കുട്ടികള്‍ക്ക് കുറഞ്ഞ അളവിലുള്ള വാക്‌സിന്‍ നല്‍കണമെന്ന് ഡബ്ല്യു എച്ച് ഒ

കുട്ടികള്‍ക്ക് ഫൈസര്‍ കുറഞ്ഞ അളവിലുള്ള കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ലോകാരോഗ്യ സംഘടന. അഞ്ച് മുതല്‍ 11 വയസ് വരെ ഉള്ളവര്‍ക്ക് 10 മൈക്രോ ഗ്രാം വീതമുള്ള ഡോസ് നല്‍കാനാണ് ഡബ്ല്യു എച്ച് ഒ സ്ട്രാറ്റജിക് അഡൈ്വസറി ഗ്രൂപ്പിലെ വിദഗ്ധര്‍ ശിപാര്‍ശ ചെയ്യുന്നത്. നിലവില്‍ 12 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നത്. 12 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് 30 മൈക്രോഗ്രാം ഡോസ് ആണ് നല്‍കി വരുന്നത്. രോഗാവസ്ഥയുള്ള കുട്ടികള്‍ ഒഴികെ അഞ്ച് മുതല്‍ 11 വയസ് വരെ ഉള്ളവര്‍ പ്രതിരോധ കുത്തിവെപ്പിനുള്ള മുന്‍ഗണനാ ഗ്രൂപ്പില്‍ ഏറ്റവും താഴെയാണെന്ന് വിദഗ്ധ സമിതി ചെയര്‍മാന്‍ അലജാന്‍ഡ്രോ ക്രാവിയോട്ടോ പറഞ്ഞു. അഞ്ച് മുതല്‍ 11 വരെ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതില്‍ സുരക്ഷാ ആശങ്കകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വാക്‌സിന്‍ ഡയറക്ടര്‍ കേറ്റ് ഒബ്രിയാനും വ്യക്തമാക്കി.
