അടങ്ങാതെ ഇസ്‌റാഈല്‍; ഗസ്സക്ക് നേരെ വീണ്ടും വ്യോമാക്രമണം

ഗസ്സയില്‍ വീണ്ടും വ്യോമാക്രമണം ആരംഭിച്ച് ഇസ്‌റാഈല്‍. കഴിഞ്ഞ മാസത്തെ പതിനൊന്ന് ദിവസത്തെ യുദ്ധം അവസാനിച്ചതിന് ശേഷം ഇസ്‌റാഈല്‍ രണ്ടാം തവണയാണ് ഗസ്സ മുനമ്പില്‍ വ്യോമാക്രമണം നടത്തുന്നത്. ഉപരോധിക്കപ്പെട്ട പ്രദേശങ്ങളില്‍ ഗസ്സ സിറ്റിയുടെ വടക്കുപടിഞ്ഞാറും, ബൈത്ത് ലാഹിയയുടെ വടക്കും സായുധ വിഭാഗങ്ങളുടെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം മിസൈലാക്രമണമുണ്ടായതായി ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. തെക്കന്‍ നഗരമായ ഖാന്‍ യുനുസിന് കിഴക്ക് കാര്‍ഷിക മേഖലക്ക് പുറമേ, വടക്കന്‍ ജബാലിയക്ക് കിഴക്ക് സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടവും ലക്ഷ്യംവെച്ചിരുന്നു. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചെറുത്തുനില്‍പ്പ് സ്ഥലങ്ങളില്‍ അധിനിവേശത്തിന്റെ ബോംബ് വര്‍ഷം പുതിയ സര്‍ക്കാറിന്റെ പ്രകടരൂപമാണെന്ന് ഗസ്സ മുനമ്പില്‍ ഭരണം നടത്തുന്ന ഹമാസിന്റെ വക്താവ് ഫൗസി ബര്‍ഹൂം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായേല്‍ പാര്‍ലമെന്റ് ഞായറാഴ്ച അംഗീകാരം നല്‍കിയ ഭരണകൂടം ഗസ്സയില്‍ വ്യോമാക്രമണം തുടരുകയാണ്.
