ഗസ്സയിലെ അഞ്ചില്‍ ഒരാള്‍ ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിയുന്നു
ഗസ്സയിലെ അഞ്ചു പേരില്‍ ഒരാളെങ്കിലും ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഗസ്സയിലെ 4,95,000ലധികം ആളുകള്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണ്. ഇത് ജനസംഖ്യയുടെ അഞ്ചില്‍ ഒരാള്‍ക്ക് തുല്യമാണ്. കുഞ്ഞുങ്ങള്‍ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും നിര്‍ജലീകരണവും മൂലം കൊല്ലപ്പെടുന്നുവെന്നും യുഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹായവസ്തുക്കളുമായെത്തിയ ട്രക്കുകള്‍ ഇസ്രായേല്‍ തടഞ്ഞതിനാല്‍ വിതരണം ചെയ്യാനാകാതെ അതിര്‍ത്തിയില്‍ കാത്തുകെട്ടി നില്‍ക്കുമ്പോഴാണ് ഇത്. ഫലസ്തീനി അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി മേധാവി ഫിലിപ് ലസ്സാറിനിയാണ് പ്രസ്താവനയിലൂടെ ഇത് അറിയിച്ചത്. ഉപരോധ മുനമ്പില്‍ വരാനിരിക്കുന്ന കടുത്ത ക്ഷാമത്തെക്കുറിച്ച് നിരവധി മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും ഇസ്രായേല്‍ ട്രക്കുകളുടെ ഡെലിവറി തടയുകയാണ്.
ഗസ്സയിലെ ഇസ്രായേലിന്റെ യുദ്ധം ഒമ്പതു മാസം പിന്നിടുമ്പോള്‍, മാനുഷിക പ്രതിസന്ധി വിനാശകരമായ തലത്തിലെത്തുകയും ഒരു ദശലക്ഷത്തിലധികം ഫലസ്തീനികള്‍ പലായനം ചെയ്യുകയും അവശ്യവിഭവങ്ങളുടെ വ്യാപകമായ ക്ഷാമം നേരിടുകയും ചെയ്യുന്നുണ്ടെന്നും യുഎന്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 67% കുടിവെള്ള-ശുചീകരണ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കപ്പെടുകയോ ഗുരുതരമായി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിരിക്കുന്നു.