ഇസ്‌റാഈല്‍ വേട്ടക്കു പിറകെ ഗസ്സയുടെ വേദനയായി കുട്ടികള്‍
അത്യാധുനിക ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് 11 ദിവസം ഗസ്സയില്‍ മരണം പെയ്ത ഇസ്‌റാഈല്‍ താത്കാലികമായി വെടിനിര്‍ത്തിയെങ്കിലും വേദനകളുടെ പുതിയ നെടുവീര്‍പുകള്‍ കൊച്ചുതുരുത്തിനെ വേട്ടയാടുന്നു. സമാധാന പ്രതീക്ഷയോടെ കുരുന്നുകള്‍ അന്തിയുറങ്ങിയ കെട്ടിടങ്ങള്‍ക്കു മേല്‍ ഉഗ്ര ശബ്ദത്തോടെ നിരന്തരം വര്‍ഷിച്ച ബോംബുകളും മിസൈലുകളും ഉണ്ടാക്കിയ ആഘാതം കുട്ടികളില്‍ ഭീതി നിറക്കുന്നതാണ് ആശങ്ക. 11 ദിവസത്തെ ആക്രമണത്തില്‍ 253 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതില്‍ 66-ഉം കുട്ടികളായിരുന്നു. 1,000-ലേറെ പേര്‍ പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നതിലും അനവധി പേര്‍ കുരുന്നുകള്‍.
ഇസ്‌റാഈലില്‍ ഹമാസ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട 12 പേരിലും രണ്ടു കുട്ടികളുണ്ട്. ഗസ്സയില്‍ മാത്രം 1,800 വീടുകള്‍ പൂര്‍ണമായും 14,300 എണ്ണം ഭാഗികമായും ഇസ്‌റാഈല്‍ ബോംബറുകള്‍ തകര്‍ത്തിരുന്നു. ഇവയില്‍ താമസിച്ച പതിനായിരക്കണക്കിന് ഫലസ്തീനികളാണ് യു എന്‍ നടത്തുന്ന സ്‌കൂളുകളില്‍ അഭയം തേടിയത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും നിരവധി കുടുംബങ്ങള്‍ ഇപ്പോഴും അതിന്റെ ആഘാതത്തിലാണ്. 2014-ല്‍ 51 ദിവസം നീണ്ട ഭീകരതയില്‍നിന്ന് മനസ്സും നാടും മുക്തമായി വരുന്നതിനിടെയായിരുന്നു പുതിയ ആക്രമണം. അന്ന്, 2,200 ഫലസ്തീനികളെ കൊന്നൊടുക്കിയതില്‍ 500-ഉം കുരുന്നുകളായിരുന്നു. ഗസ്സയിലെ ശുജാഇയ പ്രദേശത്ത് ഒറ്റ രാത്രിയില്‍ മാത്രം 67 പേരെയാണ് കൂട്ടക്കുരുതി നടത്തിയത്. പ്രദേശത്തുണ്ടായിരുന്ന കുടുംബങ്ങളില്‍ അവശേഷിച്ച കുട്ടികള്‍ ഇപ്പോഴും മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണ്.