30 Monday
June 2025
2025 June 30
1447 Mouharrem 4

ഗസ്സയെ മറ്റൊരു വെസ്റ്റ്ബാങ്കാക്കും; ലോകം നോക്കിനില്‍ക്കെ

സജീവന്‍

ഗസ്സയില്‍ ഒക്‌ടോബര്‍ 7നു ശേഷം ആരോഗ്യകേന്ദ്രങ്ങള്‍ക്കും ഹോസ്പിറ്റലുകള്‍ക്കുമെതിരെ 250ഓളം ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. 4506 കുട്ടികള്‍ അടക്കം 11,000ലേറെ പേരാണ് ഇസ്രായേലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഗസ്സയില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗീബര്‍ഗിയൂസ് വ്യക്തമാക്കിയിരുന്നു. 100ഓളം യുഎന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഗസ്സയിലെ ഇസ്രായേലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹമാസിന്റെ നയം സായുധ ചെറുത്തുനില്‍പാണ് ഇസ്രായേലിനെ നിലയ്ക്കു നിര്‍ത്താനുള്ള മാര്‍ഗം എന്നാണ്. എന്നാല്‍ വെസ്റ്റ്ബാങ്ക് ഭരിക്കുന്നത് ഫത്ഹ് ആണ്. അവരുടെ ലക്ഷ്യം സമാധാന ചര്‍ച്ചകളിലൂടെയാണ് ഫലസ്തീനിന്റെ വിമോചനം സാധ്യമാവുക എന്നതുമാണ്. ഒക്‌ടോബര്‍ 7നു മുമ്പ് 7000 ഫലസ്തീനി തടവുകാരെയാണ് ഇസ്രായേല്‍ കാരാഗൃഹങ്ങളില്‍ അടച്ചത്. ഇതില്‍ 99 ശതമാനം പേരും സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന വെസ്റ്റ്ബാങ്കില്‍ നിന്നുള്ളവരാണ്. 2021 ജനുവരി 1 മുതല്‍ 2023 ഒക്‌ടോബര്‍ 7 വരെ 43 കുട്ടികളടക്കം 181 പേരെ ഇസ്രായേല്‍ വെടിവെച്ചു കൊന്നിട്ടുണ്ട്. ഇതില്‍ മുഴുവന്‍ പേരും വെസ്റ്റ്ബാങ്കില്‍ നിന്നുള്ളവരാണ്. യാതൊരു സായുധ ചെറുത്തുനില്‍പിലും ഏര്‍പ്പെടാത്ത സാധാരണക്കാരെ തീര്‍ത്തും അകാരണമായി കൊന്നുകളയുകയോ പിടിച്ചുകൊണ്ടുപോയി തടവുകാരാക്കുകയോ ചെയ്യുകയാണ് വെസ്റ്റ്ബാങ്കില്‍ നടക്കുന്നത്. ഏഴു ലക്ഷം പേരാണ് വെസ്റ്റ്ബാങ്കില്‍ ജൂത സെറ്റില്‍മെന്റുകളില്‍ ഉള്ളത്. അവരുടെ പക്കല്‍ അത്യാധുനിക ആയുധങ്ങള്‍ കൊടുത്തിരിക്കുന്നു. അവരാണ് ഭൂരിഭാഗം കൊലപാതകങ്ങളും നടത്തുന്നത്. വെസ്റ്റ്ബാങ്കില്‍ 4000 ജൂത സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഈയിടെയാണ് ജനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ബുള്‍ഡോസറുകളുമായി ഇസ്രായേല്‍ സേന ഇരച്ചുകയറിയത്. ഗസ്സയെ ഞങ്ങള്‍ മരുഭൂമിയാക്കും, മറ്റൊരു വെസ്റ്റ്ബാങ്കാക്കും എന്ന് ഇസ്രായേല്‍ പറയുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് സ്പഷ്ടമാണ്. ഫലസ്തീനി ജനതയെ കൊന്നുതീര്‍ക്കുക. ബാക്കിയുള്ളവരെ മുഴുവന്‍ ഈജിപ്ഷ്യന്‍ മരുഭൂമിയിലേക്ക് ആട്ടിപ്പായിച്ച് ഇസ്രായേലിനെ വികസിപ്പിക്കുക.

Back to Top