ഫ്‌ളോട്ടിംഗ് സംവരണ സംവിധാനം നിര്‍ത്തലാക്കാന്‍ അനുവദിക്കില്ല -കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ സംവരണം അട്ടിമറിക്കാനായി ഫ്‌ളോട്ടിംഗ് സംവിധാനം നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ തന്ത്രപരായി കരുക്കള്‍ നീക്കുന്ന ഉദ്യോഗസ്ഥലോബിയെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.
പി എസ് സി നിയമനങ്ങളില്‍ ജനറല്‍ കാറ്റഗറി ലിസ്റ്റില്‍ വരുന്ന മുസ്‌ലിം ഉദ്യോഗാര്‍ഥികളെ സംവരണ ക്വാട്ടയില്‍ ഉള്‍പ്പെടുത്തി അവസരം കവര്‍ന്നെടുക്കുന്നത് നീതീകരിക്കാനാവില്ല. പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ മുസ്‌ലിം സമുദായത്തിന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭ്യമാക്കുന്നതില്‍ മതേതര കക്ഷികള്‍ പോലും പരാജയപ്പെട്ടെന്നും കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡന്റ് അഡ്വ. പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. എം അഹമ്മദ്കുട്ടി മദനി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, സി മമ്മു, ഡോ. അന്‍വര്‍ സാദത്ത്, വി സി മറിയക്കുട്ടി സുല്ലമിയ്യ, സഹല്‍ മുട്ടില്‍, ആദില്‍ നസീഫ് മങ്കട, സലീം കരുനാഗപ്പള്ളി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ അബ്ദുല്‍ അസീസ് പ്രസംഗിച്ചു.