10 Sunday
December 2023
2023 December 10
1445 Joumada I 27

ഫുട്‌ബോളും ഗ്രഹനിലയും

ആഷിഖ് റഹ്മാന്‍

ലോകമാകെ ആസ്വാദകരുള്ള കായികയിനമാണ് ഫുട്‌ബോള്‍. കായികപരവും മാനസികവും ബൗദ്ധികവുമായ മികവുകളുടെ പാരസ്പര്യത്തിലൂടെയാണ് ഫുട്‌ബോളില്‍ വിജയിക്കാനാവുക. നമ്മുടെ രാജ്യത്തിന് ലോകകപ്പില്‍ പന്തു തട്ടുക എന്നതൊക്കെ ഇപ്പോഴും ആഗ്രഹം മാത്രമായി നില്‍ക്കുകയാണ്. നല്ല കളിക്കാരില്ലാത്തതുകൊണ്ടല്ല, നല്ല ടീമില്ലാത്തതുകൊണ്ടാണ് ഇന്ത്യയ്ക്ക് ആ സ്വപ്‌നത്തിലേക്ക് എത്തിനോക്കാന്‍ കൂടി സാധിക്കാത്തത്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ജ്യോതിഷിയെ ബന്ധപ്പെടുന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ലോക ഫുട്‌ബോളില്‍ രാജ്യങ്ങള്‍ ടീം ഇലവന്‍ തിരഞ്ഞെടുപ്പിലും ഫോര്‍മേഷനിലും പരിഗണിക്കുന്നത് കളിക്കാരുടെ മുന്‍കാല പെര്‍ഫോമന്‍സും ഫിറ്റ്‌നസും ആ കളിയില്‍ എതിര്‍ ടീമിനോട് ഏറ്റുമുട്ടേണ്ട സ്ട്രാറ്റജിയുമാണെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം തങ്ങളുടെ ഇലവന്‍ തീരുമാനിക്കുന്നത് കവടി നിരത്തിയാണ്.
കോച്ചുമാര്‍ സാധാരണ ടാബ് സ്‌ക്രീനില്‍ എല്ലാവിധ നൂതന ടെക്‌നിക്കല്‍ അസിസ്റ്റോടുകൂടി കൂട്ടിയും കിഴിച്ചും എതിരാളികള്‍ക്കു മുന്നില്‍ തന്ത്രങ്ങളും മറുതന്ത്രങ്ങളും ഇറക്കുമ്പോള്‍ ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ഫോണിന്റെ മറുതലക്കല്‍ ജ്യോതിഷി ഭൂപേഷ് ശര്‍മയായിരിക്കും. അയാള്‍ പറയുന്നതിനനുസരിച്ച് തീരുമാനമെടുക്കും. ആരെ പുറത്തേക്ക് വിളിക്കണമെന്നും പകരം മൈതാനത്തേക്ക് ആരെ പറഞ്ഞയക്കണമെന്നും തീരുമാനിക്കുന്നത് ജ്യോതിഷിയുടെ ‘വെളിപാട്’ അനുസരിച്ചായിരിക്കും. ഡഗൗട്ടിലെ വിറളി പിടിച്ച നടത്തം ജ്യോതിഷിയുടെ ആ മറുപടിക്കു വേണ്ടിയുള്ളതു മാത്രമായിരിക്കും.
അറ്റാക്കിങ്, ഡിഫന്‍സിങ് തന്ത്രങ്ങളും സബ്സ്റ്റിറ്റിയൂഷന്‍ സ്ട്രാറ്റജിയും കളിക്കാരുടെ ഗ്രഹനിലയ്ക്കനുസരിച്ച് അയാള്‍ തന്നെ പ്രവചിക്കും. മികച്ച ഫോമിലാണെങ്കില്‍ കൂടി ജ്യോതിഷി ഭൂപേഷ് ശര്‍മയുടെ ടെസ്റ്റ് പാസായില്ലെങ്കില്‍, ഗ്രഹനില അനുകൂലമല്ലെങ്കില്‍ കളിക്കാരന് പുറത്തിരിക്കേണ്ടിവരും. നടക്കാനിരിക്കുന്ന കളിയുടെ റിസള്‍ട്ട് കൂടി ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍ദേശിച്ച ജ്യോതിഷി പറയുമെന്ന് രത്‌നച്ചുരുക്കം.
കളിമികവിന്റെയും കളിക്കാരുടെ നിലവാരത്തിന്റെയും അടിസ്ഥാനത്തിലുള്ള ഫലമാണ് ഫുട്‌ബോള്‍ അടക്കമുള്ള എല്ലാ ഗെയിമുകളുടെയും അടിസ്ഥാന തത്വം. സ്‌പോര്‍ട്‌സില്‍ അനുവര്‍ത്തിച്ചുപോരുന്ന സാമാന്യ ലോജിക്കല്‍ ചിന്ത കൂടിയാണത്. മനുഷ്യരുടെ സ്വഭാവപരവും ശാരീരികവും ബുദ്ധിപരവുമായ വികാസത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയുണ്ടതില്‍. അതിനെയെല്ലാം റദ്ദ് ചെയ്യുന്നതാണ് ഈ ജ്യോതിഷ ഇടപെടല്‍. ഒരു ഭാഗത്ത് ചന്ദ്രയാന്‍ അടക്കം ശാസ്ത്രക്കുതിപ്പുണ്ടാവുക, മറുവശത്ത് കായികമേഖലയില്‍ പോലും അന്ധവിശ്വാസം അടിച്ചേല്‍പിക്കുക!
അന്ധവിശ്വാസത്തിന്റെ പേരില്‍ രാജ്യത്തിന്റെ കായികമേഖലയ്ക്ക് അര്‍ഥപൂര്‍ണമായി വിനിയോഗിക്കേണ്ട പൊതുസ്വത്ത് വെറുതെ കളഞ്ഞു എന്നതിനപ്പുറം, രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമിന്റെ തന്ത്രങ്ങളും മറ്റും പുറത്തുള്ള ഒരാള്‍ക്ക് ചോര്‍ത്തിയെന്ന ഗുരുതര പ്രശ്‌നം കൂടിയുണ്ടതില്‍. ജനസംഖ്യ കൊണ്ടും വിഭവങ്ങള്‍ കൊണ്ടും പരിമിതമായ കുഞ്ഞുരാജ്യങ്ങള്‍ വരെ ആധുനികതയുടെയും മനുഷ്യാധ്വാനത്തിന്റെയും എല്ലാ സാധ്യതകളും ഉപയോഗിക്കുമ്പോള്‍ 140 കോടി ജനങ്ങളുടെ ടീം ഇപ്പോഴും ലോക ആദ്യ നൂറില്‍ ഇടം പിടിക്കാന്‍ കഷ്ടപ്പെടുന്നത് ഇതുകൊണ്ടു കൂടിയുമായിരിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x