1 Tuesday
July 2025
2025 July 1
1447 Mouharrem 5

മരവിപ്പിക്കപ്പെടുന്ന അക്കൗണ്ടുകള്‍


ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്ന വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുന്നതായി നിരവധി പരാതികളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള പരിണാമം കോവിഡ് സമയത്ത് കുതിച്ചുയരുകയും മിക്ക ആളുകളും അക്കൗണ്ടുകള്‍ ഡിജിറ്റലായി ഉപയോഗിക്കാന്‍ സാക്ഷരത നേടുകയും ചെയ്തു. അതുകൊണ്ടുതന്നെ യു പി ഐ ഇടപാടുകള്‍ ഇന്ന് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഈ ഡിജിറ്റല്‍വത്കരണം ബാങ്ക് അക്കൗണ്ട് എന്നതിനെ ഒരു പൊതു വിവരമാക്കി തീര്‍ത്തു. ഒരാളുടെ ഫോണ്‍ നമ്പര്‍ അറിയാമെങ്കില്‍ അതുവഴി പണം അയക്കാനും സ്വീകരിക്കാനും ഇന്ന് സാധിക്കുന്നുണ്ട്.
യു പി ഐ വഴിയും ക്യു ആര്‍ കോഡ് വഴിയുമെല്ലാം നിരവധി അപരിചിതരുമായി പണമിടപാട് നടത്തുന്ന ചെറുകിട വ്യാപാരികളാണ് ഇപ്പോള്‍ കുടുതലായി പ്രതിസന്ധിയിലായിരിക്കുന്നത്. കേസിലുള്‍പ്പെട്ട ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് പണം സ്വീകരിച്ചാല്‍, വ്യാപാരികളുടെ അക്കൗണ്ടിലെ മുഴുവന്‍ പണവും മരവിപ്പിക്കുകയും പിന്‍വലിക്കാന്‍ കഴിയാത്ത സ്ഥിതിയിലാക്കുകയും ചെയ്യുകയാണിപ്പോള്‍. മാത്രമല്ല, ഈ കേസുകള്‍ പലപ്പോഴും ഗുജറാത്ത്, രാജസ്ഥാന്‍ പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവുക. അതിനാല്‍ തന്നെ അവിടെ നേരിട്ട് ചെന്നോ ഫോണ്‍ വഴി ബന്ധപ്പെട്ടോ അക്കൗണ്ട് ശരിയാക്കാനാണ് ഉപഭോക്താക്കളോട് ബാങ്ക് അധികൃതര്‍ ഉപദേശിക്കുന്നത്. ഈ രണ്ട് മാര്‍ഗത്തിലൂടെയും ശരിയാക്കാന്‍ സാധിക്കാതെ വരികയും വലിയ തുക ഇടനിലക്കാര്‍ക്ക് നല്‍കി കേസ് തീര്‍പ്പാക്കുകയുമാണ് പലരും ചെയ്യുന്നത്. ഇതൊരു തട്ടിപ്പിന്റെ ഭാഗമാണെന്ന സംശയം നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്.
ഇന്ത്യയില്‍ കള്ളപ്പണം തടയാനുള്ള നിയമസംവിധാനത്തിന്റെ ദുരുപയോഗമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. യു പി ഐ പോലുള്ള പൊതുഇടത്തില്‍ ലഭ്യമായ ബാങ്കിംഗ് വിവരങ്ങളും കള്ളപ്പണം തടയാനുള്ള നിയമങ്ങളും ഒരുമിച്ചു പോവുകയില്ല. അതിനാല്‍ തന്നെ, ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ കള്ളപ്പണം തടയാനുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കണം. അല്ലെങ്കില്‍ പണം സ്വീകരിച്ചെന്ന പേരില്‍ അനാവശ്യമായി അക്കൗണ്ട് മരവിപ്പിക്കുന്ന നടപടി വ്യാപകമായി തുടരും. അതുപോലെ തന്നെ, സംശയാസ്പദമായ ഇടപാട് മരവിപ്പിക്കുന്നതിന് പകരം അക്കൗണ്ട് മൊത്തത്തില്‍ ഫ്രീസ് ചെയ്യുന്നത് നിയമസംവിധാനത്തിന്റെ അമിതോപയോഗമാണ്. ഒരു കോടതി ഉത്തരവോ കൃത്യമായ അന്വേഷണമോ പോലുമില്ലാതെ ബാങ്ക് അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കുക എന്നത് ഉപഭോക്താക്കളുടെ ബാങ്കിംഗ് അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്.
ഓണ്‍ലൈനായി പരാതി രജിസ്റ്റര്‍ ചെയ്താല്‍ അപ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളെല്ലാം മരവിപ്പിക്കപ്പെടുന്ന സംവിധാനം ദുരുപയോഗം ചെയ്യപ്പെടാന്‍ ഏറെ സാധ്യതയുണ്ട്. മിക്ക അക്കൗണ്ടുകളും ആധാര്‍ ഡാറ്റയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആധാറിന്റെ ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ഏറെ ആശയകുഴപ്പമുണ്ട്. ഡാറ്റകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ കാലത്ത് ഡാറ്റ സ്വകാര്യത സംബന്ധിച്ച് കൃത്യവും കണിശവുമായ ഒരു നിയമരേഖ ഇപ്പോഴും പ്രാബല്യത്തില്‍ വന്നിട്ടില്ല. ഡാറ്റ പ്രൈവസി സംബന്ധിച്ച ബില്ല് പാര്‍ലമെന്റ് ഇതുവരെ പാസാക്കിയിട്ടില്ല. ഡിജിറ്റല്‍ ഇന്ത്യ വ്യാപകമാവുന്നതിന് മുമ്പെ നടക്കേണ്ടിയിരുന്ന കാര്യമാണ് ഡാറ്റ പ്രൈവസി സംബന്ധിച്ച നിയമനിര്‍മാണം. അതുണ്ടായിട്ടില്ല എന്നത് ഗൗരവകരമായ സാഹചര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു പ്രദേശത്തെയോ ഒരു ജനവിഭാഗത്തെയോ ഒരു പ്രത്യേക ബിസിനസ് കമ്മ്യൂണിറ്റിയേയോ മാത്രം ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ഡിജിറ്റല്‍ തട്ടിപ്പുകള്‍ നടത്താന്‍ ഇന്ന് സാധ്യതകളേറെയാണ്. കാരണം, അതിനാവശ്യമായ വിധത്തില്‍ ഡാറ്റ ഫില്‍ട്ടര്‍ ചെയ്‌തെടുക്കാനും ലക്ഷ്യഗ്രൂപ്പിനെ നേരിടാനും ഇന്ന് സാധിക്കും. ആ വിധത്തില്‍ പല വിവരങ്ങളും പബ്ലിക് ഡൊമൈനുകളില്‍ ലഭ്യമാണ്. ആധാറിന്റെ പല വിവരങ്ങളും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട് എന്ന ഐ ടി വിദഗ്ധരുടെ മുന്നറിയിപ്പ് കൂടി മുഖവിലക്കെടുത്താല്‍ കാര്യങ്ങളുടെ കിടപ്പ് അത്ര സുഖകരമല്ല എന്ന് മനസ്സിലാക്കാനാവും. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും റിസര്‍വ് ബാങ്കിന്റെയും അടിയന്തിര ഇടപെടല്‍ ഉണ്ടാവണം.

Back to Top