20 Saturday
July 2024
2024 July 20
1446 Mouharrem 13

നമുക്ക് വേണ്ടത് ക്വിയര്‍ നോര്‍മേറ്റീവ് അല്ല

എം എം അക്ബര്‍


ഇന്ത്യന്‍ നിയമസംഹിതയെ ക്വിയര്‍ നോര്‍മേറ്റീവ് ആക്കുന്നതിനായി പണിയെടുത്ത എന്‍ ജി ഒകളുടെ ഇപ്പോഴുള്ള ദൗത്യമെന്താണ്? അപരലിംഗത്വമുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണോ അവ പരിശ്രമിക്കുന്നത്? എയ്ഡ്‌സ് ബോധവത്കരണത്തിന്റെയും പുനരധിവാസത്തിന്റെയും മേലങ്കിയണിയുന്ന ഇവര്‍ക്ക് മറ്റു ലക്ഷ്യങ്ങള്‍ എന്തെങ്കിലുമുണ്ടോ?
സൈനിക നടപടികളിലൂടെ രാഷ്ട്രീയമായ അധീശത്വത്തിനും ഐ എം എഫിനെയും ലോകബാങ്കിനെയും പോലെയുള്ള ഫണ്ടിംഗ് ഏജന്‍സികളിലൂടെ സാമ്പത്തിക മേല്‍ക്കോയ്മക്കും പരിശ്രമിക്കുന്നതുപോലെ സര്‍ക്കാരിതര സന്നദ്ധ സംഘടനകളിലൂടെ (നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍സ് – എന്‍ ജി ഒ) സാമ്രാജ്യത്വം പരിശ്രമിക്കുന്നത് സാംസ്‌കാരികമായ അധീശത്വത്തിനാണെന്ന വസ്തുത ഇത്തരം സംഘടനകളെ സൂക്ഷ്മമായ നിരീക്ഷണത്തിനു വിധേയമാക്കിയാല്‍ ബോധ്യപ്പെടും. പ്രകൃതിവാദവും മനുഷ്യാവകാശവും പുനരധിവാസവും സന്നദ്ധസേവനവുമെല്ലാം മുഖമുദ്രയാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എന്‍ ജി ഒകളില്‍ മിക്കതും ക്വിയര്‍ നോര്‍മേറ്റിവിറ്റിയാണ് മൂന്നാം ലോകത്തിലുള്ളവരുടെ മസ്തിഷ്‌കത്തിലേക്ക് കുത്തിക്കയറ്റിക്കൊണ്ടിരിക്കുന്നത്.
സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയമായ അധീശത്വത്തിന്റെയും സാമ്പത്തിക മേല്‍ക്കോയ്മയുടെയും ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്കിടയിലേക്ക് സാമ്രാജ്യത്വ വിരുദ്ധ അജണ്ട എന്ന മുഖംമൂടിയിട്ടുകൊണ്ടാണ് എന്‍ ജി ഒകള്‍ കടന്നുവരുക. മൂന്നാംലോകത്തിലെ തെരുവോരങ്ങളില്‍ മാത്രം നടക്കുന്ന സാമ്രാജ്യത്വവിരുദ്ധ സമരങ്ങളെക്കൊണ്ട് അധികാരത്തിനോ അധീശത്വത്തിനോ യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് കൃത്യമായി അറിയുന്നവരാണ് എന്‍ ജി ഒകളെ തീറ്റിപ്പോറ്റുന്നവര്‍. സാമ്രാജ്യത്വ അധീശത്വത്തിന്റെ ദുരിതങ്ങള്‍ പേറുന്നവര്‍ക്കിടയില്‍ എളുപ്പം കടന്നുകയറാന്‍ കഴിയുന്ന സാമ്രാജ്യത്വവിരുദ്ധ അജണ്ടകളുമായി തുടങ്ങുന്ന എന്‍ ജി ഒകള്‍ അടിസ്ഥാന വര്‍ഗങ്ങളുടെ മസ്തിഷ്‌കത്തിലും രക്തത്തിലും ‘ക്വിയര്‍ നോര്‍മേറ്റീവ് ആശയങ്ങള്‍’ കുത്തിക്കയറ്റി അവരെ സാംസ്‌കാരികമായി അടിമകളാക്കിത്തീര്‍ക്കുകയെന്ന ദൗത്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
എന്‍ ജി ഒകളെ എന്തിന്
ഉപയോഗിക്കുന്നു?

1999-ലെ കണക്കു പ്രകാരം മൂന്നാംലോകത്തു പ്രവര്‍ത്തിക്കുന്ന അമ്പതിനായിരത്തിലധികം എന്‍ ജി ഒകളിലൂടെ ഒരോ വര്‍ഷവും ചുരുങ്ങിയത് നൂറു കോടി ഡോളറാണ് പാശ്ചാത്യലോകം ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അത് എത്രയോ കൂടുതലായിരിക്കും. ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങളും കോര്‍പറേറ്റ് കമ്പനി മാനേജര്‍മാരോട് കിടപിടിക്കുന്ന ശമ്പളവും നല്‍കി എന്‍ ജി ഒകളെ നയിക്കാന്‍ ആളുകളെ നിയമിക്കുന്ന പാശ്ചാത്യ ഏജന്‍സികള്‍ ഇതെല്ലാം ചെയ്യുന്നത് മൂന്നാംലോകത്തുള്ളവരുടെ ദുരിതങ്ങള്‍ തീര്‍ക്കാനാണെന്ന് കരുതുന്നവര്‍ക്കു തെറ്റി. ഈ വസ്തുത ന്യൂയോര്‍ക്ക് ബിംഗാംപ്ടണ്‍ സര്‍വകലാശാലയിലെ അധ്യാപകനായ ജയിംസ് പെട്രാസ് തന്റെ എന്‍ ജി ഒകള്‍: സാമ്രാജ്യത്വത്തിന്റെ സേവനത്തില്‍ (NGOs: In the Service of Imperialism, Journal of Contemporary Asia, Vol. 29, Issue 4, 1999, pages 429-440) എന്ന പഠനത്തില്‍ തുറന്നെഴുതുന്നുണ്ട്. പാശ്ചാത്യസര്‍ക്കാരുകളും അവയെ പിന്താങ്ങുന്ന കോര്‍പറേറ്റ് ഭീമന്മാരുമാണ് ഇടയാള സംഘങ്ങളിലൂടെ മൂന്നാംലോകത്തെ സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതെന്നും പ്രസ്തുത സഹായങ്ങള്‍ വഴി തങ്ങളുടെ സാംസ്‌കാരിക അധീശത്വം സ്ഥാപിച്ചെടുക്കുകയാണ് സാമ്രാജ്യത്വം ചെയ്യുന്നതെന്നുമാണ് പെട്രാസ് വസ്തുതകള്‍ നിരത്തി സമര്‍ഥിക്കുന്നത്.
ജര്‍മനിയിലെ ട്രയര്‍ സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ ഡോ. ബേര്‍ണ്ഡ് ഹാമും കാനഡയിലെ മനിട്ടോവ സര്‍വകലാശാല സാമൂഹ്യശാസ്ത്ര അധ്യാപകനും ക്രിമിനോളജിസ്റ്റുമായ ഡോ. റസ്സല്‍ ചാള്‍സ് സ്മാന്‍ഡിക്കും ചേര്‍ന്ന് ക്രോഡീകരിച്ച സാംസ്‌കാരിക സാമ്രാജ്യത്വം (Bernd Hamm and Russel Smandych: Cultural Imperialism, Toronto, 2005) എന്ന ലേഖനസമാഹാരത്തിന്റെ ‘സാംസ്‌കാരിക സാമ്രാജ്യത്വം: ചരിത്രവും ഭാവിയും’ എന്ന തലക്കെട്ടിലുള്ള രണ്ടാം ഭാഗത്ത് (47-49 പുറങ്ങള്‍) ശ്രീലങ്കന്‍ സാമൂഹ്യശാസ്ത്രജ്ഞനായ സൂസാന്ത ഗോനാതിലകെ സാമ്രാജ്യത്വം എങ്ങനെയാണ് എന്‍ ജി ഒകളെ ഉപയോഗിച്ച് സാംസ്‌കാരികമായ അധീശത്വത്തിനായി പരിശ്രമിക്കുന്നത് എന്ന് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ബുദ്ധമത സംഘടനയെന്ന മുഖംമൂടിയുമായി 1970-കളില്‍ ശ്രീലങ്കയില്‍ സജീവമായിരുന്ന ‘സര്‍വോദയ’യെന്ന എന്‍ ജി ഒ എങ്ങനെയാണ് പാശ്ചാത്യ സാമ്പത്തിക സഹായങ്ങള്‍ ഉപയോഗിച്ച് ശ്രീലങ്കയിലെ സാധാരണക്കാരിലേക്ക് സാംസ്‌കാരികമായ അധിനിവേശം സാധിച്ചതെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു. ശ്രീലങ്കയില്‍ ഇപ്പോഴും സര്‍വോദയ ശ്രമദാന മൂവ്‌മെന്റ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളാണ് ശ്രീലങ്കയിലെ ഏറ്റവും വലിയ ജനകീയ സംഘടനയെന്ന് അവകാശപ്പെടുന്ന അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹി കസേവന പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായിത്തന്നെ അവരുടെ വെബ്‌സൈറ്റിലുണ്ട്.
ഇന്ത്യയില്‍ നൂറുകണക്കിന് എന്‍ ജി ഒകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അമ്പത് സന്നദ്ധ സംഘടനകളുടെ ലിസ്റ്റ് ‘എന്‍ ജി ഓസ് ഇന്ത്യ’ എന്ന വെബ്‌സൈറ്റിലുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍ ജി ഒകളില്‍ മിക്കതിനും വിദേശ സഹായം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെ വിദേശ സഹായം ലഭിക്കുന്ന 104 സംഘടനകള്‍ എയ്ഡ്‌സ് രോഗികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ 1998-ലെ കണക്ക്. ഇവര്‍ക്ക് ധനസഹായം നല്‍കുന്നത് പ്രധാനമായും 22 വിദേശ ഏജന്‍സികളാണ്.
ഇന്ത്യന്‍ ശിക്ഷാനിയമം 377-ാം വകുപ്പ് നിലനിന്നിരുന്ന കാലത്ത് അതിന്റെ അടിസ്ഥാനത്തില്‍ പീഡനത്തിനിരയായി എന്നു പറയുന്ന കേസുകളിലെ എന്‍ ജി ഒകളെല്ലാം വിദേശ സഹായം പറ്റുന്നവയാണ്. പ്രസ്തുത കേസുകളില്‍ പോലീസ് തയ്യാറാക്കിയ ഫയലുകള്‍ പരിശോധിച്ചാല്‍ ഇവയൊന്നും എയ്ഡ്‌സ് രോഗികളെ ബോധവത്കരിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുകയെന്ന നിരുപദ്രവ സേവനം മാത്രമായിരുന്നില്ല നിര്‍വഹിച്ചിരുന്നതെന്ന് മനസ്സിലാവും. എന്‍ ജി ഒകള്‍ പറയുന്നത് അപ്പടി സ്വീകരിച്ചാല്‍ പോലും ബോധവത്കരണത്തിന്റെ പേരില്‍ ഏറ്റവും ചുരുങ്ങിയത് സ്വവര്‍ഗരതിയെ പാപമുക്തമാക്കി അവതരിപ്പിക്കുകയും അത് ചെയ്യുന്നവരെ അതില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയും, അത്തരം ആളുകള്‍ക്ക് ‘ഇണ’കളെ കണ്ടെത്താനുള്ള സഹായങ്ങള്‍ നല്‍കുകയും കൂടി അവര്‍ ചെയ്തിരുന്നു എന്നുതന്നെയാണ് മനസ്സിലാവുന്നത്. ക്വിയര്‍ നോര്‍മേറ്റീവ് വീക്ഷണങ്ങള്‍ പ്രചരിപ്പിക്കാനും ഇന്ത്യയിലുള്ളവര്‍ക്ക് അതുവരെ അന്യമായിരുന്ന ആശയങ്ങളും സംസ്‌കാരവും അടിച്ചേല്‍പിക്കാനുമാണ് വിദേശ സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന എന്‍ ജി ഒകള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അവരുടെ തന്നെ വാദങ്ങള്‍ അതേപടി സ്വീകരിച്ചാല്‍ പോലും സമ്മതിക്കേണ്ടിവരും.
ലൈംഗികതയുടെ വര്‍ണങ്ങളെല്ലാം ആസ്വദിക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള നിയമനിര്‍മാണങ്ങള്‍ നടത്താന്‍ കോടതിയെ നിര്‍ബന്ധിക്കുക, ഹെറ്റെറോനോര്‍മേറ്റിവിറ്റിയില്‍ നിന്ന് ക്വിയര്‍ നോര്‍മേറ്റിവിറ്റിയിലേക്ക് സമൂഹത്തെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുക എന്നീ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സ് ഉപയോഗിച്ചിരുന്നത് എന്‍ ജി ഒകളെയായിരുന്നു. എന്‍ ജി ഒകളിലൂടെ യൂറോപ്യന്‍ എജന്‍സികള്‍ നടത്തുന്ന സാംസ്‌കാരിക അധിനിവേശത്തിന്റെ അപകടങ്ങള്‍ അറിയുന്നതുകൊണ്ടാണ് നാടിനെ സ്‌നേഹിക്കുന്നവര്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ഭയപ്പാടോടുകൂടി നോക്കിക്കണ്ടിരുന്നത്. തങ്ങളുടെ ഏഷ്യന്‍ സുഖദായക കേന്ദ്രങ്ങളായ ബാങ്കോക്കും പട്ടായയും പെനാങ്ങും മനിലയും സുരബായയും ബാലിയും മടുത്തവര്‍ ലൈംഗിക വൈകൃതങ്ങളുടെ കഴുകക്കണ്ണുകളുമായി ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അവര്‍ ആഗ്രഹിക്കുന്ന ‘പക്വത’ ഇന്ത്യന്‍ മനസ്സ് ഇനിയും നേടിയെടുത്തു കഴിഞ്ഞിട്ടില്ല. ആ പക്വതയുടെ പേരാണ് യഥാര്‍ഥത്തില്‍ ക്വിയര്‍ നോര്‍മേറ്റിവിറ്റി. ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ന്നാല്‍ സ്വാഭാവികമായി ഉണ്ടായിവരുന്നതാണിത്. എയ്ഡ്‌സ് പുനരധിവാസത്തിന്റെയും ‘ബോധവത്കരണത്തിന്റെയും’ മുഖങ്ങളുള്ള പല എന്‍ ജി ഒകളെയും ഏല്‍പിച്ചിരിക്കുന്ന ജോലി ഈ പക്വതയിലേക്ക് ഇന്ത്യന്‍ മനസ്സിനെ പരിവര്‍ത്തിപ്പിക്കുകയെന്നതാണ്. അതിന് അനുകൂലമായ നിയമനിര്‍മാണം നടന്നത് അതിന്റെ ഒന്നാം ഘട്ടമാണ്.

രാഷ്ട്രീയ നേതൃത്വങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനം
എന്‍ ജി ഒകളുടെ രണ്ടാമത്തെ ദൗത്യം രാഷ്ട്രീയ നേതൃത്വത്തെ ക്വിയര്‍ നോര്‍മേറ്റീവ് ആക്കുകയാണ്. ഹെറ്ററോ നോര്‍മേറ്റിവിറ്റിയെ പരസ്യമായി വിമര്‍ശിക്കാന്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് സന്നദ്ധനാകുന്നുണ്ടെങ്കില്‍ അതിനര്‍ഥം അയാള്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് പൂര്‍ണമായും വിധേയമായിക്കഴിഞ്ഞുവെന്നാണ്. വ്യത്യസ്തമായ സാംസ്‌കാരിക ഇടപെടലുകള്‍ വഴിയാണ് രാഷ്ട്രീയ നേതൃത്വങ്ങളെ ക്വിയര്‍ നോര്‍മേറ്റിവിറ്റിയിലേക്ക് നയിക്കുക. തീവ്ര ഇടതുപക്ഷം മുതല്‍ തീവ്ര വലതുപക്ഷം വരെയുള്ള വര്‍ണരാജിയിലെ ഒരുവിധം എല്ലാ രാഷ്ട്രീയകക്ഷികളിലുമുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ക്വിയര്‍ നോര്‍മേറ്റീവ് ആശയങ്ങളെ വഹിക്കുന്നവരാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇത്തരം വിഷയങ്ങളിലുള്ള അവരുടെ പ്രതികരണങ്ങള്‍ പറഞ്ഞുതരുന്നത്.
സ്വവര്‍ഗരതിയെയും സ്വവര്‍ഗവിവാഹത്തെയുമെല്ലാം വ്യക്തിസ്വാതന്ത്ര്യമായാണ് അവരില്‍ പലരും വിലയിരുത്തുന്നത്. അതിന് മതങ്ങള്‍ എതിരുനില്‍ക്കുന്നത് ആധുനികത ഉള്‍ക്കൊള്ളാത്തതുകൊണ്ടാണെന്ന് വിലയിരുത്തുന്നവരാണവര്‍. സ്വവര്‍ഗാനുരാഗം വ്യക്തിസ്വാതന്ത്ര്യമാണെന്ന് പറഞ്ഞുതുടങ്ങുന്നവര്‍ അവസാനം എത്തുന്നത് ബാലരതിയും ശിശുകാമവുമെല്ലാം അതേ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വരുതിയില്‍ കൊണ്ടുവരണമെന്ന ആശയത്തിലേക്കാണെന്ന സത്യം അവരില്‍ പലരും മനസ്സിലാക്കുന്നില്ല. അത് മനസ്സിലാക്കുമ്പോഴേക്ക് അവരും ആ ആശയങ്ങളുടെ പ്രചാരകരായി മാറിയിട്ടുണ്ടാകുമെന്നതാണ് പാശ്ചാത്യരില്‍ നിന്ന് നാം പഠിക്കേണ്ട സത്യം.
കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയകക്ഷികളുടെ യുവനേതാക്കളോട് ഇവ്വിഷയകമായ ആശയവിനിമയം നടത്തിയാല്‍ അവര്‍ എത്രത്തോളം ആഴത്തില്‍ ക്വിയര്‍ നോര്‍മേറ്റീവ് ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത സുതരാം ബോധ്യമാകും. മതനാമങ്ങള്‍ പേറുകയോ മതപശ്ചാത്തലത്തില്‍ വളരുകയോ ചെയ്ത സംഘടനകളുടെ യുവനേതൃത്വങ്ങള്‍ പോലും ഇതിന് അപവാദമല്ല. അവകാശങ്ങള്‍ ലഭിക്കേണ്ട ലൈംഗിക ന്യൂനപക്ഷങ്ങളിലൊന്നായി സ്വവര്‍ഗാനുരാഗികളെ കാണുന്നവര്‍ മുതല്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന മതനേതൃത്വത്തെ സ്വപ്‌നം കാണുന്നവര്‍ വരെ അവര്‍ക്കിടയിലുണ്ട്. എന്‍ ജി ഒകളുടെ സാംസ്‌കാരിക വിനിമയ പരിപാടികളിലൂടെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ടവര്‍. പത്തു വര്‍ഷം മുമ്പുവരെ എല്ലാവരും തിന്മയാണെന്ന് കരുതിയിരുന്ന സ്വവര്‍ഗാനുരാഗത്തെ നന്മയായി അംഗീകരിപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ശിശുരതി മുതല്‍ ശവരതി വരെയുള്ള എന്തിനെയും നോര്‍മലായി സ്വീകരിപ്പിക്കാന്‍ കഴിയും എന്നുതന്നെയാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ വക്താക്കള്‍ കരുതുന്നത്. എന്‍ ജി ഒകളിലൂടെയും ഇലക്ട്രോണിക് മീഡിയകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം അത് ലക്ഷ്യമാക്കിയുള്ള മസ്തിഷ്‌ക പ്രക്ഷാളനമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
ആരെയും ഭയക്കാതെയും യാതൊരുവിധ സങ്കോചവുമില്ലാതെയും ഓരോരുത്തര്‍ക്കും ആഗ്രഹമുള്ള ഏതു തരം ലൈംഗികതയും ആസ്വദിക്കാനും ഇന്ത്യന്‍ മനസ്സിനെ പാകപ്പെടുത്തുകയെന്ന ദൗത്യമാണ് എന്‍ ജി ഒകളെ ഉപയോഗിച്ചുകൊണ്ടുള്ള ഈ കാമ്പയിനിങിന് നിര്‍വഹിക്കാനുള്ളത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പിക്കുന്നത് ആ ദൗത്യത്തിന്റെ ഭാഗമായാണ് എന്നാണ് അതിന്റെ ലക്ഷ്യം ഹെറ്ററോ നോര്‍മേറ്റിവിറ്റിയെ തകര്‍ക്കുകയാണ് എന്നു പറഞ്ഞാല്‍ അതിനര്‍ഥം. നാടിനെയും നാട്ടുകാരെയും സ്‌നേഹിക്കുകയും സമാധാനപൂര്‍ണമായ കുടുംബജീവിതത്തിലൂടെ മാത്രമേ വൈകാരികവും മാനസികവും ആത്മീയവുമായ ആരോഗ്യമുള്ള അടുത്ത തലമുറയെ വളര്‍ത്താനാവൂ എന്നു കരുതുകയും ചെയ്യുന്നവര്‍ക്ക് അതിന് എതിരുനില്‍ക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x