ഗസ്സയില്‍ നിന്നുള്ള വാര്‍ത്തകളും മരിക്കുന്നു; പുറത്തുവരുന്നത് വളച്ചൊടിച്ച വിവരങ്ങള്‍
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത സാഹചര്യമാണ് ഗസ്സയിലെന്ന് അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്നുള്ള അല്‍ജസീറ റിപ്പോര്‍ട്ടര്‍ റോറി ചാലാന്‍ഡ്‌സ് പറയുന്നു. നിരവധി മാധ്യമ പ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും ഇതിനകം കൊലപ്പെടുത്തിയ ഗസ്സയില്‍, തുര്‍ക്കി വാര്‍ത്താ ഏജന്‍സിയുടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വരെ ആക്രമണം നടന്നിരുന്നു. ഇസ്രായേല്‍ പുറത്തുവിടുന്ന വളച്ചൊടിച്ച ഏകപക്ഷീയ വാര്‍ത്തകള്‍ മാത്രമാണ് മാധ്യമങ്ങള്‍ ആശ്രയിക്കുന്നത്. അല്‍ശിഫ ആശുപത്രിയില്‍ ഹമാസ് ടണല്‍, അല്‍ശിഫയില്‍ ആയുധം കണ്ടെടുത്തു, ഇന്‍കുബേറ്റര്‍ വിതരണം ചെയ്തു തുടങ്ങിയ വ്യാജവാര്‍ത്തകള്‍ ഉദാഹരണം. അല്‍ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ഏതാനും സാമൂഹിക മാധ്യമ ആക്ടിവിസ്റ്റുകളും ഫ്രീലാന്‍സ് ജേണലിസ്റ്റുകളും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഇതിന് അപവാദം. യുദ്ധമുഖത്ത് ജീവനു സുരക്ഷിതത്വമില്ലാത്തതിനാല്‍ നേരിട്ട് പോയി റിപ്പോര്‍ട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടും സൈന്യം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളും കാരണം ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള വിവരണങ്ങള്‍ മാത്രമേ ചിലപ്പോള്‍ ലഭിക്കുന്നുള്ളൂ എന്ന് റോറി പറഞ്ഞു.