23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

ജി എം ബനാത്ത് വാല: പാര്‍ലമെന്റിനെ വിസ്മയിപ്പിച്ച ഉജ്വല സാമാജികന്‍

ഹാറൂന്‍ കക്കാട്‌


ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പോളിമാത്ത്, രാഷ്ട്രീയത്തിലെ സര്‍വവിജ്ഞാനകോശം എന്നീ വിശേഷണങ്ങള്‍ക്കര്‍ഹനായ പ്രതിഭയായിരുന്നു ജി എം ബനാത്ത് വാല എന്ന പേരില്‍ പ്രശസ്തനായ ഗുലാം മുഹമ്മദ് ബനാത്ത് വാല. വിക്ടോറിയ കാലഘട്ടത്തിന്റെ അവസാന പ്രതിനിധിയായ രാഷ്ട്രീയ നേതാവ് എന്നാണ് ഇന്ത്യാ ടുഡെ ബനാത്ത് വാലയെ വിശേഷിപ്പിച്ചത്. സത്യസന്ധത, വിജ്ഞാനം, കൃത്യമായ ചിന്തക്ക് പിറകെ ചടുലമായ പ്രവര്‍ത്തനം തുടങ്ങിയ രാഷ്ട്രീയ നേതൃത്വത്തിന്റെ തിരിച്ചറിയല്‍ അടയാളം ജി എം ബനാത്ത് വാലയുടെ ജീവിതത്തിന്റെ പര്യായങ്ങളായിരുന്നു.
ഗുജറാത്തിലെ കച്ചില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറിയ കുടുംബമാണ് ജി എം ബനാത്ത് വാലയുടേത്. 1933 ആഗസ്ത് 15ന് കച്ചവട പ്രമുഖനായ ഹാജി നൂര്‍ മുഹമ്മദിന്റെയും ആയിശയുടേയും മകനായാണ് അദ്ദേഹത്തിന്റെ ജനനം.
സിദന്‍ഹാം കോളേജ്, എസ് ടി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് എം കോം, ബി എഡ് ബിരുദങ്ങള്‍ നേടിയ അദ്ദേഹം അധ്യാപക ജോലിയില്‍ നിരതനായി. പിന്നീട് ആ ജോലി ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. സര്‍വേന്ത്യാ ലീഗിന്റെ ഭാഗമായ ഫോര്‍ത്ത് പാര്‍ട്ടിയാണ് മഹാരാഷ്ട്രയിലുണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരം ഇത് പിരിച്ചുവിട്ട് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേക്കേറി. എന്നാല്‍ ബനാത്ത് വാല അതില്‍ തന്നെ ഉറച്ചുനില്ക്കുകയും മഹാരാഷ്ട്രയില്‍ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുകയും ചെയ്തു.
1961 ല്‍ മുസ്ലിം ലീഗിന്റെ എക്സിക്യൂട്ടീവ് അംഗമായ ബനാത്ത് വാല പിന്നീട് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 1967ലും 71ലും ഉമര്‍ ഖാദി മണ്ഡലത്തില്‍ നിന്ന് ബനാത്ത് വാല മഹാരാഷ്ട്ര നിയമസഭയിലെത്തി. മുസ്ലിം ലീഗ് മുംബൈ സിറ്റി സെക്രട്ടറി, മഹാരാഷ്ട്ര സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ബനാത്ത് വാല ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിനെ അഖിലേന്ത്യാ തലത്തില്‍ മൂന്നു പതിറ്റാണ്ടിലേറെക്കാലം നയിച്ച ഉജ്വല നേതാവാണ്.
മുംബൈയില്‍ മണ്ണിന്റെ വാദമുയര്‍ത്തി വര്‍ഗീയ ചേരിതിരിവുകളിലൂടെ മലയാളികളെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടാന്‍ ശ്രമിച്ചവര്‍ക്കെതിരെ മഹാരാഷ്ട്ര നിയമസഭയില്‍ ജി എം ബനാത്ത് വാല ശക്തമായി പോരാടി. അടിയന്തരാവസ്ഥക്കാലത്ത് മഹാരാഷ്ട്ര അസംബ്ലിയില്‍ നടത്തിയ ഇടപെടലുകളിലൂടെയും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായുള്ള ധീരമായ പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹം ദേശീയ ശ്രദ്ധ നേടി.
നിര്‍ബന്ധ വന്ധീകരണത്തിനായി മഹാരാഷ്ട്ര നിയമസഭയില്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ഏഴ് ലക്ഷം പേരുടെ ഒപ്പുശേഖരണം നടത്തി ജി എം ബനാത്ത് വാല രാഷ്ട്രപതിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് ജനാധിപത്യത്തിന്റെ ശക്തി കൊണ്ട് ജനാധിപത്യ ദുരുപയോഗത്തെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ അതിശക്തമായ പോരാട്ടത്തെ തുടര്‍ന്ന് ഈ ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുവഴി ബനാത്ത് വാലയുടെ രാഷ്ട്രീയ പ്രവര്‍ത്തനം കൂടുതല്‍ ദേശീയ ശ്രദ്ധ നേടി. തുടര്‍ന്ന് ബാഫഖി തങ്ങള്‍, സി എച്ച് മുഹമ്മദ് കോയ തുടങ്ങിയ നേതാക്കളാണ് ജി എം ബനാത്ത് വാലക്ക് കേരളത്തിലെ പ്രവര്‍ത്തന ഗോദയിലേക്ക് വഴി തുറന്നത്.
ഒരേ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ വിജയിച്ച അപൂര്‍വ റെക്കോര്‍ഡ് ജി എം ബനാത്ത് വാലയുടെ പേരിലാണ്. 1977, 80, 84, 89, 96, 98, 99 എന്നീ വര്‍ഷങ്ങളിലെ തെര ഞ്ഞെടുപ്പുകളില്‍ പൊന്നാനിയില്‍ നിന്നാണ് അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രചരണത്തിനെത്തിയില്ലെങ്കിലും ഏണി ചിഹ്നവും ബനാത്ത് വാല സ്ഥാനാര്‍ഥിയുമാണെങ്കില്‍ മണ്ഡലത്തില്‍ മുസ്‌ലിം ലീഗിന്റെ വിജയം ഉറപ്പായിരുന്നു.
ശരീഅത്ത് വിവാദ കാലത്ത് വനിതാ സംരക്ഷണ നിയമത്തിന്റെ മുന്നോടിയായി അവതരിപ്പിച്ച ബില്‍ അടക്കം ഒട്ടേറെ പ്രസിദ്ധമായ സ്വകാര്യ ബില്‍ ജി എം ബനാത്ത്‌വാലയുടെ ഐതിഹാസിക ചരിത്രത്തിലുണ്ട്. പാര്‍ലിമെന്റ് അംഗീകരിച്ച ‘മുസ്‌ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡിവേര്‍സ് ആക്റ്റ്’ എന്ന ശരീഅത്ത് ബില്‍, ആരാധനാലയങ്ങളുടെ കട്ട് ഓഫ് ഡേറ്റ് സംബന്ധിച്ച ബില്‍ എന്നിവ ബനാത്ത് വാല അവതരിപ്പിച്ച സ്വകാര്യ ബില്ലുകളായിരുന്നു.
1947 ആഗസ്റ്റ് 15 കട്ട് ഓഫ് ഡേറ്റാക്കി നിജപ്പെടുത്തിക്കൊണ്ട് ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം നിലവില്‍ വന്ന ആരാധനാലയ സംരക്ഷണ ബില്‍ പാസാക്കിയെടുത്തതിന് പിന്നില്‍ ബനാത്ത് വാലയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലായിരുന്നു നിമിത്തമായത്. ബാബരി മസ്ജിദ് വിഷയം സങ്കീര്‍ണമാവുന്നതിന് മുമ്പേയാണ് ഇതിന് വേണ്ടിയുള്ള സ്വകാര്യബില്‍ അദ്ദേഹം സഭയില്‍ അവതരിപ്പിച്ചത്. ഒരു പാര്‍ലിമെന്റ് അംഗത്തിന്റെ സ്വകാര്യ ബില്‍ രാഷ്ട്രത്തിന്റെ നിയമമായി അംഗീകരിക്കപ്പെടുക എന്ന അത്യപൂര്‍വ സംഭവമാണ് ഇതിലൂടെ യാഥാര്‍ഥ്യമായത്.
ബാബരി മസ്ജിദ് പ്രശ്നം, അലിഗര്‍ മുസ്ലിം സര്‍വകലാശാല ന്യൂനപക്ഷ പദവി, മുസ്ലിം പിന്നാക്കാവസ്ഥ, പിന്നാക്ക വിഭാഗത്തിന്റെ സംരക്ഷണം, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ കൃത്യമായി ഇടപെടാനും അംഗങ്ങളെ ബോധവത്കരിക്കാനും ബനാത്ത് വാലക്ക് കഴിഞ്ഞു. ഇന്ത്യ-അമേരിക്ക സംയുക്ത ആണവ കരാറിനെതിരെയും നന്ദിഗ്രാമിലെ കര്‍ഷകരെ കുടിയിറക്കിയ ബംഗാള്‍ സര്‍ക്കാറിനെതിരെയും ബനാത്ത് വാല ശക്തമായി പോരാടി. ഏഴ് തവണകളിലായി, 23 വര്‍ഷം ലോക്സഭയില്‍ ബനാത്ത്വാലയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച പാര്‍ലമെന്റ് മെമ്പറായിരുന്നു ബനാത്ത് വാല. മുസ്ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും അദ്ദേഹം യുക്തിദീക്ഷയോടെ ഇടപെട്ടു. മിക്ക പ്രശ്‌നങ്ങള്‍ക്കും സ്ഥായിയായ പരിഹാരം കണ്ടു. 1984 ല്‍ ഇന്ത്യാ ടുഡേ ഇന്ത്യയിലെ മികച്ച പത്ത് പാര്‍ലമെന്റേറിയന്മാരെ തെരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ ബനാത്ത് വാലയായിരുന്നു. 2011,12 ലോക്സഭകളില്‍ മികച്ച പാര്‍ലമെന്റേറിയനായി ‘ദി പയനിയര്‍’, ‘ഡെക്കാന്‍ ഹെറാള്‍ഡ്’ എന്നീ പത്രങ്ങള്‍ ബനാത്ത് വാലയെ തെരഞ്ഞെടുത്തു.
അഗാധ വിജ്ഞാനത്തിന്റെ ഉടമയായിരുന്നു ബനാത്ത് വാല. ഇന്ത്യന്‍ രാഷ്ട്രീയത്തെയും ഇന്ത്യന്‍ സമൂഹത്തിന്റെ അന്തര്‍ധാരയേയും കുറിച്ചുള്ള ആഴത്തിലുള്ള സിദ്ധി ബോധ്യപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥമാണ് റിലീജ്യന്‍ ആന്റ് പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ. ഗവേഷണാത്മകമായ ഈ ഗ്രന്ഥം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ കൃത്യമായി അനാവരണം ചെയ്തിട്ടുണ്ട്. ‘മുസ്ലിം ലീഗ് ആസാദി കെ ബാദ്’ അദ്ദേഹം രചിച്ച മറ്റൊരു കൃതിയാണ്.
രാഷ്ട്രീയ സാമൂഹികരംഗങ്ങളില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം മദ്രാസ് ഇസ്ലാമിക് ഇന്‍സിസ്റ്റിറ്റിയൂട്ട് ഡയറക്ടറും ഓള്‍ ഇന്ത്യ പേഴ്സണല്‍ ലോ ബോര്‍ഡ്, ഓള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ, ഓള്‍ ഇന്ത്യ മുസ്ലിം സര്‍വകലാശാല കോര്‍ട്ട് എന്നിവയില്‍ മെമ്പറുമായിരുന്നു. വിനയവും വിജ്ഞാനവും മുഖമുദ്രയായി സ്വീകരിച്ച ബനാത്ത് വാല ജീവിതാന്ത്യം വരെ കര്‍മനിരതനായിരുന്നു.
ചെന്നൈയില്‍ മുസ്ലിം ലീഗ് അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയതിന്റെ പിറ്റേന്ന്, 2008 ജൂണ്‍ 25ന് സെന്‍ട്രല്‍ മുംബൈയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ആ കര്‍മയോഗി വിടവാങ്ങി.

1 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x