30 Monday
June 2025
2025 June 30
1447 Mouharrem 4

അഞ്ചു തൂണുകള്‍

എം ടി അബ്ദുല്‍ഗഫൂര്‍


അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. ഇസ്‌ലാം അഞ്ച് കാര്യങ്ങളിലായി പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നു. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യംവഹിക്കുക. നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക. സകാത്ത് നല്‍കുക, ഹജ്ജ് നിര്‍വഹിക്കുക, റമദാന്‍ നോമ്പ് അനുഷ്ഠിക്കുക തുടങ്ങിയവയാണവ (ബുഖാരി, മുസ്‌ലിം)

ഏതൊരു കെട്ടിടത്തിന്റെയും സുരക്ഷയില്‍ അതിന്റെ തൂണുകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ഈ തൂണുകളാണ് മേല്‍ക്കൂരയെ താങ്ങി നിര്‍ത്തുന്നതും അതിലനുഭവപ്പെടുന്ന ഭാരത്തെ അടിത്തറയുമായി ബന്ധിപ്പിക്കുന്നതും. തൂണുകള്‍ക്ക് ശേഷി കുറയുന്നതിനനുസരിച്ച് കെട്ടിടത്തിന് ബലക്ഷയം സംഭവിക്കും. ഭൂമിക്ക് മുകളിലേക്ക് എത്ര ഉയരത്തില്‍ നിര്‍മിതിയുണ്ടോ അത്രതന്നെ ശക്തവും ആഴത്തില്‍ ഉറപ്പിച്ചതുമായിരിക്കും ഓരോ തൂണുകളും. ഒന്നിലധികം തൂണുകളാല്‍ നിര്‍മിക്കപ്പെട്ട ഒരു കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് ഏതെങ്കിലുമൊരു തൂണിന്റെ ബലക്ഷയവും കാരണമാവും. എല്ലാ തൂണുകള്‍ക്കും ബലക്ഷയം സംഭവിക്കുമ്പോള്‍ കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂടുന്നു എന്നുമാത്രം.
ഇസ്‌ലാം എന്ന മനോഹരമായ കെട്ടിടത്തിന്റെ സുരക്ഷയും സൗന്ദര്യവും നിലനില്‍ക്കുന്നത് അതിന്റെ പഞ്ചസ്തംഭങ്ങളിലാണ്. ഈ തൂണുകള്‍ക്ക് ബലക്ഷയം വരാതെ കാത്തുസൂക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ ഏകത്വത്തെ അംഗീകരിക്കുകയും അവന്‍ മാത്രമാണ് ആരാധനക്കര്‍ഹനെന്നും മുഹമ്മദ് നബി(സ) മുഴുവന്‍ മനുഷ്യരിലേക്കുമുള്ള ദൂതനാണെന്നും അദ്ദേഹം പകര്‍ന്നുതന്ന വെളിച്ചത്തിന്റെ വഴി സ്വീകരിക്കുകയെന്നത് ജീവിത വിജയത്തിന് അനിവാര്യമാണെന്നും അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതത്രെ ഒന്നാമത്തെ സ്തംഭം.
മനുഷ്യ ജീവിതത്തെ ക്രമപ്പെടുത്തുകയും എല്ലാതരം മാലിന്യങ്ങളില്‍ നിന്നും മുക്തമാക്കുന്നതുമായ നമസ്‌കാരം ഇസ്‌ലാം കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാകുന്നു. വിശ്വാസത്തിനുശേഷം ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന ഈ ആരാധനയാണ് വിശ്വാസത്തെയും അവിശ്വാസത്തെയും വേര്‍തിരിക്കുന്നത്. വിശ്വാസികള്‍ക്ക് സമയനിര്‍ണിതമായ (നിസാഅ് 103) ഈ ആരാധന അടിമയും ഉടമയും തമ്മിലുള്ള ശക്തമായ ബന്ധത്തെ അടയാളപ്പെടുത്തുന്നു.
അല്ലാഹുവിന്റെ അനുഗ്രഹമായി ലഭിച്ച സമ്പത്ത് ഒരു നിശ്ചിത പരിധിയെത്തിയാല്‍ അതിലെ കൃത്യമായ ഒരു വിഹിതം അവകാശികള്‍ക്ക് വീതിച്ചുനല്‍കുന്ന നിര്‍ബന്ധ ദാനത്തിലൂടെ വിശ്വാസി തന്റെ മനസ്സിനെയും സമ്പത്തിനെയും ശുദ്ധീകരിക്കുന്നു.
മനസ്സും ശരീരവും സമ്പത്തും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന വിശിഷ്ടമായ ആരാധനയായ ഹജ്ജ് ഇസ്‌ലാമിന്റെ മറ്റൊരു പ്രധാന സ്തംഭമാണ്.
ശരീരവും മനസ്സും ഒരുപോലെ പങ്കുകൊള്ളുന്ന നോമ്പ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ടതാകുന്നു. മറ്റെല്ലാ അനുഷ്ഠാനങ്ങളിലുമെന്നപോലെ മനസ്സിന്റെ വിമലീകരണമാണിതിന്റെയും ലക്ഷ്യം. ഇസ്‌ലാം എന്ന മഹത്തായ ആശയത്തെ പരിചയപ്പെടാനും അതിന്റെ അടിസ്ഥാന തത്വങ്ങളെ മനസ്സിലാക്കാനും ഈ നബിവചനം പ്രയോജനപ്പെടുന്നു. ഈ പഞ്ചസ്തംഭങ്ങളില്‍ ഏതെങ്കിലുമൊന്നിന് തകരാറ് പറ്റിയാല്‍ അത് നമ്മുടെ വിശ്വാസത്തെയാണ് ബാധിക്കുന്നതെന്ന് ഈ നബിവചനം പാഠം നല്‍കുന്നു.

Back to Top