15 Saturday
June 2024
2024 June 15
1445 Dhoul-Hijja 8

ഗസ്സയും വെസ്റ്റ് ബാങ്കും ഫലസ്തീന്‍ രാഷ്ട്രീയവും

എം എസ് ഷൈജു


ആധുനിക ലോകത്തിന് ഫലസ്തീനെന്നാല്‍ ഗസ്സയും വെസ്റ്റ് ബാങ്കുമാണ്. ഇവിടെയാണ് ഇന്ന് പോരാട്ടങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നത്. മധ്യധരണ്യാഴിയുടെ കിഴക്കേ തീരത്തെ ഒരു മുനമ്പാണ് ഗസ്സ. രാഷ്ട്രീയ ഭാഷയില്‍ ഗസ്സയെ ഒരു തുറന്ന ജയിലെന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഈജിപ്തിലൂടെയോ ഇസ്‌റാഈലിലൂടെയോ മാത്രമേ ഗസ്സക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിക്കൂ. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ 11 കിലോമീറ്ററോളം ഈജിപ്തുമായും, വടക്ക് കിഴക്കായി 53 കിലോമീറ്റര്‍ ഇസ്‌റാഈലുമായും പങ്കിടുന്ന ഒരു കൊച്ച് ഭൂപ്രദേശം. അതാണ് ഇന്ന് ലോകം മുഴുവന്‍ ഉറ്റ് നോക്കുന്ന ഗസ്സ എന്ന പോരാട്ട ഭൂമി.
റാമല്ല കേന്ദ്രീകരിച്ച് ഭരണം നടത്തുന്ന ഫതഹ് പാര്‍ട്ടിക്കോ ഫലസ്തീന്‍ അതോറിറ്റിക്കോ ഗസ്സയില്‍ ഇന്ന് കാര്യമായ വേരുകളില്ല. ഹമാസ് എന്ന സംഘടനയുടെ ശക്തി കേന്ദ്രമാണവിടം. അവരാണ് അവിടെ ഭരിക്കുന്നതും. 2002 മുതല്‍ ഐക്യരാഷ്ട്ര സഭ നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭാഗമായി ഗസ്സയെ അംഗീകരിച്ചിട്ടുണ്ട്. 2006-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയ ഹമാസ് ഫലസ്തീന്‍ അതോറിറ്റിയുടെ അധികാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് വാദിക്കുന്നത്. 15 ലക്ഷത്തിലധികം ഫലസ്തീനികള്‍ ഈ ചെറു പ്രദേശത്ത് തിങ്ങിക്കൂടി ജീവിക്കുകയാണ്. ഇസ്‌റാഈലി കുടിയേറ്റങ്ങളില്ലാത്ത ഒരു ഫലസ്തീന്‍ ഭൂപ്രദേശമാണ് ഗസ്സ.
ഹമാസ് ഭരിക്കുന്നു എന്ന് പറയുമ്പോഴും ഗസ്സ ചീന്തിന്റെ മുഴുവന്‍ അധികാരങ്ങളും ഇസ്‌റാഈലാണ് നിയന്ത്രിക്കുന്നത്. ഇസ്‌റാഈല്‍ അതിര്‍ത്തിയടക്കാന്‍ കല്പിച്ചാല്‍ ഉടന്‍ ഈജിപ്ത് അധികാരികള്‍ അവരുടെ അതിര്‍ത്തികള്‍ അടച്ചിടും. അനുവാദമുണ്ടായാലേ പിന്നീട് തുറക്കാറുള്ളൂ. ഗസ്സയുടെ കരപ്രദേശവും ഗസ്സാ പരിധിയില്‍ വരുന്ന സമുദ്രാതിര്‍ത്തികളും ഇസ്‌റാഈല്‍ കൈയടക്കി വെച്ചിരിക്കുകയാണ്. ഇതുവഴി ഗസ്സക്കു പുറത്തേകക്ക് കരയിലൂടെയോ കടലിലൂടെയോ ഉള്ള ജനങ്ങളുടെയും ചരക്കുകളുടെയും നീക്കങ്ങളെയും ഇസ്‌റാഈല്‍ തടഞ്ഞിരിക്കുന്നു.
കാര്‍ഷിക വൃത്തിയാണ് ഗസ്സയിലെ ജനങ്ങളുടെ മുഖ്യമായ ജീവനോപാധി. ഭൂമിയുടെ നാലില്‍ മൂന്ന് ശതമാനവും കൃഷി ഭൂമിയാണ്. അഭയാര്‍ഥി ക്യാമ്പുകളുടെ ആധിക്യമുള്ള ഗസ്സയിലെ ജനങ്ങള്‍ പരിമിതമായ വിഭവങ്ങള്‍ കൊണ്ട് ജീവിക്കുന്നവരാണ്. ഫലസ്തീനികളില്‍ വലിയൊരു വിഭാഗം തൊഴിലിനും കച്ചവടത്തിനുമായി നിലവിലെ ഇസ്‌റാഈല്‍ പ്രദേശങ്ങളെ ആശ്രയിക്കുന്നു. നിലവില്‍ ഇസ്‌റാഈലുമായി പോരാട്ടം നടക്കുന്നത് ഗസ്സയില്‍ നിന്ന് മാത്രമാണ്.
ഗസ്സയില്‍ നിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് ഇസ്‌റാഈലി പൗരന്മാരെ രക്ഷിക്കാനെന്ന വാദത്തോടെ 2003-ല്‍ ഗസ്സയെ വെട്ടിമുറിക്കുന്ന ഒരു ഭീമന്‍ ഭിത്തിയുടെ നിര്‍മാണം ഇസ്‌റാഈല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഫലസ്തീന്‍ മണ്ണിലാണ് ഇസ്‌റാഈല്‍ ഭിത്തി നിര്‍മാണം ആരംഭിച്ചത്. ഫലസ്തീനി ഗ്രാമങ്ങളെയും പാതകളെയും കുടുംബങ്ങളെയും വേര്‍തിരിക്കുന്ന ഈ ഭിത്തി നിര്‍മാണത്തിനെതിരെ അന്താരാഷ്ട്രാ കോടതിയില്‍ നിന്ന് വിലക്കുണ്ടായിരുന്നു. താത്കാലികമായി നിര്‍ത്തി വെച്ച ഭിത്തി നിര്‍മാണം പിന്നീട് ഇസ്‌റാഈല്‍ പുനരാരംഭിച്ചു. 60 കിലോമീറ്റര്‍ നീളത്തില്‍ ഭൂമിക്കടിയിലും മുകളിലൂടെയും നിര്‍മിക്കപ്പെട്ട ഈ മതില്‍ തുറന്ന ജയില്‍ എന്ന ഗസ്സയുടെ വിളിപ്പേരിനെ ഒന്ന് കൂടി അന്വര്‍ഥമാക്കി.
ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറേക്കരയായത് കൊണ്ടാണ് ആ സ്ഥലത്തിന് വെസ്റ്റ് ബാങ്ക് എന്ന പേര് വന്നത്. ഏറ്റവും ഫലഭൂയിഷ്ഠമായ ഫലസ്തീന്‍ പ്രദേശമാണിത്. വെസ്റ്റ് ബാങ്ക് വിശാലമായ ഒരു സ്ഥലമാണെങ്കിലും ഇതില്‍ വളരെ കുറച്ച് സ്ഥലം മാത്രമേ ഫലസ്തീന്‍ അതോറിറ്റിക്ക് കീഴിലുള്ളൂ. വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ ഇപ്പോഴും അധിനിവേശം തുടരുകയും അനധികൃതമായി പാര്‍പ്പിട സമുച്ഛയങ്ങള്‍ നിര്‍മിച്ച് കൊണ്ടിരിക്കുകയുമാണ്. 1948-ലെയും 67-ലെയും ആവശ്യങ്ങള്‍ ഒക്കെ മാറ്റി വെച്ച്, ഗസ്സ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നീ സ്ഥലങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഒരു സ്വതന്ത്ര ഫലസ്തീന്‍ രൂപീകരിക്കാനെങ്കിലും ഇസ്‌റാഈല്‍ തയാറാകണമെന്നതാണ് അന്താരാഷ്ട്രാ ആവശ്യമായി ഇസ്‌റാഈലിന് മുന്നിലുള്ളത്. 2004-ല്‍ അന്തരാഷ്ട്ര കോടതി ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടതും ഇതേ നിലപാട് തന്നെയായിരുന്നു. പക്ഷെ ഇസ്‌റാഈല്‍ അതിനും തയാറല്ല. അത് മാത്രമല്ല, ഈ സമ്മര്‍ദങ്ങളും കോടതി വിധിയും വന്നതിന് ശേഷമാണ് അവര്‍ വെസ്റ്റ് ബാങ്കില്‍ പുതിയ കുടിയേറ്റ പദ്ധതികള്‍ വീണ്ടും പ്രഖ്യാപിക്കുന്നത്.
2012-ലെ കണക്കുകള്‍ പ്രകാരം വെസ്റ്റ് ബാങ്കിലെ മൊത്തം ജനസംഖ്യ 26.3 ലക്ഷമാണ്. ഇതില്‍ 80 ശതമാനത്തിലധികം ഫലസ്തീനിയന്‍ അറബികളാണ്. ഏതാണ്ട് 5 ലക്ഷത്തോളമാളുകള്‍ ജൂതമതക്കാരായ ഇസ്‌റാഈലികളും. ഇത്രയുമാളുകളെ ഇസ്‌റാഈല്‍ അനധികൃതമായി ഇവിടെ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. കിഴക്കന്‍ ജറൂസലമിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്‌റാഈലി പാര്‍പ്പിട കേന്ദ്രങ്ങളെ നിയമവിരുദ്ധമായ നിര്‍മിതികളായാണ് അന്താരാഷ്ട്ര സമൂഹം കണക്കാക്കുന്നത്. 1993-ലെ ഓസ്ലോ കരാറിനെ തുടര്‍ന്ന് വെസ്റ്റ് ബാങ്കിലെ പരസ്പര ബന്ധമില്ലാത്ത ചില സ്‌പോട്ടുകള്‍ മാത്രമായുള്ള 11 ശതമാനം ഭൂമി ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ‘ഏരിയ എ’ എന്നാണ് ഈ ഭൂമിക്ക് പേര് കൊടുത്തിട്ടുള്ളത്. ഇവിടുത്തെ സൈനിക നിയന്ത്രണവും സിവില്‍ നിയന്ത്രണവും ഫലസ്തീന്‍ അതോറിറ്റിക്കാണ്. ഏകദേശം 28 ശതമാനത്തോളം വരുന്ന മറ്റൊരു ഭൂപ്രദേശത്തെ ‘ഏരിയ ബി’ എന്ന് തിരിച്ചിട്ടുണ്ട്. ഈ ഭൂമി ഇസ്‌റാഈലിന്റെ സൈനിക നിയന്ത്രണത്തിലും ഫലസ്തീന്‍ അതോറിറ്റിയുടെ സിവില്‍ നിയന്ത്രണത്തിലുമാണ്. ഏകദേശം 61% വരുന്ന തന്ത്രപ്രധാനമായ ഭൂമിയെ ‘ഏരിയ സി’ എന്ന പേരിലാണ് ഇസ്‌റാഈല്‍ തിരിച്ചത്. അവിടം സമ്പൂര്‍ണമായും ഇസ്‌റാഈലിന്റെ നിയന്ത്രണത്തിലായിരിക്കും.
1948-ല്‍ പൂര്‍ണമായും അറബ് രാജ്യത്തിനായി ഐക്യരാഷ്ട്ര സഭ നീക്കി വെച്ച ഭൂമിയെയാണ് ഇസ്‌റാഈല്‍ ഇങ്ങനെ പങ്ക് വെച്ചത്. ഈ പങ്കുവെപ്പ് അംഗീകരിച്ച് കൊടുത്തതിന്റെ പേരിലാണ് യാസിര്‍ അറഫാത്ത് എന്ന പോരാട്ട നായകനെ ഫലസ്തീന്‍ ജനത തള്ളിക്കളഞ്ഞത്. അംഗീകൃതമായ ഒരു രാജ്യത്തിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത ഭൂമിയല്ല ഇതെന്നും അതുകൊണ്ട് ഇതിനെ അധിനിവേശ ഭൂമി എന്ന് വിളിക്കാന്‍ കഴിയില്ലെന്നുമാണ് ഇസ്‌റാഈല്‍ വാദിക്കുന്നത്.
ഇന്നത്തെ ഫലസ്തീനി രാഷ്ട്രീയത്തെ നിയന്ത്രിച്ച് കൊണ്ടിരിക്കുന്നത് ഹമാസാണ്. ഒരു സുന്നി അറബ് സംഘടനയാണെങ്കിലും ഹമാസിനെ കൂടുതല്‍ പിന്താങ്ങുന്നത് അറബ് രാജ്യങ്ങളല്ലാത്ത ഇറാനും തുര്‍ക്കിയുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫലസ്തീന്‍ വിഷയത്തില്‍ ഇടപെട്ട അറബ് രാഷ്ട്രങ്ങളാണ് ഫലസ്തീന്റെ ഇന്നത്തെ ദുര്‍ഗതിക്ക് കാരണമെന്നാണ് ഹമാസ് ആരോപിക്കുന്നത്. രാജ ഭരണം നിലവിലുള്ള പ്രബല അറബ് രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര ചര്‍ച്ചകളില്‍ ഇസ്‌റാഈലിന് വഴങ്ങിക്കൊടുക്കുകയും സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫലസ്തീനെ ബലിയാടാക്കുകയും ചെയ്തവരാണ് എന്ന ആക്ഷേപം അവരെ സംബന്ധിച്ച് ഹമാസിനുണ്ട്.
ഇസ്ലാമിന്റെ എക്കാലത്തെയും ആഭ്യന്തര വഴക്കുകളായ സുന്നി- ശീഅ സംഘര്‍ഷങ്ങളെ പോരാട്ട രംഗത്ത് പരമാവധി കുറച്ചുകൊണ്ടുവരാന്‍ ഹമാസ് ശ്രമിക്കാറുണ്ട്. മത വീക്ഷണം ശുദ്ധ സുന്നീ ധാരയാണെങ്കിലും ഹമാസിന്റെ രാഷ്ട്രീയം ശീഅ ബന്ധങ്ങളുള്ളതാണ്. അതിന്റെ പേരില്‍ അവര്‍ വലിയ വിമര്‍ശനങ്ങളെയും നേരിടുന്നുണ്ട്. ഈ ബന്ധങ്ങള്‍ രൂപപ്പെടാനുള്ള ഒന്നാമത്തെ കാരണം ഇസ്‌റാഈലിനോട് വിധേയത്വം പുലര്‍ത്തുകയും അവരുമായി സൗഹൃദമാഗ്രഹിക്കുകയും ചെയ്യുന്ന സുന്നി രാജ്യങ്ങളില്‍ നിന്ന് യാതൊരു സഹായവും അവര്‍ പ്രതീക്ഷിക്കുന്നില്ലെന്നത് തന്നെയാണ്. റഷ്യ, ഇറാന്‍, തുര്‍ക്കി കൂട്ടുകെട്ടിനോടൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് ഹമാസ് ശ്രമിച്ച് പോരുന്നത്.
അറബ് മേഖലയില്‍ നില നില്‍ക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യം കൂടി വിശകലനം ചെയ്താലേ ഹമാസ് പുലര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാന ചോദന മനസിലാകുകയുള്ളൂ. 1948-ലെയും 67-ലെയും സാഹചര്യങ്ങളില്‍ നിന്ന് ഇസ്‌റാഈല്‍ എന്ന രാഷ്ട്രം അഭൂതപൂര്‍വമായാണ് വളര്‍ന്നത്. ലോകത്തെ നിയന്ത്രിക്കുന്ന വന്‍ ശക്തികളുടെ കൂട്ടത്തിലാണ് ഇന്ന് ഇസ്‌റാഈലിന്റെ സ്ഥാനം. ശാക്തിക ചേരികളുടെ തകര്‍ച്ചക്ക് ശേഷം ആഗോള രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ഇസ്‌റാഈലുമായി ലോക രാജ്യങ്ങള്‍ സൈനിക വാണിജ്യ ബന്ധങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇസ്‌റാഈലിനെ സമ്പൂര്‍ണമായും നിരാകരിച്ചും അവഗണിച്ചും ഒരു വികസന പദ്ധതി രൂപപ്പെടുത്താന്‍ സാധിക്കാത്ത വിധം ലോക സാഹചര്യങ്ങള്‍ മാറി. അതിനിടയിലാണ് സുന്നി- ശീഅ സംഘര്‍ഷങ്ങള്‍.
അറബ് മേഖലയിലെ സുന്നീ ധാരക്ക് നേതൃത്വം കൊടുക്കുന്ന സഊദി അറേബ്യയെന്ന രാജ്യത്തിന് ഏറ്റവും വലിയ ഭീഷണിയായി അനുഭവപ്പെടുന്നത് ശീഅ രാഷ്ട്രീയത്തെയാണ്. ഇറാന്‍ നേതൃത്വം കൊടുക്കുന്ന ശീഅ രാഷ്ട്രീയം തങ്ങള്‍ക്ക് ചുറ്റുമുള്ള രാജ്യങ്ങളില്‍ പരക്കുന്നതില്‍ അവര്‍ ജാഗരൂഗരാണ്. ഈ പശ്ചാത്തലത്തിലാണ് ഇസ്‌റാഈലുമായി കൂടുതല്‍ ഊഷ്മളമായ ഒരു ബന്ധത്തിന് പ്രബല അറബ് രാഷ്ട്രങ്ങള്‍ താത്പര്യം കാണിക്കുന്നത്. അവരുടെ വാണിജ്യവും വ്യാപാരപരവുമായ വളര്‍ച്ചക്ക് ഇസ്‌റാഈല്‍ ബന്ധം അനുപേക്ഷ്യമാണെന്നും അവര്‍ കരുതുന്നു. പശ്ചിമേഷ്യയില്‍ ഒരു ഭാഗത്ത് ഇറാന്‍, റഷ്യ, ചൈന, തുര്‍ക്കി എന്ന വിധം ഒരു ശാക്തിക ചേരി രൂപപ്പെടുമ്പോള്‍ പ്രബല ഗള്‍ഫ് രാഷ്ട്രങ്ങളും അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്ന ഒരു ശാക്തിക ചേരി എന്ന സാധ്യതയെ തള്ളിക്കളയാന്‍ കഴിയില്ല. അതിന്റെ മുന്നോടിയായാണ് യു എ ഇ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരിക്കുന്നത് എന്ന് നിരീക്ഷിക്കാവുന്നതാണ്. ചരിത്രത്തില്‍ ആദ്യമായി ഒരു ഗള്‍ഫ് രാജ്യം ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന്റെ കൗതുകം കെട്ടടങ്ങുന്നതിന് മുമ്പ് മറ്റൊരു ഗള്‍ഫ് രാഷ്ട്രമായ ബഹ്‌റൈനും ഇസ്‌റാഈലുമായി ബന്ധം ആരംഭിച്ചു. ഇനി മൂന്നാമത് ആരായിരിക്കുമെന്ന് മാത്രമാണ് ലോകം വീക്ഷിക്കുന്നത്.
അടിസ്ഥാനപരമായി ഇസ്ലാമിസ്റ്റ് പോരാട്ട സംഘടനയാണെങ്കിലും ലോകത്തെ അധിനിവേശ വിരുദ്ധ പ്രസ്ഥാനങ്ങളും ആ രാഷ്ട്രീയബോധമുള്ള ആളുകളുമൊക്കെ ഹമാസിനെ പിന്തുണക്കുന്നുണ്ട്. അതിന്റെ ഏറ്റവും പ്രധാന കാരണം വിമോചനപ്പോരാട്ട രംഗത്ത് ഇന്ന് ആകെ നിലനില്‍ക്കുന്നത് ഹമാസ് മാത്രമാണ് എന്നത് തന്നെയാണ്. ഒരു ഡസനിലധികം ഫലസ്തീന്‍ സംഘടനകള്‍ ഒരു കാലഘട്ടത്തില്‍ ഫലസ്തീന്‍ പോരാട്ട ഭൂമിയില്‍ നിറഞ്ഞ് നിന്നിരുന്ന സാഹചര്യം നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. അവരെല്ലാം ദുര്‍ബലപ്പെട്ട് പോകുകയോ കൊടി താഴ്ത്തുകയോ ചെയ്ത സന്ദര്‍ഭത്തില്‍ ഫലസ്തീനികളുടെ ഏക ആശ്രയമായി നില്‍ക്കുന്ന ഹമാസിന് പിന്തുണ കൊടുക്കേണ്ട ഒരു നിവൃത്തികേടിലാണ് ഫലസ്തീനിലുള്ള ഇസ്‌ലാമിസ്റ്റ് വിരുദ്ധര്‍ പോലും. ഹമാസ് രാഷ്ട്രീയ വളര്‍ച്ചക്കായി ഫലസ്തീനെ ഉപയോഗിക്കുന്നു എന്നൊരു ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഹമാസ് എന്ന സംഘടന പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടും, ലക്ഷ്യങ്ങളോടും, അവരുടെ രാഷ്ട്രീയ നിലപാടുകളോടും വിയോജിക്കുമ്പോഴും അവരുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ ലോകം പിന്തുണക്കുന്നത്, ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട് എന്ന ഒറ്റക്കാരണം കൊണ്ടാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x