വടക്ക്- കിഴക്കന്‍ ഇന്ത്യ: മനമറിഞ്ഞ് ഫോക്കസ് ഇന്ത്യയുടെ ചുവടുകള്‍
ശുക്കൂര്‍ കോണിക്കല്‍
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പരിശോധിക്കുമ്പോള്‍ വിദ്യാഭ്യാസ- സാമൂഹിക മുന്നേറ്റത്തില്‍ ഏറെ പിറകില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് പശ്ചിമബംഗാള്‍, ഝാര്‍ഖണ്ട്, ബീഹാര്‍, അസം എന്നിവ ഉള്‍ക്കൊള്ളുന്ന വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങള്‍. കാലികളെ വളര്‍ത്തിയും റിക്ഷ വലിച്ചും മീന്‍പിടിച്ചും മണ്ണില്‍ പകലന്തിയോളം കൃഷിപ്പണി ചെയ്തും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം കഷ്ടിച്ചു മുന്നോട്ടു കൊണ്ടുപോകുന്നവരാണ് അധിക പേരും. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം തുടങ്ങിയ മേഖലയില്‍ അടിസ്ഥാന സൗകര്യവികസനം ഇല്ലാത്തതും ആവശ്യമായ ബോധവല്‍ക്കരണങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും അഭാവവും അവരുടെ പുരോഗതിക്ക് തടസ്സമാകുന്നു.
2005 മാര്‍ച്ച് 9-ന് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ നിലവില്‍വന്ന രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥ കൃത്യമായി വരച്ചിടുന്നുണ്ട്. സച്ചാര്‍ ഉള്‍പ്പെടെയുള്ള സമിതികള്‍ നിരവധി പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടും ഫലപ്രദമായി അവ നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. സര്‍ക്കാറുകളില്‍ നിന്ന്
അവകാശങ്ങളും നീതിയും ചോദിച്ച് വാങ്ങാനുള്ള സംഘബോധവും സാമൂഹിക സാക്ഷരതയും അവിടുത്തെ ജനങ്ങള്‍ക്കില്ല താനും.
കേരളം പോലുള്ള സംസ്ഥാനത്തെ സമൂലമായി പരിവര്‍ത്തിപ്പിച്ച സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളുടെയും സംഘങ്ങളുടെയും അഭാവവും വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ സാമൂഹിക പിന്നാക്കാവസ്ഥക്ക് കാരണമായിട്ടുണ്ട്. വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാകാതെ സാമൂഹിക മാറ്റം സാധ്യമാകില്ലെന്ന തിരിച്ചറിവ് ഉത്തരേന്ത്യന്‍ സമൂഹം എന്ന് നേടുന്നുവോ അപ്പോള്‍ മാത്രമാണ് അവിടെ മാറ്റം പ്രതീക്ഷിക്കാനാവുക.
ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം ‘ഫോക്കസ് ഇന്ത്യ’ എന്ന ഒരു വേദിയുടെ രൂപീകരണവും അതിന്റെ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും നാം വിലയിരുത്താന്‍. ഇസ്‌ലാഹീ പ്രസ്ഥാനം നിര്‍വഹിച്ച കേരള നവോത്ഥാന മോഡലിന്റെ ചുവട് പിടിച്ച് അതിന്റെ കര്‍മശേഷി ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ച് ഉത്തരേന്ത്യയിലും വിശേഷിച്ച് വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലും സാമൂഹിക ശാക്തീകരണം സാധ്യമാക്കി നിലവിലെ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണണമെന്ന ചര്‍ച്ചയില്‍ നിന്നാണ് ‘ഫോക്കസ് ഇന്ത്യ’ പിറവിയെടുക്കുന്നത്. കോഴിക്കോട് നടന്ന കേരള ഇസ്‌ലാമിക് യൂത്ത് മീറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ 2016 ജനുവരി 23-ന് കോഴിക്കോട്ട് ഫോക്കസ് ഇന്ത്യ രൂപീകൃതമായി. സംഘടനയുടെ ഔദ്യോഗിക ലോഞ്ചിംഗ് 2016 ജൂണ്‍ 18-ന് ബംഗ്ലൂരുവില്‍ വെച്ചാണ് നടത്തിയത്.
കേരളത്തില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട 60 പേര്‍ക്ക് കോഴിക്കോട്ട് ഓറിയന്റേഷന്‍ ക്യാംപ് സംഘടിപ്പിച്ചായിരുന്നു ഫോക്കസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗങ്ങളുടെ ജീവിതാവസ്ഥ നേരിട്ട് പഠിക്കാന്‍ സംഘാടകരും വിദ്യാഭ്യാസ വിചക്ഷണരും ജീവകാരുണ്യ പ്രവര്‍ത്തകരും വ്യവസായ പ്രമുഖരും അക്കാദമിക പണ്ഡിതരുമുള്‍ക്കൊള്ളുന്ന ഫോക്കസ് കാരവനുകള്‍ സംഘടിപ്പിച്ചു. ഝാര്‍ഖണ്ഡ്, പശ്ചിമംഗാള്‍, ബീഹാര്‍, അസം സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന ഈ പഠന പര്യടന പരിപാടി അവിടുത്തെ പിന്നാക്കാവസ്ഥയുടെ യഥാര്‍ഥ ചിത്രം ലഭ്യമാക്കാന്‍ സഹായകമായി. കാരവന്‍ സംഘങ്ങള്‍ കേരളത്തില്‍ തിരിച്ചെത്തി പ്രത്യേക കൂടിച്ചേരല്‍ നടത്തി ഓരോ സംസ്ഥാനത്തും നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തി.
മാറ്റത്തിന്റെ ചാലകശക്തി വിദ്യാഭ്യാസമാണെന്ന തിരിച്ചറിവില്‍ ഝാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ ജിത്പൂര്‍ പബ്ലിക് സ്‌കൂള്‍ ഫോക്കസ് ഇന്ത്യ ഏറ്റെടുക്കുകയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി 150-ഓളം വിദ്യാര്‍ഥികള്‍ക്ക് മത-ഭൗതിക വിദ്യാഭ്യാസം നല്‍കുകയും ചെയ്തു. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവയും സാധ്യമായ സ്ഥാപനങ്ങളില്‍ ലഭ്യമാക്കി. കഷ്ടപ്പെടുന്ന ഗ്രാമീണര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യകിറ്റുകളാണ് ഓരോ വര്‍ഷവും വിതരണം ചെയ്ത് വരുന്നത്. പെരുന്നാള്‍ വസ്ത്രം, ഫിത്ര്‍ സകാത്ത്, തണുപ്പകറ്റാന്‍ ബ്ലാങ്കറ്റ് എന്നിവ വിതരണം നടത്തി വരുന്നു.
വര്‍ഷകാലത്ത് ബ്രഹ്മപുത്ര നദിയിലുണ്ടാകുന്ന വെള്ളപ്പൊക്കവും തുടര്‍ന്നുണ്ടാകുന്ന പ്രളയക്കെടുതികളും ആ പ്രദേശങ്ങളില്‍ നിത്യ സംഭവമാണ്. വെള്ളപ്പൊക്കത്തില്‍ കനത്ത നാശം വിതക്കുന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ഫോക്കസ് ഇന്ത്യ മുന്നിലുണ്ടാകാറുണ്ട്. വീടുകളുടെ പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണി, ശൗചാലയ നിര്‍മാണം, ശുദ്ധജലം ലഭ്യമാക്കല്‍ എന്നിവ നടത്താറുണ്ട്. കുടിവെള്ള ക്ഷാമം നേരിടുന്ന നിരവധി ഗ്രാമങ്ങളില്‍ കുഴല്‍ കിണറുകളും ഹാന്റ് പമ്പുകളും സ്ഥാപിച്ച് നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പ്രൊജക്ട് നടപ്പിലാക്കി. ഓരോ വര്‍ഷവും ഉദ്ഹിയ്യ പ്രൊജക്ടില്‍ ശരാശരി 60 ലക്ഷം രൂപയുടെ മാംസം ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നു.
സമൂഹ ശാക്തീകരണ പരിപാടികളും പ്രൊജക്ടുകളും കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ മികച്ച മനുഷ്യ വിഭവശേഷി അത്യാവശ്യമാണെന്ന തിരിച്ചറിവില്‍ 4 സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 70 പേരെ ഉള്‍ക്കൊള്ളിച്ച് പാലക്കാട് തസ്രാക്കിലെ ക്രിയേറ്റീവ് പബ്ലിക് സ്‌കൂളില്‍ ഇന്‍സ്പയര്‍ എന്ന പേരില്‍ പ്രത്യേക ശില്‍പശാല സംഘടിപ്പിച്ചു. നവോത്ഥാനത്തിന്റെ കേരള മാതൃക പരിചയപ്പെടുത്താനും പുതിയ കാഴ്ചപ്പാടുകള്‍ രൂപീകരിച്ച് സ്വന്തം നാട്ടില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രേരണ രൂപപ്പെടുത്താനും ഈ പണിപ്പുര തെല്ലൊന്നുമല്ല സഹായിച്ചത്.
മലബാറിലെ വിദ്യാഭ്യാസ വിപ്ലവത്തിന് ചാലകശക്തികളായി വര്‍ത്തിച്ച ഫാറൂഖ് കോളേജ്, ജെ ഡി റ്റി ക്യാംപസ്, സുല്ലമുസ്സലാം കോളേജ്, മഞ്ചേരി യൂനിറ്റി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളും പുളിക്കല്‍ എബിലിറ്റി കാംപസ്, എയ്‌സ് പബ്ലിക് സ്‌കൂള്‍, മങ്കട അല്‍ ഫിത്വ്്റ സ്‌കൂള്‍ എന്നിവയും സന്ദര്‍ശിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പഠിക്കാനുള്ള അവസരമൊരുക്കി. കൊല്‍ക്കത്ത, കിഷന്‍ഗഞ്ച് എന്നിവിടങ്ങളില്‍ നടത്തിയ എഡ്യുക്കേഷന്‍ സമ്മിറ്റ്, ഇന്‍സ്പയര്‍ സെക്കന്റ് ഫേസ് പ്രോഗ്രാം എന്നിവയും മാറ്റത്തിലേക്കുള്ള ചുവട് വെയ്പുകളായി. ഇപ്പോള്‍ അസം, ഝാര്‍ഖണ്ഡ്, ബംഗാള്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍ ഫോക്കസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും സംഘാടനവും നിര്‍വ്വഹിക്കുന്നത് മേല്‍ പറഞ്ഞ ശില്‍പശാലകളില്‍ പങ്കെടുത്ത് അവബോധം നേടിയ കോ- ഓര്‍ഡിനേറ്റര്‍മാരാണ്.
തലചായ്്ക്കാന്‍ ഇടമില്ലാത്തവര്‍ക്കായി ‘ഫോക്കസ് ഇന്ത്യ’ അവതരിപ്പിച്ച ഹോം പ്രൊജക്ടിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രളയം വന്നാല്‍ മാറ്റി സ്ഥാപിക്കാവുന്ന 35000 രൂപ ചിലവ് വരുന്ന നൂറോളം വീടുകള്‍ നിര്‍മ്മിച്ച് അര്‍ഹര്‍ക്ക് കൈമാറി. ഫോക്കസ് ഇന്ത്യക്ക് കീഴിലുള്ള ഫോക്കസ് ലേണ്‍, ഫോക്കസ് കെയര്‍, ഫോക്കസ് വെയര്‍, പബ്ലിക് റിലേഷന്‍, ഇവന്റ് മാനേജ്്മെന്റ്, ഐ ടി തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കഴിവുറ്റ, പ്രൊഫഷണലുകളായ സംഘാടകരെ ഉറപ്പു വരുത്താന്‍ ഗൂഡല്ലൂരില്‍ സംഘടിപ്പിച്ച പൈലറ്റ് ക്രാഫ്റ്റിംഗ് ഇവന്റ് പ്രോഗ്രാം സഹായകമായി. അസമിലെ മൊരിഗാവ് ജില്ലയിലെ 10 ഗ്രാമങ്ങള്‍ ഏറ്റെടുത്ത് അവിടെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള നിര്‍മാണ് 2030 ന് (ചീൃവേ കിറശമി ഞൗൃമഹ ങലിീേൃശിഴ & മറീുശേീി ുൃീഷലര)േ ഫോക്കസ് ഇന്ത്യ തുടക്കം കുറിച്ചു കഴിഞ്ഞു. 9 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് 100 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ഫസ്റ്റ് എയ്ഡ്് സെന്റര്‍ ലൈബ്രറി, കണ്‍സ്യൂമര്‍ കോ- ഓപ്പറേറ്റീവ് സ്റ്റോര്‍, ഇ-സര്‍വീസ് ആന്റ് കംപ്യൂട്ടര്‍ ലേണിംഗ് സെന്റര്‍, റൂറല്‍ സ്പോര്‍ട്സ് ക്ലബ്ബ്, മെഡിറ്റേഷന്‍ ഹാള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കമ്യൂണിറ്റി ഡവലപ്മെന്റ് സെന്റര്‍ വിവിധ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിക്കും. രക്ഷിതാക്കളെയും അധ്യാപകരെയും ശാക്തീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഗൈഡന്‍സും ട്യൂഷനും ലഭ്യമാക്കി, പഠന മേഖലയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ ക്വാളിറ്റി എഡ്യുക്കേഷന്‍ പദ്ധതി നിര്‍മ്മാണിന്റെ ഭാഗമായി ലക്ഷ്യമിടുന്നു. പ്ലംബ്ബിംഗ്, വയറിംഗ്, വെല്‍ഡിംഗ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ടൈലറിംഗ് ആന്റ് എംബ്രോയ്്ഡറി എന്നിവയില്‍ പരിശീലനം നല്‍കാന്‍ സ്‌കില്‍ ഡവലപ്മെന്റ്‌സെന്ററുകള്‍ തുറക്കും.
മത്സ്യ കൃഷി, കന്നുകാലി വളര്‍ത്തല്‍ പാല്‍സംഭരണം വിതരണം എന്നിവയിലൂടെ തൊഴില്‍ ലഭ്യത ഉറപ്പു വരുത്തി വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി ഡീസന്റ് വര്‍ക്ക് ആന്റ് ഇക്കണോമിക് ഗ്രോത്ത് വിഭാഗം ലക്ഷ്യമിടുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ ഷെല്‍ട്ടറുകള്‍, തലചായ്ക്കാന്‍ വീട് ഇല്ലാത്തവര്‍ക്ക് ഭവന നിര്‍മ്മാണം എന്നിവ ഹൗസിംഗ് പ്രൊജക്്ടില്‍ ഉള്‍ക്കൊള്ളുന്നു.
ഫോക്കസ് ഇന്ത്യ മുന്നോട്ടുവെക്കുന്ന പദ്ധതികള്‍ ഇരുകൈകളും നീട്ടി ഏറ്റെടുക്കാന്‍ സുമനസ്സുകള്‍ മുന്നോട്ട് വരുന്നു എന്നത് ഏറെ സന്തോഷദായകമാണ്. ജി സി സി ഫോക്കസ് ചാപ്റ്ററുകള്‍, വിദേശ സെന്ററുകള്‍, ഉദാരമനസ്സുള്ള വ്യക്തികള്‍, കൂട്ടായ്മകള്‍ എന്നിവയുടെ സഹകരണമാണ് നിലവിലെ പദ്ധതികള്‍ തുടരാനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനും ഫോക്കസ് ഇന്ത്യയെ പ്രചോദിപ്പിക്കുന്നത്. ഇവര്‍ ഫോക്കസ് ഇന്ത്യയില്‍ അര്‍പ്പിച്ച വിശ്വാസം തികഞ്ഞ ഉത്തരവാദിത്തത്തോടെ കാത്തുസൂക്ഷിക്കേണ്ടത് ഫോക്കസ് പ്രവര്‍ത്തകരുടെ ബാധ്യതയാണ്.
രാജ്യത്തിന്റെ കാര്‍ഷിക- വ്യാവസായിക മേഖലയുടെ നട്ടെല്ലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഉപയോഗപ്പെടുത്താവുന്ന മനുഷ്യ വിഭവശേഷിയും അവിടെയുണ്ട്. വിദ്യാഭ്യാസ അവബോധവും മാര്‍ഗനിര്‍ദേശങ്ങളും യഥോചിതം നല്കിയാല്‍ മാറ്റങ്ങള്‍ ഉറപ്പ്. പ്രവര്‍ത്തിക്കാന്‍ ഏറെ വളക്കൂറുള്ള മണ്ണാണ് ഉത്തരേന്ത്യന്‍ മണ്ണ്്. അധ്വാനത്തിന് എളുപ്പത്തില്‍ ഫലം കൈയ്യാളുന്നയിടങ്ങള്‍. സംഘടന സങ്കുചിതത്വങ്ങളോ പക്ഷപാതിത്വങ്ങളോ ഇല്ലാത്ത, നിഷ്‌കളങ്ക മനസ്സിനുടമകളാണ് അവിടുത്തെ മഹാഭൂരിപക്ഷം ജനങ്ങളും. മണ്ണറിഞ്ഞ് വിത്തിറക്കാനായാല്‍ അവിടെ ഏറെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ ചിന്തകളും ദൗത്യങ്ങളുമായി ഉത്തരേന്ത്യന്‍ മണ്ണിനെ പാകപ്പെടുത്തുക എന്ന ശ്രമകരമായ നിയോഗമാണ് ഫോക്കസ് ഇന്ത്യക്ക് മേലുള്ളത്. നമുക്ക് കൈകോര്‍ത്ത് ഈ ദൗത്യം പൂവണിയിക്കാം.