2 Monday
December 2024
2024 December 2
1446 Joumada II 0

ഗാന്ധിയുടെ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ രാഹുലിനാവുമോ?

എ പി അന്‍ഷിദ്‌


കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെ തെക്കേയറ്റത്തുനിന്നു തുടങ്ങി കേരളത്തിന്റെ മണ്ണിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. 150 ദിവസം നീളുന്ന, 3570 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന, രാജ്യത്തിന്റെ തെക്കും വടക്കുമുള്ള രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കുന്ന യാത്ര ഇതിനകം തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് യാത്രക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളും യാത്രയ്ക്ക് നേതൃത്വം നല്‍കുന്നയാള്‍ക്കെതിരെ ഉയരുന്ന വ്യക്തിഹത്യകളും.
ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയില്‍ തുടക്കം കുറിച്ചതു മുതല്‍ കുറേയേറെ ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. എന്തുകൊണ്ട് കോണ്‍ഗ്രസ് ഇങ്ങനെ ഒരു യാത്രയ്ക്ക് പദ്ധതിയിട്ടു, എന്താണ് അതിന്റെ ലക്ഷ്യങ്ങള്‍, പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കപ്പുറത്ത് അത് ഉന്നമിടുന്നത് എന്തെല്ലാം കാര്യങ്ങള്‍, ഏതെങ്കിലും ആശയത്തെയോ പാര്‍ട്ടിയെയോ പ്രഖ്യാപിത ശത്രുവായി മുന്നില്‍ നിര്‍ത്തിയുള്ള മഹാ പോരാട്ടത്തിന്റെ തുടക്കമാണോ, അങ്ങനെയൊരു പോരാട്ടത്തിന് കോണ്‍ഗ്രസിന് പ്രാപ്തിയുണ്ടോ, സ്വന്തം പാളയത്തില്‍ നിന്നുള്ള നേതാക്കളുടെ പടിയിറങ്ങലിന്റെ ജാള്യത മറയ്ക്കാനുള്ള തന്ത്രമാണോ, ബി ജെ പിയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ശത്രുവെങ്കില്‍ എന്തുകൊണ്ട് പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കേരളത്തില്‍ കൂടുതല്‍ ദിവസവും, കോണ്‍ഗ്രസ് തിരിച്ചുവന്നെങ്കിലെന്ന് രാജ്യത്തെ മതേതര വിശ്വാസികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്ന ഹിന്ദി ഹൃദയഭൂമിയായ യു പിയില്‍ രണ്ടു ദിവസവുമായി യാത്രയുടെ ഷെഡ്യൂള്‍ നിശ്ചയിച്ചു എന്നിത്യാദി ചോദ്യങ്ങളുണ്ട് അതില്‍.
എന്നാല്‍ ആത്യന്തികമായി ഒരു കാര്യം എല്ലാവരും സമ്മതിക്കുന്നുണ്ട്. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഏതൊരു മതേതര വിശ്വാസിയിലും ഈ നീക്കം പ്രത്യാശ നിറയ്ക്കുന്നുണ്ട് എന്നതാണത്.
ഒറ്റ രാത്രി കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയം തകിടം മറിയുമെന്നും ഫാസിസം അവസാനിക്കുമെന്നും കോണ്‍ഗ്രസോ അല്ലെങ്കില്‍ മതേതരമെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്ന ഏതെങ്കിലും കക്ഷികളോ കൂട്ടുകക്ഷികളോ രാജ്യത്ത് അധികാരത്തില്‍ വരുമെന്നും വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അവര്‍ മൂഢസ്വര്‍ഗത്തിലാണ്. രാഹുല്‍ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്കു പോലും 2024-ലെ രാഷ്ട്രീയത്തെ പൂര്‍ണമായി അനുകൂലമാക്കി മാറ്റാന്‍ കഴിയുമെന്നു കരുതാനാവില്ല. കാരണം അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി ബി ജെ പി കണ്ടെത്തിയ ഭിന്നിപ്പിന്റെ രാഷ്ട്രീയം, ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം, വിലപേശലിന്റെ രാഷ്ട്രീയം, പ്രലോഭനത്തിന്റെ രാഷ്ട്രീയം, എല്ലാറ്റിനുമൊടുവിലെ മൊത്തക്കച്ചവടത്തിന്റെ രാഷ്ട്രീയം എന്നിവ എളുപ്പത്തില്‍ മാറ്റിമറിക്കാവുന്ന ഒന്നല്ലെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ഇവിടെ എല്ലാം ഒന്നില്‍ നിന്നു തുടങ്ങേണ്ടിയിരിക്കുന്നു. ആ തിരിച്ചറിവ് കോണ്‍ഗ്രസിന് കൈവരുന്നു എന്നിടത്താണ് പ്രതീക്ഷകള്‍ തളിരിടുന്നത്.
ഒന്നില്‍ നിന്നുള്ള തുടക്കമാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര. ഏറ്റവും താഴേത്തട്ടില്‍ നിന്നുള്ള തുടക്കം. ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ട്, അവരെ കേട്ടുകൊണ്ട്, അവര്‍ക്കൊപ്പം നടന്നുകൊണ്ട്, അവരുടെ ജീവിതത്തെയും ജീവിതവൃത്തികളെയും മനസ്സിലാക്കിക്കൊണ്ട്, ഇല്ലായ്മയെയും വല്ലായ്മയെയും കണ്ടുകൊണ്ടുള്ള യാത്ര… ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്നത് ഇപ്പോഴും ഇന്ത്യന്‍ ജനതയ്ക്ക് കൈമോശം വന്നിട്ടില്ലാത്ത പ്രതീക്ഷയാണെന്ന് അവരെ ബോധ്യപ്പെടുത്താനെങ്കിലും കഴിഞ്ഞാല്‍ അതുതന്നെയായിരിക്കും ഈ യാത്രയുടെ ഏറ്റവും വലിയ വിജയം.
കോണ്‍ഗ്രസ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ ബഹുമുഖമാണ്. അതുകൊണ്ടുതന്നെ അതിനെ നേരിടുക എന്നത് പ്രായോഗിക തലത്തില്‍ ഒട്ടും എളുപ്പമുള്ള കാര്യമല്ല. അതിനെല്ലാമുള്ള ഒറ്റമൂലിയായി ഭാരത് ജോഡോയെ കാണാനുമാവില്ല. നേതൃരാഹിത്യം, രാഹുലിന്റെ പക്വതയില്ലായ്മ എന്നീ രണ്ടു കാര്യങ്ങളിലേക്ക് കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങളെ ചുരുക്കിക്കെട്ടാനാണ് പലപ്പോഴും രാഷ്ട്രീയ നിരീക്ഷകര്‍ തിടുക്കം കാട്ടുന്നത്. അത് യഥാര്‍ഥത്തില്‍ ഒരു കെണിയാണ്. ഗാന്ധികുടുംബത്തില്‍ കോണ്‍ഗ്രസിന് രക്ഷയില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബി ജെ പിയുടെയും സംഘ്പരിവാറിന്റെയും ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലം. കോണ്‍ഗ്രസിനകത്തുള്ളവര്‍ പോലും അറിഞ്ഞോ അറിയാതെയോ ആ ഗൂഢാലോചനയ്ക്ക് തലവെച്ചുകൊടുക്കുന്നു എന്നത് മറ്റൊരു കാര്യം. എല്ലാ കാലത്തും ഇന്ത്യന്‍ രാഷ്ട്രീയത്തെയും ഇന്ത്യന്‍ ജനതയെയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന, ഇനിയുള്ള കാലങ്ങളിലും ബന്ധിപ്പിച്ചു നിര്‍ത്താന്‍ ഇടയുള്ള ഒരു ഘടകമുണ്ടെങ്കില്‍ അത് ഗാന്ധികുടുംബമാണ്. അതിന്റെ വേരറുക്കുക എന്നത് സംഘ്പരിവാര്‍ താല്‍പര്യമാണ്. സ്വയം സുരക്ഷിതരാകാന്‍ ഇതിലും വലിയ അടവുകള്‍ അവര്‍ കൈക്കൊള്ളുമെന്ന് കുറഞ്ഞത് കോണ്‍ഗ്രസുകാരെങ്കിലും തിരിച്ചറിയേണ്ടതാണ്.

രാഹുല്‍ എന്തുകൊണ്ട്
വിമര്‍ശിക്കപ്പെടുന്നു?

രാഹുല്‍ ഗാന്ധി ഒരു വ്യക്തിയാണ്. ഏതൊരു വ്യക്തിയിലും മേന്മകളും പോരായ്മകളുമുണ്ട്. രാഹുല്‍ എന്ന വ്യക്തിയിലും അതുണ്ടാകും. ഇപ്പോള്‍ വാഴ്ത്തിപ്പാടുന്ന നരേന്ദ്ര മോദിയിലും പോരായ്മകള്‍ ഇല്ലെന്നു പറയാനാകുമോ? അദ്ദേഹം തോല്‍ക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് നമ്മള്‍ അദ്ദേഹത്തിലെ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിലപാടുകളിലെ പോരായ്മകളെ പരിശോധിക്കാന്‍ തുടങ്ങുന്നത്. ഇന്ന് വാഴ്ത്തിപ്പാടുന്നവര്‍ തന്നെ അന്ന് കല്ലെറിയാനും മുന്നിലുണ്ടാകും.
കോണ്‍ഗ്രസിന്റെ സ്ഥിരം അധ്യക്ഷപദവിയിലേക്ക് സോണിയാ ഗാന്ധി ഇനിയൊരു മടങ്ങിവരവിനു മുതിരുമെന്നു കരുതുന്നില്ല. അതുകൊണ്ടുതന്നെ ചാന്‍സ് ചില പേരുകളില്‍ പരിമിതമാണ്. രാഹുല്‍, പ്രിയങ്ക, അതുമല്ലെങ്കില്‍ ഗാന്ധികുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍. പ്രിയങ്കയും തല്‍ക്കാലം അതിനു മുതിരുമെന്നു കരുതുന്നില്ല. അതുകൊണ്ടുതന്നെ ഗാന്ധികുടുംബത്തില്‍ നിന്ന് തല്‍ക്കാലം ഒറ്റ പേരേയുള്ളൂ: രാഹുല്‍. സ്വാഭാവികമായും രാഹുല്‍ ബി ജെ പി വേട്ടയുടെ ഉന്നമാകും. കാരണം, മറ്റേതൊരു നേതാവ് വന്നാലും ബി ജെ പിയെ സംബന്ധിച്ചിടത്തോളം എതിര്‍ക്കുകയെന്ന ജോലി എളുപ്പമാകും. കാരണം, നേതാവിനെയും അയാളുടെ നിലപാടുകളെയും എതിര്‍ത്താല്‍ മതിയാകും. രാഹുലാകുമ്പോള്‍ ഈ പറഞ്ഞ രണ്ടെണ്ണത്തിനും പുറമേ അയാളുടെ പാരമ്പര്യത്തെ കൂടി എതിര്‍ക്കേണ്ടിവരും. പൊക്കിള്‍ക്കൊടി പോലെ ഇന്ത്യയെന്ന പേരിനൊപ്പം ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ആ പാരമ്പര്യത്തെ അറുത്തുമാറ്റുക എളുപ്പമല്ല. മറുപക്ഷത്തു നില്‍ക്കുന്ന മോദിക്കോ അമിത്ഷാക്കോ അവരെ പേറുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനോ പാരമ്പര്യം (അധികാരക്കസേരയില്‍ ഇരുന്നതിന്റെ തഴമ്പല്ല പാരമ്പര്യം എന്നതെങ്കിലും മിനിമം കണക്കിലെടുക്കണം) എന്ന ഘടകം ഏഴയലത്തുകൂടി പോലും പോയിട്ടില്ലാത്തതിനാല്‍ അത് അവരെ ഭയപ്പെടുത്തും എന്നതില്‍ ഒരു സംശയവും വേണ്ട. പപ്പു മോന്‍ മുതല്‍ രാഹുല്‍ ബാബ വരെയുള്ള ബി ജെ പിയുടെ അധിക്ഷേപ സ്വരങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് യഥാര്‍ഥത്തില്‍ പരിഹാസമല്ല; മേല്‍ പറഞ്ഞതിനെക്കുറിച്ചുള്ള അവരുടെ ഭയമാണ്. പക്ഷേ, അത് കോണ്‍ഗ്രസുകാര്‍ പോലും വേണ്ട വിധം മനസ്സിലാക്കുന്നില്ല.
ഗാന്ധികുടുംബത്തില്‍ നിന്ന് നേതൃമാറ്റം വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്നതില്‍, അല്ലെങ്കില്‍ അതുവഴി കോണ്‍ഗ്രസിന് രക്ഷ ലഭിക്കുമെന്നു കരുതുന്നതില്‍ എന്തു യുക്തിയാണുള്ളത്? രാജീവ് ഗാന്ധിക്കു ശേഷം ത്രിശങ്കുവില്‍ നിന്ന കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് തിരിച്ചെത്തിച്ച നരസിംഹ റാവുവിന്റെ കഥ ഓര്‍ക്കുന്നവര്‍, അതേ റാവുവിന്റെ കാലത്തുതന്നെ കോണ്‍ഗ്രസ് മുമ്പത്തേതിനേക്കാള്‍ തകര്‍ച്ച നേരിടേണ്ടിവന്നുവെന്ന യാഥാര്‍ഥ്യവും ഓര്‍ക്കണം. അടിയന്തരാവസ്ഥക്കാലത്തിന്റെ മുറിവുകള്‍ മറന്നുതുടങ്ങുന്ന ജനതയുടെ ഹൃദയത്തിലേക്കാണ് ബാബരി മസ്ജിദ് തകര്‍ക്കാന്‍ മിണ്ടാപ്രാണിയായി നിന്നുകൊടുത്ത് റാവു മറ്റൊരു മണ്ടത്തരം ചെയ്തത്.

എന്തുകൊണ്ട് വീണ്ടും ഗാന്ധികുടുംബം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തെത്തി, സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തു തുടങ്ങിയ ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം തേടണം. റാവു കാലത്തിനു ശേഷം എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുനിന്നൊരു കാലമുണ്ടായിരുന്നു കോണ്‍ഗ്രസിന്. അധികാരത്തിലിരുന്ന വാജ്‌പേയി സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ജീവത്യാഗം ചെയ്യുന്ന സൈനികര്‍ക്കായി വാങ്ങിക്കൂട്ടിയ ശവപ്പെട്ടിയില്‍ പോലും അഴിമതി നടത്തിയ കാലം. എന്നിട്ടും എതിര്‍ക്കാന്‍ ത്രാണിയുള്ള ഒരു നേതാവ് പോലും ഇല്ലാതിരുന്ന കാലത്താണ് ഗാന്ധികുടുംബമെന്ന വൈകാരികതയെ സോണിയയിലൂടെ കോണ്‍ഗ്രസ് വീണ്ടും തിരിച്ചുകൊണ്ടുവരുന്നത്. അന്നത് അവര്‍ക്ക് പ്രാണവായുവിനു സമമായിരുന്നു.
രാഹുല്‍ തന്നെ കോണ്‍ഗ്രസിനെ നയിക്കണമെന്നോ ഗാന്ധികുടുംബത്തിനു പുറത്തുനിന്ന് കോണ്‍ഗ്രസിന് ഒരു അധ്യക്ഷനോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയോ വരുന്നതില്‍ തെറ്റുണ്ടെന്നോ അല്ല ഇതിന് അര്‍ഥം. പക്ഷേ ഗാന്ധിപാരമ്പര്യത്തെ അറുത്തുമാറ്റാനുള്ള ബി ജെ പിയുടെ ഗൂഢനീക്കങ്ങളെക്കുറിച്ചുള്ള ചുരുങ്ങിയ ബോധ്യം കോണ്‍ഗ്രസുകാരിലെങ്കിലും ഉണ്ടായിരിക്കണം എന്നാണ്.
നേതൃരാഹിത്യമല്ല, സംഘടനാ ദൗര്‍ബല്യമാണ് കോണ്‍ഗ്രസ് നേരിടുന്ന യഥാര്‍ഥ പ്രശ്‌നം. ആ തിരിച്ചറിവ് കോണ്‍ഗ്രസിന് കൈവന്നുതുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവായി വേണം ഭാരത് ജോഡോ പോലെ ഒരു യാത്രയെക്കുറിച്ചുള്ള ആലോചനയിലേക്ക് അവര്‍ എത്തിപ്പെട്ടതിനെ കാണാന്‍. അതോടൊപ്പം രാജ്യം നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് ജനത്തിന്റെ കണ്ണു തുറപ്പിക്കാനുള്ള അവസരം കൂടിയായി കോണ്‍ഗ്രസ് ഇതിനെ കാണുന്നു എന്നുവേണം യാത്രയുടെ ആദ്യ നാളുകളില്‍ നിന്ന് മനസ്സിലാക്കാന്‍. പേരിനൊരു യാത്രയല്ല ഭാരത് ജോഡോ എന്ന് തുടക്കം തന്നെ തെളിയിക്കുന്നു. കൃത്യമായ മുന്നൊരുക്കങ്ങളുണ്ട് അതിന്. ഗൃഹപാഠമുണ്ട്. എങ്ങനെ സഞ്ചരിക്കണം, ഏതു വഴിക്ക് സഞ്ചരിക്കണം, ഏതു രീതിയില്‍ സഞ്ചരിക്കണം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യവും കണിശവുമായ ചിട്ടയാണ് ഭാരത് ജോഡോയുടെ ഏറ്റവും വലിയ സൗന്ദര്യം. അതോടൊപ്പം ഭാരത് ജോഡോ യാത്ര മുന്നോട്ടുവെക്കുന്ന കുറേ നല്ല സന്ദേശങ്ങളുണ്ട്. സങ്കുചിത രാഷ്ട്രീയ മനോഭാവത്തിന്റെ കണ്ണടകള്‍ ഉപേക്ഷിച്ചാല്‍ ആ ലക്ഷ്യങ്ങള്‍ ഏതൊരു മതേതര വിശ്വാസിക്കും കൈയടിക്കാന്‍ തോന്നും. ‘ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന ഇന്ത്യ’ എന്ന മുദ്രാവാക്യം മാത്രമല്ല അത്. അതിനപ്പുറത്ത് പറയാതെ പറയുന്ന ചില മുദ്രാവാക്യങ്ങളുണ്ട്. കോണ്‍ഗ്രസ് ആരെ പ്രതിനിധീകരിക്കുന്നു, ഏത് ആശയത്തെ പ്രതിനിധീകരിക്കുന്നു, ആരുമായാണ് അതിന് സമ്പര്‍ക്കം പുലര്‍ത്താനുള്ളത്, ആരെയാണ് അതിന് തൃപ്തിപ്പെടുത്താനുള്ളത്, ആരില്‍ നിന്നാണ് വളരാന്‍, അല്ലെങ്കില്‍ നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കാന്‍ ആവശ്യമായ വെള്ളവും വളവും ഊര്‍ജവും സ്വാംശീകരിക്കാന്‍ ആ പ്രസ്ഥാനം ആഗ്രഹിക്കുന്നത് തുടങ്ങിയ കുറേയേറെ കാര്യങ്ങള്‍ അതില്‍ വരും.
സമൂഹത്തിലെ താഴേത്തട്ടിലുള്ളവര്‍, പിന്നാക്ക ജനവിഭാഗങ്ങള്‍, പലവിധ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഓരം ചേര്‍ത്തു നിര്‍ത്തപ്പെട്ടവര്‍, കൂലിത്തൊഴിലാളികള്‍, നെയ്ത്തുകാര്‍, മത്സ്യത്തൊഴിലാളികള്‍, ഓട്ടോ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, വനിതകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍… അങ്ങനെ യഥാര്‍ഥ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശരിതെറ്റുകള്‍ നിശ്ചയിക്കാന്‍ പോന്ന സാധാരണ ജനസഞ്ചയത്തെയാണ് ഈ യാത്ര അഡ്രസ് ചെയ്യുന്നതെന്ന് ഇതിനകം തന്നെ തെളിയിച്ചുകഴിഞ്ഞു. മതം, ജാതി, വര്‍ഗം, വര്‍ണം എന്നിവയ്ക്ക് അതീതമായ ഒഴുക്കായി അത് പരിണമിക്കുമ്പോള്‍ ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തുന്നുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് മറുപടി നല്‍കാന്‍, അല്ലെങ്കില്‍ അതിനെ പരിഹസിക്കാന്‍ അമിത്ഷാ സമയം കണ്ടെത്തുന്നുണ്ടെങ്കില്‍ അതിനര്‍ഥം ബി ജെ പിയെ ഈ യാത്ര അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നുതന്നെയാണ്. അതുതന്നെയാണ് ഈ യാത്രയുടെ ആദ്യത്തെ വിജയവും. സംഘടനാപരമായി രാഹുല്‍ ഇന്ന് വെറുമൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമാണ്. 2019-ലെ തെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി അധ്യക്ഷ പദവി അടക്കം ഔദ്യോഗിക ഭാരവാഹിത്വങ്ങള്‍ അദ്ദേഹം രാജിവെച്ചതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് താന്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നതെന്നാണ് രാഹുല്‍ തന്നെ പറയുന്നത്. തന്റെ യാത്ര എന്ന് ഒരിക്കല്‍ പോലും അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു കണ്ടിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യാത്ര എന്നാണ് പറയുന്നത്. 250 സ്ഥിരം പ്രതിനിധികളുള്ള ഒരു സംഘമാണ് യാത്ര നടത്തുന്നത്. രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെ. എന്നിട്ടും രാഹുല്‍ എന്ന വ്യക്തിയിലേക്കാണ് അമിത്ഷാ നോക്കുന്നത്. അദ്ദേഹത്തിന്റെ വസ്ത്രത്തിലേക്കും അയാള്‍ ധരിച്ച ഷൂവിലേക്കുമാണ് നോക്കുന്നത്. രാഹുല്‍ എന്ന വ്യക്തിയല്ല, മറിച്ച് നേരത്തേ പറഞ്ഞതുപോലെ രാഹുല്‍ എന്ന പാരമ്പര്യത്തെ അമിത്ഷായും മോദിയും ഭയപ്പെടുന്നു എന്നതിന് ഇതില്‍പരം എന്തു തെളിവു വേണം?
കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ആശയപരമായ സംവാദങ്ങളെ അതേ നിലയില്‍ നേരിടാന്‍ ബി ജെ പിക്ക് കരുത്തില്ല എന്നതല്ലേ ആ പാര്‍ട്ടിയുടെ പരമോന്നത ശബ്ദമെന്ന് പാര്‍ട്ടിക്കാര്‍ തന്നെ അടക്കം പറയുന്ന നേതാവില്‍ നിന്നു പുറത്തുവരുന്നത്. കൈമുട്ട് തന്നെ ഇല്ലാത്തവന്‍ ചെറുവിരല്‍ ഇല്ലാത്തവനെ കുറ്റം പറയുക എന്നൊരു പഴമൊഴിയുണ്ട്. സ്വര്‍ണനൂല്‍ കൊണ്ട് കുപ്പായം തുന്നി മേനി കാട്ടുന്നവരാണ് എതിര്‍ചേരിയിലുള്ളവര്‍ ബ്രാന്‍ഡഡ് വസ്ത്രം ധരിക്കുന്നതിനെ പരിഹസിക്കാന്‍ ആയുധമാക്കുന്നത്. സ്വയം പരിഹാസ്യരാവുക എന്നതില്‍ കവിഞ്ഞ് എന്തു ഫലം? ഇന്ത്യ ഒന്നാണ്, പിന്നെ എന്തിന് ഒന്നാക്കാന്‍ യാത്ര നടത്തണം എന്നാണ് ബി ജെ പി ഉന്നയിക്കുന്ന മറ്റൊരു ആക്ഷേപം. ഇന്ത്യ ഒരു രാജ്യമല്ലെന്നും മറിച്ച് യൂനിയന്‍ ഓഫ് സ്റ്റേറ്റ് ആണെന്നുമുള്ള രാഹുലിന്റെ മുന്‍ പാര്‍ലമെന്റ് പ്രസംഗത്തിന്റെ ചുവടുപിടിച്ചായിരുന്നു അമിത്ഷായും ഇതേ വിമര്‍ശനം ആവര്‍ത്തിച്ചത്. രാഹുല്‍ ചരിത്രം വായിക്കാത്തതിന്റെ കുറവ് ഉണ്ടെന്നുകൂടി പറഞ്ഞുവെക്കുന്ന അമിത്ഷായുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആരാണ് ചരിത്രം വായിക്കാത്തതെന്ന സംശയം ശരിക്കും ഉയരുന്നുണ്ട്.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് രാഹുല്‍ ആ പരാമര്‍ശം പാര്‍ലമെന്റില്‍ നടത്തുന്നത്. ഇന്ത്യ എന്നതിന് രാജ്യത്തിന്റെ ഭരണഘടന അതിന്റെ ആമുഖത്തില്‍ നല്‍കുന്ന നിര്‍വചനമാണ് അന്ന് രാഹുല്‍ പാര്‍ലമെന്റില്‍ ബി ജെ പിയെ ഓര്‍മിപ്പിച്ചത്. ഇന്ത്യ ഒരു രാജ്യമല്ലെന്നും പകരം സ്റ്റേറ്റുകളുടെ ഒരു കൂട്ടമാണെന്നുമുള്ളത്. രാഹുലിന്റെ വാക്കുകള്‍ ഇന്ത്യ എന്ന രാഷ്ട്രസങ്കല്‍പത്തിനോ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കോ എതിരായിരുന്നില്ല. എന്നിട്ടും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അതിനെ ചരിത്രം അറിയാത്തവന്റെ വിഡ്ഢിത്തം വിളമ്പലായി വിശേഷിപ്പിക്കുന്നവരാണ് ഇന്ത്യന്‍ ഭരണഘടന എന്തെന്ന് ഒന്നല്ല, പലയാവര്‍ത്തി വായിച്ചു പഠിക്കേണ്ടത്.

യാത്രയുടെ ലക്ഷ്യങ്ങള്‍
പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കപ്പുറത്ത് ഭാരത് ജോഡോ യാത്രയ്ക്ക് മറ്റു ചില അജണ്ടകളുണ്ട്. അത് തെരഞ്ഞെടുപ്പു രാഷ്ട്രീയം, കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം പരിഹരിക്കല്‍ എന്നിവ അടക്കമുള്ള കാര്യങ്ങളാണ്. പ്രഖ്യാപിതമല്ലെങ്കിലും അതൊരു ഹിഡന്‍ അജണ്ടയോ ഗൂഢ അജണ്ടയോ അല്ല. ഏതൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ രാഷ്ട്രീയയാത്രകള്‍ക്കും ഇത്തരം ചില ലക്ഷ്യങ്ങളുണ്ടാകും. ഹിമാചല്‍പ്രദേശും മധ്യപ്രദേശും അടക്കം വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍, 2024-ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് എന്നിവയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാക്കല്‍ ഈ ലക്ഷ്യങ്ങളില്‍ ഒന്നാണ്. നേതാക്കളുടെ തുടര്‍ച്ചയായ കൂടൊഴിഞ്ഞുപോക്കില്‍ നിരാശ ബാധിച്ചിരിക്കുന്ന അവശേഷിക്കുന്ന അണികളില്‍ രാഷ്ട്രീയവീര്യം നിറയ്ക്കാനെങ്കിലും ഇത്തരമൊരു നീക്കം കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.
സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകുന്ന ഒരു വസ്തുത, കോണ്‍ഗ്രസ് ഒരുകാലത്തും ഇന്ത്യയില്‍ ഒരിടത്തും ശക്തമായ ഒരു കേഡര്‍ പാര്‍ട്ടിയായിരുന്നില്ല എന്നതാണ്. കേരളമടക്കം ഇതില്‍ വരും. മറിച്ച് കോണ്‍ഗ്രസ് എന്നത് ഒരു വികാരമായിരുന്നു. അതുകൊണ്ടുതന്നെ സംഘടനാശക്തി എന്ന വാക്കിന് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പരിസരങ്ങളില്‍ പരിമിതികളുണ്ട്. അടുത്ത കാലം വരെയും സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസില്‍ ആദ്യന്തം തീരുമാനം കൈക്കൊണ്ടിരുന്നത് എ ഐ സി സി നേതൃത്വമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ ഘടകങ്ങളും രസതന്ത്രവും സമവാക്യങ്ങളും പരിശോധിച്ചായിരുന്നു അതെന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്നാല്‍ എ ഐ സി സി നേതൃത്വം തീരുമാനിച്ചാല്‍ പിന്നെ അതില്‍ മാറ്റമുണ്ടായിരുന്നില്ല. സമീപകാലത്താണ് അതിനു മാറ്റം വന്നത്. നേരത്തേ പറഞ്ഞപോലെ കൃത്യമായ സംഘടനാ സംവിധാനം കോണ്‍ഗ്രസിന് ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുകൂടിയായിരുന്നു ഇത് സാധ്യമായത്.
എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അതില്‍ നിന്ന് ഒരുപാട് മാറി. ബി ജെ പി അടക്കം മറ്റേത് കക്ഷികളേക്കാളുമുപരി താഴേത്തട്ടില്‍ നിന്നുള്ള ശബ്ദങ്ങള്‍ പരിഗണിച്ച് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നിട്ടും തോല്‍വി നേരിടുന്നുണ്ടെങ്കില്‍ അതിനു കാരണങ്ങള്‍ മറ്റു പലതുമുണ്ട്. പലയിടത്തും കോണ്‍ഗ്രസ് ജയിച്ചിട്ടും തോറ്റുപോകുന്ന സന്ദര്‍ഭങ്ങളുണ്ട്. അവിടെ ബി ജെ പിയുടെ വിലപേശലിന്റെയും മൊത്തക്കച്ചവടത്തിന്റെയും രാഷ്ട്രീയമാണ് ജയിക്കുന്നത്. നേതാക്കളുടെ ഇച്ഛാശക്തിയില്ലായ്മയെ മാത്രം ഇവിടെ കുറ്റം പറയാനാവില്ല. ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് ആ പാര്‍ട്ടി മാത്രം അയാളില്‍ വിശ്വസിച്ചതുകൊണ്ടല്ല, ഒരു ജനത മുഴുവന്‍ വിശ്വസിക്കുമ്പോഴാണ്. എന്നിട്ടും അയാള്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി മറുകണ്ടം ചാടുന്നുണ്ടെങ്കില്‍ അത് ആ പാര്‍ട്ടിക്കൊപ്പം അയാളെ തെരഞ്ഞെടുത്ത ജനത്തിന്റെ കൂടി തോല്‍വിയാണ്.
അധികാരത്തിന്റെ അപ്പക്കഷ്ണം ഒരുഭാഗത്ത്, പണവും പ്രലോഭനങ്ങളും വെറെ, അനുസരിച്ചില്ലെങ്കില്‍ നേരിടാനിരിക്കുന്ന ഇ ഡി വേട്ടയും അന്വേഷണവും കോടതി വ്യവഹാരങ്ങളും അടക്കം ഒരാളുടെ രാഷ്ട്രീയ ഭാവിയെത്തന്നെ ഇല്ലാതാക്കാന്‍ പോന്ന ഭീഷണി മറുവശത്ത്. അതിനെ പ്രതിരോധിക്കുക എന്നത് എളുപ്പമല്ല. രാഹുല്‍ ഗാന്ധിയെ പോലെ ഒരു നേതാവിന്റെ പോരായ്മയായി മാത്രം അതിനെ പറയുന്നതിലും അര്‍ഥമില്ല. സ്വന്തം തട്ടകത്തിലെങ്കിലും (പശ്ചിമ ബംഗാളില്‍) ബി ജെ പിയെ ആള്‍ബലം കൊണ്ടും കായബലം കൊണ്ടും നേരിടാന്‍ പ്രാപ്തമെന്ന് കരുതിയിരുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പുണ്ടായ നേതാക്കളുടെ കുത്തൊഴുക്ക് രാജ്യം കണ്ടതാണ്. അധികാരം കിട്ടിയില്ലെന്നു കണ്ടപ്പോള്‍ അവരില്‍ പലരും പിന്നീട് ഘര്‍വാപസി നടത്തി എന്നത് മറ്റൊരു വസ്തുത. കൂടുമാറിപ്പോകുന്ന നേതാക്കളെ ചോദ്യം ചെയ്യാന്‍ കെല്‍പുള്ള അണികളും സംഘടനാ കെട്ടുറപ്പുമെങ്കിലും ഉണ്ടെങ്കിലേ ഇതിനെ പ്രതിരോധിക്കാനാവൂ.
ഇടത് നിലപാട്
ജോഡോ യാത്രയെ പരസ്യമായി എതിര്‍ക്കേണ്ടതില്ലെന്ന സി പി എം സംസ്ഥാന നേതൃത്വത്തിന്റെ, പ്രത്യേകിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട് കുറേക്കൂടി പക്വമാണ്. എന്നാല്‍ ആ പക്വത ചില യുവനേതാക്കള്‍ക്ക് ഉണ്ടെന്നു കരുതുക വയ്യ. രാഹുല്‍ ഗാന്ധിയുടെ യാത്രയെ കണ്ടെയ്‌നര്‍ യാത്രയെന്നു പരിഹസിച്ചുകൊണ്ടുള്ള പ്രതികരണം ഇതാണ് വ്യക്തമാക്കുന്നത്. എന്തിന് ഇങ്ങനെയൊരു യാത്ര, എന്താണ് ലക്ഷ്യം തുടങ്ങിയ കാര്യങ്ങളില്‍ കന്യാകുമാരിയില്‍ നിന്ന് യാത്ര തുടങ്ങുമ്പോള്‍ തന്നെ വ്യക്തത വന്നിരുന്നു. എന്നാല്‍ യാത്ര കടന്നുപോകുന്നതില്‍ 19 ദിവസം കേരളത്തിലാണ് എന്നതാണ് ഇടതുപക്ഷത്തെ ചൊടിപ്പിച്ചത്. തങ്ങളുടെ വോട്ടുബാങ്കില്‍ രാഹുലിന്റെ യാത്ര വിള്ളല്‍ വീഴ്ത്തുമോ എന്ന ഭീതിയാണോ ഇത്തരം പ്രസ്താവനകളില്‍ നിഴലിക്കുന്നതെന്നു വ്യക്തമല്ല. എന്നാല്‍ അതിന്റെ ചില ലക്ഷണങ്ങള്‍ ആ വാക്കുകളില്‍ കാണാം.
യഥാര്‍ഥത്തില്‍ കേരളത്തിലെ വോട്ടര്‍മാര്‍ കുറേക്കൂടി പക്വമായി കാര്യങ്ങളെ കാണുന്നവരാണ്. അല്ലെങ്കില്‍ അങ്ങനെ കാണാന്‍ കഴിവുള്ളവരാണ്. മുന്നണികള്‍ മാറിമാറി ഭരിച്ച കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യം (രണ്ടാം പിണറായി സര്‍ക്കാര്‍ ഒഴികെ) മാത്രമല്ല ഇതു പറയാന്‍ കാരണം. കഴിഞ്ഞ നിയമസഭാ-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളുടെ ചിത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം നല്‍കിയ അതേ ജനങ്ങള്‍ തന്നെയാണ് സംസ്ഥാന നിയമസഭയിലേക്ക് പിണറായി വിജയനെ സമാനമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തത്. ഡല്‍ഹിയിലും കേരളത്തിലും വിലപ്പോവുന്ന രാഷ്ട്രീയം ഏതെന്നു ജനം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു എന്നര്‍ഥം.
എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ള ആ തിരിച്ചറിവ് യുവ നേതാക്കള്‍ക്ക് ഇനിയും ഉണ്ടായിട്ടില്ല എന്നതാണ് ഖേദകരം. യഥാര്‍ഥത്തില്‍ രാഹുലിന്റെ യാത്രയോട് ഇടതുപക്ഷം മൗനം പാലിക്കുന്നതാണ് ബുദ്ധി. അതിനെ വലിയ വിവാദമാക്കാന്‍ ശ്രമിക്കുക വഴി ഒന്നിലധികം നഷ്ടങ്ങള്‍ ആ പാര്‍ട്ടിക്കുണ്ടാകും. ഒന്ന്, രാഹുലിന്റെ യാത്രയ്ക്ക് അത് കൂടുതല്‍ ഊര്‍ജം നല്‍കുകയേ ഉള്ളൂ എന്നതാണ്. കാരണം മിനിമം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലെങ്കിലും രാഹുലിന്റെ യാത്ര വിജയിച്ചേ തീരൂ എന്ന പിടിവാശിക്ക് അത് വഴിയൊരുക്കും. മറ്റൊന്ന്, ദേശീയ രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ആ നീക്കം വഴി ചോദ്യം ചെയ്യപ്പെടാം. കേരളത്തിന്റെ രണ്ടറ്റത്തിന് അപ്പുറത്തും ഇപ്പുറത്തും സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പില്ലാത്ത പാര്‍ട്ടിയാണ് തങ്ങളുടേതെന്ന ബോധ്യമെങ്കിലും അവര്‍ക്ക് കൂടിയേ തീരൂ. പശ്ചിമ ബംഗാള്‍ മാത്രമല്ല, ത്രിപുരയിലും ചുവപ്പ് നരച്ച് കാവിയായത് സഖാക്കള്‍ അറിയാത്തതോ അതോ ബോധപൂര്‍വം തമസ്‌കരിക്കുന്നതോ? എത്ര പരിഹസിച്ചാലും, ഭൂപടത്തില്‍ നിന്ന് മാഞ്ഞെന്നു വിമര്‍ശിച്ചാലും രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്ര നടത്താനുള്ള കെല്‍പ് ഇന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ട്. ഇടതുപക്ഷത്തിന് അതുണ്ടോയെന്നു സ്വയം ചോദിക്കാനെങ്കിലും അവര്‍ തയ്യാറാകേണ്ടിയിരിക്കുന്നു.
മാത്രമല്ല, രാഹുലിന്റെ യാത്രയ്ക്ക് അങ്ങനെയൊരു ലക്ഷ്യം കൂടിയുണ്ട്. കോണ്‍ഗ്രസില്ലാത്ത മൂന്നാം മുന്നണി, ബദല്‍ മതേതര സഖ്യം തുടങ്ങിയ ചര്‍ച്ചകളെ പരോക്ഷമായി ഇല്ലാതാക്കാന്‍ രാഹുലിന്റെ യാത്രയ്ക്ക് കഴിയും എന്നതാണത്. ഇന്ത്യയില്‍ ബി ജെ പിയെ നേരിടാന്‍ തങ്ങള്‍ മാത്രമേയുള്ളൂ, അല്ലെങ്കില്‍ പാന്‍ ഇന്ത്യാ അടിസ്ഥാനത്തില്‍ അതിനു ശേഷിയുള്ള, പിടിപാടുള്ള ഒരു കക്ഷി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാെണന്നു സമര്‍ഥിക്കാന്‍ ഈ യാത്രയ്ക്ക് കഴിയും എന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് പ്രധാനമന്ത്രിക്കുപ്പായം തുന്നി നിതീഷും കെ സി ആറും മമതയും ഒരുപോലെ കരുനീക്കം നടത്തുന്ന കാലത്ത്.
രാഹുലിനെ അദ്ദേഹത്തിന്റെ വഴിക്കു വിടുക എന്ന മുതിര്‍ന്ന സി പി എം നേതാക്കളുടെ തീരുമാനം തന്നെയാണ് ഈ ഘട്ടത്തില്‍ ആ പാര്‍ട്ടിക്ക് കൂടുതല്‍ പഥ്യം. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ 19 ദിവസം യാത്ര നടത്തുന്ന രാഹുല്‍ യു പിയില്‍ രണ്ടു ദിവസമേ തങ്ങുന്നൂള്ളൂ എന്നാണ് സഖാക്കളുടെ പ്രധാന പരാതി. മറ്റൊന്ന് ഗുജറാത്ത് തൊടുന്നില്ല എന്നതും.
യഥാര്‍ഥത്തില്‍ രണ്ട് മെഗാ റാലികളാണ് കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്നത്. അതില്‍ ആദ്യത്തേതാണ് തെക്കു മുതല്‍ വടക്കു വരെ (കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ). രണ്ടാമത്തേത് ഇതിനു പിന്നാലെ വരുന്നുണ്ട്. പടിഞ്ഞാറ് ഗുജറാത്തില്‍ നിന്നു തുടങ്ങി കിഴക്ക് അരുണാചല്‍ പ്രദേശിന്റെയും അസമിന്റെയും അതിര്‍ത്തി ദേശങ്ങളില്‍ സമാപിക്കുന്നതുകൊണ്ടു കൂടിയാണ് ഗുജറാത്തിനെ തല്‍ക്കാലം വെറുതെ വിട്ടത് എന്ന വസ്തുത അറിയാത്തതുകൊണ്ടായിരിക്കാം. പഞ്ചനക്ഷത്ര സുഖങ്ങളോടെയുള്ള ആഡംബര യാത്ര എന്ന വിമര്‍ശനം ഉയരാന്‍ ഇടയുള്ളതുകൊണ്ടാണ് രാഹുല്‍ കണ്ടെയ്‌നറുകള്‍ താമസത്തിനു തെരഞ്ഞെടുത്തത് എന്ന വിമര്‍ശനം ന്യായമാണ്. അത്യാഡംബരത്തിന്റെ മകുടോദാഹരണങ്ങളായി സ്വന്തം നേതാക്കള്‍ ഖജനാവ് കട്ടുമുടിക്കുന്നതിലുള്ള ജാള്യത മറയ്ക്കാന്‍ രാഹുലിനെയും കാരവനില്‍ കയറ്റാനുള്ള കുരുട്ടുബുദ്ധിയെ നിസ്സാരമായി കണ്ടുകൂടാ.
ഒരു കാര്യം തീര്‍ച്ചയാണ്: ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും, ബി ജെ പി തകരും, രാജ്യത്തിന്റെ രാഷ്ട്രീയ ഗതി തന്നെ മാറും എന്നൊന്നും പറയാനാവില്ലെങ്കിലും കോണ്‍ഗ്രസ് ഇന്നുള്ളതിനേക്കാള്‍ ഒരു പടിയെങ്കിലും മുന്നിലെത്തും. പ്രവര്‍ത്തകര്‍ക്ക് കൈമോശം വന്നിരിക്കുന്ന ആത്മവിശ്വാസം വീണ്ടെടുക്കാനെങ്കിലും ഒരു പരിധി വരെ അത് ഉപകരിക്കും. അത് ബി ജെ പിക്കും നന്നായി അറിയാം. അതുകൊണ്ടാണ് ഗോവയില്‍ മൊത്തക്കച്ചവട രാഷ്ട്രീയവുമായി ഈ സമയത്തുതന്നെ അവര്‍ രംഗപ്രവേശം ചെയ്യുന്നത്. കൂടെ വരുന്ന എം എല്‍ എമാര്‍ നല്‍കുന്ന ആത്മവിശ്വാസമല്ല ഇവിടെ ബി ജെ പിക്ക് താല്‍പര്യം. മറിച്ച് രാഹുലിന്റെയും സംഘത്തിന്റെയും മനോബലം തകര്‍ക്കുക എന്നതാണ്. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞാല്‍ ജോഡോ യാത്ര വിജയമാകും. ഒപ്പം ഈ യാത്ര രാജ്യത്തിന്റെ നഗര-ഗ്രാമങ്ങളില്‍ തീര്‍ക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തോടുള്ള അഭിനിവേശത്തിന് നൈരന്തര്യമുണ്ടാകണം. അത് രാഹുലിനെക്കൊണ്ട് കഴിയുന്ന ഒന്നല്ല. കെ പി സി സികള്‍ തൊട്ട് താഴേത്തട്ടിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അരയും തലയും മുറുക്കി ഇറങ്ങുക തന്നെ വേണം.

Back to Top