കേരളത്തിന്റെ ഭാവി ഭയാനകം
അക്ബര്‍ വളപ്പില്‍
കൊട്ടാരക്കരയില്‍ 23കാരിയായ ഡോക്ടറെ ലഹരിക്ക് അടിമയായ ഒരു അധ്യാപകന്‍ കുത്തിക്കൊന്നത് കേരളീയര്‍ എത്ര ഭയവിഹ്വലരായാണ് ശ്രവിച്ചത്? മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവം സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി. എന്നാല്‍ ഈ സാന്നിധ്യത്തിന് ഏതാനും മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ കാണൂ. അപ്പോഴേക്കും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത തേടിയെത്തും. അപ്പോള്‍ ഇത് വിട്ട് അതിന്റെ പിന്നാലെയാകും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹവും സര്‍ക്കാരും നിയമ നടപടികള്‍ക്ക് രൂപം നല്‍കാനുള്ള നെട്ടോട്ടത്തിലാണ്. പക്ഷേ, അടിസ്ഥാനപരമായ യഥാര്‍ഥ വസ്തുത മനസ്സിലാക്കി അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. എന്നു മുതലാണ് ഈ കൊച്ചു സംസ്ഥാനം ഇത്രയേറെ വഷളായത്? ഓര്‍മകളെ അര നൂറ്റാണ്ടിനു പിന്നോട്ട് കൊണ്ടുപോകുമ്പോള്‍ യഥാര്‍ഥ ഉത്തരം ലഭിക്കും. 1967-ല്‍ സംസ്ഥാനത്തെ മദ്യനിരോധനം എടുത്തുകളഞ്ഞ ഇഎംഎസ് സര്‍ക്കാറിന്റെ തീരുമാനമാണ് കേരളീയ സമൂഹം ഇന്ന് അനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് ഹേതു.
വളരെ അപൂര്‍വമായി മാത്രം കാണുന്ന നാട്ടിന്‍പുറങ്ങളിലെ കള്ളുഷാപ്പുകളെയും ചാരായഷാപ്പുകളെയും വൈകുന്നേരങ്ങളില്‍ പാത്തും പതുങ്ങിയും സമീപിക്കുന്ന വിരലിലെണ്ണാവുന്ന ചില പ്രായമായവരെ മാത്രമേ അന്ന് കാണാന്‍ സാധിച്ചിരുന്നുള്ളൂ. ഇങ്ങനെ പോകുന്നവരെ മഹാ മോശക്കാരായാണ് സമൂഹം വിലയിരുത്തിയിരുന്നത്. വൃദ്ധന്മാരിലും മധ്യവയസ്‌കരിലും മാത്രം ഒതുങ്ങിനിന്നിരുന്ന മദ്യപാനം യുവാക്കളിലേക്ക് ഒരു ഹരമെന്നോണം അതിവേഗത്തില്‍ ഓടിയെത്തി. വിദേശ മദ്യഷോപ്പുകള്‍ വ്യാപകമായതോടെ യുവാക്കളില്‍ മദ്യപാനം ഒരു സ്റ്റാറ്റസ് സിംബലായി ഗണിക്കപ്പെട്ടു.
നിരവധി നല്ല നിയമനിര്‍മാണങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഇടതു സര്‍ക്കാരുകള്‍ ചെയ്ത ഏറ്റവും വലിയ പാതകമാണ് മദ്യനിരോധനം എടുത്തുകളഞ്ഞ തീരുമാനം. കേരളത്തിന്റെ റവന്യൂകമ്മി നികത്താന്‍ കണ്ടുപിടിച്ച ഒരു എളുപ്പവഴിയായിരുന്നു ഈ തീരുമാനം. പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരുകളും ഇതേ പാതയിലൂടെ സഞ്ചരിച്ചു. വരുമാന സമാഹരണം തന്നെയായിരുന്നു ഇതിനു പിന്നിലെ ദുഷ്ടലാക്ക്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപ്തിയും ലഭ്യതയും അനുസരിച്ച് സമൂഹത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും വര്‍ധിച്ചു. ക്വട്ടേഷന്‍ സംഘങ്ങളും കൊലയാളിക്കൂട്ടങ്ങളും കേരളത്തിന്റെ മുഖമുദ്രയായി മാറി. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും മദ്യ ഉപഭോക്താക്കള്‍ കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
എല്ലാ തിന്മകളുടെയും മൂലഹേതുവായ ലഹരിയുടെ വ്യാപനം ഇന്ന് കേരളത്തെ ഒരു ക്രിമിനല്‍ ഹബ്ബാക്കി മാറ്റിയിരിക്കുന്നു. യുവതലമുറ മദ്യപാനത്തില്‍ നിന്ന് കുറേക്കൂടി മുമ്പോട്ടുപോയി നൂതന ലഹരികളുടെ അടിമകളായി. മദ്യവും മയക്കുമരുന്നുകളും കേരളീയ യുവതയുടെ ഹരമായി മാറിയിരിക്കുകയാണ്. ഈ വന്‍ വിപത്തിനെതിരെ കേരളീയ സമൂഹം മത-രാഷ്ട്രീയ സംഘടനാഭേദമെന്യേ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ ഭാവി തലമുറ മഹാനാശത്തിലേക്ക് കൂപ്പുകുത്താന്‍ പോവുകയാണ്. നമ്മുടെ കുടുസ്സായ കക്ഷിരാഷ്ട്രീയ ചിന്താഗതിയില്‍ നിന്ന് വിട്ട് കേരളീയ സമൂഹത്തിന്റെ പുനര്‍നിര്‍മിതിക്കായി ഒരേ മനസ്സോടെ ഒറ്റക്കെട്ടായി ഇറങ്ങിയേ പറ്റൂ.