ഗസ്സ കൂട്ടക്കുരുതിയെ സഹായിക്കല്‍ ഗൂഗ്ള്‍ ഓഫീസുകളില്‍ വന്‍ സമരം
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് സാങ്കേതിക പിന്തുണ നല്‍കാനുള്ള ഗൂഗ്‌ളിന്റെ നീക്കത്തിനെതിരെ ജീവനക്കാരുടെ നേതൃത്വത്തില്‍ യു എസിലെ ഗൂഗ്‌ളിന്റെ ഓഫീസില്‍ വന്‍ പ്രതിഷേധം. ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലെയും ഓഫീസുകളില്‍ നൂറിലേറെ ജീവനക്കാര്‍ 10 മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതിനു പിന്നാലെ സമരത്തിന് നേതൃത്വം നല്‍കിയതിന് 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗ്ള്‍ അറിയിപ്പ് പുറത്തിറക്കി. ഇസ്രായേലും ഗൂഗിളും ആമസോണും തമ്മില്‍ ‘പ്രൊജക്റ്റ് നിംബസ്’ എന്ന പേരില്‍ 1.2 ബില്യണ്‍ ഡോളറിന്റെ നിര്‍മിതബുദ്ധി, നിരീക്ഷണ സംവിധാനത്തിനുള്ള കരാര്‍ ഒപ്പുവെച്ചിരുന്നു. യുദ്ധത്തിനും സൈനികനിരീക്ഷണത്തിനും സാങ്കേതിക സഹായം ലഭ്യമാക്കാനുള്ള ഈ പദ്ധതിക്കെതിരെ ‘നോ ടെക് ഫോര്‍ അപാര്‍ത്തീഡ്’ എന്ന വംശീയവിവേചനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ടെക്കികളുടെ സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. പരമ്പരാഗത അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചാണ് ഫലസ്തീന് പിന്തുണയുമായി ജീവനക്കാര്‍ സമരത്തിനെത്തിയത്.