ഗസ്സയെ സഹായിക്കാന്‍ എയര്‍ഡ്രോപ്പും സമുദ്ര ഇടനാഴിയും പരീക്ഷിക്കുന്നു: യു എന്‍ ഏജന്‍സി
ഗസ്സയില്‍ സഹായമെത്തിക്കാന്‍ എളുപ്പവഴി റോഡാണെന്ന് ഫലസ്തീനിനായി പ്രവര്‍ത്തിക്കുന്ന യു എന്‍ ഏജന്‍സി യു.എന്‍.ആര്‍.ഡബ്ല്യൂ.എ. ”ഗസ്സയിലേക്ക് എന്തെങ്കിലും സഹായം ലഭിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, സഹായം എത്തിക്കുന്നതിനുള്ള ലളിതവും കാര്യക്ഷമവുമായ റോഡ് മാര്‍ഗം ഉപേക്ഷിച്ച് എയര്‍ഡ്രോപ്പിലും സമുദ്ര ഇടനാഴികളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്”- യു.എന്‍.ആര്‍.ഡബ്ല്യൂ.എ വക്താവ് ജൂലിയറ്റ് ടൂമ പറഞ്ഞു. ഇസ്രായേലിനെ ഗസ്സാ മുനമ്പുമായി ബന്ധിപ്പിക്കുന്ന ധാരാളം റോഡ് ക്രോസിങുകള്‍ ഉണ്ടെന്നും അവയിലൂടെ സഹായം എത്തിക്കാമെന്നും അവര്‍ പറഞ്ഞു. യുദ്ധത്തിനു മുമ്പ് വാണിജ്യ സാമഗ്രികള്‍ ഉള്‍പ്പെടെ പ്രതിദിനം 500 ട്രക്കുകള്‍ പതിവായി ഇതുവഴി എത്തിയിരുന്നു. ഗസ്സയില്‍ ആക്രമണം രൂക്ഷമായതോടെ വളരെ കുറച്ച് സഹായം മാത്രമാണ് ലഭിക്കുന്നത്. എന്‍.ആര്‍.ഡബ്ല്യൂ.എക്കും മറ്റ് യു.എന്‍ ഏജന്‍സികള്‍ക്കും ആവശ്യമായ അംഗീകാരം ലഭിച്ചിട്ടില്ലെന്നും ജൂലിയറ്റ് പറഞ്ഞു.