22 Sunday
December 2024
2024 December 22
1446 Joumada II 20

ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യ; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക


യുദ്ധത്തിന്റെ മറവില്‍ ഗസ്സയില്‍ ഇസ്രായേല്‍ ചെയ്യുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ സി ജെ) സമീപിച്ചു. 1948-ലെ വംശഹത്യ കണ്‍വന്‍ഷനിലെ കരാറിന്റെ നഗ്‌നമായ ലംഘനമാണിതെന്നും ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടി. അടിസ്ഥാനരഹിതമായ ആരോപണം എന്നാണ് ഇസ്രായേല്‍ ഇതിനോട് പ്രതികരിച്ചത്.
യുദ്ധത്തിലും അല്ലാത്തപ്പോഴും വംശഹത്യയുടെ പ്രവര്‍ത്തനങ്ങല്‍ തടയുന്നതിന് ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണ്. ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന നരമേധത്തില്‍ ദുരിതമനുഭവിക്കുന്ന സിവിലിയന്മാരുടെ ദുരവസ്ഥയില്‍ ദക്ഷിണാഫ്രിക്ക വളരെയധികം ആശങ്കാകുലരാണ്. മാനവികതക്കെതിരായ കുറ്റകൃത്യങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും തുടര്‍ച്ചയായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗസ്സയില്‍ നടക്കുന്നത് കൂട്ടക്കൊലയാണ്, വംശഹത്യ അല്ലെങ്കില്‍ അനുബന്ധ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതാണിത്. ഇസ്രായേലിന്റെ സൈനിക നടപടികളും പുറംതള്ളലും വംശഹത്യ സ്വഭാവമുള്ളതാണ്. കാരണം അവ ഫലസ്തീന്‍ ദേശീയ, വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുള്ളതാണെന്നും 84 പേജുള്ള ഹരജിയില്‍ പറയുന്നു.
ഹരജി അടുത്തയാഴ്ച തന്നെ പരിഗണിക്കണമെന്നും ഗസ്സയില്‍ എല്ലാ സൈനിക നടപടികളും അവസാനിപ്പിക്കാനും വംശഹത്യ തടയാനും ഇസ്രായേലിന് നിര്‍ദേശം നല്‍കണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ അവകാശവാദം കോടതിയെ ചൂഷണം ചെയ്യുന്നതാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ലിയോര്‍ ഹയാത്ത് പറഞ്ഞു. അതേസമയം, ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 21,500 കഴിഞ്ഞു. അരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Back to Top