ഗസ്സയിലെ ആശുപത്രികളില്‍ ബോംബിട്ട് ഇസ്രായേല്‍
ടാങ്കുകള്‍ വളഞ്ഞതിനു പിന്നാലെ, വടക്കന്‍ ഗസ്സയിലെ ആശുപത്രികളില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ബോംബാക്രമണം നടത്തി. അഭയകേന്ദ്രമാക്കി മാറ്റിയ അല്‍ബുറാഖ് സ്‌കൂളില്‍ ബോംബിട്ടതിനെത്തുടര്‍ന്ന് 50 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചു വട്ടമാണ് ബോംബിട്ടത്. അല്‍ഖുദ്‌സ് ആശുപത്രിക്കു നേരെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും 20 പേര്‍ക്കു പരിക്കേറ്റെന്നും റെഡ്‌ക്രോസ് അറിയിച്ചു. ഗസ്സ സിറ്റിയിലെ അല്‍നാസര്‍ ആശുപത്രി, റന്‍തീസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, ഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ എന്നിവയ്ക്കു നേരെയും ആക്രമണമുണ്ടായി. ആശുപത്രികളുടെ 100 മീറ്റര്‍ പരിധിയില്‍ കവചിത വാഹനങ്ങളും ടാങ്കുകളും നിലയുറപ്പിച്ചിട്ടുണ്ട്.