അറബി മലയാളത്തിലെ ആദ്യ വനിതാമാസിക
ഹാറൂന്‍ കക്കാട്
ലോക ഇസ്ലാമിക ചലനങ്ങളെക്കുറിച്ച് മലയാളി വായനക്കാരെ ഉദ്ബുദ്ധരാക്കുന്നതില്‍ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലായി വ്യക്തികളും സംഘടനകളും നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ കേരളത്തില്‍ നിന്ന് പുറത്തിറക്കിയെങ്കിലും അവയില്‍ പലതും പല സന്ദര്‍ഭങ്ങളിലായി നിലച്ചുപോയിരുന്നു. പിന്നീട് അവയുടെ കോപ്പികള്‍ പോലും കിട്ടാക്കനിയായി.
ഖിലാഫത്ത് പത്രിക, സാരസന്‍, മുഹമ്മദലി, മാര്‍ഗദര്‍ശകന്‍, പരോപകാരി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെ കോപ്പികള്‍ ഇന്ന് ലഭ്യമല്ല. വക്കം മൗലവിയുടെ ദീപികയും അല്‍ ഇസ്ലാമും മാത്രമേ ഇതിന് അപവാദമായുള്ളൂ. പണ്ഡിതനായ കെ സി കോമുക്കുട്ടി മൗലവിയുടെ നേതൃത്വത്തില്‍ 1928-30 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ വനിതാ മാസികയാണ് നിസാഉല്‍ ഇസ്ലാം. കേരളത്തില്‍ നിന്ന് ആദ്യമായും അവസാനമായും പുറത്തിറങ്ങിയ അറബിമലയാളത്തിലുള്ള വനിതാ മാസികയാണ് ഇത്.
നിസാഉല്‍ ഇസ്ലാം മാസികയുടെ 1929 സപ്തംബര്‍ നാല് മുതല്‍ 1930 സപ്തംബര്‍ 23 വരെയുള്ള 12 ലക്കങ്ങള്‍ ചേര്‍ത്താണ് ഇപ്പോള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരള മുസ്ലിം ചരിത്രത്തിന്റെ നിരവധി അപൂര്‍വ സ്രോതസ്സുകള്‍ ശേഖരിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ചരിത്രകാരന്‍ അബ്ദുറഹ്മാന്‍ മങ്ങാടാണ് നിസാഉല്‍ ഇസ്ലാമിന്റെ കോപ്പികള്‍ കണ്ടെത്തി പ്രസാധനം സാധ്യമാക്കിയത്.
സാമൂഹിക പരിവര്‍ത്തനം സമ്പൂര്‍ണമായ അര്‍ഥത്തില്‍ സാക്ഷാത്കരിക്കാന്‍ സ്ത്രീവിദ്യാഭ്യാസവും ശാക്തീകരണവും അനിവാര്യമാണെന്ന തിരിച്ചറിവിന്റെ പ്രതിഫലനമായിരുന്നു നിസാഉല്‍ ഇസ്ലാം എന്ന വനിതാ മാസികയുടെ പിറവിക്ക് നിമിത്തമായത്. അക്കാലത്ത് വേറിട്ട പ്രവര്‍ത്തനത്തിലൂടെ പ്രസ്തുത ദൗത്യം യാഥാര്‍ഥ്യമാക്കാന്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു സാധിച്ചു. ഇസ്ലാം സമര്‍പ്പിച്ച മാനവിക മൂല്യങ്ങളുടെയും നവോത്ഥാന കാഴ്ചപ്പാടുകളുടെയും ബോധവത്കരണത്തിനും പ്രചാരണത്തിനും നിസാഉല്‍ ഇസ്ലാം മാസികയ്ക്ക് സാധിക്കുകയും ചെയ്തു.
ചരിത്രപ്രാധാന്യമുള്ള നിസാഉല്‍ ഇസ്ലാമിന്റെ 12 ലക്കങ്ങള്‍ സമാഹരിച്ചതിന്റെ സാഹസങ്ങള്‍ അബ്ദുറഹിമാന്‍ മങ്ങാട് ഈ കൃതിയുടെ ആമുഖത്തില്‍ എഴുതിയിട്ടുണ്ട്. നിസാഉല്‍ ഇസ്ലാമിന്റെ രണ്ടാം പുസ്തകം സാമ്പത്തിക പരാധീനതകള്‍ കാരണം പ്രസിദ്ധീകരണം നിര്‍ത്തിവെക്കേണ്ടിവന്നതിനാല്‍ തുടര്‍ലേഖനങ്ങളും ‘ഖദീജക്കുട്ടി’ എന്ന നോവലും വായനക്കാര്‍ക്ക് പൂര്‍ണമായും ലഭ്യമല്ല. സമുദായത്തിലെ സാംസ്‌കാരികവും സാമൂഹികവുമായ ഉണര്‍വും വിജ്ഞാനവും നല്‍കാന്‍ സ്ത്രീകളെയും കുടുംബങ്ങളെയും ലക്ഷ്യം വെച്ച് എഴുതിയ പ്രൗഢമായ ലേഖനങ്ങളാല്‍ സമ്പന്നമായിരുന്നു നിസാഉല്‍ ഇസ്ലാമിന്റെ ഓരോ ലക്കങ്ങളും.
കെ സി കോമുക്കുട്ടി മൗലവി, കെ എം മൗലവി, ഇ കെ മൗലവി, എം സി സി അബ്ദുറഹ്മാന്‍ മൗലവി, എം സി സി അഹ്മദ് മൗലവി, എം അബ്ദുല്ലക്കുട്ടി മൗലവി, പി പി ഉണ്ണി മുഹ്യുദ്ദീന്‍ മൗലവി, സി എ മുഹമ്മദ് മൗലവി, ടി കെ പാത്താവു സാഹിബ, ടി എ മുഹമ്മദ് പറവൂര്‍, ഖദീജക്കുട്ടി പന്മന, ടി കെ മുഹമ്മദ് മയ്യഴി, ടി എ റാബിഅ പറവൂര്‍, വക്കീല്‍ സയ്യിദ് മുഹമ്മദ് വക്കം, ഇ ഇബ്റാഹിം, കെ മീരാന്‍ മൗലവി, കെ പി എം മുഹ്യുദ്ദീന്‍കുട്ടി മൗലവി എന്നിവരാണ് നിസാഉല്‍ ഇസ്ലാമിന്റെ വിവിധ ലക്കങ്ങളില്‍ സൃഷ്ടികള്‍ എഴുതിയ പ്രമുഖര്‍.
വിജ്ഞാനം ഇസ്ലാമിന്റെ ജീവനും മതത്തിന്റെ തൂണുമാകുന്നു എന്ന ഇസ്ലാമിക കാഴ്ചപ്പാടിന്റെ പ്രസക്തി വ്യക്തമാക്കിക്കൊണ്ടാണ് ആദ്യലക്കം പ്രസിദ്ധീകൃതമായത്. അക്കാലത്തെ മുസ്ലിം സമുദായത്തിന്റെ അതിദയനീയമായ ശോചനീയാവസ്ഥയും വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ പ്രതാപത്തോടെ മുന്നേറേണ്ടതിന്റെ ആവശ്യകതയും ആദ്യ ലക്കത്തിലെ പ്രസ്താവനയില്‍ എഴുതിയിട്ടുണ്ട്.
ഗൃഹഭരണം, ശിശുപരിപാലനം, വിവാഹം, വീട് ഭരണത്തില്‍ സ്ത്രീകളുടെ മുറകള്‍, മുസ്ലിം സ്ത്രീകളും അടുക്കളയും, നമസ്‌കാരത്തിന് ഇസ്ലാം മതത്തിലുള്ള സ്ഥാനം, ഹിജാബ്, ആഹാരവും വസ്ത്രവും, ഒരു മാതൃകാ പെണ്‍പള്ളിക്കൂടത്തിന്റെ ആവശ്യകത, ഗര്‍ഭകാലം, മുസ്ലിം സ്ത്രീ വിദ്യാഭ്യാസവും പര്‍ദാ സമ്പ്രദായവും, സ്വഭാവ സംസ്‌കരണം, സംസര്‍ഗ മര്യാദകള്‍, സുലൈഖയുടെ കഥ, മുസ്ലിം വനിതകള്‍, പ്രധാനപ്പെട്ട ചോദ്യോത്തരങ്ങള്‍ അഥവാ ഫതാവ അല്‍മനാര്‍ തുടങ്ങിയ വിഷയങ്ങളാണ് വിവിധ ലക്കങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത്.
തദ്ബീറുല്‍ മന്‍സില്‍ അഥവാ ഗൃഹഭരണം, വീട് ഭരണത്തില്‍ സ്ത്രീകളുടെ മുറകള്‍ എന്നീ തലക്കെട്ടുകളില്‍ കെ എം മൗലവി എഴുതിയ ലേഖനങ്ങളും ശിശുപരിപാലനം എന്ന പേരില്‍ ഇ കെ മൗലവി എഴുതിയ ലേഖനപരമ്പരയും ഹൃദ്യമായ വായനാനുഭവം പകരും. എം സി സി അഹ്മദ് മൗലവി എഴുതിയ അല്ലാഹുവിലുള്ള വിശ്വാസം, അല്‍ ഗ്വളബ് അഥവാ കോപം എന്നീ ലേഖനങ്ങളും എം അബ്ദുല്ലക്കുട്ടി മൗലവി എഴുതിയ നമസ്‌കാരത്തെ കുറിച്ചുള്ള തുടര്‍ലേഖനങ്ങളും പഠനാര്‍ഹമായ രചനകളാണ്.
സ്ത്രീസമൂഹത്തെ എല്ലാ അര്‍ഥത്തിലും രണ്ടാംതരം വ്യക്തികളായി കാണുകയും ഇകഴ്ത്തുകയും ചെയ്യുന്ന സര്‍വ പ്രത്യയശാസ്ത്രങ്ങളെയും ഇതിലെ വിവിധ ലേഖനങ്ങളില്‍ ശക്തമായി വിമര്‍ശനവിധേയമാക്കുന്നുണ്ട്. പുരുഷനെ പോലെ സ്ത്രീയും സമൂഹത്തിന്റെ പരിഛേദമാണെന്നും അവരുടെ അവകാശങ്ങളും അര്‍ഹതകളും പദവികളും ഇല്ലാതാക്കാനും ദുരുപയോഗം ചെയ്യാനും ആര്‍ക്കും ഒരിക്കലും അവകാശമില്ലെന്നും വളരെ കൃത്യമായി ഒരു വനിതാ മാസിക എന്ന നിലയില്‍ നിസാഉല്‍ ഇസ്ലാം അക്കാലത്ത് ധീരമായി എഴുതിയിട്ടുണ്ട്.
ഈ പ്രസിദ്ധീകരണത്തിന്റെ താളുകളില്‍ കണ്ട മൂന്ന് സ്ത്രീ എഴുത്തുകാരെ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ടി കെ പാത്താവു സാഹിബ, ടി എ റാബിയ പറവൂര്‍, ഖദീജക്കുട്ടി പന്മന എന്നീ എഴുത്തുകാരികള്‍ നിസാഉല്‍ ഇസ്ലാമിനെ അത്രമേല്‍ ധന്യമാക്കിയിട്ടുണ്ട്. ‘മുസ്ലിം സ്ത്രീ’, ‘നാവിനെ സൂക്ഷിക്കുക’, ‘റമദാന്‍ മുബാറക്’ എന്നീ ശ്രദ്ധേയമായ ലേഖനങ്ങളാണ് ടി കെ പാത്താവു സാഹിബ എഴുതിയത്. ‘മുസ്ലിം സ്ത്രീകളും അടുക്കളയും’ എന്ന തലക്കെട്ടില്‍ ഖദീജക്കുട്ടി പന്മന എഴുതിയ ലേഖനവും ശ്രദ്ധേയമാണ്. ടി എ റാബിഅ പറവൂര്‍ എഴുതിയ ‘എന്റെ ഓമന’ എന്ന മാപ്പിളപ്പാട്ട് ഇന്നും പ്രസക്തമായ ആശയങ്ങളാണ് പ്രതിപാദിക്കുന്നത്. കേരളത്തിലെ ആദ്യത്തെ മുസ്ലിം പത്രാധിപ എം ഹലീമാ ബീവിയെ പോലെ എഴുത്തുചരിത്രത്തില്‍ വിപ്ലവകരമായ പരിശ്രമങ്ങള്‍ നടത്തിയ ഈ മൂന്ന് വനിതകളെക്കുറിച്ചും അവരുടെ മറ്റു രചനകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അത് വലിയ മുതല്‍ക്കൂട്ടാവും.
റോയല്‍ സൈസില്‍ 286 പേജുള്ള ഈ ഗ്രന്ഥത്തിന് 400 രൂപയാണ് വില. പി കെ അബ്ദുല്ല സാഹിബാണ് കൃതിയുടെ ലിപ്യന്തരണം നിര്‍വഹിച്ചിരിക്കുന്നത്. ‘അരനൂറ്റാണ്ടിനിപ്പുറം വായിക്കുമ്പോള്‍’ എന്ന തലക്കെട്ടില്‍ ആരാമം സബ് എഡിറ്റര്‍ ഫൗസിയ ശംസ് എഴുതിയ പഠനം ഈ കൃതിയെ ധന്യമാക്കുന്നു. ഗ്രെയ്സ് എജുക്കേഷനല്‍ അസോസിയേഷന്റെ പ്രസിദ്ധീകരണ വിഭാഗമായ ഗ്രെയ്സ് ബുക്സാണ് ഇതിന്റെ പ്രസാധകര്‍.