18 Monday
November 2024
2024 November 18
1446 Joumada I 16

ഗാമോഫോബിയ നമ്മുടെ പരിസരങ്ങളും മാറേണ്ടതുണ്ട്‌

നാജിയ ടി


വിവാഹം രണ്ടു വ്യക്തികള്‍ക്കിടയില്‍ നടക്കുന്നതാണെങ്കിലും അത് ആ വ്യക്തികള്‍ക്ക് ചുറ്റുമുള്ളവരെയും അതുവഴി സമ്വ്വൂഹത്തെയും സ്വാധീനിക്കുന്ന ഒന്നാണ്. രണ്ട് വ്യത്യസ്തരായവര്‍ ഒന്നിക്കുമ്പോള്‍, അവിടെ ഒരു തരത്തില്‍ സാംസ്‌കാരിക സമന്വയത്തിന് കൂടി വേദിയാവുകയാണ് ചെയ്യുന്നത്. സ്‌നേഹവും ബഹുമാനവും പങ്കുവെച്ച് പരസ്പരം താങ്ങും തണലുമായി ഇണകളായി ജീവിക്കുന്ന വൈവാഹിക ജീവിതം എത്ര മനോഹരമാണ്. ഇതാണ് വിവാഹം കൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നു വിഭിന്നമായി, വൈവാഹിക ജീവിതത്തോടു കൂടെ, ജീവിതത്തിലെ സകല സന്തോഷങ്ങളും നഷ്ടപ്പെടുന്നവരും ഏറെയാണ്. ഇത്തരം സാഹചര്യങ്ങളും ഉണ്ടാവാമെന്നത് പലര്‍ക്കും വൈവാഹിക ജീവിതത്തിനോട് ഭയമുണ്ടാവാന്‍ കാരണമായിട്ടുണ്ട്. ‘വിവാഹവും കുടുംബജീവിതവും ഒന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല.’, ‘എനിക്ക് അതിലൊന്നും ഒരു താല്‍പര്യവുമില്ല.’ ‘ഒറ്റയ്ക്ക് ജീവിച്ചാല്‍ എന്താ കുഴപ്പം.’ ഇത്തരത്തിലുള്ള ഡയലോഗുകള്‍ നിത്യേന എന്നോണം പലരില്‍ നിന്നു നാം കേട്ടു തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. വിവാഹത്തോട് ഇത്രയധികം വിമുഖത കാണിക്കാന്‍ എന്താണീ പുതുതലമുറക്ക് പറ്റിയത് എന്ന് ചിന്തിക്കാത്തവര്‍ ഉണ്ടാവില്ല. വിവാഹത്തോട് നോ പറയുന്നതിന് പല കാരണങ്ങളുണ്ട്. അവയിലെ ചില മാനസികാരോഗ്യ വശങ്ങള്‍ നമുക്കു നോക്കാം.
ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന വലിയ മാറ്റങ്ങളില്‍ ഒന്നാണ് വിവാഹം. ഈ ഘട്ടത്തില്‍ ഉണ്ടാകുന്ന ആശങ്കകളും ആകുലതകളും പുതുമയുള്ള കാര്യമല്ല. വ്യക്തിപരവും സാമൂഹികവുമായ പല ഘടകങ്ങളും ഇത്തരം ആശങ്കകളിലേക്ക് വഴിവെക്കാം. ശരിയായ പങ്കാളിയെ കണ്ടെത്താന്‍ കഴിയുമോ, പങ്കാളിയുമായും കുടുംബവുമായും ഒത്തുചേര്‍ന്നു പോകാന്‍ കഴിയുമോ, ജീവിതത്തില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത വിധം മാറ്റങ്ങള്‍ ഉണ്ടാകുമോ തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട ബാധ്യതകളും ഉത്തരവാദിത്തങ്ങളും വിവാഹശേഷം അവ ഏറ്റെടുക്കുന്നതിനുള്ള വെല്ലുവിളികളെ കുറിച്ചുള്ള ചിന്തകളും വിവാഹത്തോടുള്ള ഭയത്തിലേക്കും വിമുഖതയിലേക്കും നയിക്കാം.
വിവാഹശേഷം സാധാരണഗതിയില്‍ നിന്നു ജീവിതം വളരെ വ്യത്യസ്തമാവും എന്നത് ഒരു യാഥാര്‍ഥ്യമാണ്. വ്യക്തിജീവിതത്തിലും താല്‍പര്യങ്ങളിലും തീരുമാനങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കാറുണ്ട്. പുതിയ അനുഭവങ്ങളെ സ്വീകരിക്കാനുള്ള ആത്മവിശ്വാസ കുറവാണ് ഇതിനുള്ള പ്രധാന കാരണം. പരാജയപ്പെട്ട വൈവാഹിക ബന്ധങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ളവരില്‍ ഈ ഭയം കൂടാനേ സാധ്യതയുള്ളൂ. വൈവാഹിക ബന്ധങ്ങളിലെ തകര്‍ച്ചകളും ഗാര്‍ഹിക പീഡന കേസുകളും വഞ്ചനകളും പ്രധാന വാര്‍ത്തകള്‍ ആയിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വിവാഹത്തോട് വിമുഖത കാണിക്കുന്ന ചെറുപ്പക്കാര്‍ ഏറുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
2018 മുതല്‍ കേരളത്തിലെ പെണ്‍കുട്ടികളുടെ മാട്രിമോണിയല്‍ പ്രൊഫൈലുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് ഈയിടെ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്. വിവാഹം പ്രാധാന്യമുള്ള ഒന്നല്ല എന്ന ചിന്ത കേരളത്തിലെ പെണ്‍കുട്ടികളില്‍ തീവ്രമായി നിലനില്‍ക്കാനുള്ള പ്രധാന കാരണം നമ്മുടെ നാട്ടിലെ സാമൂഹിക വ്യവസ്ഥകള്‍ തന്നെയാണ്. കേരളത്തിലെ സാമൂഹിക സ്ഥിതികള്‍ അനുസരിച്ച് നല്ലതും ചീത്തതുമായ എല്ലാ മാറ്റങ്ങളും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. അതിനാല്‍ വിവാഹത്തോടുള്ള വിമുഖതയും ഭയവും സ്ത്രീകളില്‍ കൂടുതല്‍ കാണപ്പെടാന്‍ സാധ്യതയുണ്ട്.
വിവാഹത്തോടുള്ള ഭയം നമ്മുടെ സമൂഹത്തില്‍ പണ്ട് മുതലേ നിലനിന്നിരുന്നു. എന്നാല്‍, അത് വളരെ സാധാരണമായി പുതുതലമുറയിലെ ചെറുപ്പക്കാര്‍ പ്രകടിപ്പിക്കുന്നു എന്നതാണ് സത്യം. ഭയം എന്നാല്‍ സന്തോഷം, സങ്കടം, ദേഷ്യം എന്നിവയൊക്കെ പോലുള്ള ഒരു സാധാരണ വികാരം മാത്രമാണ്. എന്നാല്‍ ഒരു പ്രത്യേക വസ്തുവിനോടോ സാഹചര്യങ്ങളോടോ അകാരണമായി തീവ്രമായി ഉണ്ടാകുന്ന ഭയത്തെയാണ് ഫോബിയ എന്ന് പറയുന്നത്. പലപ്പോഴും വിവാഹത്തോട് പുതുതലമുറ വിമുഖത കാണിക്കുന്നതിന് പ്രധാന കാരണം ഇത്തരം ഫോബിയകള്‍ ആവാം.
ഗാമോഫോബിയ
ഗാമോസ് എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം വിവാഹം എന്നാണ്. ഗാമോഫോബിയ എന്നാല്‍ വിവാഹത്തെക്കുറിച്ചുള്ള ഭയം. അല്ലെങ്കില്‍ പ്രതിബദ്ധതയെ കുറിച്ചുള്ള ഭയം എന്നും പറയാം. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് വൈവാഹിക ബന്ധത്തിലായിരിക്കുക, ഇഷ്ടപ്പെട്ട വ്യക്തികളോട് പോലും പ്രതിബദ്ധത കാണിക്കാനുള്ള പ്രത്യേക ഭയം, അവയില്‍ നിന്ന് പരമാവധി വിട്ടു മാറി നില്‍ക്കാനുള്ള ശ്രമം എന്നിവ കാണാം. ഇവര്‍ക്ക് ശാശ്വതമായ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാതെ വരുന്നു. അങ്ങേയറ്റം ഉത്കണ്ഠ ഇവര്‍ അനുഭവിക്കാറുണ്ട്. സന്തോഷത്തോടെ ജീവിക്കുന്ന മറ്റു ദമ്പതിമാരെ കാണുമ്പോള്‍ പോലും ഇവര്‍ക്ക് ഉത്കണ്ഠ അനുഭവപ്പെടാറുണ്ട്. അതിനാല്‍ ഇവര്‍ പൂര്‍ണമായും എല്ലാതരം ബന്ധങ്ങളോടും, പ്രത്യേകിച്ച് വൈവാഹിക ബന്ധത്തോടും വിമുഖത കാണിക്കുന്നു.
കുടുംബ പശ്ചാത്തലം, സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ ആവുമോ എന്ന ആശങ്കകള്‍, മുന്‍ അനുഭവങ്ങള്‍, കുട്ടിക്കാലത്തോ മറ്റോ അനുഭവിച്ചിട്ടുള്ള വേദനാജനകമായ വേര്‍പിരിയലുകള്‍, മാതാപിതാക്കളുടെയോ മറ്റ് അടുപ്പമുള്ള ബന്ധുക്കളുടെയോ വൈവാഹിക പ്രശ്‌നങ്ങള്‍, കുട്ടിക്കാലത്ത് മാതാപിതാക്കളോടുള്ള അടുപ്പത്തില്‍ വരുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ വിവാഹത്തോടുള്ള നിഷേധാത്മക ചിന്തകളിലേക്കും ഗാമോഫോബിയയിലേക്കും നയിക്കാം.
ഗൈനോഫോബിയ
സ്ത്രീകളോടുള്ള അകാരണമായ യുക്തിരഹിതവും തീവ്രവുമായ ഭയമാണ് ഗൈനോഫോബിയ. സ്ത്രീകളുമായി സംവദിക്കുമ്പോഴും സ്ത്രീകള്‍ ഉള്‍പ്പെടുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും അമിതമായ പരിഭ്രാന്തിയും ഉത്കണ്ഠയും അനുഭവപ്പെടുന്നു. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഇവര്‍ പരമാവധി അകലം പാലിക്കുന്നു. വിവാഹവും അനുബന്ധ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടും. അതിനാല്‍ ഗൈനോഫോബിയ ഉള്ള ഒരാള്‍ക്ക് ഒരിക്കലും സ്ത്രീകളുമായി വിവാഹ ബന്ധത്തിലോ സൗഹൃദത്തിലോ ഏര്‍പ്പെടാന്‍ സാധിക്കില്ല.
ഇതിനോട് ചേര്‍ക്കേണ്ട മറ്റു ചില അവസ്ഥകള്‍ കൂടിയുണ്ട്. സ്‌നേഹിക്കപ്പെടുന്നവരില്‍ നിന്നു വേദനയുള്ള അനുഭവങ്ങള്‍ ഉണ്ടാവുമോ, അവര്‍ തങ്ങളെ ഉപേക്ഷിക്കുമോ എന്നുള്ള നിരന്തരമായ ഭയം പിസ്റ്റാന്‍ത്രോഫോബിയ എന്നാണ് അറിയപ്പെടുന്നത്. ലൈംഗികതയേയും ലൈംഗിക അടുപ്പത്തെയും കുറിച്ചുള്ള ഭയമാണ് ജനോഫോബിയ. ഇത്തരം അവസ്ഥകളും വിവാഹത്തോടുള്ള വിമുഖതയ്ക്ക് കാരണമാകാം.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെ ഇത്തരം അവസ്ഥകളെ മനസ്സിലാക്കാനും വിവിധ തെറാപ്പികളിലൂടെ ഈ ഭയത്തെ മറികടക്കാനും സാധിക്കും. ക്രമേണ പ്രതിബദ്ധതയുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടാനും വൈവാഹിക ബന്ധത്തിലേക്ക് കാലെടുത്തുവയ്ക്കാനും സാധിക്കും. താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.
* ഭയത്തിന്റെ ഉറവിടം കണ്ടെത്തി അവയെ ആരോഗ്യകരമായി മറികടക്കാന്‍ ആണ് സൈക്കോതെറാപ്പികള്‍ സഹായിക്കുന്നത്.
* തീവ്രമായതും ഭയം കാരണം ജീവിതത്തില്‍ ഒട്ടും മുന്നോട്ടുപോകാന്‍ കഴിയാത്തതുമായ സാഹചര്യങ്ങളില്‍ സൈക്യാട്രിസ്റ്റിന്റെ സേവനവും മരുന്ന് ചികിത്സയും അത്യാവശ്യമാണ്.
* വിവാഹത്തെക്കുറിച്ചുള്ള ആശങ്കകളും അനുഭവിക്കുന്ന ഭയത്തെക്കുറിച്ചും തുറന്നു സംസാരിക്കുക.
* ഏതു ഭയവും മറികടക്കാന്‍ ഒത്തിരി പരിശ്രമവും സമയവും ആവശ്യമാണ് എന്നതുപോലെ ഈ ഭയവും സമയമെടുത്ത് കുറച്ചു കൊണ്ടുവരേണ്ട പ്രക്രിയയാണ്. അതിനാല്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നവരും ബന്ധുക്കളും ക്ഷമയോടെ കാത്തിരിക്കുക.
* ചുറ്റുമുള്ള പ്രിയപ്പെട്ടവരുടെ മാനസിക പിന്തുണയും മനസ്സിലാക്കലും ആശങ്കകളില്‍ നിന്ന് എളുപ്പം മുക്തി നേടുന്നതിന് സഹായിക്കും.
ഇത്തരത്തിലുള്ള ഭയം ചെറുപ്പക്കാരില്‍ വളരുന്നതില്‍ സത്യത്തില്‍ ആരാണ് ഉത്തരവാദി എന്ന് ചിന്തിക്കേണ്ടതുണ്ട്. വിവിധ മനഃശാസ്ത്ര മാര്‍ഗങ്ങളിലൂടെ ഇത്തരം ഭയങ്ങളിലും ചിന്തകളിലും മാറ്റങ്ങള്‍ ഉണ്ടാക്കാമെങ്കിലും ഇതിന്റെ യഥാര്‍ഥ കാരണങ്ങള്‍ സമൂഹത്തില്‍ നിന്നു പാടെ തുടച്ചു കളയേണ്ടവ തന്നെയാണ്. സ്ഥിരമായി ഉണ്ടാകുന്ന സ്ത്രീധന പീഡനങ്ങളും മാനസികവും ശാരീരികവുമായ ഗാര്‍ഹിക പീഡനങ്ങളും അവയില്‍ ചിലത് മാത്രം. ഇത്തരം പ്രശ്‌നങ്ങള്‍ കണ്‍മുന്നിലൂടെ കാണുന്ന ചെറുപ്പക്കാരില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍, വിവാഹം എന്നത് ഏറ്റവും ഒടുവിലത്തെ താല്‍പര്യം മാത്രമാകും. മക്കളുടെ മുന്‍പില്‍ നിന്നു സ്ഥിരമായി അടിയും വഴക്കും ഉപദ്രവങ്ങളും ഉണ്ടാക്കുന്ന മുതിര്‍ന്നവരും ഇതിനുത്തരവാദികളാണ്. നല്ല മാതൃകകള്‍ മുന്നിലുണ്ടായാല്‍ഇത്തരം വിമുഖതകളെ മറികടക്കാന്‍ സഹായിക്കും.

Back to Top