയിട്ടുണ്ട്. അതിലൊന്ന്, താന്‍ ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിവില്ലാത്ത കൗമാരക്കാര്‍ വര്‍ധിച്ചുവരുന്നുവെന്നതാണ്. 2015-2016 കാലത്ത് അമേരിക്കയിലെ കാലിഫോര്‍ണിയയിലെ 1600 കുടുംബങ്ങളില്‍ നടത്തിയ ഒരു പഠനത്തിന്റെ റിപോര്‍ട്ട് വില്യം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ: ‘കാലിഫോര്‍ണിയയിലെ 12നും 17നും ഇടയില്‍ പ്രായമുള്ള നാലു കുട്ടികളില്‍ ഒരാള്‍ എന്ന തോതില്‍ താന്‍ ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിവില്ലാത്തവരാണ്.’ ‘കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ആണോ പെണ്ണോ എന്ന് സ്വയം തിരിച്ചറിയാന്‍ കഴിയാത്തവരില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരുടെ തോത് രണ്ടിരട്ടിയില്‍ കൂടുതലാണ്’ (https://william institute. law.ulca.edu/publications, Characteristics and Mental Health of Gender Nonconfor ming Adolescents in California, December 2017). 2018 ഫെബ്രുവരി 6ന് പുറത്തിറങ്ങിയ സി എന്‍ എന്‍ വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ: ‘അമേരിക്കയിലെ കൗമാരക്കാരില്‍ കൂടുതലും ആണ്‍-പെണ്‍ സ്വത്വങ്ങളെ നിരാകരിക്കുന്നു’ (cnn.com, More US Teens are Rejecting ‘boy’ or ‘girl’ gender identities, a study finds).
ചെറുപ്പം മുതല്‍ കുട്ടികളെ ആണോ പെണ്ണോ എന്ന് അറിയിക്കാതെ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ അണിയിച്ചും ലിംഗഭേദത്തിന്റെ മുഴുവന്‍ അടയാളങ്ങളും തുടച്ചുമാറ്റിയും വളര്‍ത്തിയാല്‍ താന്‍ ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ പോലും കഴിവില്ലാത്ത മനുഷ്യക്കുഞ്ഞുങ്ങളെ നിര്‍മിച്ചെടുക്കാന്‍ കഴിയുമെന്ന് മനസ്സിലായി. ഇതുകൊണ്ട് ആ കുട്ടിക്ക് അല്ലെങ്കില്‍ അവന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന് എന്താണ് ഗുണം? സ്വന്തം ആഗ്രഹ പൂര്‍ത്തീകരണം എന്നതില്‍ കവിഞ്ഞ പ്രത്യേക ഗുണമൊന്നുമില്ലെങ്കില്‍ ഇത് പുരോഗമനമാകുന്നതെങ്ങനെ? ലിബറല്‍ സിദ്ധാന്തങ്ങളെ താലോലിക്കുന്നവര്‍ക്ക് ഉത്തരമുണ്ടോ? മനുഷ്യക്കുഞ്ഞുങ്ങളെ ഇപ്രകാരം വാര്‍ത്തുണ്ടാക്കിയാല്‍ ഒരു രോഗാതുരമായ സമൂഹത്തെ സൃഷ്ടിക്കാമെന്നു മാത്രമേ സമകാലിക പഠനങ്ങള്‍ സമര്‍ഥിക്കുന്നുള്ളൂ.
കുട്ടികള്‍ വലുതാകുമ്പോള്‍ അവരവര്‍ക്ക് തോന്നുന്നതനുസരിച്ച് അവരുടെ ലിംഗം തിരഞ്ഞെടുക്കട്ടെ. രക്ഷിതാക്കളോ സമൂഹമോ അതില്‍ ഇടപെടാന്‍ പാടില്ലെന്നാണ് ജെന്‍ഡര്‍ സിദ്ധാന്തക്കാരുടെ പക്ഷം. സ്വന്തം ലിംഗം തീരുമാനിക്കാന്‍ ഒരിക്കലും മാറ്റമില്ലാത്ത ജീവശാസ്ത്ര യാഥാര്‍ഥ്യങ്ങളെ അവഗണിച്ച്, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന മാനസിക തോന്നലുകളെ അടിത്തറയാക്കുന്നതിലെ ശാസ്ത്രീയതയും യുക്തിഭദ്രതയും എന്താണ്? അതില്‍ ശാസ്ത്രവും യുക്തിയും ഒന്നുമില്ല. താന്തോന്നിത്തരത്തെ ജീവിത ആദര്‍ശമായി സ്വീകരിക്കാന്‍ തിടുക്കം കൂട്ടുന്നവരുടെ ഭൗതികപ്രമത്തത മാത്രമാണ് അതിനു പിന്നില്‍. മനസ്സിന്റെ തോന്നലിനനുസരിച്ച്- പുരോഗമന ഭാഷയില്‍ പറഞ്ഞാല്‍ കംഫര്‍ട്ടും കണ്‍വീനിയന്‍സും- ജീവിതത്തെ ചിട്ടപ്പെടുത്താന്‍ തുടങ്ങിയാല്‍ സമൂഹത്തില്‍ ആണും ആണും, പെണ്ണും പെണ്ണും ദമ്പതികളാകുന്ന സ്വവര്‍ഗ ലൈംഗിക കുടുംബങ്ങള്‍ വര്‍ധിക്കും, സ്വവര്‍ഗ ലൈംഗികതയെന്ന പ്രകൃതിവിരുദ്ധത കുതിച്ചുയരും. പരിഷ്‌കൃത നാടുകള്‍ അത് നമുക്ക് കാണിച്ചുതരുന്നു. ചെറിയൊരു നഖചിത്രം താഴെ ചേര്‍ക്കാം:
ഇത് പുരോഗമനമോ?
അമേരിക്കന്‍ ജനസംഖ്യയില്‍ 3.5% യൗവനയുക്തരും സ്വവര്‍ഗാനുരാഗികളാണെന്നും എന്നാല്‍ അമേരിക്കന്‍ ദ്വിവര്‍ഗാനുരാഗികള്‍ (Bisexuals) പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു (https://william institute.law.ucla.edu/publications/howmanypeoplelgbt/). 2000ലെ യു എസ് സെന്‍സസ് അനുസരിച്ച് അമേരിക്കയില്‍ 5.5 ദശലക്ഷം ആളുകള്‍ വിവാഹിതരാകാതെ ഒന്നിച്ചു കഴിയുന്നവരാണ് (Living together). അതിന്റെ ഒമ്പതിലൊന്ന് ഭാഗവും സ്വവര്‍ഗാനുരാഗികളാണ്. അതേ സെന്‍സസ് പ്രകാരം അമേരിക്കയില്‍ 3,01,026 പുരുഷ സ്വവര്‍ഗാനുരാഗ കുടുംബങ്ങളും 2,93,365 സ്ത്രീ സ്വവര്‍ഗാനുരാഗ കുടുംബങ്ങളും നിലവിലുണ്ട് (https://www.apa.org/topics/lgbt/orientation). ഏഷ്യ, കിഴക്കന്‍ യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലായി നടന്ന 67ഓളം പഠനങ്ങള്‍ പ്രത്യേകം പ്രസ്താവ്യമാണ്. അതനുസരിച്ച് കിഴക്കന്‍ ഏഷ്യയിലെ മൂന്നു മുതല്‍ അഞ്ചു ശതമാനം പുരുഷന്‍മാരും സ്വവര്‍ഗാനുരാഗികളാണ്. ദക്ഷിണേഷ്യയിലും ദക്ഷിണ പൂര്‍വേഷ്യയിലും 6 മുതല്‍ 12 ശതമാനം സ്വവര്‍ഗരതിക്കാരുണ്ട്. കിഴക്കന്‍ യൂറോപ്പില്‍ ഇവരുടെ ജനസംഖ്യ 6 മുതല്‍ 15 ശതമാനമാണ്. ലാറ്റിനമേരിക്കയിലാകട്ടെ ഇത് 6 മുതല്‍ 20 ശതമാനം വരെയാണ് (Caceres C, Konda K, Pencheny M, et al. (2006). Estimating the number of men who have sex with men in low and middle income countries, Sexually Transmitted Infections, (82) (Suppl.III): iii3-iii9).
ആസ്‌ത്രേലിയയിലെ 4.1% പുരുഷന്‍മാരും 2.8% സ്ത്രീകളും സ്വവര്‍ഗാനുരാഗികളാണെന്ന് 14 വയസ്സിനു മുകളില്‍ പ്രായമുള്ള 1,80,000 പേര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് റോയ് മോര്‍ഗണ്‍ ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു (Is Australia getting gayerand how gay will get?, Roy Morgan Research Report, 2 June 2015).
2014ലെ കണക്കനുസരിച്ച് കാനഡയിലെ സ്വവര്‍ഗാനുരാഗികള്‍ 1.7 ശതമാനമാണെങ്കില്‍ ഫ്രാന്‍സിലെ സ്ത്രീകള്‍ക്കിടയില്‍ 2016ല്‍ നടന്ന പഠനം പറയുന്നത് അവരില്‍ 4 ശതമാനം സ്ത്രീകളും സ്വവര്‍ഗാനുരാഗികളോ ദ്വിവര്‍ഗാനുരാഗികളോ ആണെന്നാണ്. 2016ല്‍ തന്നെ 2500 ജര്‍മന്‍കാര്‍ക്കിടയില്‍ നടത്തിയ മുഖാമുഖ സര്‍വേയില്‍ അവരിലെ 1.5% ആളുകളും പൂര്‍ണ സ്വവര്‍ഗരതിക്കാരാണെന്ന് തെളിയുകയുണ്ടായി. 2011ല്‍ ഇറ്റലിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സര്‍വേ അനുസരിച്ച് ഇറ്റാലിയന്‍ ജനസംഖ്യയുടെ 2.4% സ്വവര്‍ഗാനുരാഗികളോ ദ്വിവര്‍ഗാനുരാഗികളോ ആണ്. 2018ല്‍ ജപ്പാനിലെ 20നും 51നും ഇടയ്ക്ക് പ്രായമുള്ളവരില്‍ നടത്തിയ പഠനത്തില്‍ 7.6% ആളുകളും സ്വവര്‍ഗാനുരാഗികളാണെന്ന് വെളിപ്പെട്ടു. മെക്‌സിക്കോയില്‍ ഇവര്‍ 6 ശതമാനവും (2017), ന്യൂസിലന്‍ഡില്‍ 4.4 ശതമാനവുമാണ് (2013-14). (https://en.m.wikipedia.org/wiki/Demegraphics_of_sexualorient ation). നമ്മുടെ ഇന്ത്യയില്‍ 25 ലക്ഷം സ്വവര്‍ഗാനുരാഗികളുണ്ടെന്നാണ് 2012ല്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാണിച്ചത് (The Hindu, 13 March, 2012).
ലോകത്ത് സ്വവര്‍ഗാനുരാഗി പട്ടികയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന അവഗണനാതീതമായ ജനസംഖ്യയെക്കുറിച്ച് സാമാന്യമായ ധാരണ ലഭിക്കാനാണ് ഇത്രയും കണക്കുകള്‍ ഉദ്ധരിച്ചത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമുകളുടെ പിന്നാമ്പുറത്ത് സക്രിയമായി ഒളിഞ്ഞിരിക്കുന്ന ജെന്‍ഡര്‍ രാഷ്ട്രീയം സമൂഹത്തിനു സമ്മാനിക്കുന്ന ‘പുരോഗതി’ മനസ്സിലായല്ലോ.
ഇത് ആണ്‍-പെണ്‍ പ്രശ്‌നത്തില്‍ മാത്രം അവസാനിക്കില്ല. ഒരിക്കല്‍ ഒരാള്‍ക്കു തോന്നിയത് താന്‍ ഒരു പട്ടിയാണെന്നായിരുന്നു. അയാള്‍ ആ തോന്നലിനനുസരിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. 2022 മെയ് 31ന് ടൈംസ് നൗ ഓണ്‍ലൈന്‍ പതിപ്പില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ട് വായിക്കാം: ‘ജപ്പാന്‍കാരന്‍ 12 ലക്ഷം മുടക്കി പട്ടിയായി.’ ഇതേ വാര്‍ത്ത ഇകണോമിക് ടൈംസ്, സീ ന്യൂസ് ഇന്ത്യ തുടങ്ങിയ വാര്‍ത്താ പോര്‍ട്ടലുകളിലും കാണാം. മാത്രമല്ല, യൂട്യൂബില്‍ ഇയാളുടെ വീഡിയോയും ലഭ്യമാണ്. മനുഷ്യന്റെ തോന്നലുകള്‍ അനുചിതമെങ്കില്‍ അത് ചികിത്സിച്ചു ഭേദമാക്കുന്നതിനു പകരം, അതിനനുസരിച്ച് ജീവിക്കുന്നതാണ് പുരോഗമനമെന്നു പഠിപ്പിച്ചാല്‍ സമൂഹത്തില്‍ മനുഷ്യപ്പട്ടികളുടെയും കുറുക്കന്മാരുടെയുമെല്ലാം അവതാരങ്ങള്‍ പ്രത്യക്ഷപ്പെടും. വളരെ കേമമായ പുരോഗമനം!
മനുഷ്യരുടെ ലിംഗസംബന്ധിയായ തോന്നലുകള്‍ ജീവിതത്തില്‍ പലപ്പോഴായി മാറുമെന്നാണ് ഏറ്റവും പുതിയ ജെന്‍ഡര്‍ ശാസ്ത്രം. അഥവാ രാവിലെ ആണായിരുന്നവന്‍ വൈകുന്നേരം പെണ്ണാകാം. രാത്രിയില്‍ വീണ്ടും ആണും നേരം പുലര്‍ന്നാല്‍ പിന്നെ പെണ്ണും. അതിനാല്‍ വ്യക്തികളുടെ ലിംഗം പ്രവചിക്കാന്‍ പ്രയാസമാണെന്ന് ഇവര്‍ സിദ്ധാന്തിക്കുന്നു. ഇതിന് ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റി (ഴലിറലൃ ളഹൗശറശ്യേ) എന്നു പറയും. ഈ സിദ്ധാന്തം സമൂഹത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയാല്‍ ആരും എപ്പോഴും ആണാകാം പെണ്ണുമാകാം. അതിനാല്‍ എല്ലാവര്‍ക്കും ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ആകാം. കാരണം, എപ്പോഴാണ് ലിംഗം മാറുന്നതെന്ന് പറയാന്‍ കഴിയില്ലല്ലോ! ഇത്തരം സുന്ദര വിഡ്ഢിത്തങ്ങളെ തലയില്‍ ചുമക്കുന്നതിന്റെ പേരാണ് ‘പുരോഗതി!’

3.7 3 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x