26 Monday
January 2026
2026 January 26
1447 Chabân 7

ഗസ്സയിലേക്കുള്ള ഖത്തര്‍ സഹായം ഫലസ്തീന്‍ അതോറിറ്റി തടയുന്നതായി ആരോപണം


ഗസ്സയിലേക്കുള്ള ഖത്തറിന്റെ സഹായം ഫലസ്തീന്‍ ഭരണകൂടമായ ഫലസ്തീന്‍ അതോറിറ്റി തടയുന്നതായി റിപ്പോര്‍ട്ട്. അറബിക് 21നെ ഉദ്ധരിച്ച് മിഡിലീസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഉപരോധ ഗസ്സ മുനമ്പിലേക്ക് ഖത്തറിന്റെ ഗ്രാന്റ് നല്‍കാന്‍ എല്ലാ പാര്‍ട്ടികളും സംയുക്തമായി സമര്‍പ്പിച്ച പദ്ധതിയാണ് തടയുന്നത്. ഗസ്സയിലെ മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹമാസും ഇസ്‌റാഈലും തമ്മില്‍ ഈജിപ്തിന്റെ മധ്യസ്ഥയില്‍ നടക്കുന്ന അനുരഞ്ജന ചര്‍ച്ചയെ ഫലസ്തീന്‍ അതോറിറ്റി തള്ളിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഖത്തറി ഗ്രാന്റ് ഐക്യരാഷ്ട്രസഭ വഴി ഗസ്സയിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് നേരിട്ട് കൈമാറാനായി പുതിയ പദ്ധതി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇസ്‌റാഈല്‍ അംഗീകരിച്ച ഈ പദ്ധതി ഫലസ്തീന്‍ അതോറിറ്റി നിരസിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ”ഈ പദ്ധതി ഇസ്‌റാഈല്‍ അംഗീകരിച്ചു, ഇത് നടപ്പാക്കാന്‍ ഐക്യരാഷ്ട്രസഭ സന്നദ്ധമാണ്, അമേരിക്കയുടെ അംഗീകാരമുണ്ട്, എന്നാല്‍ റാമല്ലയിലെ ഫലസ്തീന്‍ അതോറിറ്റി ഇത് നിരസിച്ചു, അതിനാല്‍ തന്നെ ഈ ഫണ്ടുകള്‍ ഗസ്സയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമായി” -ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഫലസ്തീനില്‍ ശത്രുപക്ഷത്ത് നില്‍ക്കുന്ന ഇരു വിഭാഗങ്ങളാണ് ഫതഹും ഹമാസും. റാമല്ല ആസ്ഥാനമായ ഫലസ്തീന്‍ അതോറിറ്റിയെ നയിക്കുന്നത് ഫതഹാണ്. ഗസ്സ മുനമ്പ് ആസ്ഥാനമായാണ് ഹമാസ് പ്രവര്‍ത്തിക്കുന്നത്.

Back to Top