23 Monday
December 2024
2024 December 23
1446 Joumada II 21

ഗസ്സ: യു എന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ച് അന്റോണിയോ ഗുട്ടെറസ്‌


ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ യു എന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ച് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഗസ്സയില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഗുട്ടെറസ് രക്ഷാസമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ പ്രമേയം ഇതുവരെ യു എന്‍ രക്ഷാസമിതി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടറി ജനറലിന്റെ അപൂര്‍വ നീക്കം. യുദ്ധം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ സുരക്ഷാ കൗണ്‍സിലിനോട് ഇടപെടല്‍ ആവശ്യപ്പെടാനുള്ള വകുപ്പാണ് ആര്‍ട്ടിക്കിള്‍ 99. വന്‍പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് ലോകത്തിനുള്ള മുന്നറിയിപ്പ് കൂടിയാണിത്. 15 അംഗ രക്ഷാ സമിതിയില്‍ ചൈന, റഷ്യ, യു എസ്, യു കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സ്ഥിരാംഗങ്ങളാണ്. ഇതുവരെ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് തള്ളിക്കളയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം രണ്ട് മാസം പിന്നിടുമ്പോള്‍ ഗുട്ടെറസിന്റെ ഇടപെടല്‍.
ഗുട്ടെറസ് ഹമാസിനെ പിന്തുണക്കുന്നയാളാണെന്നായിരുന്നു ഇസ്രായേലിന്റെ ഇതിനുള്ള മറുപടി. ‘ഗുട്ടെറസിന്റെ ഭരണകാലം ലോകസമാധാനത്തിന് അപകടമാണ്. ആര്‍ട്ടിക്കിള്‍ 99 പ്രയോഗിക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥനയും ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനവും ഹമാസ് ഭീകരസംഘടനക്കുള്ള പിന്തുണയാണ്’ -എലി കോഹന്‍ പറഞ്ഞു. അതേസമയം, അന്റോണിയോ ഗുട്ടെറസിനെ പിന്തുണച്ച് നിരവധി രാജ്യങ്ങളും ലോകാരോഗ്യ സംഘടനയടക്കമുള്ള വിവിധ സ്ഥാപനങ്ങളും രംഗത്തെത്തി.

Back to Top