5 Friday
December 2025
2025 December 5
1447 Joumada II 14

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ വ്യോമാക്രമണം


ഉപരോധിക്കപ്പെട്ട ഫലസ്തീന്‍ പ്രദേശങ്ങളിലുള്ളവര്‍ ദക്ഷിണ ഇസ്‌റാഈലിലേക്ക് അഗ്‌നി ബലൂണുകള്‍ അയച്ചെന്ന് ആരോപിച്ച് ഗസ്സ മുനമ്പില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്‌റാഈല്‍. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസത്തില്‍, ഗസ്സയില്‍ നടത്തിയ പതിനൊന്ന് ദിവസത്തെ വ്യോമാക്രമണത്തിന് ശേഷം ഇസ്‌റാഈല്‍ വീണ്ടും വ്യോമാക്രമണം നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കിഴക്കന്‍ ജറൂസലമില്‍ ജൂത സംഘടനകള്‍ക്ക് മാര്‍ച്ച് നടത്തുന്നതിന് പുതിയ പ്രധാനമന്ത്രി നാഫ്തലി ബെനറ്റ് അനുമതി നല്‍കിയിരുന്നു. ഇത് ഫലസ്തീനികള്‍ അപലപിക്കുകയും ചെയ്തിരുന്നു. ദക്ഷിണ നഗരമായ ഖാന്‍ യൂനുസിലെയും ഗസ്സ സിറ്റിയിലെയും ഹമാസ് കേന്ദ്രങ്ങളിലാണ് തങ്ങളുടെ വിമാനം ആക്രമണം നടത്തിയത്. ഗസ്സയില്‍ നിന്ന് രൂപംകൊള്ളുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പോരാട്ടം ഉള്‍പ്പെടെ എല്ലാം സാഹചര്യങ്ങള്‍ക്കും തയാറാണെന്ന് ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു. ഗസ്സ അതിര്‍ത്തിക്ക് സമീപമുള്ള സമൂഹങ്ങളുടെ തുറന്ന നിലങ്ങളില്‍ 20 തീപിടുത്തങ്ങള്‍ക്ക് കാരണമായ അഗ്‌നി ബലൂണുകള്‍ പ്രയോഗിച്ചതിനുള്ള പ്രതികരണമാണ് ആക്രമണമെന്ന് സൈന്യം അറിയിച്ചു.

Back to Top