ഗസ്സയില്‍ നിന്ന് ബോംബുകള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കണമെങ്കില്‍ 14 വര്‍ഷമെടുക്കും
ഇസ്രായേല്‍ ആക്രമണം മൂലം തകര്‍ന്നുപോയ ഗസ്സയില്‍ നിന്നു ബാക്കിയായ അവശിഷ്ടങ്ങള്‍ നീക്കണമെങ്കില്‍ 14 വര്‍ഷമെടുക്കുമെന്ന് വിദഗ്ധര്‍. അവശിഷ്ടങ്ങള്‍ക്കിടയില്‍ പൊട്ടാത്ത ബോംബുകള്‍ ഉള്‍പ്പെടെ ഉണ്ടാവുമെന്നും യു എന്‍ മുന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഏഴ് മാസം നീണ്ടുനിന്ന ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് സ്‌ക്വയര്‍ മീറ്ററില്‍ 300 കിലോഗ്രാം എന്ന തോതില്‍ അവശിഷ്ടങ്ങള്‍ ഗസ്സയിലെ ഭൂമിയില്‍ ഉണ്ടെന്ന് മുന്‍ യു എന്‍ മൈന്‍ ആക്ഷന്‍ സര്‍വീസ് ചീഫ് ഫോര്‍ ഇറാഖ് പെഹര്‍ ലോധാമര്‍ പറഞ്ഞു. നിലവിലെ അവശിഷ്ടങ്ങളുടെ കണക്കനുസരിച്ച് എല്ലാ ദിവസവും 100 ട്രക്കുകള്‍ ജോലി ചെയ്താലും 14 വര്‍ഷമെടുക്കും ഇത് പൂര്‍ണമായും നീക്കാനെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗസ്സയില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ 64 ശതമാനവും ആളുകള്‍ താമസിക്കുന്ന കെട്ടിടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം ഇനിയും തുടരുകയാണെങ്കില്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ എത്ര സമയമെടുക്കുമെന്ന് കണക്കുകൂട്ടാന്‍ പോലുമാവില്ല. ഗസ്സയുടെ പുനര്‍നിര്‍മാണം അപകടകരമായ ഒരു ജോലി കൂടിയാണ്. ഇസ്രായേല്‍ ഗസ്സക്ക് മേല്‍ വര്‍ഷിച്ച ആയുധങ്ങളില്‍ 10 ശതമാനമെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പൊട്ടാതെ കിടക്കുന്നുണ്ടാവും. ഇത് നിര്‍വീര്യമാക്കുക എന്ന ഭാരിച്ച ജോലി കൂടി ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് മുമ്പായി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.