ഗസ്സയില്‍ ശാശ്വത വെടിനിര്‍ത്തലിന് ഈജിപ്ത്-ഇസ്റാഈല്‍ ചര്‍ച്ച

ഗസ്സയില്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഈജിപ്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ഇസ്റാഈല്‍, ഈജിപ്ത് ഉന്നത ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ അബ്ബാസ് കാമിലും തമ്മില്‍ ജറൂസലമില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. ഗസ്സയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ വേണ്ടി ഇസ്റാഈലുമായി ചര്‍ച്ച നടത്താനും ഫലസ്തീന് പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്ഫതാഹ് സീസിയാണ് അബ്ബാസ് കാമിലിനെ ഇസ്റാഈലിലേക്ക് അയച്ചതെന്ന് എ എഫ് പി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതേ ദിവസം തന്നെ ഇസ്റാഈല്‍ വിദേശകാര്യ മന്ത്രി ഗബി അഷ്കനാസി 13 വര്‍ഷത്തിനു ശേഷം ഈജിപ്ത് സന്ദര്‍ശിച്ച് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. 11 ദിവസത്തെ രൂക്ഷമായ ആക്രമണങ്ങള്‍ക്ക് ശേഷം മെയ് 21-നാണ് ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഈജിപ്ത് അടക്കമുള്ള രാജ്യങ്ങള്‍ മുന്‍കൈയെടുത്തായിരുന്നു വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.
