നീണ്ട അധിനിവേശത്തിനുള്ള ശ്രമം: ഗസ്സയുടെ 26 ശതമാനവും ഇസ്രായേല്‍ നിയന്ത്രണത്തില്‍
ഗസ്സയുടെ 26 ശതമാനവും ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തതായി ഇസ്രായേല്‍ പത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. സാറ്റലൈറ്റ് ഫോട്ടോഗ്രാഫുകളുടെയും ഇന്‍സൈഡര്‍ സ്രോതസ്സുകളെയും അവലംബമാക്കി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇസ്രായേല്‍ സൈന്യം ഗസ്സ മുനമ്പില്‍ തങ്ങളുടെ സൈനിക താവളങ്ങള്‍ വിപുലീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങളും റോഡുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇതില്‍ കാണിക്കുന്നുണ്ട്. പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഗസ്സയിലെ വര്‍ഷങ്ങള്‍ നീണ്ട അധിനിവേശത്തിനായുള്ള ശ്രമമാണ് ഈ പിടിച്ചെടുക്കലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബറില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതല്‍, ഇസ്രായേല്‍ രാഷ്ട്രീയക്കാരും സയണിസ്റ്റുകളും ഗസ്സയിലെ സ്ഥിരമായ അധിനിവേശത്തിനും പ്രദേശത്ത് അനധികൃത ഇസ്രായേല്‍ സെറ്റില്‍മെന്റിലുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും വേണ്ടി വാദിച്ചിരുന്നു. ഇസ്രായേല്‍ സൈന്യം അതിര്‍ത്തിയില്‍ ഒരു ബഫര്‍ സോണ്‍ സ്ഥാപിക്കുകയും അവിടെ നിലവിലുണ്ടായിരുന്ന ഏകദേശം എല്ലാ കെട്ടിടങ്ങളും തകര്‍ത്ത് നിരപ്പാക്കുകയും ഫലസ്തീനികളെ ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തിരുന്നു. ഗസ്സയുടെയും ഈജിപ്തിന്റെയും അതിര്‍ത്തിയിലുള്ള സൈനികരഹിത മേഖലയായ ഫിലാഡല്‍ഫി ഇടനാഴിയുടെ നിയന്ത്രണവും കഴിഞ്ഞ മെയില്‍ ഇസ്രായേല്‍ സൈന്യം ഏറ്റെടുത്തിരുന്നു.