ഗസ്സ: 2021ല്‍ തകര്‍ന്ന 1650 വീടുകളില്‍ പുനര്‍നിര്‍മിച്ചത് 50 എണ്ണം മാത്രം

2021-ല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ബോംബിട്ടും വ്യോമാക്രമണങ്ങളിലൂടെയും ആകെ തകര്‍ത്തത് 1650-ലധികം വീടുകള്‍. ഇതില്‍ പുനര്‍നിര്‍മിച്ചത് ആകെ 50 എണ്ണം മാത്രം. 2021 മെയിലാണ് ഇ സ്‌റാഈല്‍ ഗസ്സയില്‍ അതിരൂക്ഷമായ വ്യോമാക്രമണങ്ങള്‍ നടത്തിയത്. 11 ദിവസമാണ് ഏറ്റുമുട്ടല്‍ നീണ്ടുനിന്നത്. ഈ സമയത്താണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. ആക്രമണത്തില്‍ വീട് നഷ്ടപ്പെട്ട ഫലസ്തീനികളെല്ലാം ഷാതി അഭയാര്‍ഥി ക്യാംപിലാണ് കഴിയുന്നത്. സംഘര്‍ഷം കഴിഞ്ഞ് എട്ട് മാസം പിന്നിട്ടിട്ടും വീടുകളുടെ പുനര്‍നിര്‍മാണം മന്ദഗതിയിലാകുന്നത് ഫലസ്തീനികളെ നിരാശയിലേക്ക് നയിക്കുന്നുണ്ട്. യുദ്ധത്തില്‍ തകര്‍ന്ന വീടുകളും അടിസ്ഥാന സൗകര്യങ്ങളും പുനര്‍നിര്‍മിക്കാന്‍ 479 ദശലക്ഷം ഡോളര്‍ വേണ്ടിവരുമെന്നാണ് ഗസ്സ അധികൃതര്‍ കണക്കാക്കുന്നത്. ഗസ്സ മുനമ്പിലെ പുനര്‍നിര്‍മാണത്തിനായി ഖത്തറും ഈജിപ്തും 500 ദശലക്ഷം ഡോളര്‍ വീതം വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇതുവരെ 100 മില്യണ്‍ ഡോളര്‍ മാത്രമാണ് ഫലസ്തീന് ലഭ്യമായിട്ടുള്ളതെന്നും തകര്‍ന്ന 1650 വീടുകളില്‍ 50 എണ്ണത്തിന്റെ പുനര്‍നിര്‍മാണം ഖത്തറിന്റെ ഫണ്ട് ഉപയോഗിച്ച് ആരംഭിച്ചതായും ഗസ്സ ഡെപ്യൂട്ടി ഭവന മന്ത്രി നാജി സര്‍ഹാന്‍ പറഞ്ഞു. വീടുകള്‍ പുനര്‍നിര്‍മിക്കുന്നതില്‍ ഇസ്‌റാഈലിന്റെ സമ്മര്‍ദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സര്‍ഹാന്‍ പറഞ്ഞു. അതേസമയം, ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഫലസ്തീന്‍ ലെയ്‌സണ്‍ ഓഫീസായ കൊഗറ്റ് ഇതിനോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഹമാസ് കൈവശം വച്ചിരിക്കുന്നതായി കരുതുന്ന രണ്ട് ഇസ്‌റാഈലി സിവിലിയന്‍മാരുടെയും രണ്ട് ഇസ്‌റാഈലി സൈനികരുടെ മൃതദേഹങ്ങളെയും കൈമാറുന്നതിനുള്ള കരാര്‍ വൈകുന്നത് പുനര്‍നിര്‍മാണത്തെ ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
