1 Friday
March 2024
2024 March 1
1445 Chabân 20

ഗാന്ധിയുടെ ചുവടുകള്‍


രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്ര സമാപിച്ചു. വൈവിധ്യങ്ങളുടെ വിളനിലമായ ഈ രാജ്യത്തെ 75 ജില്ലകളിലൂടെ 4080 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് യാത്ര കശ്മീരില്‍ സമാപിച്ചത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ പദയാത്രയായിരുന്നു ഇത്. സാധാരണ ജനങ്ങളിലേക്കിറങ്ങുക എന്ന ആശയം പ്രായോഗികമാക്കുക എന്ന രാഷ്ട്രീയ വെല്ലുവിളി സധൈര്യം ഏറ്റെടുത്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി മുന്നോട്ടു വന്നത്. യാത്രയിലുടനീളം രാഹുല്‍ നടത്തിയ സന്ദര്‍ശനങ്ങള്‍, ചേര്‍ത്തുപിടിക്കലുകള്‍, അഭിമുഖീകരണങ്ങള്‍, ഐക്യദാര്‍ഢ്യങ്ങള്‍, രാഷ്ട്രീയ പ്രസ്താവനകള്‍, ചോദ്യങ്ങള്‍, വെല്ലുവിളികള്‍ അങ്ങനെ തുടങ്ങിയതെല്ലാം പുതിയൊരു ഇന്ത്യയുടെ ഭാവനയെ ഉദ്ദീപിപ്പിക്കുന്നതായിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്തെ ചോദ്യം ചെയ്തുകൊണ്ട് 1931-ല്‍ ഗാന്ധിജി നടത്തിയ ദണ്ഡി യാത്രയാണ് ഈ ഗണത്തില്‍ വരുന്ന ആദ്യത്തെ യാത്രയെന്ന് പറയാം. രാഹുലിന്റെ ജോഡോ യാത്രയെ ഏതെങ്കിലും നിലക്ക് സാദൃശ്യപ്പെടുത്തണമെങ്കില്‍ അത് ഗാന്ധിജിയുടെ യാത്രയുമായിട്ടാണ് സാധ്യമാവുക. 1931-ലെ ഗാന്ധിയുടെ യാത്രക്ക് അറുപത് വര്‍ഷങ്ങള്‍ക്കു ശേഷം, 1991-ല്‍ മറ്റൊരു യാത്ര ഉണ്ടായിരുന്നു. അത് അക്രമത്തിന്റെ പാരമ്പര്യത്തെ ഇന്ത്യയുടെ രാഷ്ട്രീയ മുദ്രാവാക്യവും സമവാക്യവുമായി മാറ്റിയ എല്‍ കെ അഡ്വാനിയുടെ രഥയാത്രയായിരുന്നു. രഥമാക്കി മാറ്റിയ ടൊയോട്ടയില്‍ അദ്ദേഹം നടത്തിയ യാത്ര ഹിന്ദുത്വയുടെ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ വേരോട്ടമുണ്ടാക്കാനുള്ള കലാപയാത്രയായിരുന്നു അത്. എന്നാല്‍ ഗാന്ധിജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രാഹുലിന്റെ യാത്ര ഹിന്ദുത്വ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള പരസ്യമായ ആഹ്വാനമായിരുന്നു.
ഭാരത് ജോഡോ യാത്ര അടിമുടി രാഷ്ട്രീയമായിരുന്നു. അതേ സമയം, അതേതെങ്കിലും കക്ഷി മാത്സര്യത്തിന്റെ ഭാഗമായിരുന്നില്ല. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള സങ്കുചിത ഉപകരണമായി ചുരുങ്ങാന്‍ ജോഡോ യാത്ര തയ്യാറായില്ല. എന്നാല്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ സ്‌നേഹത്തിന്റെ ജ്വാലകള്‍ ഉയര്‍ത്തിവിടുന്ന, സന്ദേഹമില്ലാത്ത രാഷ്ട്രീയ സന്ദേശങ്ങളാണ് രാഹുല്‍ യാത്രയിലുടനീളം നല്‍കിയത്. തെക്കേ ഇന്ത്യയില്‍ നിന്നാരംഭിച്ചു എന്നതുതന്നെ, ഇന്ത്യയുടെ മേല്‍ക്കോയ്മാ രാഷ്ട്രീയത്തെ തകിടം മറിക്കുന്ന ഒന്നാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി കക്ഷിബന്ധമില്ലാത്തവരും സജീവ രാഷ്ട്രീയത്തില്‍ ഇല്ലാത്തവരും യാത്രയുടെ ഭാഗമായി.
മതേതര ഇന്ത്യയും ബഹുസ്വര ഇന്ത്യയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം യാത്രയില്‍ രാഹുലിനെ അനുഗമിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് പലപ്പോഴും വിയോജിച്ചിട്ടുള്ള ബുദ്ധിജീവികളിലൊരാളായ യോഗേന്ദ്ര യാദവ് യാത്രയിലുടനീളം രാഹുല്‍ ഗാന്ധിയോടൊപ്പം ഉണ്ടായിരുന്നു. അത് നല്‍കുന്ന സന്ദേശം ചെറുതല്ല. ഭാരത് ജോഡോ യാത്രയുടെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വേണ്ടി യാദവ് നടത്തിയിട്ടുള്ള ഫേസ്ബുക്ക് ലൈവുകളും ചാനല്‍ അഭിമുഖങ്ങളുമെല്ലാം തന്നെ ഭാരത് ജോഡോ യാത്ര കേവലമൊരു കോണ്‍ഗ്രസ് യാത്രയല്ല എന്ന് ഉറപ്പിക്കാന്‍ പര്യാപ്തമാണ്. എന്നാല്‍ ഈ യാത്രയുടെ രാഷ്ട്രീയപരമായ നേട്ടം കോണ്‍ഗ്രസിന്റെ ജനകീയത ഒന്നുകൂടി ശക്തമാക്കി എന്നതാണ്. മൂര്‍ത്തവും പ്രായോഗികവുമായ രാഷ്ട്രീയ മാതൃക എന്ന നിലയില്‍ കോണ്‍ഗ്രസിനെ അടയാളപ്പെടുത്താന്‍ യാത്രയ്ക്ക് സാധിച്ചതുകൊണ്ടു തന്നെ, ഇതിന്റെ നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസിന് സാധിക്കും.
ഈ യാത്രയുടെ മറ്റൊരു പ്രത്യേകത, പ്രതിപക്ഷ കക്ഷികളുടെ പ്രായോഗിക ഐക്യമാണ്. കോണ്‍ഗ്രസും ബി ജെ പി യും തമ്മിലാണ് രാഷ്ട്രീയ പോരാട്ടം എന്ന വ്യക്തത വെളിവാക്കി എന്നതോടൊപ്പം തന്നെ, കോണ്‍ഗ്രസിന് ഒരു പാന്‍ ഇന്ത്യ പോരാട്ടത്തിന് നേതൃത്വം നല്‍കാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ല എന്ന് പ്രതിപക്ഷത്തിനും ബി ജെ പിക്ക് തന്നെയും ബോധ്യമായി. രാജ്യത്തെ അടിസ്ഥാന വര്‍ഗങ്ങളെയും പിന്നാക്ക ജനതയെയും ന്യൂനപക്ഷങ്ങളെയും കൃത്യമായി അഭിസംബോധന ചെയ്യാന്‍ രാഹുലിന് സാധിച്ചു. അതുകൊണ്ടാണ് ബി ജെ പി, പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളോടുള്ള ഊഷ്മളബന്ധത്തെ 2024-ലേക്കുള്ള തെരഞ്ഞെടുപ്പ് തന്ത്രമായി വിലയിരുത്തുന്നത്.
രാഹുല്‍ ഗാന്ധി മൂലധനമായി സ്വരുക്കൂട്ടിയ ഈ ജനകീയ പിന്തുണയെ മറികടക്കാന്‍ പിന്നാക്ക ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നാണ് ബി ജെ പി കേന്ദ്രകമ്മിറ്റിയുടെ ആഹ്വാനം. ഭാരത് ജോഡോ യാത്രയുടെ ഫലമായി ഒരു അധികാരമാറ്റമൊന്നും അടുത്ത തെരഞ്ഞെടുപ്പില്‍ സംഭവിച്ചില്ലെങ്കിലും, അതുയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ നെരിപ്പോട് കണക്കെ നീറിനില്‍ക്കുമെന്നത് തീര്‍ച്ചയാണ്. ഇന്ത്യയെ തിരിച്ചുപിടിക്കേണ്ടത് അതിലെ ഓരോ പൗരന്റെയും ചുമതലയാണെന്ന അധ്യാപനം വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ മണ്ണിനെ ഉഴുതുമറിക്കും. ക്ഷിപ്രസാധ്യമായ ഒരു മാറ്റം കൊണ്ട് ഇന്ത്യയെ ഗ്രസിച്ച രോഗം മാറില്ല എന്ന് രാഹുലിനറിയാം. കാരണം, രാഹുല്‍ മാതൃകയാക്കിയത് എം കെ ഗാന്ധിയെയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x