30 Saturday
November 2024
2024 November 30
1446 Joumada I 28

ഇഫ്താര്‍ കഴിഞ്ഞും വ്രതം തുടരുന്ന ഗസ്സയിലെ റമദാന്‍

ഇമാന്‍ അല്‍ഹാജ് അലി


ഇസ്രായേലിന്റെ വംശഹത്യാപരമായ യുദ്ധം പരിശുദ്ധമാസത്തിന്റെ സന്തോഷം നശിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ സന്തോഷകരമായ ഓര്‍മകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് ബാക്കിയുള്ളത്. വിശുദ്ധ റമദാന്‍ മാസം ആരംഭിച്ചിരിക്കുന്നു. ലോകമെമ്പാടും മുസ്ലിംകള്‍ നോമ്പെടുക്കുന്നു, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നു, പ്രാര്‍ഥനകള്‍ക്കും ആരാധനക്കുമായി സ്വയം സമര്‍പ്പിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഗസ്സയിലെ മുസ്ലിംകള്‍ക്ക് ഈ മാസം ഹൃദയവ്യഥകളും വേര്‍പാടുകളും നിറഞ്ഞതാണ്.
അഞ്ചു മാസത്തിലേറെയായി ഞങ്ങള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ കൂട്ടക്കൊലകള്‍ക്കും രോഗങ്ങള്‍ക്കും പട്ടിണിക്കും ഇരയായി കഴിഞ്ഞുവരുന്നു. റമദാന്‍ തുടങ്ങുമ്പോഴും അവരുടെ അക്രമങ്ങളും ക്രൂരതകളും നിര്‍ത്തിവെക്കുകയോ അല്പമെങ്കിലും കുറയുകയോ ചെയ്തിട്ടില്ല.
നോമ്പ് തുറക്കുന്നതിനുവേണ്ട ഭക്ഷണം കണ്ടെത്തുന്നതിനും പ്രാര്‍ഥനക്കായി സുരക്ഷിതമായ ഇടം കണ്ടെത്തുന്നതിനും ഞങ്ങളില്‍ പലരും കഷ്ടപ്പെടുമ്പോള്‍ കഴിഞ്ഞകാലങ്ങളിലെ സുഖകരമായ റമദാന്‍ ദിനങ്ങളെക്കുറിച്ചുള്ള ഓര്‍മകളാണ് ഞങ്ങളെ നിലനിര്‍ത്തുന്നത്. ഇസ്രായേലിന്റെ ഡ്രോണുകളുടെയും പൊട്ടിത്തെറികളുടെയും ഇരമ്പത്തിനിടയിലും ഗസ്സയിലെ സമൃദ്ധമായ റമദാന്‍ ദിനങ്ങള്‍ ഞാന്‍ കണ്ണടച്ചുകൊണ്ട് ഓര്‍ത്തെടുക്കട്ടെ.
പുണ്യമാസത്തിനായുള്ള ഒരുക്കങ്ങള്‍ എപ്പോഴും നേരത്തെ തുടങ്ങും. നോമ്പ് തുടങ്ങുന്നതിനു ഏതാനും ആഴ്ചകള്‍ മുമ്പുതന്നെ ആളുകള്‍ റമദാനിലേക്ക് ആവശ്യമുള്ള സാധങ്ങളെല്ലാം വാങ്ങാന്‍ പോകും. ഓള്‍ഡ് സിറ്റിയും അവിടുത്തെ പരമ്പരാഗത ചന്തയായ അല്‍സാവിയയുമാണ് ഒരു ജനപ്രിയ കേന്ദ്രം. അവിടെ പരമ്പരാഗതമായി റമദാനില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളായ പലതരം അച്ചാറുകള്‍, മുന്തിയ ഇനം ഈന്തപ്പഴം, സ്വാദിഷ്ടമായ ഒലിവ്, വായുവില്‍ സുഗന്ധം നിറക്കുന്ന മസാലകള്‍, ഖമര്‍ അല്‍ ദിന്‍ പാനീയം ഉണ്ടാക്കുന്നതിനുള്ള ഉണക്കിയ അപ്രിക്കോട്ടിന്റെ പേസ്റ്റ്, ഡ്രൈഫ്രൂട്ട്‌സ്, പലതരം പഴച്ചാറുകള്‍, വിശേഷിച്ചു പ്രിയപ്പെട്ട കൊറബ് എന്നിവയെല്ലാം ലഭ്യമായിരുന്നു.
പുതുവസ്ത്രങ്ങളും വാങ്ങേണ്ടതായുണ്ടാവും. നിസ്‌കാരക്കുപ്പായങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിവരും. അതുപോലെ പെണ്‍കുട്ടികള്‍ക്ക് ഫാന്‍സി ഉടുപ്പുകളും ആണ്‍കുട്ടികള്‍ക്ക് ശേലുള്ള വേഷങ്ങളും. കുട്ടികള്‍ മാതാപിതാക്കളുടെ കൈകളില്‍ പിടിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്ന വര്‍ണാഭമായ വിളക്കുകളിലൊന്ന് വാങ്ങാന്‍ അവരോട് ആവശ്യപ്പെടും. അവയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടാവും : ‘ഹാലോ യാ ഹാലോ, റമദാന്‍ കരീം യാ ഹാലോ’. തെരുവുകള്‍ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കും, അലങ്കാരങ്ങള്‍ ഉയരും, സന്തോഷകരമായ റമദാന്‍ ഗാനങ്ങള്‍ മുഴങ്ങും. കാത്തിരിപ്പിന്റെ അന്തരീക്ഷം, അതുപോലെ വേറൊന്നുണ്ടാവില്ല.
റമദാനിന്റെ ആദ്യ ദിനത്തിന്റെ തലേന്ന് ഗസ്സയുടെ പരിസരങ്ങള്‍ തറാവീഹ് പ്രാര്‍ഥനകളാല്‍ നിറയും. പുണ്യമാസത്തിന്റെ ആരംഭം കുറിക്കാന്‍ കുട്ടികള്‍ വൈകും വരെ തെരുവുകളില്‍ കളിച്ചും വിളക്കുകള്‍ പിടിച്ചും പാട്ടുപാടിയും പടക്കം പൊട്ടിച്ചും പുറത്തു ചെലവഴിക്കും.

കുടുംബങ്ങള്‍ അത്താഴ ഭക്ഷണം പങ്കിടാനും സുബ്ഹി ഒരുമിച്ച് നമസ്‌കരിക്കാനും ഒത്തുചേരും. അതിന് ശേഷം ചിലര്‍ ഉറങ്ങും, മറ്റുള്ളവര്‍ സ്‌കൂളിലേക്കോ ജോലിക്കോ പോകും. ഉച്ചയാകുമ്പോഴേക്കും എല്ലാവരും വീട്ടിലേക്ക് മടങ്ങും, വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ സമയമായി. കുട്ടികള്‍ വീട്ടിലോ പള്ളികളിലോ വെച്ച് ഖുര്‍ആന്‍ വാക്യങ്ങള്‍ വായിക്കുകയും മനഃപാഠമാക്കുകയും ചെയ്യും. മാതാപിതാക്കളും അവരുടെ മാതാപിതാക്കളും മക്കളോടും കൊച്ചുമക്കളോടും പ്രവാചക കഥകള്‍ പറഞ്ഞുകൊടുക്കും.
തുടര്‍ന്ന് ഇഫ്താര്‍ വിരുന്നിനുള്ള ഭക്ഷണം തയ്യാറാക്കാന്‍ സമയമായി. സൂര്യാസ്തമയത്തിന് ഒരു മണിക്കൂര്‍ മുമ്പ്, പരിസരം മുഴുവന്‍ വിവിധ ഭക്ഷണങ്ങളുടെ രുചികരമായ ഗന്ധം കൊണ്ട് നിറയും. എല്ലാ വീട്ടിലെയും അടുക്കള നിറയെ ആളുകള്‍ മിനക്കെട്ട് പണിയെടുക്കുകയാവും. ഒരാള്‍ മഖ്‌ലൂബ(അരിയും പച്ചക്കറികളും ചേര്‍ത്ത ഒരു മാംസ വിഭവം) ഉണ്ടാക്കുകയാവും, മറ്റൊരാള്‍ മുസാകാന്‍ (ചിക്കന്‍ വിഭവം), ഇനിയുമൊരാള്‍ മുലുഖിയ എന്ന സൂപ്പ് ഉണ്ടാക്കുകയാവും. അതിനിടയില്‍, ഒരു അയല്‍ക്കാരന്‍ വന്ന് തന്റെ കുടുംബം അപ്പോള്‍ ഉണ്ടാക്കിയ ഭക്ഷണം ഒരു തളിക നിറയെ കൊണ്ടുവരും; തീര്‍ച്ചയായും, അയാളെ വെറുംകൈയോടെ തിരിച്ചയക്കില്ല.
അസ്തമയമെത്തുന്നതോടെ ഇഫ്താര്‍ വിഭവങ്ങള്‍ നിരത്തി എല്ലാവരും ഇരിക്കും. വൈകാതെ തക്ബീറാത്തിന്റെ താളത്തിനൊത്ത് പള്ളികളില്‍ നിന്ന് നോമ്പ് തുറക്കാനുള്ള ബാങ്കുവിളി ഉയരും. എല്ലാവരും സന്തോഷത്തോടെ സംസാരിച്ചും ചിരിച്ചും സ്വാദിഷ്ടമായ ഭക്ഷണം പങ്കിടും.
ഇഫ്താറിന് ശേഷം, പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒരുമിച്ച് തറാവീഹ് നമസ്‌കരിക്കാന്‍ പള്ളികളിലേക്ക് പോകും. വിശുദ്ധ ഖുര്‍ആനിന്റെ ശബ്ദങ്ങളും പ്രാര്‍ഥനകളും ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും വ്യാപിക്കും. പിന്നീട് കുട്ടികള്‍ക്ക് ദിവസത്തിലെ ഏറ്റവും സന്തോഷകരമായ സമയമാണ്, അപ്പോഴാണ് അമ്മമാര്‍ ഖതായ്ഫ് – വിശുദ്ധ മാസത്തില്‍ മാത്രം ഉണ്ടാക്കുന്ന പ്രശസ്തമായ പലഹാരം – തയ്യാറാക്കുന്നത്. ഖത്തായിഫ് എല്ലാം കഴിഞ്ഞാല്‍, കുടുംബങ്ങള്‍ പരസ്പരം സന്ദര്‍ശിക്കുകയോ ടിവിക്ക് മുന്നില്‍ അവരുടെ പ്രിയപ്പെട്ട റമദാന്‍ സീരീസ് കാണാനിരിക്കുകയോ ചെയ്യും.
ഗസ്സയിലെ ജനങ്ങള്‍ക്ക്, റമദാന്‍ തീര്‍ച്ചയായും വര്‍ഷത്തിലെ ഏറ്റവും സവിശേഷമായ സമയമാണ്. റമദാനിലെ ഗസ്സ ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ്. ഇത്തവണ പക്ഷെ പരിശുദ്ധ മാസത്തില്‍ ഞങ്ങള്‍ക്ക് ആഘോഷിക്കാനോ സമാധാനമായി ആരാധനകള്‍ നടത്താനോ ആവില്ല. ബഹുവര്‍ണവിളക്കുകള്‍ക്കും പ്രകാശത്തിനും പാട്ടുകള്‍ക്കും മന്ത്രണങ്ങള്‍ക്കും പകരം ഇസ്രായേല്‍ വര്‍ഷിക്കുന്ന ബോംബുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദവും വെളിച്ചവുമാണ്. തെരുവുകളില്‍ കളിക്കുന്ന കുട്ടികളുടെ ആഹ്ലാദാരവങ്ങള്‍ക്ക് പകരം വീണ്ടുമൊരു ബോംബേറില്‍ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ പെട്ടുപോയ ആളുകളുടെ കരച്ചിലുകളാണ് ഇപ്പോള്‍. ജീവന്‍ തുടിച്ചിരുന്ന അയല്‍പക്കങ്ങള്‍ ശ്മശാനങ്ങളായി മാറിയിരിക്കുന്നു. മസ്ജിദുകള്‍ എല്ലാം നശിച്ചതിനാല്‍ എവിടെയും ജനത്തിരക്കില്ല. തെരുവുകളില്‍ ആളുകളുടെ തിരക്കില്ല, കാരണം അവയെല്ലാം അവശിഷ്ടങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാത്തതിനാല്‍ ആളുകള്‍ ഇഫ്താര്‍ കഴിഞ്ഞും വ്രതം തുടരുന്നു.
ഇപ്പോഴിവിടെ കുടുംബങ്ങള്‍ ഒത്തുകൂടുന്നത് പരസ്പരം അഭിവാദ്യം ചെയ്യാനും ആഘോഷിക്കാനുമല്ല, ഒരുമിച്ച് വിലപിക്കാനാണ്. വിശുദ്ധ റമദാന്‍ മാസം ആരംഭിക്കുമ്പോള്‍, ഞങ്ങള്‍ തുടരെ രക്തസാക്ഷികളോട് വിടപറയുകയാണ്. ഈ വേദനയെ കൂടുതല്‍ വഷളാക്കുന്നത് മുസ്ലിംകളുടെ പുണ്യമാസത്തിലും ഇസ്രായേലിനെ വംശഹത്യ തുടരാന്‍ അനുവദിച്ചുകൊണ്ട് ലോകം ഫലസ്തീന്‍ ജനതയെ കൈവിട്ടുവെന്നതിരിച്ചറിവാണ്.
വിവ. ഡോ. സൗമ്യ പി എന്‍

Back to Top