ഗ്യാന്‍വാപി മസ്ജിദും സംഘപരിവാറിന്റെ സോഷ്യല്‍ ഐഡന്റിറ്റിയും
ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍
ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് വീണ്ടും വാര്‍ത്തകളിലേക്ക് വന്നിരിക്കുകയാണ്. 1699-ല്‍ ഔറംഗസീബ് നിര്‍മിച്ചതാണ് ഈ പള്ളിയെന്ന് പറയപ്പെടുന്നു. ഇതിന്റെ നിര്‍മാണ ചരിത്രത്തെക്കുറിച്ച് തന്നെ നിരവധി വാദങ്ങളുണ്ട്. ഏതായിരുന്നാലും, ബാബരി മസ്ജിദിനു ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭൂരിപക്ഷ ഏകീകരണത്തിനുള്ള വഴികളെന്ത് എന്നന്വേഷിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. ഗ്യാന്‍വാപി എന്ന് മലയാളത്തില്‍ എഴുതുമെങ്കിലും യഥാര്‍ഥത്തില്‍ ജ്ഞാനവാപി എന്നാണ് പറയേണ്ടത്. ജ്ഞാനത്തിന്റെ അഥവാ അറിവിന്റെ കിണര്‍ എന്നാണ് വാക്കര്‍ഥം. ഈ മസ്ജിദിനോട് ചേര്‍ന്നാണ് കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഭാഗമായ ചില ഹൈന്ദവ ആരാധനാമൂര്‍ത്തികള്‍ ഈ പള്ളിയിലുണ്ടെന്നും അതിനാല്‍ അവിടെ ആരാധന നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കോടതിയില്‍ ഹരജി എത്തിയത്.
ഈ ആവശ്യവുമായി 1991-ല്‍ വാരണാസി കോടതിയില്‍ ഒരു ഹരജി, പ്രാദേശിക പുരോഹിതന്മാരുടെ പേരില്‍ ഫയല്‍ ചെയ്തു. ഹരജിക്കാര്‍ ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ആരാധന നടത്താന്‍ അനുമതി തേടി. എന്നാല്‍ 1991-ലെ ആരാധനാ നിയമമനുസരിച്ച് ഈ ഹരജി അനുവദിക്കപ്പെട്ടില്ല. ഇതേതുടര്‍ന്ന് പിന്നീട് ഏറെക്കാലം ഗ്യാന്‍വാപി ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എന്നാല്‍ 2019 ഡിസംബറില്‍ ബാബരി കേസിലുള്ള സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് വാരണാസി ആസ്ഥാനമായുള്ള അഭിഭാഷകന്‍ വിജയ് ശങ്കര്‍ രസ്‌തോഗി ഗ്യാന്‍വാപി പള്ളിയുടെ നിര്‍മാണം നിയമവിരുദ്ധമാണെന്ന് അവകാശപ്പെടുകയും സ്ഥലത്തിന്റെ പുരാവസ്തു സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് കീഴ്‌ക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുക യും ചെയ്തു. ബാബരി വിധി നല്‍കിയ ആത്മവിശ്വാസമാണ് ഇപ്പോഴത്തെ ഹരജിക്ക് പിന്നിലെന്ന് കാണാനാവും. സര്‍വേ നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരണാസി കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് (എ എസ് ഐ) നിര്‍ദേശിച്ചു. ബാബരി മസ്ജിദിലും ഖനനം നടത്തിയത് എ എസ് ഐ ആണെന്ന് നമുക്ക് കാണാനാവും. എന്നാല്‍, ഗ്യാന്‍വാപി മസ്ജിദ് നടത്തുന്ന അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയും, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ചേര്‍ന്ന് ഈ ഹര്‍ജിയെയും പള്ളി സര്‍വേ ചെയ്യാനുള്ള കോടതി ഉത്തരവിനെയും എതിര്‍ത്തു.
വിഷയം അലഹബാദ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ സര്‍വേ നടത്തുന്നതിനായി എ എസ് ഐക്ക് നല്‍കിയ നിര്‍ദേശം സ്‌റ്റേ ചെയ്തു. 1991-ലെ ആരാധനാലയ നിയമം അനുസരിച്ച്, 1947 ആഗസ്ത് 15-ന് നിലനിന്നിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം 2021 ആഗസ്ത് 18-ന്, അഞ്ച് ഹിന്ദു സ്ത്രീകള്‍ വാരണാസി കോടതിയില്‍ ദേവതകളെ (ശൃംഗര്‍, ഗൗരി, ഗണേശന്‍, ഹനുമാന്‍, നന്ദി) പതിവായി ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചു. കൂടാതെ ഗ്യാന്‍വാപി പള്ളി പരിസരത്ത് പ്രതിമകള്‍ ഉണ്ടെന്നും അതിന് ദോഷം വരുത്തുന്നതില്‍ നിന്ന് എതിര്‍കക്ഷികളെ തടയണമെന്നും ആവശ്യപ്പെട്ടു.
1991-ലെ ആരാധനാലയ
നിയമം
രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ കാലത്ത് പി വി നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കിയ നിയമമാണ് 1991-ലെ ആരാധനാലയങ്ങളുടെ നിയമം. ഇതനുസരിച്ച് 1947 ആഗസ്ത് 15-ന് ഒരു ആരാധനാലയത്തിന്റെ സ്വഭാവം എങ്ങനെയാണോ ഉണ്ടായിരുന്നത്, അതുപോലെ തുടര്‍ന്നും നിലനില്‍ക്കും. അതില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്താന്‍ പാടുള്ളതല്ല. ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവത്തിന്റെ ‘പരിവര്‍ത്തനം’ നിരോധിക്കുകയും മതപരമായ അസ്തിത്വം സംരക്ഷിക്കുകയും ചെയ്തുവെന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത.
എന്നിരുന്നാലും, ഈ നിയമത്തിന് ഒരു അപവാദമുണ്ട്, അതാണ് ബാബരി മസ്ജിദ്. ബാബരി മസ്ജിദിന്റെ വിഷയത്തില്‍ ഈ നിയമം ബാധകമല്ല എന്നു വ്യക്തമാക്കിയതു കൊണ്ടാണ് അതിന്റെ കോടതിവ്യവഹാരങ്ങള്‍ മുന്നോട്ടു പോയത്. 1991-ലെ ആരാധനാലയ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം ആരാധനാലയങ്ങള്‍ മാറ്റുന്നത് നിരോധിച്ചിരിക്കുന്നു. ‘ഒരു വ്യക്തി ഏതെങ്കിലും മതവിഭാഗത്തിന്റെയോ ഏതെങ്കിലും ഉപവിഭാഗത്തിന്റെയോ ഏതെങ്കിലും ആരാധനാലയത്തെ അതേ മതവിഭാഗത്തിന്റെയോ അല്ലെങ്കില്‍ അതേ മതത്തിലെ മറ്റൊരു വിഭാഗത്തിന്റെയോ ആരാധനാലയമാക്കി മാറ്റരുത്’ എന്നാണ് നിയമം പറയുന്നത്. 1947 ആഗസ്ത് 15-നു ശേഷം ആരാധനാലയത്തിന്റെ സ്വഭാവം മാറ്റുന്നത് സംബന്ധിച്ച് യാതൊരു നിയമവ്യവഹാരവും നടത്താന്‍ പാടില്ല. അന്നേ ദിവസം ഏതെങ്കിലും കോടതിയിലോ ട്രൈബ്യൂണലിലോ മറ്റ് അധികാരികളിലോ തീര്‍പ്പുകല്‍പിക്കാത്ത സ്യൂട്ടോ അപ്പീലോ ഉണ്ടെങ്കില്‍ അത് അസാധുവാക്കപ്പെടും. അതേസമയം, 1991-ലെ ഈ നിയമത്തിനു മുമ്പ് തീര്‍പ്പുകല്‍പിച്ചതും ഉഭയകക്ഷി സമ്മതപ്രകാരം മാറ്റപ്പെട്ടതുമായ ആരാധനാലയങ്ങള്‍ക്ക് 1947 ആഗസ്ത് 15 എന്ന കട്ട് ഓഫ് ദിവസം ബാധകമല്ല. അതുപോലെ, 1958-ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും അവശിഷ്ടങ്ങളും എന്ന നിയമത്തിന്റെ പരിധിയില്‍ വരുന്ന പുരാതനവും ചരിത്രപരവുമായ സ്മാരകമോ പുരാവസ്തു സ്ഥലമോ ആയ ഏതെങ്കിലും ആരാധനാലയവും 1991-ലെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിയമത്തിലെ സെക്ഷന്‍ 6 അനുസരിച്ച് ആരെങ്കിലും സെക്ഷന്‍ 3-ലെ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെങ്കില്‍, അത് മൂന്നു വര്‍ഷം വരെ നീണ്ട തടവു ശിക്ഷയ്ക്കും കൂടാതെ പിഴയ്ക്കും കാരണമാകുമെന്ന് നിയമം പറയുന്നു. 2019-ലെ ബാബരി വിധിയില്‍, ഭരണഘടനാ ബെഞ്ച് ഈ നിയമത്തെ പരാമര്‍ശിക്കുകയും അത് ഭരണഘടനയുടെ മതേതര മൂല്യങ്ങള്‍ പ്രകടമാക്കുകയും മതനിരപേക്ഷതയില്‍ നിന്നുള്ള പിന്മാറ്റം കര്‍ശനമായി നിരോധിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞു. ഈ നിയമം കര്‍ശനമായി നടപ്പാക്കപ്പെടുന്നത് കൊണ്ട് മറ്റ് ആരാധനലായങ്ങളെ ബാബരി വിധി ബാധിക്കില്ല എന്നായിരുന്നു അന്നത്തെ പലരുടെയും നിരീക്ഷണം. 1991-ലെ ആരാധനാലയ നിയമത്തിലെ സെക്ഷന്‍ 3-ന് എതിരാണ് ഗ്യാന്‍വാപി കേസ് എന്ന കാര്യം വ്യക്തമാണ്.
ഇപ്പോഴത്തെ കേസ്
വാരണാസി സിവില്‍ കോടതി ഗ്യാന്‍വാപി മസ്ജിദില്‍ അഭിഭാഷക സംഘത്തിന്റെ വീഡിയോ സര്‍വേ അനുവദിച്ച് ഉത്തരവ് നല്‍കുകയുണ്ടായി. അതിനെതിരെ മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍വേ നടന്നു. സര്‍വേയില്‍ ഗ്യാന്‍വാപി മസ്ജിദിന്റെ വുദുഖാനയില്‍ ശിവലിംഗം കണ്ടുവെന്നാണ് അഡ്വ. വിഷ്ണു ശങ്കര്‍ ജെയ്ന്‍ അവകാശപ്പെടുന്നത്. എന്നാല്‍ അത് പ്രവര്‍ത്തനരഹിതമായ പഴയ കാലത്തെ ജലധാര മാത്രമാണെന്നാണ് മസ്ദിജ് കമ്മിറ്റി വിശദീകരിക്കുന്നത്. വിഷയം കോടതിയുടെ പരിഗണനക്കെത്തിയപ്പോള്‍, 1991-ലെ നിയമമനുസരിച്ച് സര്‍വേ നടപടി തന്നെ അസാധുവാക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കാനും പള്ളിയില്‍ ഇസ്‌ലാം മതവിശ്വാസ പ്രകാരമുള്ള ആരാധനകള്‍ക്ക് തടസ്സം വരരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് വിചാരണാ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
മഥുര മസ്ജിദ്
മഥുര ഈദ്ഗാഹ് മസ്ജിദും സമാനമായ പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മധുരയിലെ ഈ പള്ളി ശ്രീകൃഷ്ണ ജന്മസ്ഥലമാണെന്നാണ് അവകാശപ്പെടുന്നത്. ബാബരിയെ രാമജന്മഭൂമി എന്ന പേരിലാക്കി മാറ്റിയതു പോലെ മഥുര ഈദ്ഗാഹ് മസ്ജിദിനെ ശ്രീകൃഷ്ണ ജന്മഭൂമിയാക്കി മാറ്റാനാണ് ശ്രമം നടക്കുന്നത്. കൃഷ്ണ ജന്മഭൂമിയില്‍ നിര്‍മിച്ചതായി പറയപ്പെടുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റും മറ്റ് കക്ഷികളും നല്‍കിയ ഹരജി മഥുരയിലെ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. നേരത്തെ ഹരജി തള്ളിയിരുന്നെങ്കിലും ഹരജി സ്വീകരിക്കണമെന്ന് മേല്‍ക്കോടതി ഉത്തരവിറക്കുകയായിരുന്നു. 13.37 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സിവില്‍ കോടതിയുടെ പരിഗണനയിലുള്ളത്. 17-ാം നൂറ്റാണ്ടിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്, കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ പരിസരത്തു നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. 1669-70 കാലഘട്ടത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഉത്തരവനുസരിച്ചാണ് ഈ പള്ളി പണിതതെന്നാണ് ചരിത്രം.
ക്ഷേത്രഭരണ അതോറിറ്റിയായ ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സംഘും ഷാഹി ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റും തമ്മില്‍ 1968-ലുണ്ടാക്കിയ ഒത്തുതീര്‍പ്പാണ് മറ്റൊരു തര്‍ക്കം. ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ക്ഷേത്രാധികാരി ഈദ്ഗാഹിന് ഭൂമി വിട്ടുനല്‍കിയതെന്നും സ്ഥലത്തിന്റെ ഉടമസ്ഥതയും പട്ടയവുമുള്ള ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് ഇതില്‍ കക്ഷിയല്ലാത്തതിനാല്‍ ഒത്തുതീര്‍പ്പിന് നിയമസാധുതയില്ലെന്നുമാണ് ഇപ്പോള്‍ ഹരജിക്കാര്‍ വാദിക്കുന്നത്. അതിനാല്‍, മസ്ജിദ് നിര്‍മിച്ച ഭൂമി ദൈവത്തിന് കൈമാറാന്‍ കോടതി ഉത്തരവിടണമെന്നാണ് ആവശ്യം. ബാബരി കേസില്‍ ഭഗവാന്‍ രാംലല്ല കക്ഷിയായതു പോലെ ദൈവത്തെ തന്നെ കക്ഷി ചേര്‍ത്ത് അതിനെ നിയമപരമായ സ്ഥാപനം (ഷൗൃശേെശര ലിശേ്യേ) ആക്കി മാറ്റുന്ന വ്യവഹാര നടപടി തന്നെയാണ് മഥുര ഈദ്ഗാഹ് മസ്ജിദിലും ആവര്‍ത്തിക്കുന്നത്. ഈ കേസും 1991-ലെ ആരാധനാലയ നിയമത്തിനു വിരുദ്ധമായാണ് മുന്നോട്ടു പോകുന്നത്.
സംഘപരിവാറിന്റെ
തന്ത്രങ്ങള്‍
ബാബരി മസ്ജിദ് പൊളിച്ചുകൊണ്ട് സംഘപരിവാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നേടിയെടുത്ത ഭൂരിപക്ഷ പിന്തുണ എങ്ങനെ നിലനിര്‍ത്താം എന്ന ഗവേഷണത്തിലാണിപ്പോള്‍. സംഘ്പരിവാര്‍ ദേശീയതയുടെ രണ്ട് പ്രധാന ഘടകങ്ങളായി ‘സാംസ്‌കാരിക ദേശീയതയും’ ‘നല്ല ഭരണവും’ (ഏീീറ ഏീ്‌ലൃിമിരല) (രാമരാജ്യം) സ്ഥാപിക്കാന്‍ ബി ജെ പിയെ പ്രാപ്തമാക്കിയ നിമിത്തമായിരുന്നു അയോധ്യ. രാമജന്മഭൂമി പ്രസ്ഥാനത്തിന് പല തലങ്ങളുണ്ട്. അതില്‍ ആദ്യത്തേത് സാംസ്‌കാരിക ദേശീയതയുടെ ഉദയമാണ്. മണ്ഡല്‍ കമ്മീഷന്‍ നടപ്പിലാക്കിയതോടെ ജാതി രാഷ്ട്രീയം വര്‍ധിച്ചുവരുന്ന ഒരു ഘട്ടത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് രാമജന്മഭൂമി പ്രസ്ഥാനം ആരംഭിക്കുന്നത്. അതിനാല്‍ ജാതി സ്വത്വങ്ങള്‍ മാറ്റിവച്ച്, ജാതി രാഷ്ട്രീയത്തിനു മുകളില്‍ ഉയരാന്‍ സാംസ്‌കാരിക ദേശീയത ആളിപ്പടര്‍ത്തണം.
സാമൂഹിക സ്വത്വത്തിന്റെ രാഷ്ട്രീയത്തെ ബാബരി മുന്‍നിര്‍ത്തി പുനര്‍നിര്‍വചിക്കാനുള്ള സംഘപരിവാര്‍ ശ്രമം വിജയിക്കുകയാണുണ്ടായത്. ജാതിക്ക് പകരം, മതം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രാഥമിക മെട്രിക് ആയി മാറി. നൂറ്റാണ്ടുകളായി തുടരുന്ന ജാതി വിവേചനവും ആധുനിക കാലത്തെ പുതിയ ജാതീയതയും അസന്നിഹിതമാക്കാനും അതിനെതിരെ ഉയര്‍ന്നുവരുന്ന കീഴാള പ്രക്ഷോഭങ്ങളെ തളര്‍ത്താനും വേണ്ടി മതവികാരം ആളിക്കത്തിച്ചു. അനേകായിരം ജാതികളായി തുടരുന്ന ഹിന്ദു സമൂഹത്തെ ഏകീകരിക്കാനുള്ള സോഷ്യല്‍ ഐഡന്റിറ്റിയായി രാമജന്മഭൂമി പ്രസ്ഥാനത്തെ ഉപയോഗിച്ചു. രാമജന്മഭൂമി പ്രക്ഷോഭവും ബാബരി മസ്ജിദ് തകര്‍ത്തതും കാരണം ഇന്ത്യന്‍ സമൂഹം അതിവേഗം ഭൂരിപക്ഷവാദത്തിന്റെ ദിശയിലേക്ക് സഞ്ചരിച്ചു. 2014-ലും 2019-ലും നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഭൂരിപക്ഷ ഏകീകരണത്തിന്റെ ഉല്‍പന്നമായി മാറി.
ഭൂരിപക്ഷ ഏകീകരണത്തിന് സ്ഥിരമായ ശത്രുക്കളും ‘ദേശവിരുദ്ധരും’ സൃഷ്ടിക്കപ്പെടേണ്ടത് അനിവാര്യമാണ്. അതിനാല്‍ തന്നെ ബാബരി മസ്ജിദ് തകര്‍ത്തിട്ടില്ലെങ്കിലും മറ്റ് വഴികളിലൂടെ മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തി മതവികാരം ഇളക്കിവിടാന്‍ സംഘ്പരിവാറിന് സാധിക്കുമായിരുന്നു. രാമജന്മഭൂമി പ്രക്ഷോഭം വിജയിച്ചില്ലായിരുന്നെങ്കില്‍, അതേ കാര്യം ചെയ്യാന്‍ മറ്റ് കാരണങ്ങള്‍ അന്വേഷിക്കുമായിരുന്നു. പശു സംരക്ഷണവും മതപരിവര്‍ത്തനവും ഹിന്ദുത്വം അന്വേഷിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന കാര്യങ്ങളാണ്. മതവികാരം, ചരിത്രപരമായ മുറിവ്, ദേശീയ സ്വത്വത്തിന്റെ ആശയങ്ങള്‍ എന്നിവ കലര്‍ത്താന്‍ രാമജന്മഭൂമി പ്രക്ഷോഭത്തിന് കഴിഞ്ഞു. ബാബരി വിധിയോടെ ആ പ്രക്ഷോഭത്തിന്റെ സാധ്യതകള്‍ അവസാനിച്ചു. ഭാവിയിലും ഇന്ത്യയിലെ സോഷ്യല്‍ ഐഡന്റിറ്റി സംഘ്പരിവാര്‍ ഉദ്ദേശിക്കുന്നതു പോലെ മതം എന്ന മെട്രിക്കില്‍ തളച്ചിടാന്‍ പുതിയ പ്രക്ഷോഭ സാധ്യതകള്‍ കണ്ടെത്തണം.
സംഘ്പരിവാറിന്റെ സാംസ്‌കാരിക ദേശീയതയുടെ പുതിയ പ്രക്ഷോഭ പരമ്പരയിലേക്ക് അവര്‍ ചേര്‍ത്തുവെച്ചിട്ടുള്ള പുതിയ പേരുകളാണ് ഗ്യാന്‍വാപി മസ്ജിദും മഥുര ഈദ്ഗാഹ് മസ്ജിദും. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും ഐഡന്റിറ്റി എപ്പോഴും മതം കേന്ദ്രീകരിച്ചായിരിക്കണം എന്നാണ് സംഘപരിവാര്‍ ഉദ്ദേശിക്കുന്നത്. ഹിന്ദുമതത്തിലെ ജാതിസ്വത്വത്തിന്റെ ഉണര്‍വ് അവരെ ഭയപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ സംഘപരിവാര്‍ ഉദ്ദേശിക്കുന്നത് മേല്‍ക്കോയ്മ ജാതീയതയുടെ രാഷ്ട്രീയമാണ്, അതിന് വേണ്ടി ഹിന്ദുമതത്തെയും ഹിന്ദുമതവിശ്വാസികളെയും ഉപയോഗപ്പെടുത്തുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് ഹിന്ദുത്വവും ഹിന്ദുമതവും രണ്ടായി നില്‍ക്കുന്നത്.