ജെന്‍ഡര്‍ രാഷ്ട്രീയം വിചാരണ ചെയ്യപ്പെടുന്നു
ഹബീബ് റഹ്മാന്‍ ടി
മനുഷ്യരാശിയുടെ നിലനില്‍പിന് എതിര്‍വര്‍ഗ ലൈംഗികത നിലനിന്നേ മതിയാകൂ. മറ്റെല്ലാ തരം വികല ലൈംഗികതകളും മനുഷ്യസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നത് പരമ യാഥാര്‍ഥ്യമാണ്. കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിന്റെ ഭദ്രമായ സംവിധാനത്തിനുള്ളില്‍ എതിര്‍വര്‍ഗ ലൈംഗികതയിലൂടെയാണ് പുതിയ തലമുറ സൃഷ്ടിക്കപ്പെടുന്നതും കെട്ടുറപ്പുള്ള സമൂഹം നിലനില്‍ക്കുന്നതും. പ്രകൃതിയും ദൈവവും ആവശ്യപ്പെടുന്നതും അതുതന്നെയാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”എന്നാല്‍ (വിവാഹത്തിലൂടെ) ഇണകളാക്കപ്പെട്ട ഭാര്യമാര്‍, കൈകള്‍ ഉടമപ്പെടുത്തിയ അടിമകള്‍ എന്നതിനപ്പുറം ആരെയെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍.” (മുഅ്മിനൂന്‍ 7)
സ്വവര്‍ഗ ലൈംഗികത മുതല്‍ മനുഷ്യനിര്‍മിതവും പ്രകൃതി വിരുദ്ധവുമായ ലൈംഗിക വര്‍ണരാജികളുടെ പിന്നിലെ അസാന്മാര്‍ഗിക രാഷ്ട്രീയത്തെ തുറന്നു കാട്ടുകയാണ് ഡോ. അഷ്‌റഫ് കല്‍പറ്റ രചിച്ച ‘സ്വവര്‍ഗ ലൈഗികതയും ജെന്‍ഡര്‍ രാഷ്ട്രീയവും’ എന്ന പുസ്തകം. ശാസ്ത്രീയ സത്യങ്ങളെ മൂടിവെച്ചും, തങ്ങളുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും അന്താരാഷ്ട്ര ലോബികളുടെ നേതൃത്വത്തില്‍ ശക്തിയാര്‍ജിച്ച LGBT ആക്ടിവിസം, മനുഷ്യരാശിക്ക് നഷ്ടമല്ലാതെ ഒന്നും വരുത്തുന്നില്ലെന്ന് ബോധ്യമാകാന്‍ ഈ പുസ്തകം ഒരാവര്‍ത്തി വായിച്ചാല്‍ മതിയാകും. തികച്ചും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യവും വ്യക്തവുമായി പ്രസ്തുത വിഷയം ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ജീവശാസ്ത്രപരമായി ആണ്‍- പെണ്‍ ദ്വന്ദ്വങ്ങള്‍ ഗര്‍ഭാശയത്തില്‍ വെച്ചു തന്നെ നിര്‍ണയിക്കപ്പെടുന്നത് മുതല്‍ മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ എല്ലാ ശാരീരിക ഘടനയും ആണ്‍-പെണ്‍ വേര്‍തിരിവോടെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ക്രോമസോമുകള്‍, പല്ല്, എല്ല്, തലയോട്ടി, കീഴ്ത്താടി എല്ല് എന്നുവേണ്ട വിരലുകള്‍ വരെ സ്ത്രീ പുരുഷ ദ്വന്ദ്വങ്ങളുടെ നേര്‍സാക്ഷ്യമാണെന്ന് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കുന്നുണ്ട് ഈ പുസ്തകം. പ്രായപൂര്‍ത്തിയായ ഒരാളുടെ തെരഞ്ഞെടുപ്പല്ല ലിംഗ്വത്വം എന്ന വാദത്തെ ശാസ്ത്രം കൊണ്ട് തന്നെ അസാധുവാക്കുകയാണ് ഈ കൃതി. ലൈംഗികാവയവം മാറ്റിവെച്ചാല്‍ മാറുന്ന ഒന്നല്ല ആണ്‍-പെണ്‍ ദ്വന്ദ്വങ്ങളെന്ന് ആദ്യ അധ്യായത്തില്‍ കൃത്യമായി അപഗ്രഥിക്കുന്നുണ്ട്. മനുഷ്യന്റെ നൈസര്‍ഗികമായ ആകര്‍ഷണം എതിര്‍ലിംഗത്തോട് മാത്രമേ ഉള്ളൂ എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. സ്വവര്‍ഗ ലൈംഗികതയുടെ ചരിത്രപരമായ നാളുകള്‍ അന്വേഷിക്കുന്ന തുടര്‍ന്നുള്ള താളുകളില്‍ സ്വവര്‍ഗ ഭോഗ രാഷ്ട്രീയം ആഗോളതലത്തില്‍ പിടിമുറുക്കിയതിന്റെ പിന്നിലെ താല്‍പര്യങ്ങളും ലക്ഷ്യങ്ങളും, അനിഷേധ്യമാം വിധം വായനക്കാരനു മുന്നില്‍ തുറന്നുകാട്ടുന്നു. അമേരിക്ക പോലുള്ള വന്‍ ശക്തികള്‍, ഗൂഢമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഫണ്ട് ചെയ്ത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഈ അശ്ലീലത, മനുഷ്യകുലത്തിന് സര്‍വനാശം വിതക്കാന്‍ മാത്രം അപകടകാരിയാണെന്ന് പുസ്തകത്തിലെ ഓരോ വരികളും വരച്ചുകാട്ടുന്നുണ്ട്. ഇരവാദം സൃഷ്ടിച്ച് മാത്രമല്ല, ഭീഷണി മുഴക്കിയും തങ്ങള്‍ക്കെതിരായ ശാസ്ത്രീയ പഠനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ LGBT രാഷ്ട്രീയം കച്ചകെട്ടിയിറങ്ങിയതിന്റെ കഥകള്‍ കൃത്യമായി അവതരിപ്പിക്കുന്ന പുസ്തകം, നിഷ്പക്ഷമായി ജെന്‍ഡര്‍ രാഷ്ട്രീയത്തെ വായിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
ജനിതകവും ജീവശാസ്ത്രപരവുമായ ഒന്നും തന്നെ സ്വവര്‍ഗ ലൈംഗികത പ്രതിനിധീകരിക്കുന്നില്ലെന്ന് മാത്രമല്ല, അപ്രകാരം സ്ഥാപിക്കാന്‍ സ്വവര്‍ഗ ലൈംഗികതയുടെ വക്താക്കള്‍ നിര്‍മിച്ചെടുത്ത വ്യാജ പഠനങ്ങള്‍, ശാസ്ത്രലോകത്ത് നിന്നുള്ള അതികായര്‍ തന്നെ തള്ളിക്കളഞ്ഞത് വരച്ചു കാട്ടുന്നുണ്ട് ഈ ഗ്രന്ഥം. ശാസ്ത്രീയമായി സ്വവര്‍ഗ ലൈംഗികതയുടെ സാധുതയെ ചോദ്യം ചെയ്യുമ്പോള്‍, മൃഗങ്ങളില്‍ ഈ പ്രവണത ആരോപിച്ച്, പ്രകൃതിക്കനുകൂലമാക്കാന്‍ ഓരിയിട്ടിരുന്നവരെയും ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തോടെ പൊളിച്ചെഴുതുന്നുണ്ട് ഈ കൃതി.