15 Saturday
March 2025
2025 March 15
1446 Ramadân 15

ഗസ്സ സമ്പദ്‌വ്യവസ്ഥ പഴയ നിലയിലേക്ക് എത്താന്‍ 350 വര്‍ഷം വേണ്ടി വരുമെന്ന് യു എന്‍


ഇസ്രായേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഗസ്സയിലെ സമ്പദ്‌വ്യവസ്ഥ പഴയ നിലയിലേക്ക് എത്താന്‍ 350 വര്‍ഷം വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. യു എന്നാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. യുദ്ധത്തിന് മുമ്പ് തന്നെ ഗസ്സയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വലിയ തകര്‍ച്ചയെ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍, ഇസ്രായേല്‍ അധിനിവേശത്തോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. കടുത്ത കുടിവെള്ള, ഇന്ധന, വൈദ്യുതി ക്ഷാമം ഗസ്സയെ വലച്ചു. ഭക്ഷ്യവസ്തുക്കളും ആരോഗ്യസേവനങ്ങളും പോലും ഗസ്സക്ക് ലഭിക്കാതെയായി. യു എന്നിന്റെ കണക്കുകള്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 96 ശതമാനം ഇടിഞ്ഞു. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ 93 ശതമാനവും സേവനമേഖലയില്‍ 76 ശതമാനവും ഇടിവുണ്ടായി. ഗസ്സയിലെ തൊഴിലില്ലായ്മ 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 81.7 ശതമാനമായി ഉയര്‍ന്നു. ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശം ഇനിയും തുടരുകയാണെങ്കില്‍ സ്ഥിതി വീണ്ടും രൂക്ഷമാകുമെന്നാണ് യു എന്നിന്റെ മുന്നറിയിപ്പ്. വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായാലും 2007 മുതല്‍ 2022 വരെയുള്ള അവസ്ഥയിലേക്ക് ഗസ്സയുടെ സമ്പദ്‌വ്യവസ്ഥ എത്താ ന്‍ 350 വര്‍ഷം വേണ്ടി വരുമെന്നും യു എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Back to Top