ഗസ്സയില്‍ ഖുര്‍ആന്‍ കത്തിച്ച് ഇസ്രായേല്‍ സൈനികന്‍; പരക്കെ അമര്‍ഷം
ഗസ്സ മുനമ്പില്‍ ഖുര്‍ആന്‍ വലിച്ചു കീറി കത്തിച്ച് ഇസ്രായേല്‍ സൈനികന്‍. സൈനികന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇസ്രായേല്‍ സൈനികന്‍ ഖുര്‍ആന്‍ നശിപ്പിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ദിവസങ്ങള്‍ക്കു മുമ്പ് ഇസ്രായേല്‍ സൈനികന്‍ തന്നെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പില്‍ യൂനിഫോം വേഷധാരിയായ സൈനികന്റെ ഒരു കൈയില്‍ തോക്കും മറുകൈയില്‍ ഖുര്‍ആനുമാണുള്ളത്. തുടര്‍ന്ന് ഖുര്‍ആന്‍ കീറി തീയിലേക്കിടുകയാണ് ഇയാള്‍. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. സൈനികന്റെ പ്രവൃത്തി തങ്ങളുടെ മൂല്യത്തിന് നിരക്കുന്നതല്ലെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. എല്ലാ മതങ്ങളെയും ഇസ്രായേല്‍ പ്രതിരോധ സേന ബഹുമാനിക്കുന്നു. ഇതുപോലുള്ള പ്രവൃത്തികള്‍ അപലപനീയമാണെന്നും സൈന്യം വ്യക്തമാക്കി.